നാൽപ്പത്തിയഞ്ചാമത്തെ വയസ്സിൽ ജീവിതത്തിലാദ്യമായി പിറന്നാൾ കേക്ക് മുറിച്ചപ്പോൾ ഉരുക്കുവനിതയെന്നറിയപ്പെട്ട മണിപ്പുരിലെ ‘മെങ്കോബി’ (വെളുത്ത സുന്ദരി) ഇറോം ചാനു ശർമിളയുടെ  മനസ്സിലൂടെ  ഒരുപാട്  ചിന്തകൾ കടന്നുപോയിരിക്കാം. പതിനാറു കൊല്ലം ഭക്ഷണവും വെള്ളവും സ്വീകരിക്കാൻ വിസമ്മതിച്ച് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ നിരാഹാരസമരം നടത്തിയ അവർക്ക് ആദ്യ പിറന്നാളാഘോഷം ഇന്ത്യയുടെ തെക്കേയറ്റത്തു കിടക്കുന്ന കൊച്ചുസംസ്ഥാനമായ കേരളത്തിലായി എന്നത് യാദൃച്ഛികമായി.

അട്ടപ്പാടിയിൽ  മണ്ണാർക്കാട് റോഡിലെ  ശാന്തി മെഡിക്കൽ ഇൻഫർമേഷൻ കേന്ദ്രം ഡയറക്ടർ ഉമാ പ്രേമൻ സ്നേഹപൂർവം മുന്നിൽക്കൊണ്ടുവെച്ച കേക്കുകണ്ട് ഇറോം ശർമിള ആദ്യം ചെറുതായോന്നു പകച്ചതുപോലെ. പിന്നെ മുഖത്തോടു കാതുചേർത്താൽ മാത്രം കേൾക്കാവുന്ന ചെറിയ ശബ്ദത്തിൽ അവർ പറഞ്ഞു: ‘‘ജീവിതത്തിൽ ആദ്യമായാണ് പിറന്നാൾ  ആഘോഷിക്കുന്നത്''. പിന്നെ ചോദ്യങ്ങൾക്കെല്ലാം പതിഞ്ഞ ശബ്ദത്തിൽ ഉറച്ച മറുപടികൾ. 

മണിപ്പുരിലെ ജനങ്ങൾക്കുവേണ്ടി ചരിത്രത്തിൽ സമാനതയില്ലാത്ത ഒരു സമരമുറ സ്വീകരിച്ച താങ്കളെ അവർ നിയമസഭാ തിരഞ്ഞെടുപ്പിൽ നിഷ്കരുണം നിരാകരിച്ചല്ലോ.  

അതാണ് തിരഞ്ഞെടുപ്പു രാഷ്ട്രീയം. മണിപ്പുരിലെ ജനങ്ങൾ ഇപ്പോഴും എന്നെ സ്നേഹിക്കുന്നു. വോട്ടുതേടിച്ചെന്നപ്പോൾ എനിക്ക്‌ ഈക്കാര്യം ബോധ്യപ്പെട്ടതാണ്. എന്നാൽ, അവർ എപ്പോഴും എന്നോട് ചോദിച്ച ചോദ്യം നിങ്ങൾ ഒറ്റയ്ക്കാണല്ലോ എന്നായിരുന്നു. ഒറ്റയായ ഞാൻ ജയിച്ചിട്ടും വലിയ കാര്യമില്ലെന്ന് അവർക്കുതോന്നി. മണിപ്പുരിലെ ജനങ്ങൾ പ്രായോഗികവാദികളായിരിക്കുന്നു. അവർക്ക്‌ ഒരുപാട് പ്രശ്നങ്ങളുണ്ട്.

സമതലത്തിലെയും താഴ്‌വരയിലെയും ജനങ്ങൾക്കിടയിൽ സംഘർഷമുണ്ട്. സാമ്പത്തികപ്രശ്നങ്ങളുണ്ട്. നാഗാലൻഡുമായുള്ള തർക്കമുണ്ട്. ഇതിനൊക്കെ പരിഹാരംകാണാൻ എന്റെ വിജയം സഹായിക്കില്ലെന്ന് അവർ കരുതിക്കാണും. ഇന്നത്തെ സാഹചര്യത്തിൽ  ഇന്ത്യയിൽ മഹാത്മാഗാന്ധി നേരിട്ടു തിരഞ്ഞെടുപ്പിൽ നിന്നാലും തോറ്റുപോകും. അതിനർഥം അവർ ഗാന്ധിജിയെ നിരാകരിക്കുന്നു എന്നല്ല. അതാണ് തിരഞ്ഞെടുപ്പു രാഷ്ട്രീയം.

സംസ്ഥാനത്ത് ഒരു ശക്തിയേയല്ലാത്ത ബി.ജെ.പി. ഈ തിരഞ്ഞെടുപ്പിലുണ്ടാക്കിയ മുന്നേറ്റത്തെക്കുറിച്ച് എന്തുപറയുന്നു. പുതിയ സർക്കാരുണ്ടാക്കാനുള്ള നീക്കത്തെ എങ്ങനെ കാണുന്നു 

ബി.ജെ.പി.യെ കോൺഗ്രസിൽനിന്ന് വ്യത്യസ്തമായ പാർട്ടിയായി കാണുന്നില്ല. പണക്കൊഴുപ്പും പേശീബലവും ഉപയോഗിച്ചാണ് ഇരുപാർട്ടികളും തിരഞ്ഞെടുപ്പിനെ നേരിടുന്നത്. പതിനാറുവർഷത്തെ നിരാഹാരം അവസാനിപ്പിച്ച് തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിലിറങ്ങിയ എനിക്കിത് നേരിട്ടറിയാം.

രാഷ്ട്രീയത്തിലെ കൂട്ടുകെട്ടുശക്തികൾ എങ്ങനെയാണ്  വോട്ടുനേടുന്നതെന്ന് ഞാൻ കണ്ടതാണ്. ശരിയല്ലാത്ത ഒരു മാർഗത്തിലൂടെയും ഞങ്ങൾ വോട്ടുതേടിയിട്ടില്ല. പുതിയ സർക്കാരുണ്ടാക്കാനുള്ള ചരടുവലികളെപ്പറ്റി ഒന്നും പറയാനാഗ്രഹിക്കുന്നില്ല.

തിരിഞ്ഞുനോക്കുമ്പോൾ പതിനാറുവർഷത്തെ നിരാഹാരസമരം വ്യർഥമായതായി തോന്നുന്നോ

ഒരിക്കലുമില്ല. അനീതിയോട് പൊരുത്തപ്പെടുകയെന്നത് എന്റെ ജീവിതത്തില്ലില്ലാത്ത കാര്യമാണ്. ഞാൻ ജീവിച്ചിരിക്കുന്ന കാലത്തോളം അതു തുടരുകതന്നെ ചെയ്യും. സമരം തുടരുമ്പോൾ ഭരണകക്ഷി പറയാറുണ്ട്. സമരം നിർത്തൂ. നമുക്ക് ഒരുമിച്ച് ‘അഫ്‌സ്പ’(ആംഡ് ഫോഴ്‌സസ് സ്പെഷ്യൽ പവേഴ്‌സ് ആക്ട്)യെ നേരിടാമെന്ന്. അത് രാഷ്ട്രീയക്കാരന്റെ സ്വാർഥതാത്‌പര്യത്തിന്റെ ഭാഗമാണെന്നറിയാമായിരുന്നതിനാൽ ഞാനൊരിക്കലും ആ ചതിക്കുഴിയിൽ വീണിട്ടില്ല.

സുപ്രീംകോടതി പറഞ്ഞല്ലോ സുരക്ഷാസൈനികരുൾപ്പെടെ ആർക്കും ക്രിമിനൽ നിയമത്തിന്റെ കാര്യത്തിൽ പ്രത്യേക പരിരക്ഷയില്ലെന്ന്. എന്നിട്ടും ഈ പൈശാചിക നിയമം തുടരുകയാണ്. ഭരണത്തിലുള്ളപ്പോൾ നിയമം റദ്ദാക്കാൻ ഒന്നുംചെയ്യാത്ത മുൻ ആഭ്യന്തരമന്ത്രി പി. ചിദംബരം ഇപ്പോൾ നിയമം റദ്ദാക്കണമെന്ന് പറയുന്നു. രാഷ്ട്രീയക്കാരന്റെ, എന്നും ‘മറ്റുള്ളവരെ കുറ്റപ്പെടുത്തുന്ന’ സ്വഭാവത്തിന്റെ ദൃഷ്ടാന്തമാണിത്. മണിപ്പുരിൽ എന്റെ കണക്കിൽത്തന്നെ 528 പേരെ ഏറ്റുമുട്ടൽ കൊലയെന്നപേരിൽ സുരക്ഷാസൈന്യം കൊലപ്പെടുത്തിയിട്ടുണ്ട്. യഥാർഥ മരണസംഖ്യ ഇതിലും എത്രയോ കൂടുതലാണ്. ദിനംപ്രതി എത്രയോപേരുടെ അസ്ഥികൂടങ്ങൾ കണ്ടെത്തുന്നു.

ഡെസ്മണ്ട് കുടിനോയുമായുള്ള ബന്ധം ഇറോം ശർമിളയുടെ ജനപിന്തുണ നഷ്ടപ്പെടുത്തിയോ. അമ്മയും സഹോദരങ്ങളും ഈ ബന്ധത്തിനെതിരാണെന്നു കേൾക്കുന്നു. അടുത്തുതന്നെ വിവാഹം നടക്കുമോ

അതൊന്നും ശരിയല്ല. അമ്മയ്ക്കും മറ്റും ഈ ബന്ധം ഇഷ്ടമാണ്. തത്‌കാലം ഞാൻ ഒന്നിനെക്കുറിച്ചും ആലോചിക്കുന്നില്ല. ഒരു മാസം ഇവിടെ ആത്മശാന്തിതേടി, ആത്മപരിശോധന നടത്തി കഴിയും. അടുത്ത പരിപാടിയെക്കുറിച്ച് ഇപ്പോൾ ഒന്നും പറയാനില്ല. വിവാഹമെല്ലാം തികച്ചും വ്യക്തിപരമായ കാര്യമാണ്. അതിനെക്കുറിച്ചും ഒന്നും പറയാനില്ല.