ബംഗാളി കവിതയുടെ ഭാവമുൾക്കൊണ്ട് മനോഹരമായ ശബ്ദത്തിൽ കബിത മുഖോപാദ്ധ്യായ പാടുകയാണ്. കൺമുന്നിലുള്ളതൊന്നും കാണാതെ, ചിന്തിക്കാതെ ഇത്രവേഗത്തിൽ ഈ സമൂഹം എങ്ങോട്ടാണ് പോകുന്നത്. അടഞ്ഞ വാതിലുകൾ തുറക്കാൻ പരിശ്രമിക്കാതെ, ജീവിതത്തെ സ്‌നേഹിക്കാതെ ഇവർ എങ്ങനെ സംതൃപ്തിയറിയും.

തന്റെ ജീവിതത്തെ കുറിക്കുന്ന സംതൃപ്തിയുടെ നിറഞ്ഞ ചിരിയുമായി അവർ പറയുന്നു. നമുക്ക് എല്ലായ്‌പോഴും സംശയമാണ്. കൂടാതെ നിലനിൽക്കുന്ന എന്തിനോടുമുള്ള അനുസരണ മികച്ച ഗുണമായി വാഴ്ത്തപ്പെടുകയും ചെയ്യുന്നു. അങ്ങനെ വരുമ്പോൾ നിങ്ങളും ഞാനും നമ്മുടെ ചിന്തകളും അപ്രസക്തമാണ്. ഭാവനകൊണ്ട് ലോകത്തെ നിർവ്വചിച്ച മഹാന്മാരുടെ ചരിത്രം നമ്മൾ പഠിക്കുകയും ജീവിതത്തിൽ അത്തരം സന്ദർഭങ്ങളെ പ്രതീക്ഷിക്കാതെയുമിരിക്കുന്നതിനെ അംഗീകരിക്കാൻ പറ്റില്ല.

നിങ്ങൾക്കെന്നെ സംശയിക്കാം,
പക്ഷേ, എന്റെ നിലനിൽപ്പിനെ
അവഗണിക്കാൻ കഴിയില്ല

ഒരു കൈയിൽ കലയും മറുകൈയിൽ സമൂഹത്തോടുള്ള നിരന്തരശ്രദ്ധയും സൂക്ഷിച്ചുകൊണ്ടാണ് ഈ ചിത്രകാരിയുടെ സംസാരം. പന്തിഭോജനത്തിന്റെ 100-ാം വാർഷികത്തിൽ ലളിതകലാ അക്കാദമി സംഘടിപ്പിക്കുന്ന ചിത്രകലാ ക്യാമ്പിൽ പങ്കെടുക്കാനെത്തിയതായിരുന്നു അവർ. ബംഗാളിലെ ജനനത്തിനപ്പുറം 17 വർഷം നീണ്ട കേരളത്തിലെ ജീവിതത്തിൽനിന്ന് അവർ സംസാരിക്കുന്നു...

ബംഗാളിലെ ബാല്യം

എന്റെ അച്ഛൻ വീടിന്റെ അകത്തളങ്ങളിൽ ഇഷ്ടികക്കഷണങ്ങൾ കൊണ്ടും കരിക്കട്ടകൊണ്ടുമെല്ലാം ഞാൻ വരയ്ക്കുന്ന ചിത്രങ്ങളെ സ്‌നേഹിച്ചിരുന്നു. ഒരിക്കൽപോലും എന്നെ വിലക്കിയിട്ടില്ല. എനിക്ക് ഓർമയില്ലാത്ത ഒരു കാലഘട്ടത്തിൽ പോലും ഞാൻ വരച്ചിരുന്ന ചിത്രങ്ങൾ എനിക്ക് നേരിൽകാണാൻ കഴിഞ്ഞിട്ടുണ്ട്. അങ്ങനെ കണക്കുകൂട്ടുമ്പോൾ ചിത്രകലയിൽ എനിക്കുള്ള പരിചയത്തിന് അമ്പത് വയസ്സിന് മുകളിൽ പ്രായമുണ്ട്. സമൂഹത്തോടുള്ള കാഴ്ചപ്പാട് രൂപപ്പെടുന്നതിൽ ശാന്തിനികേതനിലെ പഠനകാലത്തിന് വളരെയധികം പ്രാധാന്യമുണ്ട്.

ശാന്തിനികേതനിൽ ഞങ്ങളുടെ പഠനകാലം ആഘോഷം തന്നെയായിരുന്നു. അവിടെ ബീഡി വലിക്കുന്നതുകൊണ്ട് ഒരാൾ തീവ്രവാദി ആകില്ലായിരുന്നു. ആൺകുട്ടികൾ പെൺകുട്ടികളെ കേറിപ്പിടിക്കില്ലായിരുന്നു. വനിതാ ഹോസ്റ്റലിന്റെ തുറന്നിട്ട ജനാലയിൽ കൂടി ഒളിഞ്ഞുനോക്കില്ലായിരുന്നു. വളർച്ചയുടെ കാലഘട്ടത്തിൽ പരസ്പരം മറച്ചുപിടിക്കാതെ ഒരുമിച്ച് കൂട്ടുകാരും സഹോദരങ്ങളുമായി വളർന്നതുകൊണ്ടാണ് അത് സാധ്യമായതെന്നാണ് കരുതുന്നത്.

ഇന്നത്തെ കാലത്തിന് അതെല്ലാം അന്യമാണ്. കാണുന്നില്ലേ വാർത്തകളിൽ അതിന്റെ അനന്തരഫലങ്ങൾ. പുതിയ സംസ്‌കാരത്തിലെ ഇത്തരം രീതികൾ തിരുത്തപ്പെടണം. കുട്ടികൾ ഒരു വേലിക്കപ്പുറത്ത് പരസ്പരം അറിയാതെ വളരുന്നവരാകരുത്.

ചിത്രരചനയിലെ ഭാവനയുടെ ഇടം

ചിത്രരചനയിൽ മാത്രമല്ല, ഭാവനയ്ക്ക് സമൂഹത്തിന്റെ എല്ലാ മേഖലകളിലും വ്യക്തമായ സ്ഥാനമുണ്ട്. ഐൻസ്റ്റൈനെക്കുറിച്ച് സംസാരിക്കുമ്പോൾ, അദ്ദേഹത്തിന്റെ പല സിദ്ധാന്തങ്ങളും ഭാവനയിൽ നിന്നും രൂപപ്പെട്ടതാണ്. പിന്നീട് പിന്തുടരുന്നവർക്ക് വേണ്ടിയാണ് സമവാക്യങ്ങളുടെ സാധൂകരണം നടത്തിയത്. ലിയോനാർഡോ ഡാവിഞ്ചിയുടെ ചിത്രങ്ങളിൽ വിമാനത്തിന്റെ സൂചനകൾ അവ കണ്ടുപിടിക്കപ്പെടുന്നതിനും വളരെക്കാലം മുൻപ് ഉണ്ടായിരുന്നു.

സ്വപ്‌നങ്ങൾ കാണുക എന്നതുതന്നെയാണ് പ്രധാനം. ചിലപ്പോൾ നമുക്കുമപ്പുറം ഒരു കാലത്ത് അവ സത്യമായിത്തീരുന്നത് എത്ര മനോഹരമാണ്. ഇവരെല്ലാം അത്തരം സന്തോഷം ജീവിതംകൊണ്ട്‌ അനുഭവിച്ചവരാണ്. ഗലീലിയോയെ പോലെ കൃത്യമായ നിരീക്ഷണങ്ങളുടെ പേരിൽ നിലനിൽക്കുന്ന ഭരണകൂടത്തിന്റെ വിദ്വേഷങ്ങൾ അനുഭവിച്ചവരുമുണ്ട്.

പക്ഷേ, ഇപ്പോൾ കുട്ടികൾക്കും അധ്യാപകർക്കും ഇടയിലുള്ള ഇൻഫർമേഷന്റെ മതിൽ തകർക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. പറഞ്ഞത് അധ്യാപകനായതുകൊണ്ട് മാത്രം അബദ്ധം പഠിക്കേണ്ട അവസ്ഥ ഇന്നൊരുകുട്ടിക്കുമില്ല. പരിശോധിച്ച് പഠിക്കാനും തെറ്റിനെ തിരസ്‌കരിക്കാനുമുള്ള സ്വാതന്ത്ര്യം ഇന്നത്തെ ചുറ്റുപാട് അവന് നൽകുന്നുണ്ട്.

ജീവിതത്തെക്കുറിച്ച്

മനുഷ്യനായി ജനിച്ച് മനുഷ്യത്വപരമായ സമീപനങ്ങളുമായി ജീവിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഒരു പൂച്ചയായി ജനിച്ചിരുന്നെങ്കിൽ എത്ര വിരസമാകുമായിരുന്നു.
ഉറുമ്പോ മറ്റോ ആണെങ്കിൽ വല്യപ്രശ്‌നമില്ല; ഞാൻ എപ്പോഴും തിരക്കിലായിരുന്നേനെ. എല്ലാത്തിനുമുപരിയായി എന്റെ വീക്ഷണങ്ങൾ അവതരിപ്പിക്കാൻ പെയിന്റിങ്ങിന് കഴിയുന്നു. അല്ലെങ്കിൽ എനിക്ക് പെയിന്റ് ചെയ്യാൻ കഴിയുന്നു എന്നതിലാണ് എന്റെ വലിയ സന്തോഷം.

അതിനിടയിൽ കിട്ടുന്ന നിമിഷങ്ങളിലും സംതൃപ്തിക്കായി ഞാൻ പലതും ചെയ്യുന്നു. ഇപ്പോൾ സിൽവർ ഹിൽസ് പബ്ലിക് സ്‌കൂളിലെ കുട്ടികളെ ചിത്രകല അഭ്യസിപ്പിക്കുന്നുണ്ട്. അതിൽനിന്ന്‌ എനിക്ക് കിട്ടുന്ന ഊർജം വളരെ വലുതാണ്. അവരുടെ വാക്കുകളും ചലനങ്ങളും പെയിന്റിങ്ങുകളും ഞാൻ ആസ്വദിക്കുന്നു.

പന്തിഭോജനത്തിന്റെ 100-ാം വാർഷികം ആഘോഷിക്കപ്പെടുമ്പോൾ

സാമ്പത്തികമായ അസമത്വം ഇവിടെ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. പന്തികൾ വിഭജിക്കപ്പെടുന്നതിൽ അത്തരമൊരു മാനംകൂടി ഉൾക്കൊള്ളിച്ചുകൊണ്ടാണ് ക്യാമ്പിലെ എന്റെ ചിത്രം ഒരുങ്ങുന്നത്. രോഹിത് വെമുലയുടെ മരണത്തെക്കുറിച്ച് സംസാരിക്കുമ്പോൾ അതിൽ സ്‌കോളർഷിപ്പ് പോലുള്ള അവകാശങ്ങൾ നിഷേധിക്കപ്പെട്ട മിടുക്കനായ ഒരു വിദ്യാർഥിയുടെ അനുഭവമെന്ന നിലയിൽ കൂടി വിലയിരുത്തപ്പെടണം.

അവരവരുടെ സൗകര്യത്തിനനുസരിച്ച് ചരിത്രത്തെ വരെ മാറ്റിക്കുറിച്ചുകൊണ്ടിരിക്കുകയാണ്. ശ്രീനാരായണഗുരുവിന്റെ പ്രതിമയിലേക്ക് നോക്കൂ, നിങ്ങൾക്ക് കാണാം അദ്ദേഹം എത്രമാത്രം അസ്വസ്ഥനാണെന്ന്. തന്റെ വാക്കുകൾ ചിലർ സൗകര്യത്തിനനുസരിച്ച് വളച്ചൊടിക്കുന്നതിൽ അദ്ദേഹം അസന്തുഷ്ടനല്ലാതിരിക്കുമോ. മൂല്യങ്ങൾ സംരക്ഷിക്കപ്പെടുന്നില്ലെന്നത് വളരെ അപകടകരമായ ഒരു വസ്തുതയാണ്.

ആശയപ്രചാരണ മാർഗം എന്ന നിലയിൽ ചിത്രങ്ങളുടെ പ്രസക്തി

ചിത്രങ്ങൾ സംസാരിക്കുന്നുണ്ട്. കൃത്യമായ ആശയവും വിമർശനവുമെല്ലാം അവ പ്രതിഫലിപ്പിക്കുന്നു. സ്വീകരിക്കപ്പെടുന്നുണ്ടോ എന്ന് ചോദിച്ചാൽ അത് ആപേക്ഷികമാണ്. പെയിന്റിങ് പോലെ തോന്നാൻ മാത്രമുള്ള പെയിന്റിങ്ങുകളും ഇവിടെ ഉണ്ടാകുന്നുണ്ട്. ആ കാര്യത്തിൽ എന്റെ അഭിപ്രായം ഇതാണ്- രാജാവിന്റെ സന്തോഷത്തിന് വേണ്ടി വരയ്‌ക്കേണ്ടതല്ല ചിത്രങ്ങൾ. അത് സമൂഹത്തിന്റെ പ്രതിഫലനമാകണം; കാഴ്ചയാകണം.