മുന്നതനായ രാഷ്ട്രീയ നേതാവ്‌, സമർത്ഥനായ നയതന്ത്രജ്ഞൻ, വിജ്ഞാനദാഹി, സർവോപരി ഇന്ത്യയുടെ പത്താമത്തെ രാഷ്ട്രപതി... ഈ വിശേഷണങ്ങൾ എല്ലാം ഒരു മലയാളിയെക്കുറിച്ചാണ്‌. ആരാണ്‌ ഈ മഹാനെന്ന്‌ കൂട്ടുകാർക്ക്‌ മനസ്സിലായോ ? മലയാളത്തിന്റെ പൊന്നോമന പുത്രനായ കെ.ആർ.നാരായണനെയാണ്‌ നമ്മൾ പരിചയപ്പെടുന്നത്‌.

മലയാളിയുടെ അഭിമാനമായ ഈ മഹാൻ വളർന്നുവന്ന വഴികൾ തീർച്ചയായും കൂട്ടുകാർക്കൊരു പ്രചോദനം തന്നെയാകും എന്ന കാര്യത്തിൽ സംശയമില്ല. ഇന്നത്തെ കോട്ടയം ജില്ലയിലെ ഉഴവൂർ എന്ന കൊച്ചുഗ്രാമത്തിലാണ്‌ കെ.ആർ.നാരായണൻ ജനിച്ചത്‌. കോച്ചേരിൽ രാമൻ വൈദ്യരുടേയും പാപ്പിയമ്മയുടെയും ഏഴു മക്കളിൽ നാലാമനാണ്‌ അദ്ദേഹം.

1921 ഫെബ്രുവരി 4-ാം തിയ്യതിയാണ്‌ അദ്ദേഹം ജനിച്ചതെങ്കിലും അദ്ദേഹത്തെ ആദ്യമായി സ്കൂളിൽ ചേർക്കാൻ പോയ അമ്മാവൻ തിയ്യതി നിശ്ചയമില്ലാതെ ഒക്ടോബർ 27, 1920 ആണ്‌ അദ്ദേഹത്തിന്റെ ജനനതിയ്യതി എന്നു പറഞ്ഞു. അങ്ങനെ ഔദ്യോഗിക രേഖകളിലെല്ലാം അദ്ദേഹത്തിന്റെ ജനനതിയ്യതി 1920 ഒക്ടോബർ  27 ആയിത്തീർന്നു. സാമ്പത്തികമായി ഏറെ പിന്നാക്കമായിരുന്നു അദ്ദേഹത്തിന്റെ കുടുംബമെങ്കിലും പേരുകേട്ട ഒരു പരമ്പരാഗത വൈദ്യനെന്ന നിലയിൽ അദ്ദേഹത്തിന്റെ പിതാവിനെ ആളുകൾ ഏറെ ബഹുമാനിച്ചിരുന്നു.

ഓലമേഞ്ഞ ഒരു കൊച്ചുകുടിലിൽ നിന്നുമാണ്‌ ഇന്ത്യയുടെ പ്രഥമ പൗരനായി കെ.ആർ. നാരായണൻ ഉയർന്നുവന്നത്‌. ഉഴവൂർ ലോവർ പ്രൈമറി സ്കൂളിലാണ്‌ അദ്ദേഹം പഠനം ആരംഭിച്ചത്‌. പിന്നീട്‌ ഔവർ ലേഡി ഓഫ്‌ ലൂർദ്‌സ്‌ അപ്പർ പ്രൈമറി സ്കൂളിലും സെന്റ്‌ മേരീസ്‌ ഹൈസ്കൂൾ കുറവിലങ്ങാടും സെന്റ്‌ ജോൺ സ്കൂൾ കൂത്താട്ടുകുളത്തുമായാണ്‌ സ്കൂൾ പഠനം അദ്ദേഹം  പൂർത്തിയാക്കിയത്‌. തുടർന്ന്‌ കോട്ടയം സി.എം.എസ്‌. കോളേജിൽ സ്കോളർഷിപ്പോടെ പഠനം തുടർന്നു.

തിരുവിതാംകൂർ സർവകലാശാല (ഇന്നത്തെ കേരള യൂണിവേഴ്‌സിറ്റി) യിൽ നിന്നും സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടി. ഒടുവിൽ ലണ്ടൻ സ്കൂൾ ഓഫ്‌ ഇക്കണോമിക്സിൽ നിന്നും രാഷ്ട്രതന്ത്രത്തിൽ ഉപരിപഠനം നടത്തുകയും ഉന്നതവിജയം കൈവരിക്കുകയും ചെയ്തു. ഇത്രയും ഉന്നതവിദ്യാഭ്യാസം നേടിയ കെ.ആർ. നാരായണൻ വിദ്യാർത്ഥികളായ നമുക്കും മാതൃകയാണ്‌.

എന്നാൽ മറ്റൊരു വസ്തുതയുണ്ട്‌. അദ്ദേഹം ഇൗ വിജയങ്ങൾ എല്ലാം കൈവരിച്ചത്‌ വളരെ എളുപ്പമാർഗത്തിലല്ല. ഒരുപാട്‌ പ്രതിസന്ധികളെയും പ്രതിബന്ധങ്ങളെയും മറികടന്നാണ്‌ അദ്ദേഹം പഠനം പൂർത്തിയാക്കിയത്‌. കൂട്ടുകാർക്കറിയുമോ, അദ്ദേഹം ഫീസു കൊടുക്കാൻ വഴിയില്ലാതെ ക്ലാസ്സിനു വെളിയിൽ നിന്നാണ്‌ പലപ്പോഴും പാഠങ്ങൾ കേട്ടുപഠിച്ചത്‌.

പതിനഞ്ചോളം കിലോമീറ്റർ പാടത്തുകൂടെയും മറ്റും നടന്നാണ്‌ അദ്ദേഹം സ്കൂളിൽ എത്തിയിരുന്നത്‌.  പുസ്തകം വാങ്ങാൻ പലപ്പോഴും അദ്ദേഹത്തിന്‌ പണമില്ലായിരുന്നു. ആസ്ത്‌മ മൂലം സ്കൂളിൽ പഠനം തുടരാനാകാതെ വീട്ടിൽ ഇരുന്ന ഒരു സഹോദരൻ അദ്ദേഹത്തിനുണ്ടായിരുന്നു. കെ.ആർ. നീലകണ്ഠൻ. മറ്റുള്ളവരുടെ പഴയ പുസ്തകങ്ങൾ അനിയനുവേണ്ടി ശേഖരിക്കുകയും പാഠങ്ങൾ പകർത്തി എഴുതി കൊടുക്കുകയും ചെയ്തുകൊണ്ട്‌ നീലകണ്ഠൻ അനുജൻ നാരായണന്റെ പഠനത്തെ തന്നാലാവും വിധം സഹായിച്ചു. ഇങ്ങനെ ഇല്ലായ്മയെയും പ്രതികൂലസാഹചര്യങ്ങളെയും അതിജീവിച്ച്‌ ജീവിത വിജയം കൈവരിച്ച വ്യക്തിയാണ്‌ കെ.ആർ.നാരായണൻ.

നമുക്ക്‌ പഠിക്കാൻ എത്ര സൗകര്യങ്ങളാണ്‌ നമ്മുടെ മാതാപിതാക്കൾ ചെയ്തു  തരുന്നതെന്ന്‌  കൂട്ടുകാർ ഒന്നു ചിന്തിച്ചു  നോക്കിക്കേ? വിദേശത്തുപോയി ഉപരിപഠനം നടത്താൻ പാവപ്പെട്ട അദ്ദേഹത്തിന്‌ ഒരിക്കലും സാധിക്കുമായിരുന്നില്ല. എന്നാൽ അദ്ദേഹത്തിന്റെ ഇച്ഛാശക്തിക്ക്‌ ഒരു കുറവുമുണ്ടായിരുന്നില്ല. അദ്ദേഹം ജെ.ആർ.ഡി. ടാറ്റയ്ക്ക്‌, തന്നെ ഉപരിപഠനത്തിന്‌ സഹായിക്കണമെന്നപേക്ഷിച്ച്‌ ഒരു കത്തെഴുതി. ടാറ്റയുടെ സഹായത്തോടെ അദ്ദേഹം ലണ്ടനിൽ  പോയി ഉപരിപഠനം നടത്തി. അക്കാലത്ത്‌ അദ്ദേഹം ചെറിയ തോതിൽ പത്രപ്രവർത്തനവും നടത്തി.

അർപ്പണ മനോഭാവവും കഠിനാദ്ധ്വാനവും കൊണ്ട്‌ ഉയരങ്ങൾ കീഴടക്കിയ നാരായണനെ കൂട്ടുകാർക്കിഷ്ടമായോ? തീർന്നില്ല അദ്ദേഹത്തിന്റെ വിശേഷങ്ങൾ. ‘രാജ്യം കണ്ട മികച്ച നയതന്ത്രജ്ഞൻ’ എന്നാണ്‌ നെഹ്‌റു അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്‌.

ബോംബെയിൽ വച്ച്‌ മഹാത്മാഗാന്ധിയെ ഇന്റർവ്യൂ ചെയ്യുവാനും അദ്ദേഹത്തിന്‌ അവസരം ലഭിച്ചിട്ടുണ്ട്‌. ലണ്ടൻ സ്കൂൾ ഓഫ്‌ ഇക്കണോമിക്സിൽ അദ്ദേഹത്തിന്റെ ഗുരുവായിരുന്ന ലാസ്കി തന്റെ പ്രതിഭാശാലിയായ നാരായണൻ എന്ന ശിഷ്യനെക്കുറിച്ച്‌ നെഹ്‌റുവിനെഴുതി. അദ്ദേഹത്തിന്‌ നെഹ്‌റുവുമായി കൂടിക്കാഴ്ച നടത്താൻ അവസരം ലഭിച്ചു.

അതിന്റെ ഫലമായി ഇന്ത്യൻ ഫോറിൻ സർവീസിൽ അദ്ദേഹത്തിന്‌  ജോലി  ചെയ്യാൻ അവസരം ലഭിച്ചു. വിവിധ രാജ്യങ്ങളിൽ ഇന്ത്യൻ സ്ഥാനപതിയായും വിദേശകാര്യ മന്ത്രാലയത്തിന്റെ സെക്രട്ടറിയായും ജവഹർലാൽ നെഹ്‌റു സർവകലാശാലയുടെ വൈസ്‌ ചാൻസലറായും അദ്ദേഹം സേവനം ചെയ്തു.

കൂടാതെ രാജ്യസഭാംഗമായും രാജീവ്‌ ഗാന്ധി മന്ത്രിസഭയിൽ കാബിനറ്റ്‌ മന്ത്രിയായും അദ്ദേഹം തന്റെ പ്രാവീണ്യം തെളിയിച്ചു. ഒടുവിൽ ഉപരാഷ്ട്രപതിയായും രാഷ്ട്രപതിയായും തന്റേതായ കഴിവു തെളിയിച്ച ഈ മഹാൻ മലയാളിയായിരുന്നു എന്നത്‌ നമുക്ക്‌ അഭിമാനമല്ലേ? ജാതി മത, ഉച്ചനീചത്വങ്ങൾ നിലനിന്നിരുന്ന ഒരു കാലഘട്ടത്തിൽ ദളിത്‌ സമൂഹത്തിൽ നിന്നുമാണ്‌ അദ്ദേഹം ഉയർന്നു വന്നത്‌  എന്നത്‌ അദ്ദേഹത്തിന്റെ കഠിനാദ്ധ്വാനത്തിന്റെയും അർപ്പണ മനോഭാവത്തിന്റെയും തെളിവാണ്‌. 2005 നവംബർ ഒമ്പതിന്‌ 85-ാം വയസ്സിൽ അന്ത്യശ്വാസം വലിക്കുന്നതുവരെയും കർമ്മനിരതനായിരുന്ന അദ്ദേഹം താൻ പ്രവർത്തിച്ച എല്ലാ മേഖലകളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്‌.

കൂട്ടുകാരെ, ജാതിയോ മതമോ സാമ്പത്തിക സ്ഥിതിയോ ഒന്നുമല്ല, നമ്മുടെ ഭാവി നിർണയിക്കുന്നതെന്ന്‌ കെ.ആർ.നാരായണന്റെ ജീവിതം നമുക്ക്‌ കാണിച്ചു തന്നില്ലേ? ഇല്ലായ്മയിൽ നിന്നും ഉയർന്നു വന്ന ഈ  ഉഴവൂരിന്റെ പുത്രൻ നമുക്ക്‌ അഭിമാനവും പ്രചോദനവുമല്ലേ? നമുക്കുള്ള സാഹചര്യങ്ങളെ നാം വേണ്ടവിധം ഉപയോഗപ്പെടുത്താറുണ്ടോ എന്ന്‌ നാം ചിന്തിക്കണം. നമ്മുടെ നിശ്ചയദാർഢ്യവും ഉത്സാഹവും നമുക്ക്‌ വിജയം കൊണ്ടുതരുമെന്ന്‌ കെ.ആർ. നാരായണന്റെ അനുഭവം നമുക്ക്‌ പഠിപ്പിച്ചുതരുന്നുണ്ട്‌. ലക്ഷ്യത്തിലെത്തുന്നതുവരെ മടികൂടാതെ പരിശ്രമിച്ചാൽ വിജയം നമുക്കം സ്വന്തമാക്കാം. നാളെ നാടിനും വീടിനും അഭിമാനമായി നമുക്കും മാറേണ്ടേ? എന്താ നമുക്കും ഒരു കൈ നോക്കിയാലോ ? 

മാതാപിതാക്കളോട്‌.....

കെ.ആർ.നാരായണന്റെ ഇച്ഛാശക്തിയെ തല്ലിക്കെടുത്താൻ അദ്ദേഹത്തിന്റെ മാതാപിതാക്കൾ ശ്രമിച്ചിരുന്നെങ്കിൽ നമുക്കിങ്ങനെ ഒരു പ്രതിഭ ഉണ്ടാകുമായിരുന്നില്ല. നമ്മളാലാകും വിധം മക്കളെ പ്രോത്സാഹിപ്പിക്കുക. പഠിക്കാൻ നാരായണനെ സഹായിച്ച നീലകണ്ഠനെപ്പോലെ നമ്മുടെ മക്കൾക്കും പഠിക്കാനുള്ള പരമാവധി സാഹചര്യങ്ങൾ ഒരുക്കിക്കൊടുക്കുക. ഓലക്കുടിലിൽ നിന്നും രാജ്യത്തിന്റെ പരമോന്നത പദവിയിലെത്താൻ കെ.ആർ.നാരായണന്‌ കഴിഞ്ഞെങ്കിൽ നമ്മുടെ മക്കൾക്കും എത്ര എത്ര ഉയരങ്ങൾ താണ്ടാനാകും. നിങ്ങളുടെ കരുതലും പ്രോത്സാഹനവും തീർച്ചയായും അവർക്ക്‌ പ്രേചാദനമാകും. നമുക്കും കാത്തിരിക്കാം. നാളത്തെ പ്രഭാതം അവർക്കുള്ളതാണ്‌. 

writer is... സോഷ്യോളജിയിൽ ബിരുദാനന്തരബിരുദം. മോട്ടിവേഷണൽ ട്രെയിനർ, പാരന്റിങ്‌  വിഷയത്തിൽ ക്ലാസുകളും പ്രഭാഷണങ്ങളും നടത്തുന്നു. സൈക്കോളജി, കൗൺസിലിങ്‌ എന്നിവയിൽ ഡിപ്ലോമ.