ഫെയ്‌സ്ബുക്കിലൂടെ വെറുതെ സ്‌ക്രോള്‍ ചെയ്ത് പോയപ്പോഴാണ് ഒരു വീഡിയോയില്‍ മൗസുടക്കി നിന്നത്. കാരണം വീഡിയോയ്ക്ക് ലഭിച്ച ഷെയറുകളുടെ എണ്ണം തന്നെയായിരുന്നു. നാട്ടുകാര്‍ വൈറലാക്കിയതല്ലേ കണ്ടുകളയാം എന്നുതന്നെ  തീരുമാനിച്ചു. ട്രാന്‍സ്‌ജെന്ററുകളുടെ കഥ പറയുന്ന ഒരു കൊച്ചു ഷോട്ട് ഫിലിം. ലളിതമെന്നുമാത്രം പറഞ്ഞാല്‍ പോര അതിശക്തവും മനോഹരവും. വളരെ ലളിതമായ പ്രമേയത്തിലൂടെ ട്രാന്‍സ്‌ജെന്റര്‍ സമൂഹത്തിന്  മുഴുവന്‍ ഈ ലോകത്തോട് പറയാനുള്ളതെല്ലാം മിനിട്ടുകള്‍ മാത്രം ദൈര്‍ഘ്യമുള്ള ഈ ഷോട്ട്ഫിലിമുണ്ട്.

എല്‍ജിബിറ്റി സമൂഹത്തിന് നേരെ നെറ്റിചുളിക്കുന്നവരാണ് നമ്മളെങ്കില്‍ സ്‌ക്രീനില്‍ ഒരുപക്ഷേ നിങ്ങളുടെ തന്നെ പ്രതിരൂപത്തെ കണ്ടെന്നും വരാം. മനോഹരമായെ ചിത്രത്തിന്റെ അണിയറ ശില്‍പ്പിയാരാണെന്ന ആകാംഷ ചെന്നത്തിനിന്നത്  ഷോട്ട് ഫിലിമിന് അവസാനം സംവിധായിക എന്നെഴുതിയ ടൈറ്റില്‍ കാര്‍ഡിന് ചുവടെ കണ്ട ഷര്‍മ്മിള എന്ന പേരിലായിരുന്നു.

red lotus

ഇനി ഷര്‍മ്മിള പറയട്ടെ  

ട്രാന്‍സ്‌ജെന്റേഴ്‌സിന് വേണ്ടി പ്രവര്‍ത്തിക്കുന്ന നവോദയ എന്ന സംഘടനയ്ക്ക് വേണ്ടി ചെയ്ത ഒരു പ്രൊമോ വീഡിയോ ആയിരുന്ന് ഇത്.  ഗൗരി എന്ന കേന്ദ്രകഥാപാത്രത്തെ ആസ്പദമാക്കിയാണ് ഇത് ചെയ്തത്. ട്രാന്‍സ്‌ജെന്റേഴ്‌സും മനുഷ്യരാണ് അവരെക്കൂടി പരിഗണിക്കൂവെന്നതാണ് പ്രമേയം.  ഒരു ഷോട്ട് ഫിലിം ചെയ്തത് കൊണ്ട്  ട്രാന്‍സ്‌ജെന്റേഴ്‌സിനോടുള്ള  ജനങ്ങളുടെ മനോഭാവം മാറുമെന്ന് ഞാന്‍ കരുതില്ല. ഇനിയും അതിന് ഒരുപാട് സമയമെടുക്കും. നിരന്തര ക്യാംപെയിനിലൂടെ മാത്രമെ അത് സാധ്യമാകു.

ഫെയ്‌സ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തപ്പോള്‍ അമ്പരപ്പിക്കുന്ന പ്രതികരണമാണ് ലഭിച്ചത്. ഒരുപാട് പേര്‍ നല്ല അഭിപ്രായങ്ങള്‍ പറഞ്ഞും ഷെയര്‍ ചെയ്തും വീഡിയോ മറ്റുള്ളവരിലേക്കെത്തിച്ചു. പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ട്രാന്‍സ്‌ജെന്റര്‍ മോഡലായ ഗൗരി സാവിത്രിയാണ്. 

ട്രാന്‍സ്‌ജെന്റേഴ്‌സും  ഷര്‍മ്മിളയും തമ്മില്‍

ഒരു സുപ്രഭാതത്തില്‍ ട്രാന്‍സ്‌ജെന്റേഴ്‌സിനുവേണ്ടി സിനിമയെടുക്കുകയായിരുന്നില്ല ഷര്‍മ്മിള ചെയ്തത്.  മുന്‍പും ട്രാന്‍സ്‌ജെന്റേഴ്‌സിനുവേണ്ടി ഷര്‍മ്മിള പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒരു പക്ഷേ ലോകത്തിലാദ്യമായി ട്രാന്‍സ് ജെന്റേഴ്‌സിനെ മോഡലാക്കിയത് ഷര്‍മ്മിളയായിരിക്കും.

ഷര്‍മ്മിളയുടെ റെഡ് ലോട്ടസ് എന്ന ഫാഷന്‍ ബൊട്ടീക്കിലെ സാരി കളക്ഷനിലെ സാരി കളക്ഷനായ മഴവില്ലില്‍ മോഡലുകളായത് ട്രാന്‍സ്‌ജെന്റേഴ്‌സ് ആയ മായയും ഗൗരിയുമായിരുന്നു. ഭിന്നലിംഗക്കാര്‍ക്ക് വേണ്ടിയുള്ള അന്താരാഷ്ട്ര ക്യാംപെയിനിന്റെ ഭാഗമായി പിന്നീട് ഇവരുടെ ചിത്രങ്ങള്‍ ലോകവ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടു.

കുടുംബം 

എറണാകുളം വൈറ്റില സ്ഥിരതാമസമാക്കിയ ഷര്‍മ്മിളയുടെ ഭര്‍ത്താവ് ചെന്നൈ സ്ഥാനമായി ബിസിനസ് ചെയ്യുന്ന സൂരജാണ്.  ഒന്നരവയസ്സുളള മകനുണ്ട് 

അടുത്ത പരിപാടി

ഒരു സിനിമയുടെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്. അതേപറ്റി കൂടുതല്‍ പറയാന്‍ സമയമായിട്ടില്ല..