Image: Mathrubhumi

ന്യാ മേനോന്‍, ഇന്ത്യയിലെ ആദ്യത്തെ സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേറ്റര്‍. ബിസിനസ് ഡെവലപ്‌മെന്റ് മാനേജരില്‍നിന്നാണ് മുഴുവന്‍ സമയ സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേറ്ററിലേക്ക് ചുവടുമാറുന്നത്. അയ്യന്തോളിലെ അവാന്‍സോ സൈബര്‍ സെക്യൂരിറ്റി സൊല്യൂഷന്‍സ് എന്ന സ്ഥാപനത്തിലെ ജോലിത്തിരക്കുകള്‍ക്കൊപ്പം നൃത്തത്തെയും ചേര്‍ത്തുപിടിച്ചിരിക്കുകയാണ് ധന്യാമേനോന്‍

'ഒരിക്കല്‍ ഞാന്‍ അറിയപ്പെടുക നിന്റെ മുത്തച്ഛനാണെന്നാണ്', സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായിരുന്ന മുത്തച്ഛന്‍ പി.ബി. മേനോന്റെ ഈ വാക്കുകളാണ് ഇന്ത്യയിലെ ആദ്യത്തെ സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേറ്ററായി പാട്ടത്തില്‍ ധന്യ മേനോനെ വളര്‍ത്തിയത്. കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം ഏര്‍പ്പെടുത്തിയ 'പ്രഥമവനിതാ' പുരസ്‌കാരം രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍നിന്ന് ഏറ്റുവാങ്ങുമ്പോള്‍ തന്റെ നേട്ടം കാണാന്‍ മുത്തച്ഛനില്ലല്ലോയെന്ന സങ്കടമായിരുന്നു. 2003ല്‍ മുത്തച്ഛന്റെ നിര്‍ബന്ധത്തിന് വഴങ്ങി സൈബര്‍ ലോ പഠിച്ച ഇവര്‍ കുറ്റാന്വേഷണരംഗത്തെത്തിയിട്ട് 15 വര്‍ഷങ്ങള്‍.

ബിസിനസ് ഡെവലപ്‌മെന്റ് മാനേജരില്‍നിന്ന് മുഴുവന്‍സമയ സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേറ്ററിലേക്ക് ചുവടുമാറ്റുമ്പോള്‍ മുത്തച്ഛന്റെ അനുഗ്രഹം സത്യമായതിന്റെ സന്തോഷത്തിലാണീ സൈബര്‍ കുറ്റാന്വേഷക. അയ്യന്തോളിലെ അവാന്‍സോ സൈബര്‍ സെക്യൂരിറ്റി സൊല്യൂഷന്‍സ് എന്ന സ്ഥാപനത്തിലെ ജോലിത്തിരക്കുകള്‍ക്കൊപ്പം പാഷനായ നൃത്തത്തെയും ചേര്‍ത്തുപിടിച്ചിരിക്കുകയാണ് ധന്യ മേനോന്‍.

നടന്നുകയറിയത് സ്വപ്‌നത്തിലേക്ക്

കുറ്റാന്വേഷണമേഖലയെക്കുറിച്ച് നേരത്തെ അറിവുകളൊന്നുമുണ്ടായിരുന്നില്ല ധന്യ മേനോന്. തന്നിലെ കുറ്റാന്വേഷകയെ കണ്ടെത്തിയതിന്റെ െക്രഡിറ്റ് ധന്യ നല്‍കുന്നത് മുത്തച്ഛനാണ്. തന്നില്‍ അദ്ദേഹമര്‍പ്പിച്ച വിശ്വാസമാണ് സ്വപ്‌നംകണ്ട പ്രൊഫഷനിലേക്ക് വഴിയൊരുക്കിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊച്ചിയില്‍ നടന്ന സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേഷനെക്കുറിച്ചുള്ള സെമിനാര്‍ കുറ്റാന്വേഷണജീവിതത്തിലേക്ക് കടക്കാന്‍ പ്രേരണയായി.

സെമിനാറില്‍നിന്ന് ലഭിച്ച വിവരങ്ങള്‍ മുത്തച്ഛനുമായി സംസാരിച്ചു. അന്ന് സൈബര്‍ ലോ കോഴ്‌സിന് നിര്‍ബന്ധിപ്പിച്ച് ചേര്‍ക്കുമ്പോള്‍ മുത്തച്ഛന് വയസ്സ് 86. അങ്ങനെ പുണെ ഏഷ്യന്‍ സ്‌കൂള്‍ ഓഫ് സൈബര്‍ ലോയില്‍നിന്ന് ഡിപ്ലോമയെടുത്തു. ഐ.സി.എഫ്.എ.ഐ. യില്‍നിന്ന് സൈബര്‍ ലോയില്‍ പി.ജി. ഡിപ്ലോമ. പിന്നീട് ഏഷ്യന്‍ സ്‌കൂളില്‍തന്നെ വിസിറ്റിങ് ലക്ചററായി. കനേഡിയന്‍ സര്‍വകലാശാലയില്‍നിന്ന് ബി.ടെക് എടുത്തു.

'അവാന്‍സോ' നല്‍കുന്ന സേവനങ്ങള്‍

കോര്‍പ്പറേറ്റുകള്‍ക്ക് സൈബര്‍ സെക്യൂരിറ്റി ഉപദേശം നല്‍കുന്നുണ്ട് ധന്യ മേനോന്റെ അവാന്‍സോ എന്ന സ്ഥാപനം. ക്രിമിനല്‍ സ്വഭാവമുള്ള പരാതികളാണ് സ്വീകരിക്കുന്നത്. ഇത്തരം കേസുകളില്‍ പരാതികളുമായെത്തുന്നവര്‍ക്ക് നിയമോപദേശം നല്‍കും. എന്തൊക്കെ തെളിവുകള്‍ കണ്ടെത്തണം, പരാതി എങ്ങനെ മുമ്പോട്ട് കൊണ്ടുപോവണമെന്നത് സംബന്ധിച്ച് വിദഗ്‌ധോപദേശം നല്‍കും. സൈബര്‍ ലീഗല്‍ ഓഡിറ്റ് (ഐ.ടി. നിയമം), ഐ.എസ്. ഓഡിറ്റ് എന്നിവ കോര്‍പ്പറേറ്റുകള്‍ക്കും ഗവ. സ്ഥാപനങ്ങള്‍ക്കും ടെക്‌നോ ലീഗല്‍ ഉപദേശങ്ങളും സ്ഥാപനത്തിലൂടെ നല്‍കുന്നു. സെക്യൂരിറ്റി ഓഡിറ്റ് നടത്തി ഐ.എസ്.ഒ. സര്‍ട്ടിഫിക്കറ്റിന് ശുപാര്‍ശ ചെയ്യുന്നതും ചുമതലയാണ്.

ഒരുപാട് കേസുകള്‍ തെളിയിക്കാന്‍ സര്‍ക്കാരിന്റെ സൈബര്‍ കുറ്റാന്വേഷണസംഘവുമായി സഹകരിച്ചിട്ടുണ്ട്. രാജ്യത്തെ സൈബര്‍ കുറ്റകൃത്യങ്ങള്‍ കണ്ടെത്താനും കുറയ്ക്കാനും 400 സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നു. കോര്‍പ്പറേറ്റ് കമ്പനികളുടെ ഔദ്യോഗികരേഖകള്‍ സുരക്ഷിതമായി സൂക്ഷിക്കാനുള്ള നടപടികളും സ്വീകരിക്കും. ഐ.ടി. കമ്പനികളുടെ നിരവധി കേസുകളാണ് ധന്യ മേനോന്‍ കൈകാര്യം ചെയ്തിട്ടുള്ളത്. 8129771111 എന്ന ഹെല്‍പ് ലൈന്‍ നമ്പറില്‍ വിളിച്ചാല്‍ സൈബര്‍ നിയമോപദേശവും ബോധവത്കരണവും നല്‍കും.

സൈബര്‍ അവയര്‍നെസ് പ്രോജക്ടിന് പിറകേ

കഴിഞ്ഞ രണ്ടുവര്‍ഷമായി സിലബസില്‍ സൈബര്‍ അവയര്‍നെസ് കോഴ്‌സ് ഉള്‍പ്പെടുത്തണമെന്ന നിരന്തര ആവശ്യം ഉന്നയിക്കുന്നുണ്ടെന്ന് ധന്യ മേനോന്‍ പറഞ്ഞു. എന്നാല്‍ പലരും വിഷയം ഗൗരവത്തിലെടുക്കുന്നില്ല എന്നതാണ് വാസ്തവം. എന്തെങ്കിലും സംഭവങ്ങളുണ്ടാവുമ്പോള്‍ കുട്ടികളെയാണ് ഏറ്റവുമധികം ബാധിക്കുക. സൈബര്‍ അവയര്‍നെസ് പ്രൊജക്ട് എന്നാണ് പദ്ധതിക്ക് പേര് നല്‍കിയിട്ടുള്ളത്.

ഇന്റര്‍നെറ്റിന്റെ ഗുണങ്ങളും ദോഷങ്ങളും മനസ്സിലാക്കി ഗുണകരമായ രീതിയില്‍ ഉപയോഗിക്കാനുള്ള തിരിച്ചറിവ് നല്‍കുകയാണ് ലക്ഷ്യം. നാലാം ക്ലാസ് മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്കാണ് പദ്ധതിയിലൂടെ ബോധവത്കരണം നല്‍കുന്നത്. കംപ്യൂട്ടര്‍ ടീച്ചര്‍, സ്‌കൂളിലെ കൗണ്‍സിലറടക്കം നാല് അധ്യാപകര്‍, തിരഞ്ഞെടുത്ത കുട്ടികള്‍ എന്നിവര്‍ക്ക് ആഴ്ചയില്‍ പരിശീലനം നല്‍കും. പരിശീലനം നേടിയ വിദ്യാര്‍ഥികളാണ് ക്ലാസെടുക്കുക. കുട്ടികള്‍ക്കിടയിലെ പ്രശ്‌നങ്ങളെക്കുറിച്ച് മറ്റാരേക്കാളും ബോധവാന്മാര്‍ കുട്ടികള്‍ തന്നെയാണ്. കുട്ടികളെ പറഞ്ഞുമനസ്സിലാക്കുന്നതിനൊപ്പം മാതാപിതാക്കളെ ബോധ്യപ്പെടുത്താനും കുട്ടികള്‍ക്ക് സാധിക്കും.

മാസംതോറും മുന്നൂറോളം പരാതികളാണ് സ്‌കൂളുകളില്‍ നിന്ന് ധന്യമേനോന് ലഭിക്കുന്നത്. ഫെയ്‌സ്ബുക്ക്, വാട്‌സ് ആപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങള്‍ വഴിയുള്ള ചൂഷണങ്ങളാണേറെയും.  കഴിഞ്ഞ നാലുവര്‍ഷത്തെ കണക്കെടുത്താല്‍ ഇന്റര്‍നെറ്റ് ചൂഷണങ്ങള്‍ക്കിരയായി കേരളത്തില്‍ ആത്മഹത്യ ചെയ്തത് പതിനെട്ടോളം ആണ്‍കുട്ടികളാണ്.

എല്ലാവരും 18 വയസ്സിന് താഴെയുള്ളവര്‍. പല അപകടമരണങ്ങളുടെയും ആത്മഹത്യകളുടെയും പിന്നാമ്പുറക്കഥകള്‍ ചികയുമ്പോഴാണ് പലതിന്റെയും പിറകില്‍ ഇന്റര്‍നെറ്റാണെന്ന് അറിയുന്നത്. അവരില്‍ പലരും ലൈംഗികചൂഷണങ്ങളുടെ ഇരകളാണ്. പോലീസ് സ്‌റ്റേഷനുകളില്‍പോലും പരിമിതമായ കേസുകളേ എത്തുന്നുള്ളൂ. പലരും പരാതികളില്‍നിന്ന് പിന്‍വാങ്ങുന്ന കാഴ്ചയാണ്.

ബോധവത്കരണം വേണ്ടത് മാതാപിതാക്കള്‍ക്ക്

ബോധവത്കരണം ആദ്യം നല്‍കേണ്ടത് മാതാപിതാക്കള്‍ക്കാണെന്ന് ധന്യ മേനോന്‍ പറഞ്ഞു. കുട്ടികളെ ഒതുക്കിയിരുത്താന്‍ മൊബൈലുകള്‍ കളിക്കാന്‍ നല്‍കുന്ന മാതാപിതാക്കള്‍ ഇല്ലാതാക്കുന്നത് അവരുടെ ബാല്യത്തെയാണ്. അപകടത്തിലേക്കാണ് മൊബൈല്‍ കൊടുത്തുവിടുന്നതെന്ന സത്യം മാതാപിതാക്കള്‍ തിരിച്ചറിയാന്‍ വൈകുന്നു.

പല മാതാപിതാക്കളും കുട്ടികള്‍ക്ക് സമ്മാനമായി നല്‍കുന്നത് മൊബൈലും ടാബ്‌ലറ്റുമെല്ലാമാണ്. ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ നല്ലവണ്ണം അതിന്റെ വരുംവരായ്കകളെക്കുറിച്ച് പഠിച്ച് ഉപയോഗിക്കണമെന്നാണ് ധന്യ മേനോന്‍ പറയുന്നത്. ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ ഇടവേളകള്‍ എടുക്കേണ്ടത് അത്യാവശ്യമാണ്.

പഠനാവശ്യത്തിനാണ് ഉപയോഗിക്കുന്നതെങ്കിലും 15 മിനിറ്റില്‍ കൂടുതല്‍ ഉപയോഗിക്കരുതെന്നാണ് പറയാനുള്ളത്.  പ്രശ്‌നങ്ങളില്‍ ചെന്നുചാടിയാല്‍ മാതാപിതാക്കളോട് തുറന്നുപറയാനുള്ള ധൈര്യം പലര്‍ക്കുമില്ല. കുടുംബബന്ധം അശക്തമാവുന്നതിന്റെ തെളിവുകളാണിത്.

പലപ്പോഴും കുട്ടികള്‍ക്കെതിരേയുള്ള തെളിവുകള്‍ നല്‍കിയിട്ടും മാതാപിതാക്കള്‍ വിശ്വസിക്കാന്‍ തയ്യാറാവാത്ത അവസ്ഥയുണ്ട്. ഇതിനുപുറമെ ഫെയ്‌സ്ബുക്കില്‍ വിദേശ അക്കൗണ്ടുകളില്‍നിന്നെത്തുന്നവര്‍ പരിചയപ്പെട്ട് പണം തട്ടിയെടുക്കുന്ന പരാതികള്‍ നിരവധി എത്തുന്നു. തട്ടിപ്പിന് ഇരയാവുന്നവരില്‍ ഏറെയും ഉയര്‍ന്ന വിദ്യാഭ്യാസ പശ്ചാത്തലമുള്ളവരാണ്.

പാഷനാണ് നൃത്തം 

സൈബര്‍ കുറ്റാന്വേഷണരംഗത്തെ സമ്മര്‍ദ്ദങ്ങളെല്ലാം ഇല്ലാതാക്കാനുള്ള ഒറ്റമൂലി ധന്യ മേനോന്റെ കൈവശമുണ്ട്.  മൂന്നുവയസ്സ് തൊട്ട് തുടങ്ങിയ നൃത്തോപാസനയാണത്.

മോഹിനിയാട്ടവും കുച്ചിപ്പുഡിയുമാണ് അഭ്യസിച്ചിട്ടുള്ളത്. നൃത്തമായാലും കുറ്റാന്വേഷണമായാലും താനിപ്പോഴും പഠിച്ചുകൊണ്ടേയിരിക്കുകയാണെന്ന് അവര്‍ പറയുന്നു.

സഹോദരി ദീപ പാട്ടത്തിലിനൊപ്പം സാലഭഞ്ജിക സ്റ്റുഡിയോ ഫോര്‍ ആര്‍ട്‌സ് ആന്‍ഡ് പെര്‍ഫോമന്‍സ് നൃത്തവിദ്യാലയം നടത്തുന്നുണ്ട്. അവാന്‍സോ സ്ഥാപനത്തിനോട് ചേര്‍ന്നുതന്നെയാണിതും.

ദീപയോടൊപ്പം  ഒരുപാട് നൃത്തവേദികള്‍ പങ്കിട്ടു. ദീപ മേനോന്റെ മകള്‍ നന്ദിതയും നൃത്തരംഗത്തുണ്ട്. മറ്റൊരിഷ്ടം വായനയാണ്.കുഞ്ഞിലേമുതല്‍ ആത്മകഥകളും നോവലും പ്രബന്ധങ്ങളും എന്തുമാവട്ടെ പുസ്തകം കൈയില്‍ കിട്ടിയാല്‍ ആര്‍ത്തിയോടെ വായിച്ചു തീര്‍ക്കുമെന്ന് ധന്യ മേനോന്‍ പറഞ്ഞു. എറണാകുളം രവിപുരം മാണിക്കത്ത് വേണുഗോപാലിന്റെയും തൃശ്ശൂര്‍ അന്നകര പാട്ടത്തില്‍ ലക്ഷ്മിയുടെയും മകളാണ്. മകന്‍ പ്രണവ് മേനോന്‍ കാക്കശ്ശേരി വിദ്യാവിഹാര്‍ സെന്‍ട്രല്‍ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്. അന്നകരയിലാണ് താമസം.