?അതിരപ്പള്ളി പദ്ധതിക്കുവേണ്ടി സർക്കാർ വീണ്ടും കാര്യമായി രംഗത്തിറങ്ങിയിരിക്കുകയാണല്ലോ. എന്താണ് അതേക്കുറിച്ച് തോന്നുന്നത്
നമ്മുടെ വിഷമങ്ങൾ മനസ്സിലാക്കാൻ കഴിവില്ലാത്തവരാണ് മന്ത്രിമാർ എന്നാണ് തോന്നുന്നത്. ഈ പദ്ധതി നടപ്പാക്കണമെന്ന് എന്തിനാണ് ഇത്ര വാശിയെന്നു മനസ്സിലാവുന്നില്ല. ഞങ്ങളുടെ ചോദ്യങ്ങൾക്കൊന്നും വ്യക്തമായ മറുപടിയില്ല. പദ്ധതി നടപ്പാക്കണം, നിങ്ങൾക്കുവേറെ ഭൂമി തരാം എന്നുമാത്രമാണ് അവർ പറഞ്ഞുകൊണ്ടിരിക്കുന്നത്. ഞങ്ങൾ എങ്ങോട്ടുപോകാനാണ്? അതിന് ശരിയായ മറുപടിയില്ല. പദ്ധതി നടപ്പാക്കുന്നതിലൂടെ കാടിനും ഞങ്ങൾക്കും പുഴയ്ക്കും കാലാവസ്ഥയ്ക്കുമൊക്കെയുണ്ടാകുന്ന നഷ്ടത്തെക്കുറിച്ച് ഒന്നും മിണ്ടുന്നില്ല.

?പദ്ധതികൾക്കായി വീണ്ടും വീണ്ടും കുടിയൊഴിപ്പിക്കപ്പെടുന്നതാണ് ആദിവാസികളുടെ അനുഭവം. അത് എത്രത്തോളം നിങ്ങളെ ബാധിച്ചിട്ടുണ്ട്
ഞങ്ങൾക്ക് ഇനിയും ഓടാൻ വയ്യ. വംശനാശഭീഷണിയിലാണ് കാടർസമൂഹം. അച്ഛനോടും മറ്റും ചോദിച്ചാണ് പഴയ കാര്യങ്ങൾ ഞാൻ മനസ്സിലാക്കിയത്. വികസനം വരുന്നുവെന്നു കേൾക്കുമ്പോൾ ഞങ്ങൾക്ക് പേടിയാകുന്നു. ഓരോ വികസനത്തിനും താമസിച്ചിരുന്നിടങ്ങളിൽനിന്ന് ഓടിപ്പോകേണ്ടിവന്നവരാണ് ഞങ്ങൾ. സ്വാതന്ത്ര്യം കിട്ടുംമുമ്പേ തുടങ്ങിയതാണ് ഈ ഓട്ടം. അച്ഛൻ കരുമ്പച്ചൻ പറമ്പിക്കുളംകാരനാണ്. ട്രാം വേ വന്നപ്പോൾ മുതിരച്ചാൽ, കാരാന്തോട് ഭാഗത്തേക്കു പോരേണ്ടിവന്നു. പിന്നെ ഞങ്ങൾ താമസിച്ച ഓരോ സ്ഥലവും ഡാമുകളുടെ പേരുമായി ബന്ധപ്പെട്ടിരിക്കുന്നു. പെരിങ്ങൽകുത്ത് മുതൽ അതിരപ്പള്ളിവരെ. മുക്കം പുഴയിൽ താമസിക്കുമ്പോൾ വനം, കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥർ  കുടിലുകളും കൃഷിയുമൊക്കെ നശിപ്പിച്ചാണ് ഞങ്ങളെ ഓടിച്ചത്. 

?ചൂഷണം നടക്കുമ്പോൾ പ്രതിരോധിക്കാൻ ശ്രമിക്കാതെ പതുങ്ങിയൊതുങ്ങി പിന്മാറി നിൽക്കുന്ന സ്വഭാവമാണ് ആദിവാസികൾ പൊതുവേ കാണിച്ചിട്ടുള്ളത്. അന്യായങ്ങൾക്കെതിരെ പൊരുതാനുള്ള നിശ്ചയദാർഢ്യം എങ്ങനെയുണ്ടായി
ആദ്യമൊക്കെ എനിക്കും വലിയ പേടിയായിരുന്നു. എസ്.എസ്.എൽ.സി.ക്കു പഠിക്കുന്ന സമയത്താണ് ഇക്കാര്യങ്ങളിലൊക്കെ ധാരണയുണ്ടാവുന്നത്. വലിയ ചൂഷണത്തിന്റെയും പീഡനങ്ങളുടെയും അനുഭവങ്ങളാണ് അച്ഛൻ പറഞ്ഞുതന്നത്. വനവിഭവങ്ങൾ ശേഖരിച്ച് മാറ്റക്കട വഴി നൽകുന്ന രീതിയുണ്ടായിരുന്നു. പകരംകിട്ടുന്നത് രണ്ട് ഇടങ്ങഴി അരിയും നാലണയുമൊക്കെയായിരുന്നു. അത്തരം വിഷമഘട്ടത്തിൽ നമുക്കുവേണ്ടി സംസാരിക്കാനോ നമ്മുടെ ഭാഗം ചിന്തിക്കാനോ ഒന്നും ആരുമില്ലായിരുന്നു.

തലമുറകളായി അനുഭവിക്കുന്നുണ്ട് ഇത്തരം ചൂഷണങ്ങൾ. ഇതിനെതിരെയൊക്കെ പ്രതികരിക്കാൻ ധൈര്യം നൽകിയത് ലതച്ചേച്ചിയാണ് (റിവർ റിസർച്ച് സെന്റർ ഡയറക്ടറും ഗവേഷകയും അതിരപ്പള്ളി പദ്ധതിക്കെതിരായ സമരത്തിലെ മുന്നണിപ്പോരാളിയുമായ ഡോ.എ. ലത). ഹൈക്കോടതിയിൽ കേസ് നൽകാമോ എന്ന് അവർ ചോദിച്ചു. അച്ഛന്റെ അനുവാദത്തോടെ ഞാൻ കേസ് നൽകി. പദ്ധതി നടപ്പാക്കരുതെന്ന് വിധി വന്നു. പിന്നെയും പദ്ധതി നടപ്പാക്കാൻ ശ്രമങ്ങളുണ്ടായപ്പോൾ വീണ്ടും കോടതിയെ സമീപിച്ചു. അങ്ങനെയൊരച്ഛന്റെ മകളായി പിറന്നതിൽ അഭിമാനമുണ്ട്. കാടർ വിഭാഗത്തിന്റെ വിഷമങ്ങൾ തുറന്നുപറയാൻ പഠിപ്പിച്ചില്ലേ, അതിൽ വലിയ സന്തോഷമുണ്ട്.

?ഇപ്പോൾ ആ കേസിന്റെ അവസ്ഥയെന്താണ്
മൂന്നാമത്തെ കേസാണിപ്പോൾ ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. വനാവകാശനിയമത്തിന്റെ അടിസ്ഥാനത്തിൽ ഊരുകൂട്ടം കൂടി പ്രമേയം പാസ്സാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ഈ കേസ്. അതിരപ്പള്ളി പദ്ധതി വന്നാൽ കാടർ സമൂഹത്തിന്റെ ഉറവിടംതന്നെയാണ് ഇല്ലാതാവുന്നത്. 

?അതിരപ്പള്ളി പദ്ധതി കാടിനെ എപ്രകാരം ബാധിക്കുമെന്നാണ് കരുതുന്നത്
കാടിനെ മാത്രമല്ല, നാടിനെയും ഈ പദ്ധതി ദോഷകരമായി ബാധിക്കും. ചാലക്കുടിപ്പുഴയിലെ നീരൊഴുക്ക് നിലയ്ക്കും. പുഴ വറ്റിവരളും. എറണാകുളം വരെയുള്ള പ്രദേശങ്ങളിൽ ഇതിന്റെ ആഘാതം അനുഭവപ്പെടാൻ പത്തുകൊല്ലം പോലും വേണ്ടിവരില്ല. എല്ലായിടവും വരളും. പദ്ധതിപ്രദേശത്തിനടുത്തുള്ള ആദിവാസികളായ കാടർ വിഭാഗം ഇല്ലാതാവും. 

?വൈദ്യുതിയുടെ പേരുപറഞ്ഞാണല്ലോ പദ്ധതി നടപ്പാക്കാൻ ശ്രമിക്കുന്നത്. വാസ്തവത്തിൽ വൈദ്യുതിയുണ്ടാക്കൽ തന്നെയാണോ, മറ്റെന്തെങ്കിലും ഗൂഢലക്ഷ്യങ്ങളുണ്ടോ
വൈദ്യുതിക്കുവേണ്ടിയാണെങ്കിൽ, ഇങ്ങനെയൊരു പദ്ധതി നടപ്പാക്കേണ്ടത് അത്യാവശ്യമല്ല. ഒരുവിഭാഗത്തെ നശിപ്പിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. അതിനെ തടുക്കാൻ പാവപ്പെട്ട ജനങ്ങൾ ശ്രമിക്കുന്നു. എത്രമാത്രം ധൂർത്താണ് വൈദ്യുതിയുടെ പേരിൽ നടക്കുന്നത്. ഫ്ലാറ്റുകൾക്കുമുമ്പിലും വലിയ കടകൾക്കുമുമ്പിലും ആഘോഷങ്ങളുടെ പേരിലുമൊക്കെ അലങ്കാരങ്ങൾക്കുവേണ്ടി ധൂർത്തടിക്കുന്ന വൈദ്യുതിയുണ്ടെങ്കിൽത്തന്നെ എത്രയോ വീടുകൾക്ക് ഉപകാരപ്പെടുമല്ലോ.

?പദ്ധതിക്ക് എതിർപ്പൊഴിവാക്കാനും മറ്റും കെ.എസ്.ഇ.ബി. കുറേ ശ്രമിച്ചിരുന്നല്ലോ.  ജനാഭിപ്രായമറിയാൻ പ്രാദേശികമായി തെളിവെടുപ്പും നടത്തി. എന്താണ് അവർ മുന്നോട്ടുവെക്കുന്ന കാര്യങ്ങൾ
വിചിത്രമാണ് അധികൃതരുടെ വാദങ്ങൾ. പെരിങ്ങൽകുത്തിലെ കെ.എസ്.ഇ.ബി. ക്വാർട്ടേഴ്‌സുകൾ ഒഴിഞ്ഞുകിടക്കുന്നുണ്ടെന്നും അവിടെ ആദിവാസികളെ പാർപ്പിക്കാമെന്നുമാണ് അതിരപ്പള്ളി പദ്ധതി നടപ്പാക്കണമെന്നു വാദിക്കുന്ന ഒരുദ്യോഗസ്ഥൻ പറഞ്ഞത്. അത് പ്രധാനപ്പെട്ട കാടൊന്നുമല്ല, അവിടെ പുലിയില്ല, ആദിവാസികളായ കാടരെ മാറ്റിപ്പാർപ്പിക്കാം, കുരങ്ങന്മാർക്ക് മരമുണ്ട്, ശലഭങ്ങൾക്ക് ഇടമുണ്ട് എന്നൊക്കെയാണ് വാദങ്ങൾ. കാടിന്റെയും ജീവിവർഗങ്ങളുടെയും പാരിസ്ഥിതികപ്രാധാന്യം സമഗ്രമായി കാണാൻ കഴിയാത്ത മട്ടിലുള്ള വർത്തമാനങ്ങളാണ് ഇതൊക്കെ.

?പദ്ധതിക്കെതിരായ സമരത്തെ പരസ്യമായി പിന്തുണയ്ക്കുന്നവരാണ് രാഷ്ട്രീയപ്പാർട്ടികളിലേറെയും. അധികാരത്തിലില്ലാതിരിക്കുമ്പോൾ സമരത്തോടൊപ്പം നിൽക്കുകയും അധികാരം കിട്ടുമ്പോൾ പദ്ധതി നടപ്പാക്കാൻ നോക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പുള്ളവരുമുണ്ട്. അതേപ്പറ്റി ആലോചിച്ചിട്ടുണ്ടോ
ഇപ്പോൾ ഞങ്ങളെ സഹായിക്കാൻ വന്നവരെ തള്ളിപ്പറയാൻ പറ്റില്ല. ആദിവാസികളുള്ളതിനാലാണ് കാട് നിലനിൽക്കുന്നതെന്ന ധാരണയുള്ളതിനാൽ ഞങ്ങളെ സഹായിക്കുന്നവരുണ്ട്. 

?അതിരപ്പള്ളി പദ്ധതി വരണമെന്ന് അഭിപ്രായമുള്ളവരുണ്ടോ ആ പ്രദേശത്ത്
ഇല്ല. അവിടെയെല്ലാവരും പദ്ധതിക്കെതിരാണ്. 

?സി.പി.എമ്മിന്റെ നിലപാടോ
അതിരപ്പള്ളി പഞ്ചായത്ത് ഭരിക്കുന്നത് സി.പി.എമ്മാണ്. അവരുമായി ഇക്കാര്യത്തെക്കുറിച്ച് ചർച്ച നടത്തിയിട്ടില്ല. പ്രാദേശികമായി സി.പി.എം. പ്രവർത്തകർ പലരും പദ്ധതിയെ എതിർക്കുന്നുവെന്ന് വ്യക്തമാക്കി വാട്‌സാപ്പ്‌ സന്ദേശങ്ങളയക്കുന്നുണ്ട്. അത് വലിയ സന്തോഷം നൽകുന്നു.

?വനവിഭവങ്ങളാണല്ലോ നിങ്ങളുടെ പ്രധാന ഉപജീവനമാർഗം. വനപാലകരുമായി സംഘർഷങ്ങളുണ്ടോ
ഇല്ല. കാട് കാക്കുന്നതിൽ ഞങ്ങൾ സഹായിക്കുകയാണെന്ന് അവർക്കറിയാം. പരസ്പരം സഹകരിച്ചാണ്  ഞങ്ങളുടെ പ്രവർത്തനം. ഊരുകൂട്ടത്തിന്റെ തീരുമാനങ്ങളനുസരിച്ചാണ് എല്ലാം ചെയ്യുന്നത്. അത് അംഗീകരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. വനവിഭവങ്ങൾ ശേഖരിക്കാനും വിൽപ്പന നടത്താനുമൊക്കെയായി സൊസൈറ്റിയുണ്ട്. തേൻ, തെള്ളി (കുന്തിരിക്കം), കൂവ, കക്കംകായ, ഇഞ്ചി, മഞ്ഞൾ, കാട്ടുമാങ്ങ എന്നിവയൊക്കെയാണ് ശേഖരിക്കുന്നത്. പുഴയിൽനിന്നു മീൻപിടിക്കും.

?കാടിന് കാവൽ ആദിവാസികളാണെന്ന ധാരണ കുറേശ്ശെയാണെങ്കിലും പൊതുജനങ്ങൾക്കിടയിൽ ഉണ്ടായിവരുന്നുണ്ട്. നിങ്ങളുടെ പുതുതലമുറ ഇതിനെ എങ്ങനെയാണ് കാണുന്നത്
വിദ്യാഭ്യാസത്തിനായും തൊഴിലിനായുമൊക്കെ ഊരുകളിൽനിന്ന് പുറത്തേക്കുപോയവരുണ്ട്. ഇപ്പോൾ കുറേ കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം കിട്ടുന്നുണ്ട്. അത്തരത്തിലുള്ളവർക്കെല്ലാം കാടിന് കാവൽ തങ്ങളാണെന്ന ബോധ്യമുണ്ട്. നാട്ടിലേക്കുപോയ ഞങ്ങളുടെ ആളുകളിൽ പലരും പൊരുത്തപ്പെടാനാവാതെയാണ് തിരിച്ചുവന്നത്. വായുവിനുപോലും പണം കൊടുക്കേണ്ട സ്ഥിതിയാണ് നാട്ടിൽ. ഇവിടെ കാടും പുഴയും മീനുമൊക്കെയുള്ളപ്പോൾ, അതിന്റെയൊക്കെ ഭാഗമായി സമാധാനമായി ജീവിക്കാമല്ലോ. കാടിനോട് യോജിച്ച് ജീവിക്കുന്നവർക്ക് പുറംജീവിതവുമായി പൊരുത്തപ്പെടാൻ പ്രയാസമാണ്.  

?പൊതുരംഗത്തെ പ്രവർത്തനം പരിഗണിച്ച് രാഷ്ട്രീയത്തിലിറങ്ങാൻ സമ്മർദമുണ്ടായിട്ടില്ലേ
ഇപ്പോഴത്തെ രാഷ്ട്രീയപ്രവർത്തനരീതിയോട് യോജിക്കാൻ കഴിയില്ല. ഭിന്നിപ്പും വൈരാഗ്യവുമാണ് ഈ കക്ഷികൾ ഉണ്ടാക്കുന്നത്. രാഷ്ട്രീയത്തിലേക്ക് പോയാൽ നമ്മെ തല്ലിക്കെടുത്താനാണ് ശ്രമിക്കുക.