nartaki natarajഡോ. നർത്തകി നടരാജ് - ലോകമെങ്ങും ഇന്ന് ഇൗ പേരിന് ആരാധകരേറെയാണ്. ഇന്ത്യയിലെ ഭിന്നലിംഗക്കാർക്ക്‌ ശാസ്ത്രീയനൃത്തരംഗത്ത് മാത്രമല്ല സമൂഹത്തിലും പേരും പ്രശസ്തിയും നേടിക്കൊടുത്ത തമിഴ് തിരുനങ്കൈ. തിരുനങ്കൈ എന്ന പേര് ഇൗ വിഭാഗക്കാർക്കായി തിരഞ്ഞെടുത്തതും ഇവർതന്നെ. ഭിന്നലിംഗവിഭാഗത്തിലെ ആദ്യ ഭരതനാട്യം നർത്തകിയാണിവർ.

നൃത്തത്തെയും പെണ്മയെയും ജീവവായുവായി കാണുന്നവൾ. കേന്ദ്ര സാഹിത്യഅക്കാദമി അവാർഡ് നേടിയ പ്രായം കുറഞ്ഞ വ്യക്തി. ഡോക്ടറേറ്റ്, തമിഴ്നാട് സർക്കാരിന്റെ കലൈമാമണി പുരസ്കാരം തുടങ്ങിയവയും നേടിയിട്ടുണ്ട്. ദൂരദർശൻ ഗ്രേഡിങ് സംവിധാനത്തിലെ ടോപ്പ് ഗ്രേഡ് നേരിട്ട് ലഭിച്ചതും നർത്തകിയുടെ അപൂർവനേട്ടങ്ങളിലൊന്നാണ്. 

നടരാജിൽ നിന്ന് നർത്തകി നടരാജിലേക്കുള്ള യാത്ര? 

ഏറെ കഠിനമായിരുന്നു. മികച്ച സാമ്പത്തികസ്ഥിതിയുള്ള കുടുംബത്തിലായിരുന്നു ജനനമെങ്കിലും എന്നെ മനസ്സിലാക്കാൻ ആരുമുണ്ടായിരുന്നില്ല. പത്താം വയസ്സിലാണ് എന്നിലെ പെണ്മ ഞാൻ തിരിച്ചറിയുന്നത്. പിന്നീടങ്ങോട്ട് അവഗണനയുടെ നാളുകളായിരുന്നു. സ്വന്തം വ്യക്തിത്വം നിലനിർത്താൻ ഒടുവിൽ എന്റെ അതേ അവസ്ഥ അനുഭവിക്കുന്ന ശക്തിയ്ക്കൊപ്പം നാടുവിടേണ്ടിവന്നു. നൃത്തം പഠിക്കുകയായിരുന്നു ലക്ഷ്യം. ഗുരുവായി കെ.പി. കിട്ടപ്പപ്പിള്ളയെ ലഭിച്ചതായിരുന്നു ജീവിതത്തിലെ നാഴികക്കല്ല്. ഒന്നുമല്ലാതിരുന്ന എന്നെ ഇന്ന് ഈ നിലയിലെത്തിച്ചത് ഗുരുവാണ്. ഇപ്പോൾ കുടുംബാംഗങ്ങളും എന്നെ അംഗീകരിച്ചു.

nartaki nataraj

കിട്ടപ്പപ്പിള്ളയിൽനിന്നുള്ള നൃത്തപഠനം?

ഒരു പ്രതീക്ഷയുമില്ലാതെയാണ് 14-ാം വയസ്സിൽ സുഹൃത്തായ ശക്തിയോടൊപ്പം തഞ്ചാവൂരിലേക്ക് വൈജയന്തിമാലയുടെ ഗുരുവായ കിട്ടപ്പപ്പിള്ളയെ ‘കാണാൻ പുറപ്പെട്ടത്’. സ്ത്രീയായി നൃത്തം പഠിക്കണമെന്നായിരുന്നു ആവശ്യം. ആട്ടിയോടിക്കുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ ഞങ്ങളെ മനസ്സിലാക്കി അദ്ദേഹത്തിന്റെ വീട്ടിൽ താമസിച്ച് പഠിക്കാൻ അവസരം തന്നു.

14 വർഷം ഇത് തുടർന്നു. പിന്നീട് ചെന്നൈയിലെത്തിയപ്പോൾ അദ്ദേഹത്തിന്റെ ശിഷ്യയാണെന്ന് പറയുന്നതായിരുന്നു ഏറ്റവും വലിയ നേട്ടം. പ്ലസ് ടുവരെ മാത്രം വിദ്യാഭ്യാസമുള്ള എനിക്ക് തമിഴ് സർവകലാശാലയിൽ അദ്ദേഹത്തിനോടൊപ്പം അസി. പ്രൊഫസറായിരിക്കാനും ഭാഗ്യം ലഭിച്ചു. 

nartaki nataraj

ഭിന്നലിംഗക്കാർക്കെതിരെയുള്ള അനീതികളെക്കുറിച്ച്  എന്താണ് പറയാനുള്ളത്?

ഇത്തരത്തിലുള്ള അനീതികൾ ചെയ്യുന്നവർ ഓർക്കേണ്ട ഒരു കാര്യമുണ്ട്. നിങ്ങളുടെ കുടുംബത്തിൽ പഴയ തലമുറയിൽ ഞങ്ങളുടെ വിഭാഗത്തിൽ​െപ്പട്ട ആരെങ്കിലും ജനിച്ചിട്ടുണ്ടാവാതിരിക്കുമോ? അല്ലെങ്കിൽ ഇനി ജനിക്കില്ലെന്ന് എന്താണ് ഉറപ്പ്? ഇത് മനസ്സിലുണ്ടെങ്കിൽ ഒരനീതിയും ചെയ്യാൻ സാധിക്കില്ല.

നൃത്തവും  പെണ്മയും, ഏറ്റവും പ്രിയം ഏതിനോടാണ് ?

ഇതിനുത്തരം നൽകാൻ എനിക്കീ ജന്മം സാധിക്കില്ല. ഇത് രണ്ടുമില്ലെങ്കിൽ ഞാനില്ല. എന്നിലെ പെണ്മ ഞാൻ തിരിച്ചറിയാൻ തുടങ്ങിയതുമുതൽ അത് പ്രകടിപ്പിക്കുന്നതിനുള്ള മാർഗമായിരുന്നു എനിക്ക് എന്റെ നൃത്തം. എന്റെ നൃത്തം എന്നിലെ പെണ്മയുടെ സൗന്ദര്യം വർധിപ്പിച്ചു.

nartaki nataraj

ഏറ്റവും ഇഷ്ടപ്പെട്ട നർത്തകി ആരാണ്?

ഞാൻ നൃത്തം ഇഷ്ടപ്പെട്ടത്, അത് പഠിച്ചുതുടങ്ങിയത് വൈജയന്തിമാലയുടെ നൃത്തം കണ്ടാണ്. കിട്ടപ്പപ്പിള്ളയെ ഗുരുവായി ലഭിക്കണമെന്നാഗ്രഹിച്ചതുപോലും അദ്ദേഹം വൈജയന്തിമാലയുടെ ഗുരുവായതിനാലാണ്. വൈജയന്തിമാലയുടെ ഗുരുവാണ് കിട്ടപ്പപ്പിള്ളയെന്ന് ഒരു മാഗസിനിൽനിന്ന്‌ വായിച്ചറിഞ്ഞാണ് അദ്ദേഹത്തിന്റെ ശിഷ്യത്വം ഞാൻ സ്വീകരിച്ചത്. എന്റെ നൃത്തം കണ്ടതിനുശേഷം വൈജയന്തിമാല എന്നെ അഭിനന്ദിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമായി കരുതുന്നു. 

ഭരതനാട്യത്തിൽ ആൺവേഷങ്ങൾക്കും സാധ്യതകളുണ്ട്. അത് ചെയ്യാറുണ്ടോ? 

ഇത്തരത്തിലുള്ള വേഷങ്ങൾ ചെയ്യാൻ ഏറ്റവും എളുപ്പം എനിക്കാണ്. ഒരു സ്ത്രീയ്ക്ക്‌, പുരുഷ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ പുരുഷന്റെയും, ഒരു പുരുഷന്‌, സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ സ്ത്രീയുടെയും സവിശേഷതകളും രീതികളും പഠിക്കണം. എന്നാൽ എനിക്ക് ഇതു രണ്ടും ആവശ്യമില്ല. ഭഗവാൻ പരമശിവനെക്കുറിച്ചുള്ള ശിവോഹം ഒരിക്കൽ ഞാൻ ജപ്പാനിൽ അവതരിപ്പിച്ചപ്പോൾ ശിവനെ ഞങ്ങൾ നേരിൽക്കണ്ടു എന്നാണ് അവർ പറഞ്ഞത്. കർണനായും ഞാൻ അരങ്ങിലെത്തിയിട്ടുണ്ട്.  

ഭിന്നലിംഗത്തിൽപ്പെട്ടവരോട്‌ പറയാനുള്ളത്? 

ജീവിതത്തിൽ ഒരിക്കലും ഒന്നുമില്ലെന്ന് കരുതരുത്. പ്രയാസങ്ങളെ  ആത്മവിശ്വാസത്തോടെ നേരിടണം. എന്റെ കൈയിൽ ഒന്നുമില്ലെന്ന് ഒരിക്കലും കരുതരുത്. കൈകളിലെ പത്ത് വിരലുകൾ നമുക്കുള്ള മൂലധനമാണ്. എന്റെ വീടിന്റെ വാതിൽ സഹായം വേണ്ടവർക്കായി എപ്പോഴും തുറന്നിട്ടിരിക്കുന്നു. സഹതാപംകൊണ്ട് എനിക്കാരും അവസരങ്ങൾ നൽകേണ്ട. എന്റെ കഴിവ് കണ്ടിട്ട്‌ നൽകിയാൽ മതി. ഇതുപോലെ സ്വന്തം കഴിവിൽ നമുക്ക് വിശ്വാസമുണ്ടാകണം. 

nartaki nataraj

വള്ളിയമ്പലം നൃത്തവിദ്യാലയത്തെക്കുറിച്ച്

എന്റെ അറിവ് മറ്റുള്ളവർക്കായി പകർന്നുനൽകണമെന്ന് തോന്നിയപ്പോഴാണ് വള്ളിയമ്പലം നൃത്തവിദ്യാലയമുണ്ടായത്. ഭിന്നലിംഗവിഭാഗത്തിൽപ്പെട്ടവരും അല്ലാത്തവരും ഇവിടെ നൃത്തപഠനത്തിനായി എത്തുന്നുണ്ട്. ചെന്നൈയിൽ മാത്രമല്ല, യു.എസ്.എ., കാനഡ, ലണ്ടൻ എന്നിവിടങ്ങളിലും ശാഖകളുണ്ട്. നൃത്തത്തിനുപുറമെ നൃത്തസംവിധാനവും നൃത്തത്തിനുള്ള പാട്ടുകൾക്ക് വരികളെഴുതുകയും ചെയ്യാറുണ്ട്. 

നൃത്തത്തിൽ ചെയ്യാൻ ഏറ്റവും ഇഷ്ടമുള്ള ഭാവം?

ശൃംഗാരം. ജീവിതത്തിൽ എല്ലാറ്റിനെയും സ്നേഹിക്കാൻ കഴിയണം. ഞാൻ ലാക്മെ ഫാഷൻ വീക്കിൽ പങ്കെടുത്തിട്ടുണ്ട്. അപ്പോൾ ഫോട്ടോഗ്രാഫർമാർ പറയാറുണ്ട്, ക്യാമറയിലേക്ക്‌ നോക്കുമ്പോൾ ക്യാമറയെ സ്നേഹിക്കുന്നയാളായി തോന്നണമെന്ന്. ഇത്തരത്തിൽ നമ്മുടെ വ്യക്തിത്വം, വസ്ത്രം, ഭക്ഷണം, വീട് തുടങ്ങി സർവ്വതിനെയും ഇഷ്ടപ്പെടണം. 

ഫോട്ടോ: ഫെയ്‌സ്ബുക്ക്/ നര്‍ത്തകി നടരാജ്