വിശ്രുത നർത്തകി മല്ലികാ സാരാഭായ്‌, അമ്മ മൃണാളിനി സാരാഭായിയുടെ ഒന്നാം ഓർമദിനം ആചരിക്കാനാണ്‌ കേരളത്തിലെത്തിയത്‌. മൃണാളിനിയുടെ സ്മാരകമായിത്തന്നെ പ്രവർത്തിക്കുന്ന തൃശ്ശൂരിലെ ‘ഹസ്ത’ എന്ന കലാസംഘടനയാണ്‌ പരിപാടി ഒരുക്കിയത്‌. മാതൃഭൂമിക്ക് മല്ലിക അനുവദിച്ച അഭിമുഖത്തിലേക്ക്‌... 

mallika sarabhai?മൃണാളിനി സാരാഭായ്‌ സഞ്ചരിക്കാത്ത ദൂരങ്ങളിലേക്ക്‌ താങ്കൾ നടന്നെത്തുകയും അവരെ പൂരിപ്പിക്കുകയും ചെയ്യുന്നതായി തോന്നിയിട്ടുണ്ടോ...

അമ്മ എനിക്ക്‌ നൃത്തത്തിന്റെ ഭാഷനൽകി. ഞാൻ ആ ഭാഷയിൽ നിന്നുകൊണ്ട്‌ പുതിയ ഭാഷ സൃഷ്ടിച്ചു. അമ്മ അതിനെ പ്രോത്സാഹിപ്പിച്ചു. കലയുടെ ഭാഷ മാറിക്കൊണ്ടേയിരിക്കും. മാറുന്നകാലത്തിന്റെ കലാഭാഷയിലൂടെവേണം സഞ്ചരിക്കാൻ. 1990-ൽ റാണി ലക്ഷീബായിയെക്കുറിച്ചുള്ള ശക്തി എന്ന നൃത്തശില്പത്തിനുവേണ്ടി ഞാൻ സി.വി.എൻ. കളരിയിൽവന്ന്‌ അഭ്യസിക്കുകയുണ്ടായി.

കളരിയുടെ ആവശ്യകത തിരിച്ചറിഞ്ഞ അമ്മ തന്നെ പ്രോത്സാഹിപ്പിക്കുകയായിരുന്നു. ‘ദർപ്പണ’യിലൂടെ അമ്മ കലയ്ക്ക്‌ വെള്ളവും വളവും നൽകി. ഒരു വിത്തിന്റെ വളർച്ചയ്ക്കനുസരിച്ച്‌ അതിനെ പോഷിപ്പിക്കാൻ അമ്മയ്ക്കറിയാമായിരുന്നു. കേരളത്തിലെ പല കലാകാരന്മാരെയും അമ്മ വളർത്തിയിട്ടുണ്ട്‌. അമ്മയുടെ ശിഷ്യനും, എന്റെ സഹനർത്തനുമായ കോട്ടയ്ക്കൽ ശശിധരൻ ദർപ്പണയുടെ മണ്ണിൽ വളർന്ന്‌, വിളഞ്ഞ്‌, പാകപ്പെട്ടയാളാണ്‌. മക്കളെ മാത്രമല്ല കലാബോധമുള്ള ധാരാളംപേരെ അമ്മ വികസിപ്പിച്ചെടുത്തിട്ടുണ്ട്‌. 

? അമ്മയുടെ ഒന്നാം ശ്രാദ്ധമാണ്‌. മൃതദേഹത്തിനുമുന്നിൽ നൃത്തംചെയ്തുകൊണ്ട്‌ അവരെ അനശ്വരതയിലേക്ക്‌ യാത്രയയയ്ക്കുന്ന മകൾ, ലോകകലാചരിത്രത്തിലെ തന്നെ അപൂർവതയായിരുല്ലോ...

എല്ലാവരും അതിനെ നല്ല അർഥത്തിൽത്തന്നെ കണ്ടു. അമ്മ യഥാർഥത്തിൽ നൃത്തം തന്നെയാണെന്ന്‌ ഞാൻ വിശ്വസിക്കുന്നു. മരണാനന്തരച്ചടങ്ങ്‌ എന്നനിലയിൽ കലയിലൂടെയുള്ള മറ്റൊരു സമർപ്പണമാണല്ലോ നടത്തേണ്ടത്‌. അമ്മയുടെ ആത്മാവും ശരീരവും നൃത്തത്തിനുവേണ്ടി ജീവിച്ചു. അമ്മയെ അവസാനമായി യാത്രയാക്കേണ്ടത്‌ നൃത്തത്തിലൂടെയാവുമ്പോഴാണ്‌ എന്നിലെ നർത്തകീജന്മം ചാരിതാർഥ്യമാകുന്നത്‌. 

അമ്മ അഞ്ചു ദിവസം ആസ്പത്രിയിൽ അബോധാവസ്ഥയിൽ കിടക്കുന്നു. അവസാനമായി കണ്ണുതുറന്നപ്പോൾ ഒപ്പമുള്ള പതിന്നാലുപേരുടെയും കരംകവർന്ന്‌ പുഞ്ചിരിച്ചുകൊണ്ടാണ്‌ വിടവാങ്ങിയത്‌. ഞങ്ങളുടെ സംഘത്തിലെ കോങ്ങാട്ടുകാരനായ ജയനോട്‌ ‘കൃഷ്ണാ നീ ബേഗനേ’ പാടാൻ പറഞ്ഞു. അത്‌ പാടിക്കേട്ടു. അതും ഉജ്ജ്വലമുഹൂത്തമായി മനസ്സിലുണ്ട്‌.

സബർമതി തീരത്തേക്ക്‌ ചിതാഭസ്മവുമായി പോകുമ്പോൾ എന്റെ കൈയിൽ ഇരുപത്‌ ചന്ദനത്തിരികളുണ്ടായിരുന്നു. നടത്തത്തിനിടയിൽ അത്‌ കെട്ടുപോയി. ഞാൻ അതങ്ങനെ കുടഞ്ഞപ്പോൾ, അദ്‌ഭുതം അത്‌ കത്തുന്നു. മുഴുവനായി കെട്ട ചന്ദനത്തിരി കത്തുകയോ? എന്റെ ചൈതന്യം ഇവിടെത്തന്നെയുണ്ട്‌, ഞാൻ നൃത്തമായി എന്നും ഇവിടെയുണ്ട്‌ എന്ന്‌ അമ്മ ഞങ്ങളോട്‌ പറയുകയായിരിക്കണം.

? കേരള സ്കൂൾ കലോത്സവത്തിൽ ആയിരത്തിലേറെ അപ്പീലുകളുടെ ബലത്തിൽ മത്സരിക്കാനെത്തുന്നവരെക്കുറിച്ച്‌ വാർത്ത കാണുന്നു. ഇങ്ങനെ മത്സരിച്ചിട്ടും ജയിച്ചിട്ടും എന്തുനേടാനാണ്‌... 

സമൂഹമാകെ മത്സരിക്കുകയാണ്‌. ഏതു മത്സരത്തിലും ഒരു ശതമാനമേ ജയിക്കൂ. കല വ്യാപാരാധിഷ്ഠിതമാകുന്നതിന്റെ മുന്നോടിയാണിതൊക്കെ. സമൂഹം തന്നെയാണ്‌ അതിന്‌ ഉത്തരവാദി. കലാരംഗത്തെ ഈ വിധത്തിലാക്കിയത്‌ സമൂഹത്തിന്റെ ചാപല്യങ്ങളാണ്‌. അരങ്ങിൽ കലാകാരന്റെ അല്ലെങ്കിൽ കലാകാരിയുടെ മനസ്സും ശരീരവും സ്വയം ആനന്ദിച്ചാൽ പ്രേക്ഷകനും ആ ആനന്ദം കൈവരും.

ഈ ആനന്ദം അനുഭവിക്കാത്തവരാണ്‌ അപ്പീലിനു പോകുന്നത്‌. കല മത്സരാധിഷ്ഠിതമാക്കരുത്‌. കല ആസ്വദിക്കാനുള്ളതാണ്‌. കുട്ടികൾ മത്സരമായി കലയെ കാണരുത്‌. എല്ലാവരും ജയിക്കണം. മത്സരമില്ലാത്ത അരങ്ങിലേ ഇങ്ങനെ ജയം വരൂ. മാർക്കിനുവേണ്ടിയുള്ള മത്സരം ഉപേക്ഷിക്കണം. മത്സരാധിഷ്ഠിതമായ കല ആനന്ദം പകർന്നുനൽകില്ല. 

?കലോത്സവവേദിയിൽ സർഗശേഷിയുള്ള നർത്തകിമാർ ഉയർന്നു വരാത്തതിന്റെ കാരണമെന്താവാം...

അങ്ങനെ പെട്ടെന്ന്‌ വഴങ്ങുന്നതാണോ നൃത്തം? മാനസികാനന്ദം അനുഭവിച്ച്‌ പഠിക്കണം. എങ്കിലേ അരങ്ങിൽ അനുഭൂതി സൃഷ്ടിക്കാൻ സാധിക്കൂ. കലയോടുള്ള അഭിനിവേശം താത്‌കാലികമാകരുത്‌. അമ്പതുകൊല്ലമായി നൃത്തംചെയ്തുകൊണ്ടിരിക്കുന്ന ഞാൻ ഇപ്പോഴും രാവിലെ യോഗചെയ്യുന്നു, പരിശീലനത്തിൽ മുഴുകുന്നു.

നമ്മൾ നമ്മളെ സ്വയം പ്രചോദിപ്പിക്കണം. കലാത്മകമായ ഒരു ലക്ഷ്യത്തിൽ അധിഷ്ഠിതമാകണം ജീവിതം. നൃത്തമില്ലാതെ എനിക്ക്‌ ശ്വസിക്കാനാവില്ല. അത്‌ ഉപജീവനം മാത്രമാക്കരുത്‌. കലയുടെ തുരീയാനന്ദത്തിലെത്താൻ നിരന്തരമായ ഉപാസനവേണം.

? ശരീരമാണല്ലോ ഒരു നർത്തകിയുടെ മൂലധനം. ശരീരസാധ്യതകൾ പ്രയോജനപ്പെടുത്തുന്ന വിധങ്ങൾ എങ്ങനെയാണ്‌...

എന്റെ ശരീരം ക്ഷേത്രമാണ്‌. നൃത്തം എന്റെ ആരാധനയും. ഒരു വയലിനിസ്റ്റ്‌ തന്ത്രികൾ ശ്രുതിശുദ്ധമാക്കുന്നതുപോലെ ഞാൻ ശരീരത്തിന്റെ ശ്രുതിയിൽ ബദ്ധശ്രദ്ധാലുവാണ്‌. ശരീരവും മനസ്സും തമ്മിൽ സംഘട്ടനമുണ്ടാകാറുണ്ട്‌.

ശരീരത്തിന്‌ ക്ഷീണംവരുമ്പോൾ മനസ്സ്‌ സജീവമാകാറുണ്ട്‌; തിരിച്ചും. ശരീരം വിശ്രമമാവശ്യപ്പെടുന്ന സമയത്ത്‌ ഞാനങ്ങനെ ചെയ്യും. മനസ്സും ശരീരവും തമ്മിൽ കലാപരമായ ഒരു വിനിമയമുണ്ട്‌. ഇന്ന്‌ സുഖമില്ല എന്നുകരുതി ഒരു മണിക്കൂർ കിടന്നാൽ നാളെ അത്‌ രണ്ടുമണിക്കൂറാകും. മറ്റന്നാൾ മൂന്നുമണിക്കൂറാകും. അതിന്‌ ഇടംകൊടുക്കരുത്‌.

? കാലികപ്രശ്നങ്ങളിൽ ഇടപെടാനും പ്രതികരിക്കാനും നൃത്തത്തെ ആയുധം തന്നെയാക്കുന്ന ഒരു സാമൂഹികപ്രതിബദ്ധത താങ്കൾ പലപ്പോഴും പ്രദർശിപ്പിച്ചിട്ടുണ്ട്‌. നോട്ടുനിരോധനത്തിന്റെ പശ്ചാത്തലത്തിൽ അത്തരം സാധ്യതകളുടെ തയ്യാറെടുപ്പിലാണോ...

ഇന്നത്തെ ഇന്ത്യയിലെ  നിറഞ്ഞ പ്രശ്നങ്ങളെ ഒരു ഡാൻസുകൊണ്ട്‌ പരിഹരിക്കാനാവില്ല. ഒറ്റ ഇന്ത്യ എന്ന വികാരമാണ്‌ ഉണ്ടാകേണ്ടത്‌.  സർക്കാരിന്റെ തീരുമാനങ്ങളിങ്ങനെ മാറിക്കൊണ്ടിരിക്കയാണ്‌. ഗ്രീസ്‌, റോം, സിറിയ, ബാബിലോണിയ, ചൈന എന്നീ രാജ്യങ്ങളിലെ മഹത്തായ സംസ്കാരം നഷ്ടപ്പെട്ടു. എല്ലാ അംശങ്ങളിലും അത്‌ നിലനിർത്തുന്നത്‌ ഇന്ത്യമാത്രമാണ്‌.

ഭാരതീയപാരമ്പര്യത്തിന്റെ ശക്തിയാണത്‌. രാഷ്ട്രീയവും സമൂഹവും അത്‌ നശിപ്പിക്കാൻ ശ്രമിക്കുന്നു. നമ്മൾ അമേരിക്കയാവാൻ ശ്രമിക്കുന്നതെന്തിനാണ്‌?
ആക്ടിവിസ്റ്റല്ല, ഞാൻ ഒരു ആർട്ടിവിസ്റ്റ്‌ എന്ന്‌ പറയുന്നതാണ്‌ ഭംഗി. ഞാൻ ഒരു ഉപകരണമല്ല. എന്റെ കലയിലൂടെ, എന്റെ ഭാഷയിലൂടെ മാനവികതയ്ക്കുവേണ്ടി പ്രാർഥിക്കാനേ കഴിയൂ.

? കേരളത്തിലെ നർത്തകിമാരെ എങ്ങനെ വിലയിരുത്തുന്നു...

അഞ്ചുവർഷം മുമ്പ്‌  കോഴിക്കോട്ടുവെച്ച്‌ നൂറുപേർ ഒരുമിച്ച മോഹിനിയാട്ടം കാണുകയുണ്ടായി. മേക്കപ്പിലെ അപാകങ്ങളടക്കം പാവ പോലെ തോന്നി. സമൂഹം തീരുമാനിക്കുന്നതിനനുസരിച്ച്‌ കലയെ വികലമാക്കാൻ കലാകാരികൾ ഒരുങ്ങരുത്‌. കലാവ്യക്തിത്വം സ്വയം നഷ്ടപ്പെടുത്തി ഇത്തരം സമൂഹത്തിനുമുന്നിൽ ആടരുത്‌.

? കേരളത്തിൽ പ്രതികരണശേഷിയുള്ള കലാകാരന്മാരുടെ അഭാവത്തെക്കുറിച്ച്‌ എന്തുതോന്നുന്നു...  

കലാരംഗത്തുനിന്നുമാത്രമല്ല ഏതുരംഗത്തുനിന്നും വളരെക്കുറച്ചുപേർമാത്രമേ പ്രതികരിക്കുന്നുള്ളൂ.  അടിയന്തരാവസ്ഥക്കാലത്തുപോലും ഉണ്ടാവാത്ത സംഭവങ്ങൾ ഇപ്പോൾ നടക്കുന്നു. രാഷ്ട്രീയത്തിന്റെ പേരിൽ കൊലപാതകങ്ങളും അക്രമങ്ങളും നടക്കുന്നു.

അരക്ഷിതാവസ്ഥ വർധിക്കുന്നു. സ്ത്രീ എപ്പോഴും പേടിച്ചിരിക്കേണ്ട അവസ്ഥ നിലനിൽക്കുന്നു. പല പ്രശ്നങ്ങളെയും  കലകൊണ്ട്‌ നേരിടാൻ ചെന്നാൽ ദേശവിരുദ്ധതയുടെ പേരിൽ കുറ്റം ചാർത്തപ്പെടുന്ന അവസ്ഥ നിലവിലുണ്ട്‌. സമൂഹത്തോട്‌ സംയമനംപാലിക്കാൻ ഉപദേശിക്കേണ്ടിവരുന്ന ഒരു അന്തരീക്ഷമാണുള്ളത്‌.

? സദാ പ്രസന്നമായ ഈ വ്യക്തിത്വത്തിലെ ലാവണ്യഘടകം എന്താണ്‌...
നൃത്തംതരുന്ന ഊർജംതന്നെ. അത്‌ ജീവിതത്തെ ചലനാത്മകമാക്കുന്നു. സൗന്ദര്യാത്മകമാക്കുന്നു.
npvkrishnan@gmail.com