‘‘ ഞാൻ സമരത്തിൽ ഒറ്റയ്ക്കല്ലായിരുന്നു. പക്ഷേ, ജീവിതത്തിൽ ഞാൻ തികച്ചും ഏകാകിആയിരുന്നു’’

ഡെസ്മണ്ട് കുടിഞ്ഞൊ എന്ന ബ്രിട്ടീഷ് പൗരനായ ഗോവക്കാരൻ ബെംഗളൂരുവിൽ അലഞ്ഞുനടക്കുമ്പോഴാണ് ഇറോം ചാനു ശർമിളയുടെ ചിത്രം കാണുന്നത്. തന്റെ അമ്മയുടെ മരണവാർത്ത അറിഞ്ഞ അതേദിവസമാണ് ഇറോമിന്റെ ചിത്രം ഒരു പ്രാദേശികപത്രത്തിന്റെ  താളുകളിൽ ഇടംപിടിച്ചത് എന്ന് ഡെസ്മണ്ട് ഓർമിക്കുന്നു. പിന്നീട് മണിപ്പുരിന്റെ ചരിത്രത്തിൽ നിർണായകമായി ആ നിമിഷം. പതിനാറുവർഷം ഭക്ഷണവും വെള്ളവും കഴിക്കാതെ നിരാഹാരംകിടന്ന മണിപ്പുരിന്റെ ഉരുക്കുവനിതയ്ക്കുമുമ്പിൽ പ്രണയത്തിന്റെ ജാലകം തുറന്നിടുന്നതായി ആ ചിത്രം. 

മണിപ്പുരിലെ സുരക്ഷാസൈനികർക്ക് ആരെയും പിടിച്ചുകൊണ്ടുപോകാൻ അനുവാദംനൽകുന്ന പ്രത്യേക നിയമം വേണ്ടെന്നുവെയ്ക്കുംവരെ തിന്നില്ലെന്നും കുടിക്കില്ലെന്നും മുടിചീകില്ലെന്നും കണ്ണാടിനോക്കില്ലെന്നും  പ്രതിജ്ഞയെടുത്ത ഇറോം എങ്ങനെ പ്രണയവിവശയായെന്ന് സംവിധായകൻ വിശാൽ ഭരദ്വാജ് നേരിൽക്കണ്ടു മനസ്സിലാക്കിയിട്ടുണ്ട്.  ഇറോമിനെ കാണാൻ മണിപ്പുരിലെ ആസ്പത്രിയിലെ തടവറയിൽ വിശാൽ എത്തുമ്പോൾ കിടക്കയിൽ ചുവന്നപുതപ്പിനുള്ളിൽ ഇരിക്കുകയായിരുന്നു അവർ. രണ്ടു കാൽമുട്ടുകളും കൈകൊണ്ട് ചുറ്റിപ്പിടിച്ച് താടി കാൽമുട്ടിൽ താങ്ങിക്കൊണ്ട്... പിന്നിലെ ചുമരിൽ നെൽസൺ മണ്ടേലയുടെ ചിത്രം. പാവകൾ നിറഞ്ഞ അവരുടെ കൈയിലെ ചെറിയ പെട്ടിയുടെമേലെ ഒട്ടിച്ചിരിക്കുന്ന ചിത്രം വിശാൽ ശ്രദ്ധിച്ചു -ഡെസ്മണ്ടിന്റെ ഫോട്ടോ! അതിനുതാഴെ ഞാൻ നിന്നെ പ്രണയിക്കുന്നു എന്ന വാചകവും. 

ഞാൻ താങ്കളെക്കുറിച്ച് ഒരു ചലച്ചിത്രം എടുക്കട്ടെ എന്ന വിശാലിന്റെ  ചോദ്യത്തിന് ഇറോം വേണ്ടെന്നു തലയാട്ടി. അതിനുനൽകിയ വിശദീകരണമാണ് കൗതുകമുണ്ടാക്കിയത്. ‘‘ഒരു ആധ്യാത്മികയാത്രയിലാണ് ഞാൻ. ദയവുചെയ്ത് അതിനെ ഭൗതികമാധ്യമമായ വിനോദത്തിലേക്കു മാറ്റിപ്രതിഷ്ഠിക്കേണ്ട!’’
തന്റെ അസാധാരണമാംവിധം തീവ്രമായ ജീവിതയാത്രയിൽ ശർമിള തികഞ്ഞ ഏകാന്തത അനുഭവിക്കുകയായിരുന്നു. അഭിമുഖത്തിനായിച്ചെന്ന ഈ ലേഖകനോട് അവരത് തുറന്നുപറഞ്ഞു: ‘‘സമരത്തിൽ ഞാനൊറ്റയ്ക്കല്ലായിരുന്നു. പക്ഷേ, ജീവിതത്തിൽ ഞാൻ തികച്ചും ഏകാകിയായിരുന്നു.’’അതായിരിക്കുമോ ആദ്യകാലത്ത് കവിതകളെഴുതിയിരുന്ന സുന്ദരിയായ ശർമിള പതുക്കെ അതിൽനിന്ന് പിൻവാങ്ങാൻ കാരണം? മണിപ്പുരിലെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോൾ  ഇറോമിനെ ഡെസ്മണ്ട് കുടിഞ്ഞൊ ആദ്യമായി നേരിൽക്കണ്ടു. കണ്ടമാത്രയിൽ ഇരുവരിലും വിശിഷ്ടനായ ഒരു അതിഥിയെപ്പോലെ  പ്രണയം കടന്നുവന്നു. കാത്തിരുന്നപോലെ രണ്ടുപേരും ആ അതിഥിയെ ഇരുകൈയുംനീട്ടി  സ്വന്തമാക്കി. അന്ന് ഡെസ്മണ്ട് അവൾക്കൊരു സമ്മാനം നൽകി. ആപ്പിളിന്റെ ഒരു ലാപ്‌ടോപ്പ്. ഭൂമിയിൽ  തനിക്ക് ഏറ്റവും പ്രിയപ്പെട്ട വസ്തുവായി ഇറോമിനത്‌.

പതിനാറുവർഷം തന്റെ ജനതയ്ക്കായി നിരാഹാരം കിടന്ന് ഉണങ്ങിപ്പോയ ഈ സ്ത്രീയിൽ കുളിർജലംപോലെ ആ വാക്കുകൾ വീണു. എത്രയോ കാലമായി കേൾക്കാൻ കൊതിച്ചത് കാതിൽപ്പതിച്ചപോലെ സമരനായിക ആ വാക്കുകൾ ഹൃദയത്തിലേറ്റുവാങ്ങി. എന്നാൽ, നാട്ടുകാരും  വീട്ടുകാരും ആ ബന്ധം ഉൾക്കൊണ്ടില്ല. അതിനിടെ നൽകിയ ഒരഭിമുഖത്തിൽ ഇറോം ഇക്കാര്യം തുറന്നുപറഞ്ഞപ്പോൾ കോലാഹലം ഇരട്ടിച്ചു. പ്രണയത്തിൽ പലരും ഗൂഢാലോചന മണത്തു. വീട്ടുകാർ അയയ്ക്കുന്ന എഴുത്തുപോലും  കൈയിലെത്താതിരിക്കുമ്പോൾ ഡെസ്മണ്ടിന്റെ കത്തുകൾ എങ്ങനെ തടസ്സംകൂടാതെ ഇറോമിന് കിട്ടുന്നു എന്നായിരുന്നു വിമർശകരുടെ ചോദ്യം. സ്വന്തക്കാർക്കുപോലും വളരെ പ്രയാസപ്പെട്ട് സന്ദർശനാനുമതി കിട്ടുമ്പോൾ പുറത്തുനിന്നെത്തുന്ന മുഖ്യധാരാമാധ്യമങ്ങൾക്ക് എങ്ങനെ അവരെ  ആഗ്രഹിക്കുമ്പോൾതന്നെ  എളുപ്പത്തിൽ കാണാൻ സാധിക്കുന്നു? സുരക്ഷാസേന പ്രത്യേകനിയമത്തിന്റെ ബലത്തിൽ കൊലയും  കൊള്ളയും ബലാത്സംഗവും നടത്തുമ്പോൾ മുഖ്യധാരാമാധ്യമങ്ങൾ തികച്ചും വ്യക്തിപരമായ  ഇറോമിന്റെ പ്രണയത്തിന്‌ എന്തിന് അമിതപ്രാധാന്യം നൽകണം? ചോദ്യവർഷങ്ങൾ ഇപ്പോഴും തുടരുന്നു. 

മഹാത്മാഗാന്ധി തന്റെ മഹത്തായ സമരം നയിക്കുമ്പോൾ അദ്ദേഹത്തിന്റെ സ്വകാര്യജീവിതത്തെക്കുറിച്ച് ആരെങ്കിലും എഴുതിയോ? യഥാർഥപ്രശ്നത്തിൽനിന്ന് ശ്രദ്ധതിരിക്കാനുള്ള സർക്കാരിന്റെ തന്ത്രമായി ഇതിനെ കാണുന്നവരുണ്ട്. പതിനാറുവർഷമായി തന്റെ നാട്ടിലുള്ള ഒരു കരിനിയമത്തിനെതിരേ നടത്തിവന്ന നിരാഹാരസമരം പിൻവലിക്കുന്നതായി  ഇറോം ശർമിള പ്രഖ്യാപിച്ചപ്പോൾ പ്രണയത്തെ പ്രതിക്കൂട്ടിലാക്കി അവർ വീണ്ടും ചോദിച്ചു: ‘‘ദാ, ഞങ്ങൾ പറഞ്ഞത്  ഒടുവിൽ ശരിയായില്ലേ?’’ 
എന്നാൽ, ഇറോമിന്റെ നിലപാട് മറ്റൊന്നായിരുന്നു. ‘‘എല്ലാവരെയുംപോലെ ചോരയും നീരും മാനുഷികവികാരവുമുള്ള ഒരു സാധാരണ സ്ത്രീയാണ് ഞാൻ. ദേവതയാക്കിമാറ്റി എന്നെ ആരും ആരാധിക്കരുത്. എനിക്കും പ്രണയിക്കാൻ കഴിയും എന്നകാര്യം എന്റെ സ്വന്തക്കാർക്കുപോലും വിശ്വസിക്കാൻ കഴിയുന്നില്ല!’’-ഇറോം പറഞ്ഞു.

പിന്നെ നാം കണ്ടത് ലോകത്ത് ഏറ്റവും അധികംകാലം നിരാഹാരം കിടന്നവൾ എന്ന റെക്കോഡുമായി  രാഷ്ട്രീയപ്പാർട്ടിയുണ്ടാക്കി മറ്റൊരു സമരമുഖം തുറക്കുന്ന ഇറോമിനെയാണ്. പീപ്പിൾസ് റെസർജെൻസ് ആൻഡ്  ജസ്റ്റിസ്  അലയൻസ് പാർട്ടിയുടെ സ്ഥാനാർഥിയായി  മുഖ്യമന്ത്രി ഒക്രം ഇബോബി സിങ്ങിനെതിരേ കാങ്കാബൊക്ക് നിയമസഭാമണ്ഡലത്തിൽ മത്സരിച്ച ഇറോമിന് പക്ഷേ, മണിപ്പുരിജനത നൽകിയത് വെറും 90 വോട്ട്. മത്സരിച്ച അഞ്ചു സ്ഥാനാർഥികളിൽ ഏറ്റവും കുറഞ്ഞ വോട്ടുലഭിച്ചത് ഇറോമിന്. 18,000-ത്തിലേറെ വോട്ടുനേടി ഇബോബി ജയിക്കുകയുംചെയ്തു. ആദർശത്തെയും വിപ്ളവവീര്യത്തെയും കൂട്ടുപിടിച്ച ഒരസാമാന്യവനിതയെ ഇങ്ങനെ 90 വോട്ടുമാത്രം നൽകി തോല്പിച്ചതിന് മണിപ്പുരി ജനത മാത്രമല്ല, നാം മുഴുവൻ ഇന്ത്യക്കാരും ലജ്ജിക്കുകതന്നെവേണം.

ശർമിളയുടെ ജീവിതത്തിലെ ഒരധ്യായംകൂടി കഴിഞ്ഞു. എന്നാൽ, ആ വിശിഷ്ടഗ്രന്ഥം അടച്ചുവെയ്ക്കാറായിട്ടില്ല. സുഹൃത്തും മാധ്യ മപ്രവർത്തകനുമായ ബഷീർ മാടാലയുടെ ക്ഷണംസ്വീകരിച്ച്  അങ്ങകലെ മണിപ്പുരിൽനിന്ന് ഇറോം ഇന്ത്യയുടെ ഇങ്ങേയറ്റത്തുള്ള കേരളത്തിലെത്തിയിരിക്കുന്നു. അട്ടപ്പാടിയിൽ സാമൂഹികപ്രവർത്തക ഉമാ പ്രേമൻ ഡയറക്ടറായുള്ള അട്ടപ്പാടി വെൽഫെയർ പ്രോജക്ടിൽ ഒരുമാസത്തെ വിശ്രമത്തിനെത്തിയതാണ് അവർ.

സമരകാലത്തിലൊരിക്കൽ, മൂന്നുവർഷങ്ങൾക്കപ്പുറം വാരാന്തപ്പതിപ്പിന് പ്രത്യേക അഭിമുഖം അനുവദിച്ച ശർമിള ഒരിക്കൽക്കൂടി അതിനു തയ്യാറായി. ചോദ്യംകേൾക്കുമ്പോൾ ആഴമേറിയ കണ്ണുകൾ അടച്ച് ഏറെനേരം കഴിഞ്ഞുള്ള മറുപടി. പതിഞ്ഞസ്വരം അങ്ങുദൂരെ മണിപ്പുരിൽനിന്ന് മൈലുകൾ താണ്ടിവരുംപോലെ തോന്നിച്ചു. 
ഇറോം ശർമിളയുമായുള്ള അഭിമുഖത്തിൽ നിന്നുള്ള പ്രസക്ത ഭാഗങ്ങൾ: 

?എന്തുകൊണ്ട് കേരളം...
എന്റെ സഹോദരൻ ബഷീർ ക്ഷണിച്ചു. എനിക്കും ഒരു വിശ്രമം അത്യാവശ്യമായിരുന്നു. ഇത് ആത്മസാക്ഷാത്കാരത്തിന്റെ ഭാഗമായുള്ള യാത്രകൂടിയാണ്. എന്റെ പോരാട്ടത്തിൽ കേരള ജനത ആത്മാർഥമായി എനിക്ക്  ധാർമികപിന്തുണ നൽകി. 
(വിവാഹത്തെക്കുറിച്ചും കാമുകൻ ഡെസ്മണ്ടിനെക്കുറിച്ചുമുള്ള ചോദ്യങ്ങൾ ഇറോമിനെ രോഷംകൊള്ളിച്ചു.) ‘‘എന്റെ വ്യക്തിജീവിതത്തെക്കുറിച്ച് എന്തിനാണ് നിങ്ങൾ ഇങ്ങനെ ഉത്‌കണ്ഠപ്പെടുന്നത്?’’         

?എന്തെന്നാൽ മണിപ്പുരുകാരെപ്പോലെ കേരളത്തിലും നിങ്ങളെ സ്നേഹിക്കുന്നവരുണ്ട്...
(കുട്ടികളെപ്പോലെ നിഷ്കളങ്കമായി ഇറോം ചിരിക്കുന്നു)  ഡെസ്മണ്ട് ഇപ്പോൾ അയർലൻഡിലാണ്. സ്നേഹമുണ്ടെങ്കിൽ അയാളെ ഇങ്ങോട്ടു ക്ഷണിക്കൂ. 
(പതിനാറുവർഷത്തെ ഭക്ഷണമില്ലായ്മ ഇറോമിന്റെ ശരീരത്തിന്റെ താളംതെറ്റിച്ചതിനാലാവാം നമുക്ക് പിടിച്ചെടുക്കാനാവാത്തവിധം അതിലോലമായ ശബ്ദത്തിലാണ് മറുപടികൾ. അതും ദീർഘനേരത്തെ ഇടവേളയ്ക്കുശേഷം.)

?കവിതയെഴുത്ത് ഇപ്പോഴുമുണ്ടോ...
ഇല്ല. ഒരുകാലത്ത് എന്റെ മനോവിചാരങ്ങൾ കവിതയിലൂടെ ആവിഷ്കരിച്ചു. ഇപ്പോളെന്തോ അതിനു തോന്നുന്നില്ല.

?മണിപ്പുർ ജനത നിങ്ങളെ തള്ളിയതായി തോന്നുന്നോ...
 ഇല്ല. ശരിയെക്കുറിച്ചും തെറ്റിനെക്കുറിച്ചും നിലപാടെടുക്കാനുള്ള മനക്കരുത്ത് എനിക്കുണ്ട്. ലക്ഷ്യത്തിലെത്തി സമൂഹത്തിന്റെ ഹൃദയം കീഴടക്കാൻ എനിക്കു കഴിയും.

?ഡെസ്മണ്ടിനെ വിവാഹം ചെയ്യുന്നതിനെ വീട്ടുകാർ അനുകൂലിച്ചില്ലെങ്കിലോ...
അതെനിക്ക് പ്രശ്നമേയല്ല. വീട്ടുകാരെയോ സമൂഹത്തെയോ ലോകത്തെയോ ഞാൻ കാര്യമായെടുക്കുന്നില്ല. എന്റെ മനസ്സാക്ഷി പറയുന്നത് കാര്യങ്ങളെ പ്രതീക്ഷയോടെ കാണാനാണ്.  

?വിശ്വാസിയാണോ...
ദൈവം ഉണ്ടോയെന്ന് എനിക്കറിയില്ല. എന്നാൽ, പ്രപഞ്ചത്തിൽ ഒരു ശക്തിയുടെ സാന്നിധ്യമുണ്ട്. ഗതിവിഗതികൾ തീരുമാനിക്കപ്പെടുന്നതിൽ ആ ശക്തി നിർണായകമാണ്. ഞാനെന്റെ യാത്ര തുടരും. എങ്ങോട്ടെന്നോ എവിടെയെത്തുമെന്നോയെന്ന് എനിക്കറിയില്ല. അറിയണമെന്ന് നിർബന്ധവുമില്ല. 

ഒരഭിമുഖത്തിൽ ഇറോം ഒരിക്കൽ പറഞ്ഞിരുന്നു. ‘സ്വകാര്യമായി ഞാനാഗ്രഹിക്കുന്ന ഒരു കാര്യമുണ്ട്. അടുത്തജന്മത്തിൽ മനുഷ്യനായി പിറക്കേണ്ട. കാരണം അത്രമാത്രം ആർദ്രതയില്ലാത്തവരാണ് മനുഷ്യർ.’  2005 മുതൽ പത്തുവർഷം നടന്ന  രാഷ്ട്രീയ, വംശീയ സംഘർഷത്തിൽ 5000-ത്തിലേറെപ്പേർക്ക് ജീവൻ നഷ്ടപ്പെട്ട മണിപ്പുരിൽ സമാധാനപ്രവർത്തകയായിരുന്ന ഇറോം ശർമിള 2000-ത്തിൽ നടന്ന മാലോം കൂട്ടക്കൊലയ്ക്കുശേഷമാണ് പിന്നീട് ചരിത്രമായിമാറിയ നിരാഹാരസമരം തുടങ്ങിയത്. ഇംഫാൽ താഴ്‌വരയിലെ മാലോം എന്ന സ്ഥലത്ത് ബസ്‌ സ്റ്റോപ്പിൽ നിന്നവർക്കുനേരേ അസം റൈഫിൾസ് നടത്തിയ വെടിവെപ്പിൽ പത്തുപേർ കൊല്ലപ്പെട്ട സംഭവമാണ് മാലോം കൂട്ടക്കൊല.

ഇറോമിന്റെ നിരാഹാര സമരം 16 കൊല്ലം നീണ്ടു.  സുരക്ഷാസൈനികർക്ക് പ്രത്യേക അധികാരം നൽകുന്ന നിയമം പിൻവലിച്ചതിനുശേഷം   അമ്മയെ കാണുമ്പോൾ മാത്രമേ അരിഭക്ഷണം കഴിക്കൂവെന്നും ഇറോം ശപഥംചെയ്തു. ഈ കാലയളവിൽ സമരം ലോകശ്രദ്ധയാകർഷിച്ചു. 51 ലക്ഷത്തിന്റെ ടാഗോർ പുരസ്കാരം മുതൽ മയിലമ്മ അവാർഡുവരെ പുരസ്കാരങ്ങളേറെ ഇറോമിനെ  തേടിയെത്തി.ഇറോം ശർമിള അതീതകാലത്തുനിന്നുള്ള ഒരു വിഗ്രഹംപോലെ മുന്നിലിരിക്കുന്നു. പക്ഷേ, ആ മനസ്സ് ഇപ്പോഴും പ്രവർത്തനനിരതമാണ്. ഇറോം ശർമിളയെന്ന മണിപ്പുരിന്റെ മെങ്കോബി (വെളുത്ത സുന്ദരി) യാത്രതുടരുകയാണ്. ആർദ്രതയുള്ള, നിർവികാരരല്ലാത്ത മനുഷ്യർനിറഞ്ഞ ലോകത്തെ സ്വപ്നംകണ്ടുള്ള യാത്ര.

msudheendrakumar@gmail.com