actress khushboo‘ചിന്നത്തമ്പി’യിൽ ആടിപ്പാടിയ, ‘അങ്കിൾ ബണ്ണി’ന്റെ നായികയായ നടി മാത്രമായിരുന്നു മുമ്പ്‌ ഖുശ്‌ബു. എന്നാൽ, ഇന്ന്‌ അവർ നടിയെന്നതിലുപരി രാഷ്ട്രീയത്തിന്റെയും ആക്ടിവിസത്തിന്റെയും നാവാണ്‌. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ പ്രതിഷേധിക്കാൻ കോഴിക്കോട്ടെത്തിയ ഖുശ്‌ബുവുമാ
യുള്ള അഭിമുഖം

സിനിമയിലേക്കുള്ള പ്രവേശനം എങ്ങനെയായിരുന്നു?

ഞാനൊരു ബാലനടിയായിരുന്നു. എനിക്ക്‌ സിനിമാപ്രവേശനം ക്ലേശകരമായ കാര്യമായിരുന്നില്ല. നല്ല ഭാഗ്യമുണ്ടായിരുന്നു, എനിക്ക്‌. ഹേമമാലിനിയാണ്‌ എന്നെ സിനിമയ്ക്ക്‌ പരിചയപ്പെടുത്തിയത്‌. കുടുംബസുഹൃത്തുക്കളായിരുന്നു ഞങ്ങൾ. അവർ മേക്കപ്പ്‌ ഇടുന്നതു കണ്ടാണ്‌ ഞാൻ വളർന്നത്‌. അവരുടെ അമ്മയാണ്‌ എന്നെ സിനിമയിലേക്കു തള്ളിവിട്ടത്. ‘ദർദ്‌കാരിസ്ത’ എന്ന സിനിമയിൽ ഞാൻ ബാലനടിയായി അഭിനയിച്ചുകഴിഞ്ഞപ്പോൾ, ബോണി കപൂർ അദ്ദേഹത്തിന്റെ അടുത്തസിനിമയിൽ എന്നെ പ്രധാനറോളിൽ അഭിനയിക്കാൻ വിളിച്ചു.

പിന്നീട്‌ ‘മേരി ജാൻ’ എന്ന സിനിമയിൽ ഞാൻ ജാക്കിഷറോഫിനൊപ്പം അഭിനയിച്ചു. അതിനിടയിലാണ്‌ വെങ്കിടേഷ്‌ എന്നെ കാണുന്നതും ഒരു തെലുങ്കുസിനിമയിലേക്ക്‌ ക്ഷണിക്കുന്നതും. പിന്നീട്‌, ഒരു കന്നഡ ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കവെയാണ്‌ നടൻ പ്രഭു എന്നെ കാണുന്നത്‌. പ്രഭുസാർ, എന്നെ ‘തേവർമകൻ’ എന്ന സിനിമയിലേക്ക്‌ നിർദേശിച്ചു. അതുകൊണ്ടു തന്നെ പേരും ഗുണമേന്മയും നിലനിർത്തുക എന്നുള്ളതായിരുന്നു എക്കാലത്തെയും എന്റെ പ്രശ്നം. ഇതിനുശേഷം ഞാൻ ‘ചിന്നത്തമ്പി’ ചെയ്തു. അതിനിടയിലാണ്‌ മലയാളത്തിൽ ‘അങ്കിൾ ബൺ’ ചെയ്യുന്നത്‌. ഇപ്പോൾ ഞാൻ സിനിമയിൽ സജീവമല്ല. എനിക്ക്‌ എന്റെ കുടുംബമുണ്ട്‌, പിന്നെ രാഷ്ട്രീയത്തിൽ സജീവവുമാണ്‌.

മലയാള സിനിമാരംഗത്തെപ്പറ്റി എന്തുതോന്നുന്നു. അവസരം വന്നാൽ ഇനിയും അഭിനയിക്കുമോ?

മലയാളസിനിമയിൽ ധാരാളം പരീക്ഷണങ്ങൾ നടക്കുന്നുണ്ട്‌; ഇവിടെ പ്രമേയങ്ങൾ വ്യത്യസ്തമാണ്‌. ജനങ്ങൾ അവയെ സ്വീകരിക്കുകയും ചെയ്യും. മറ്റു തെന്നിന്ത്യൻ ഭാഷകളിൽ സിനിമ വളരെയധികം വാണിജ്യവത്‌കരിക്കപ്പെട്ടിരിക്കുന്നു. രഞ്ജിത്തിന്റെ ‘കൈയൊപ്പ്‌’ പോലത്തെ സിനിമയിൽ ഉള്ളതുപോലുള്ള വേഷങ്ങൾ ലഭിച്ചാൽ തുടർന്നും ഞാൻ മലയാളത്തിൽ അഭിനയിക്കും.

രാഷ്ട്രീയവും സിനിമയും ഇടകലർന്നതാണല്ലോ തമിഴ്നാടിന്റെ അവസ്ഥ. ഇത്‌ എന്തുകൊണ്ട്‌ സംഭവിക്കുന്നു

അത്തരം ബന്ധങ്ങൾ തെലുങ്കിലും കന്നഡയിലുമുണ്ട്‌. തമിഴ്‌നാട്ടിൽ ജയലളിതയായാലും എം.ജി.ആർ. ആയാലും കരുണാനിധിയായാലും അവർ സിനിമയ്ക്ക്‌ എന്നപോലെ രാഷ്ട്രീയത്തിനും സമർപ്പിക്കപ്പെട്ടവരാണ്‌. അതിൽ എന്താണ്‌ തെറ്റ്‌? തമിഴ്‌നാട്ടിൽ രണ്ടു പാർട്ടികളെ മാത്രമേ നമ്മൾ ശ്രദ്ധിക്കുന്നുള്ളൂ. അതുകൊണ്ടാണ്‌ സിനിമ-രാഷ്ട്രീയ ബന്ധത്തെപ്പറ്റി നമുക്ക്‌ സംസാരിക്കേണ്ടിവരുന്നത്‌. മറ്റു രാഷ്ട്രീയപ്പാർട്ടികളുമുണ്ട്‌. അതിൽ സിനിമയുടെ അതിപ്രസരമില്ല.

എപ്പോഴാണ്‌ രാഷ്ട്രീയത്തിൽ പ്രവേശിക്കണമെന്നു തോന്നിയത്‌? എന്തായിരുന്നു കാരണം

2007-ലാണ്‌ അത്‌ സംഭവിച്ചത്. അന്ന്‌ സുപ്രീംകോടതിയിൽ എനിക്കൊരു കേസുണ്ടായിരുന്നു. അതു ജയിച്ചാൽ ഞാൻ രാഷ്ട്രീയത്തിൽ പ്രവേശിക്കുമെന്ന്‌ തീരുമാനിച്ചു. ഞാൻ കേസ്‌ ജയിച്ചാൽ അതിന്റെ മേന്മ ഒരു രാഷ്ട്രീയപ്പാർട്ടിയും അവകാശപ്പെടാൻ പാടില്ല എന്നു ഞാൻ തീരുമാനിച്ചു. 2010-ൽ ഞാൻ കേസ്‌ ജയിച്ചു. അങ്ങനെ ഞാൻ രാഷ്ട്രീയയാത്ര ആരംഭിച്ചു.

എങ്ങനെയുണ്ട്‌ രാഷ്ട്രീയരംഗത്തെ അനുഭവം

അങ്ങേയറ്റം അനുകൂലമായിട്ടും ആവേശകരമായിട്ടുമാണ്‌ ഞാനതിനെ കാണുന്നത്‌. കലൈഞ്ജർ കരുണാനിധിയിൽനിന്നാണ്‌ ഞാൻ രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങൾ പഠിക്കുന്നത്‌. ഇപ്പോഴും ഞാൻ അദ്ദേഹത്തെ ബഹുമാനിക്കുന്നു. കുട്ടിക്കാലം മുതലേ ഇന്ദിരാഗാന്ധിയുടെയും രാജീവ്‌ഗാന്ധിയുടെയും ആരാധികയാണ്‌ ഞാൻ. ഇന്ന്‌ നമ്മുടെയെല്ലാം കൈയിൽ മൊബൈൽ ഫോണും മറ്റു ഉപകരണങ്ങളുമുണ്ട്‌. രാജീവ്‌ഗാന്ധി കൊണ്ടുവന്ന വിപ്ളവമല്ലേ ഇതിനെല്ലാം കാരണം.

കേരളത്തിൽ ഒരു നടിക്കു നേരേയുണ്ടായ അതിക്രമത്തിൽ പ്രതിഷേധിക്കാനാണല്ലോ കോഴിക്കോട്ടു വന്നത്‌? സ്ത്രീസുരക്ഷയെപ്പറ്റി എന്തുപറയുന്നു

ക്രമസമാധാനം പാടേ തകർന്നിരിക്കുന്നു. കേരളത്തിൽത്തന്നെ കഴിഞ്ഞ ഒൻപതുമാസത്തിനകം 1,57,000 ക്രിമിനൽ കേസുകൾ ഉണ്ടായിട്ടുണ്ട്‌ എന്നാണ്‌ കണക്കുകൾ സൂചിപ്പിക്കുന്നത്‌. സ്ത്രീകൾക്കെതിരെയുള്ള കുറ്റങ്ങൾ പരിശോധിക്കുകയാണെങ്കിൽ അത്‌ എണ്ണമറ്റതാണ്‌. തനിക്കു നേരേയുണ്ടായ അതിക്രമത്തെപ്പറ്റി തുറന്നുപറയാൻ ശ്രമിച്ച നടിയെ നമ്മൾ അഭിനന്ദിക്കണം. താൻ ചെറുത്തുനിൽക്കും എന്നാണ്‌ ആ നടി പറഞ്ഞത്‌.

മറ്റു സ്ത്രീകൾക്കുവേണ്ടിയുള്ള ഒരു ചാവേറാണ്‌ ആ നടി നടത്തിയത്‌. ഇങ്ങനെ പുറത്തുവരാത്ത എത്രയോ സംഭവങ്ങളുണ്ടാകും. സ്ത്രീകൾ മുന്നോട്ടുവരണം. നിയമസംവിധാനവും ഭരണഘടനാപരമായ കാഴ്ചപ്പാടും മാറണം. കുറ്റമറ്റതും പെട്ടെന്നുള്ളതുമായ വിധിനിർണയങ്ങൾ സാധ്യമാകണം. കുറ്റം ചെയ്യുന്നവർ കാലതാമസമില്ലാതെ ശിക്ഷിക്കപ്പെടും എന്ന ബോധം പൊതുസമൂഹത്തിൽ ഉണ്ടാവണം.

സിനിമയിലേക്കു തന്നെ തിരിച്ചുവരാം. സിനിമകൾ നിരോധിക്കുന്നതിനെപ്പറ്റിയും സെൻസർബോർഡ്‌ അനുമതി നൽകാത്തതിനെപ്പറ്റിയും എന്തുപറയുന്നു

സെൻസർബോർഡിന്‌ സിനിമ നിരോധിക്കാൻ അവകാശമില്ല. സിനിമയ്ക്ക്‌ സർട്ടിഫിക്കറ്റ്‌ നൽകൽ മാത്രമാണ്‌ അവരുടെ ചുമതല. സിനിമ കണ്ടശേഷം  അത്‌ ഏതു വിഭാഗക്കാർ കാണേണ്ടതാണെന്ന്‌ അവർക്ക്‌ തീരുമാനിക്കാം. സെൻസർ ചെയ്യാനും അവർക്ക്‌ അവകാശമില്ല. സെൻസർ ബോർഡിന്റെ പേരിൽ പങ്കജ്‌ നിഹ്‌ലാനി ചെയ്യുന്നത്‌ അക്രമമാണ്‌. അതു സ്വീകാര്യമല്ല. സിനിമ കണ്ടശേഷം ജനം തീരുമാനിക്കട്ടെ അതു കാണണമോ വേണ്ടയോ എന്ന്‌. നിഹ്‌ലാനി പാട്ടെഴുതിയ സിനിമകളെപ്പറ്റിയും അദ്ദേഹം നിർമിച്ച സിനിമകളെപ്പറ്റിയും ജനങ്ങൾക്ക്‌ അദ്ദേഹത്തെ ഓർമിപ്പിക്കേണ്ടിവരും.

വിവാഹപൂർവ സ്ത്രീ-പുരുഷ ബന്ധത്തെപ്പറ്റി പറഞ്ഞതാണല്ലോ മുമ്പ്‌ വിവാദമായത്‌. എന്തായിരുന്നു അങ്ങനെ പറയാനുള്ള സാഹചര്യം

വിവാഹപൂർവ ബന്ധങ്ങൾ സംഭവിക്കാറുണ്ടെന്നും അങ്ങനെ ബന്ധപ്പെടുന്നവർ മുൻകരുതലുകൾ എടുക്കണം എന്നുമാണ്‌ ഞാൻ പറഞ്ഞത്‌. ജനങ്ങൾ എങ്ങനെ വായിച്ചു മനസ്സിലാക്കി എന്നുള്ളതാണ്‌ പ്രശ്നം. രാഷ്ട്രീയപ്പാർട്ടികളാണ്‌ അതിൽനിന്ന്‌ മുതലെടുക്കാൻ ശ്രമിച്ചത്‌. എച്ച്‌.ഐ.വി. പോസിറ്റീവായതിന്റെ പേരിൽ എത്രയോ സ്ത്രീകൾ ജീവിതത്തിൽനിന്ന്‌ പുറത്താക്കപ്പെട്ടു, ഭ്രഷ്ടു കല്പിക്കപ്പെട്ടു. അത്‌ ഇപ്പോഴും തുടരുന്നു. ഇതിനെതിരേയാണ്‌ ഞാൻ സുപ്രീംകോടതിയിൽ കേസ്‌ നടത്തിയത്‌.