'ആരാ ടേക്ക് ഓഫിലെ ഹീറോ' എന്നു ചോദിച്ചാല്‍ മറുപടി കിട്ടും; പാര്‍വ്വതി. കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും തകര്‍ത്തിട്ടുണ്ട്. പക്ഷേ  സിനിമ പാര്‍വ്വതിയുടെ സ്വന്തം. എന്നിട്ടും ആ ഗൗരവമൊന്നുമില്ല കാഴ്ചയില്‍. എപ്പോഴും ചെറിയൊരു കളിമട്ട്. ഫോട്ടോ ഷൂട്ട് തുടങ്ങുംമുമ്പ് പാര്‍വ്വതി ചോദിച്ചു,' അധികം മേക്കപ്പ് വേണ്ടെന്ന് വെച്ചുകൂടെ?എന്നെ മനസ്സിലാകുന്ന ഒരു ഫോട്ടോ കൊടുക്കുന്നതാണ് എനിക്കിഷ്ടം.'  

മലയാളികള്‍ പാര്‍വ്വതിയ്ക്ക് ഒരു സ്‌പേസ് തരുന്നുണ്ടെന്ന് തോന്നുന്നു. ഉണ്ടോ? എന്തായാലും കേള്‍ക്കാന്‍ സുഖമുണ്ട്. പക്ഷെ അങ്ങനെയൊരു സ്‌പേസ് ഉണ്ടോ? ഞാന്‍ വിശ്വസിക്കുന്നില്ല. ഇതൊരു എളിമകാണിക്കാനുള്ള ശ്രമമല്ല. ഇതുവരെ ചെയ്ത ക്യാരക്ടേഴ്‌സ് ജനം അംഗീകരിച്ചിട്ടുണ്ട്. ശരിതന്നെ. പക്ഷെ ഇത്തരം റോളുകള്‍ എപ്പോഴും കിട്ടണമെന്നില്ലല്ലോ, ഒറ്റ ഫ്‌ലോപ്പ് മതി അവര്‍ തരുന്ന സ്‌പേസ് എടുത്തുകൊണ്ടുപോകാന്‍. അതുകൊണ്ട് എനിക്ക് എന്റേതായ സ്‌പേസ് മതി. 

ആ സ്‌പേസ് കിട്ടുന്നുണ്ടോ? 

ഏറെക്കുറെ. എന്റെ അച്ഛനും അമ്മയും ഒരിക്കലും എന്നെ ക്വസ്റ്റ്യന്‍ ചെയ്തിട്ടില്ല. ഒരു കാര്യത്തിലും. മറ്റുള്ള ആളുകള്‍ ചോദിച്ചിട്ടുണ്ടാകാം. പക്ഷേ അപ്പോഴൊക്കെ എന്റെ പേരന്റ്‌സ് കൂടെ നിന്നിട്ടുണ്ട്. ' പെണ്‍കുട്ടികള്‍ ഇങ്ങനെയാണോ ഇരിക്കേണ്ടത്?' പെണ്‍കുട്ടിയല്ലേ ഇങ്ങനെ പൊട്ടിച്ചിരിക്കാമോ' എന്ന് ചോദിച്ചവരുണ്ട്. ചിലര്‍ ചോദിക്കും 'കുറച്ചൂടെ ഭംഗിയില്‍ ചിരിച്ചൂടെ?' എന്റെ അട്ടഹസിച്ചുള്ള ചിരിയില്‍ ഒരു സ്ത്രീയ്ക്കുള്ള ഭംഗി കിട്ടിയിട്ടുണ്ടാകില്ല. അന്നൊക്കെ കേള്‍ക്കുമ്പോള്‍ ദേഷ്യം വരുമായിരുന്നു. ഇപ്പോള്‍ തമാശയായിട്ടാ തോന്നുന്നത്. അവര്‍ക്ക് തോന്നുന്നത് അവര്‍ പറയും,നമുക്ക് വേണ്ടതുപോലെ നമ്മള്‍ ജീവിക്കും. അത്രയേയുള്ളൂ. 

നടി അക്രമിക്കപ്പെട്ടപ്പോള്‍ അമ്മ സംഘടന പറഞ്ഞത് സ്ത്രീകളെ രാത്രി ജോലിയില്‍ നിന്ന് ഒഴിവാക്കിക്കൊടുക്കണം എന്നാണ്..

അത് അബ്‌സൊല്യൂട്ട് പൊട്ടത്തരമല്ലേ. ഈ സംഭവം നടക്കുന്നതിന് മുമ്പും നമുക്കറിയാമായിരുന്നു ലോകം അത്ര സുരക്ഷിതമല്ലെന്ന്. എപ്പോ വേണമെങ്കിലും ഇങ്ങനെയൊക്കെ സംഭവിക്കാം. നമ്മള്‍ എങ്ങനെ പ്രതികരിക്കും എന്നതിനനുസരിച്ചായിരിക്കും കാര്യങ്ങള്‍. ലീഗലായി അവസാനം വരെ ഫൈറ്റ് ചെയ്ത് കാണിച്ചുകൊടുക്കണം. അല്ലാതെ രാത്രി പുറത്തിറങ്ങി നടക്കണ്ട എന്ന് പറയുന്നത് കണ്ണടച്ച് ഇരുട്ടാക്കലാണ്. 

സ്‌ട്രോങ്ങ് അല്ലാത്ത ക്യാരക്ടേഴ്‌സ് സ്വീകരിക്കില്ല എന്നുണ്ടോ?  ഇല്ല. ഞാന്‍ വിനോദയാത്രയില്‍ ചെയ്തത് രശ്മി എന്ന ക്യാരക്ടറാണ്. ജീവിതം എന്താണെന്നറിയാത്ത ഒരു പക്വതയില്ലാത്ത് പെണ്ണ്. അത്ര സ്‌ട്രോങ്ങല്ലാത്ത, തെറ്റിദ്ധരിപ്പിക്കപ്പെട്ട സ്ത്രീകള്‍. അവരായിട്ട് അഭിനയിക്കണമെന്നുണ്ട് എനിക്ക്. ആ സ്വഭാവം വേണ്ട എന്നുതന്നെയായിരിക്കണം കാണിക്കേണ്ടത്. അല്ലാതെ ദൗര്‍ബല്യങ്ങളെ ഗ്ലോറിഫൈ ചെയ്യരുത്. 

അങ്ങനെ ഗ്ലോറിഫൈ ചെയ്യുന്നുണ്ടല്ലോ? 

ഒഫ്‌കോഴ്‌സ്. എന്നോട് ചിലര്‍ കാഞ്ചനമാല ചേച്ചിയെ പറ്റി വന്നുപറഞ്ഞിട്ടുണ്ട്. 'അങ്ങനെ ഒരു ആണിന് വേണ്ടി കാത്തിരുന്ന പെണ്ണ്. ആതാണ് ശരിക്കും പ്രണയം.' എനിക്ക് തോന്നി അവര്‍ക്ക് പോയിന്റ് മനസ്സിലായിട്ടില്ല. ആണിന് വേണ്ടി പെണ്ണ് കാത്തിരുന്നാലെ പരിശുദ്ധ പ്രണയം ആകൂ എന്നുണ്ടോ? ഞാന്‍ സിനിമയില്‍ കണ്ടത്, പക്ഷേ സ്‌ക്രീനില്‍ കാണിക്കാതെ പോയത് മൊയ്തീന്‍ മരിച്ചുകഴിഞ്ഞിട്ട് കാഞ്ചനമാല എന്തുചെയ്തു എന്നുള്ളതാണ്. മൊയ്തീന്‍ ബാക്കിവെച്ച സേവനപ്രവര്‍ത്തനം ഏറ്റെടുത്ത സ്ത്രീയാണവര്‍.

അല്ലാതെ ആണിന് വേണ്ടി കാത്തിരുന്ന് സ്ത്രീ മാത്രമല്ല. മൊയ്തീന്‍ മരിച്ച ശേഷം ആ സ്ത്രീയെ സ്‌നേഹിക്കാന്‍ ആരെങ്കിലും വന്നിരുന്നെങ്കില്‍ ആ സ്ത്രീ സെലിബ്രേറ്റ് ചെയ്യപ്പെടാന്‍ പാടില്ലെന്നുണ്ടോ? അത് സങ്കടമാണ്. എനിക്കറിയാവുന്ന എത്രയോ ആളുകളുണ്ട്. ഒരു സെക്കന്റ് മാര്യേജിലായിരിക്കും അവര്‍ക്ക് ശരിക്കും സന്തോഷം കിട്ടുന്നത്, അതിനര്‍ത്ഥം അവര്‍ ചീത്ത സ്ത്രീയാണെന്നാണോ? 

നല്ല ഒഴുക്കാണ് പാര്‍വ്വതിയുടെ സംസാരത്തിന്. നല്ല ഉറപ്പും ഷൂട്ടിനുവന്നവരുടെ കൂടെ കളിച്ചുചിരിച്ചു നടന്ന ആ പെണ്‍കുട്ടി എവിടെപ്പോയി? അതും പാര്‍വ്വതി തന്നെ.