നന്തന്‍കോട് കൊലപാതകം സംഭവിച്ചതിന് പിറകിലെ വഴികള്‍ തേടിയുള്ള യാത്ര തുടരുന്നുവെങ്കിലും എവിടെയും എത്തിയിട്ടില്ല ഇപ്പോഴും നമ്മള്‍. മൊഴികള്‍ മാറ്റി കുഴപ്പിക്കുന്നുണ്ട് കേദല്‍ ജിന്‍സണ്‍ രാജ അന്വേഷണസംഘത്തെ. കൊലക്ക് പിറകിലെ യഥാര്‍ത്ഥ കാരണം എന്തെന്ന് അന്വേഷണസംഘം കണ്ടെത്തട്ടെ. കുഴഞ്ഞു മറിഞ്ഞ ഒരു മനസ്സില്‍ ഉരുത്തിരിഞ്ഞതാണ് കൊല എന്ന ആശയം. അതിന് പ്രേരിപ്പിച്ച കാരണം എന്തുമാകട്ടെ, ആ കാരണത്തിന് പിറകിലുള്ളത് മനസ്സിന്റെ കുഴമറിച്ചില്‍ തന്നെയെന്ന് വ്യക്തം. ശാന്തവും സന്തുലിതവുമായ മാനസികാവസ്ഥയല്ല ആത്മഹത്യയിലേക്കും കൊലപാതകത്തിലേക്കും ഒരു വ്യക്തിയെ നയിക്കുന്നത്. സങ്കീര്‍ണ്ണമായ പല ചിന്തകളാല്‍ ആ മനസ്സിനുടമ അസ്വസ്ഥമായിരിക്കും. അത്തരം ചിന്തകള്‍ പൊടുന്നനെ പൊട്ടിമുളക്കുന്നതല്ല.

ചിത്രശലഭങ്ങള്‍ക്കും തുമ്പികള്‍ക്കും പിറകെ പായുന്ന കുട്ടിക്കാലം അശുഭ ചിന്തകള്‍ക്ക് ആലയമായിരുന്നില്ല ഇത്രയും കാലം. എന്നാല്‍, പുതിയ സാഹചര്യത്തില്‍ കുട്ടിമനസ്സും മുക്തമല്ല ഇത്തരം ചിന്തകളില്‍ നിന്ന്. അതിനാല്‍, വളരുന്ന ഓരോ കുട്ടിയും കേദല്‍ ആയി മാറാതിരിക്കാന്‍ ജാഗ്രത വേണം പുതിയ കാലത്ത്. ഓര്‍മ്മകള്‍ വേരുറപ്പിക്കുന്ന കാലം മുതല്‍ കാണുന്ന കാഴ്ചകള്‍, കേള്‍ക്കുന്ന ശബ്ദങ്ങള്‍ എല്ലാം വ്യക്തിയെ സ്വാധീനിക്കും. അതുവരേക്കും അപരിചിതമായിരുന്ന ഒരു ലോകം അവനില്‍ അല്ലെങ്കില്‍ അവളില്‍ ചുരുള്‍ നിവരുകയാണ്. ആ ലോകം ഉള്ളില്‍ ചില ചോദ്യങ്ങള്‍, സംശയങ്ങള്‍ എല്ലാം ഉന്നയിക്കും. അതിനുള്ള ഉത്തരങ്ങളുമായി അച്ഛനും അമ്മയും ഉണ്ടാകണം അരികില്‍. ഒരു മുറിയില്‍ ഒന്നിച്ചുണ്ടാകണം അത്താഴത്തിന്റെ നേരത്തെങ്കിലും എല്ലാവരും. പതിവുകള്‍ അതായിരുന്നു, കാലം മാറിയപ്പോള്‍ പിന്തുടരാതെ പോയതും അവ തന്നെ.

അധ്യാപക ദമ്പതികളുടെ ഏക മകള്‍. നാട്ടില്‍ ഏവരും ആദരിക്കുന്ന കുടുംബം. പക്ഷെ, മകള്‍ക്ക് ഓര്‍മ വെച്ച നാള്‍ മുതല്‍ വീട്ടില്‍ വഴക്കാണ്. നിസാര കാരണങ്ങളെ ചൊല്ലിയാണ് അച്ഛനും അമ്മയും തമ്മിലുള്ള വഴക്ക്. കുട്ടിക്കാലത്ത് അച്ഛനും അമ്മക്കും ഒപ്പമായിരുന്നു രാത്രിയില്‍ കിടത്തം. ഇടക്ക് വഴക്കുണ്ടാകുമ്പോള്‍ ഞെട്ടിയുണരും, പേടിച്ച് നിലവിളിക്കും. മുതിര്‍ന്നപ്പോള്‍ തനിച്ചൊരു മുറിയിലേക്ക് കിടത്തം മാറ്റിയപ്പോഴും ഈ ഭയം അവളെ വിട്ടകന്നില്ല. രാത്രിയില്‍ എന്തെങ്കിലും ശബ്ദം കേട്ടാല്‍ അമ്മയും അച്ഛനും തമ്മില്‍ വഴക്കിടുകയാണോ എന്ന ആധിയാല്‍ ഭയന്ന് വിറക്കും. ഉറക്കം നഷ്ടപ്പെട്ട രാത്രികള്‍ പഠനത്തെയും ബാധിച്ചു. തുടരുന്ന കലഹങ്ങള്‍ അച്ഛനോടും അമ്മയോടും അകലാന്‍, തനിച്ചിരിക്കാന്‍ പ്രേരണയായി. അവള്‍ മാത്രമുള്ള ലോകത്തേക്ക് ഒതുങ്ങിയുള്ള ഏകാന്ത ജീവിതം. അപ്പോള്‍ അതായി വീട്ടിലെ പ്രശ്‌നം. നീയെന്താണിങ്ങനെ, മൂങ്ങയെ പോലെ, മറ്റു പെണ്‍കുട്ടികളെ കണ്ടു പഠിക്കൂ എന്നായി മാതാപിതാക്കളുടെ കയര്‍ക്കല്‍. ഞാന്‍ ഇപ്രകാരമായതിന് കാരണക്കാര്‍ നിങ്ങളാണ് എന്ന് അവള്‍ ആവര്‍ത്തിച്ച് ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിട്ടും അവര്‍ക്കത് മനസ്സിലായില്ല. ഇപ്പോഴും ആ വീട്ടില്‍ കലഹങ്ങള്‍ തുടരുന്നു, ഏകാന്ത ലോകത്ത് അവളുടെ ജീവിതവും.

നിരസിക്കപ്പെടുന്ന സ്‌നേഹം, വാത്സല്യം ഒരു കുട്ടിയുടെ മനസ്സിനെ ഏതെല്ലാം വിധത്തില്‍ സ്വാധീനിക്കുന്നു എന്ന് ഇപ്പോഴും മനസ്സിലാക്കുന്നില്ല നമ്മളില്‍ പലരും. അവഗണിക്കാതെ ചേര്‍ത്തു പിടിക്കണം, തെറ്റുകള്‍ തിരുത്തണം, സ്‌നേഹമാണ് ഏറ്റവും വലിയ മതമെന്ന് ലളിതമായി പറഞ്ഞു കൊടുക്കണം. സ്വന്തം ജീവന്‍ നശിപ്പിക്കാന്‍ അര്‍ഹതയില്ല എന്നതു പോലെ അന്യന്റെ ജീവനെയും പ്രണാനെ പോലെ ചേര്‍ത്തു പുല്‍കാന്‍ പരിശീലിപ്പിക്കണം. എല്ലാ നേരവും ഒരു മുറിയില്‍ എന്നല്ല, വല്ലപ്പോഴെങ്കിലും ഒരിടത്ത് ഒന്നിച്ചു ചേരണം. അവനെ അല്ലെങ്കില്‍ അവളെ ക്ഷമയോടെ കേള്‍ക്കണം. ഏതിനോടെല്ലാം അരുതുകള്‍ ആകാമെന്നും വിലക്കുകള്‍ ഭേദിക്കേണ്ടത് എവിടെയെന്നും പഠിപ്പിക്കണം. ഇടക്കിടെ യാത്രകള്‍ പോകണം. ഈ വേനലവധിയില്‍ ഇതിനൊക്കെയല്ലേ നാം ശ്രമിക്കേണ്ടത്? 

കൊലപാതകിയാകാന്‍ കൊതിച്ചല്ല ഒരാള്‍ പിറക്കുന്നതും ജീവിക്കുന്നതും. മോശം സാഹചര്യങ്ങളാല്‍ ഒരാള്‍ അതിലേക്ക് നയിക്കപ്പെടുന്നു. കുട്ടിക്കുറ്റവാളികളുടെ കാര്യത്തിലും കേദല്‍ ജിന്‍സണ്‍ രാജയെ പോലുള്ള മുതിര്‍ന്നവരിലും സംഭവിക്കുന്നത് ഇതുതന്നെ. അവര്‍ക്കുള്ളിലെ അസ്വസ്ഥതകള്‍ എന്തെന്ന് അറിയുകയും മുളയിലേ നുള്ളിക്കളയുകയും വേണം കുടുംബത്തിലെ മറ്റുള്ളവര്‍. അവര്‍ അപ്രകാരം ആകുന്നതിന് അവരല്ല, നാമാണ് കുറ്റക്കാര്‍ എന്ന് തിരിച്ചറിയണം. എങ്കിലേ ഇല്ലാതാകൂ, കൂട്ടക്കൊലകള്‍, കുറ്റവാളികള്‍

അതിനാല്‍ കുട്ടികളെ ചേര്‍ത്തു പിടിക്കാം. പല വഴികളിലേക്ക് പിരിയാതെ ചില നേരത്തെങ്കിലും ഒരു മുറിയില്‍ ഒന്നിച്ചുറങ്ങാം. ഏത് വേനല്‍ച്ചൂടും ഇല്ലാതാക്കുന്നതാണ് ആ ആലിംഗനത്തിലെ ഊഷ്മളതയെന്ന് അറിയട്ടെ അവരും. അണയാതെ ചൊരിയണം വാത്സല്യം, ഇനിയും അരുംകൊലയുടെ വാര്‍ത്തകള്‍ കേള്‍ക്കാതിരിക്കാന്‍ അതു കൂടിയാണ് പോംവഴി.