സ്ത്രീശാക്തീകരണത്തിന്റെയും സ്ത്രീസമത്വത്തിന്റെയും മുറവിളികൾ ഉയരുന്ന ഈ കാലത്ത്‌, സ്വന്തം കഠിനാദ്ധ്വാനം കൊണ്ടും നിശ്ചയദാർഢ്യം കൊണ്ടും കരുത്താർജിച്ച്‌ വേറിട്ട വഴിയിലൂടെ നടന്ന്‌ ചരിത്രത്തിൽ ഇടം നേടിയതാണ്‌ മേരി കോം എന്ന ധീര വനിത. ഇടിക്കൂട്ടിലെ ഈ ഇതിഹാസം ഏതൊരിന്ത്യക്കാരന്റെയും അഭിമാനവും ആവേശവുമാണ്‌. സ്വയം ശാക്തീകരിച്ചു കൊണ്ട്‌ ധീരമായി ജീവിതത്തെ നേരിട്ട്‌, ഇന്ത്യൻ സ്ത്രീത്വത്തിന്‌ തന്നെ അഭിമാനവും അതിലുപരി ശക്തിയും കരുത്തും പകർന്ന മേരി കോമിന്റെ ജീവിതകഥ നമ്മെ ത്രസിപ്പിക്കുന്നതാണ്‌. 
 
സ്ത്രീകൾ കടന്നുചെല്ലാൻ മടിക്കുന്ന ബോക്സിങ്‌ മേഖലയിലേക്ക്‌ ഒരു ഗ്രാമീണ പെൺകൊടി കടന്നുവരിക... എതിർപ്പുകളെ എല്ലാം അവഗണിച്ച്‌ പോരാടുക... ഒടുവിൽ ഏതൊരു കായിക താരത്തിന്റെയും സ്വപ്നമായ ഒളിമ്പിക്‌ മെഡൽ കൈപ്പിടിയിലൊതുക്കുക... സ്വപ്നതുല്യമായ മേരികോമിന്റെ വളർച്ചയുടെയും ഉയർച്ചയുടെയും കഥയിൽ നിന്ന്‌ നമുക്കും ധാരാളം പഠിക്കാനുണ്ട്‌.
 
1983 മാർച്ച്‌ ഒന്നിന്‌ മണിപ്പൂരിലെ ഒരു കൊച്ചു ഗ്രാമത്തിലാണ്‌ മേരി കോം ജനിച്ചത്‌. മാങ്‌തെ തോൻപ കോമും അഖാം കോമുമാണ്‌ മാതാപിതാക്കൾ. പാവപ്പെട്ട കർഷകത്തൊഴിലാളികളായിരുന്നു മേരി കോമിന്റെ മാതാപിതാക്കൾ. കടുത്ത ദാരിദ്ര്യം മൂലം സ്കൂൾ പഠനം ഉപേക്ഷിച്ച്‌, മാതാപിതാക്കളോടൊപ്പം പാടത്ത്‌ പണിക്കു പോകേണ്ട സാഹചര്യമായിരുന്നു മേരി കോമിന്റേത്‌. സ്കൂളിൽ പഠിക്കുന്ന കാലത്ത്‌ സ്പോർട്‌സിൽ, പ്രത്യേകിച്ച്‌ ഫുട്‌ബോളിൽ മേരി കോം താത്‌പര്യം കാണിച്ചിരുന്നു. എന്നാൽ, പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നതോടെ മേരി കോമിന്റെ കായികസ്വപ്നങ്ങളും താത്‌കാലികമായി പൊലിഞ്ഞു. എങ്കിലും ഉള്ളിന്റെ ഉള്ളിൽ തന്റെ സ്വപ്നങ്ങളുടെ കനൽ കെടാതെ സൂക്ഷിക്കാൻ മേരി കോമിനു കഴിഞ്ഞു. 
 
പാടത്ത്‌ പണിചെയ്ത്‌ കഴിഞ്ഞുവരുന്ന നാളുകളിലാണ്‌ മേരി കോമിന്റെ ജീവിതത്തെ മാറ്റിമറിച്ച ആ സംഭവം നടന്നത്‌. 1998-ലെ ഏഷ്യൻ ഗെയിംസിൽ ഡിൻഗോ സിങ്‌, ബോക്സിങ്ങിൽ സ്വർണമെഡൽ നേടിയ സംഭവം മേരി കോമിനെ ഏറെ സ്വാധീനിച്ചു. എങ്ങനെയും ഒരു ബോക്സറാവുക എന്ന സ്വപ്നം മേരിയിൽ ഉടലെടുത്തു. എന്നാൽ, ഒരു നാട്ടിൻപുറത്തെ കൂലിപ്പണിക്കാരിയുടെ ഈ സ്വപ്നം ആളുകളെ അമ്പരപ്പിച്ചു. വീട്ടുകാർ ശക്തമായി എതിർത്തു. ഒരു പെൺകുട്ടി ബോക്സിങ്‌ മേഖലയിലേക്ക്‌ കടന്നുവരുന്നതിനെക്കുറിച്ച്‌ അവർക്ക്‌ ചിന്തിക്കാനേ കഴിഞ്ഞില്ല. എല്ലാ എതിർപ്പുകളെയും അവഗണിച്ച്‌ മേരി ഇംഫാലിലേക്ക്‌ യാത്രതിരിച്ചു. മണിപ്പൂർ ജില്ലാ ബോക്സിങ്‌ കോച്ചായ നർജിത്‌ സിങ്ങിനെ പോയി കണ്ട്‌ തന്നെ പരിശീലിപ്പിക്കണമെന്ന്‌ മേരി കോം അപേക്ഷിച്ചു.
 
മേരി കോമിന്റെ ജീവിതത്തെത്തന്നെ മാറ്റിമറിച്ചുകൊണ്ട്‌, അവൾ പരിശീലനം ആരംഭിച്ചു. രാത്രി വളരെ വൈകിപ്പോലും മേരി പരിശീലനം തുടർന്നു. വളരെ പെട്ടെന്നുതന്നെ തന്റെ കഴിവു തെളിയിക്കാൻ മേരി കോമിന്‌ കഴിഞ്ഞു. രണ്ടായിരത്തിൽ മേരി കോം ആദ്യമായി വനിതാ ബോക്സിങ്‌ വിഭാഗത്തിൽ ‘ബെസ്റ്റ്‌ ബോക്സർ’ അവാർഡ്‌ നേടിക്കൊണ്ട്‌ വിജയഗാഥയ്ക്ക്‌ തുടക്കം കുറിച്ചു. 2000 മുതൽ 2005 വരെയുള്ള കാലയളവിൽ അഞ്ച്‌ ദേശീയ ചാമ്പ്യൻഷിപ്പുകൾ ഈ വിഭാഗത്തിൽ മേരി കോം സ്വന്തമാക്കി. 2002, 2005, 2006 വർഷങ്ങളിൽ ലോക ബോക്സിങ്‌ ചാമ്പ്യൻഷിപ്പ്‌ അവളെ തേടിയെത്തി. 2009-ൽ ഏഷ്യൻ ഇൻഡോർ ഗെയിംസിൽ സ്വർണമെഡൽ നേടിക്കൊണ്ട്‌ മേരി ഒരിക്കൽക്കൂടി തന്റെ കരുത്ത്‌ തെളിയിച്ചു.
 
2010-ൽ കസാഖിസ്താനിൽ നടന്ന ഏഷ്യൻ വനിതാ ബോക്സിങ്‌ ചാമ്പ്യൻഷിപ്പിലും മേരി പൊന്നണിഞ്ഞു. 2014 ഏഷ്യൻ ഗെയിംസിലും മേരി കോം സ്വർണം നേടി. 2012-ലെ സമ്മർ ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിക്കൊണ്ട്‌ ഇന്ത്യാ ചരിത്രത്തിൽത്തന്നെ ഇടം നേടാൻ മേരി കോമിന്‌ കഴിഞ്ഞു. അഞ്ചു തവണ ലോക അമച്വർ ബോക്സിങ്‌ ചാമ്പ്യനായിത്തീരാൻ മേരി കോമിനു കഴിഞ്ഞു എന്നു പറയുമ്പോൾ ബോക്സിങ്‌ മേഖലയിലുള്ള അവളുടെ പ്രാവീണ്യവും മികവും എത്രയെന്ന്‌ നമുക്ക്‌ ബോധ്യമാകും. 
 
പുരുഷന്മാരുടെ മാത്രം സാമ്രാജ്യം എന്നു വിശ്വസിച്ചു വന്ന ബോക്സിങ്‌ മേഖലയിൽ ഒരു ഗ്രാമീണ ഗോത്ര വർഗ പെൺകുട്ടി കടന്നുവരികയെന്നതും വെന്നിക്കൊടി പാറിക്കുക എന്നതും നിസ്സാരമായ ഒരു കാര്യമല്ല. നിരവധി പ്രതിബന്ധങ്ങളെ തരണം ചെയ്താണ്‌ മേരി കോം ഇന്നത്തെ നിലയിൽ എത്തിച്ചേർന്നത്‌. ഇതിനിടയിൽ തന്റെ മുടങ്ങിയ പഠനം പ്രൈവറ്റായി തുടരാനും ഒടുവിൽ ബിരുദം നേടാനും മേരി കോമിന്‌ കഴിഞ്ഞു എന്നത്‌ അവരുടെ കഠിനാദ്ധ്വാനത്തിന്റെയും നിരന്തര പരിശ്രമത്തിന്റെയും തെളിവാണ്‌. ഇന്ന്‌ അനേകം കുട്ടികളെ ഈ മേഖലയിലേക്ക്‌ കൈപിടിച്ചു കൊണ്ടുവരാനുള്ള പരിശീലനവും മേരി കോം നൽകി വരുന്നുണ്ട്‌. ഒപ്പം, മൃഗസംരക്ഷണ പ്രവർത്തനങ്ങളിലും സ്ത്രീശാക്തീകരണ പ്രസ്ഥാനങ്ങളിലും സജീവമായി പങ്കാളിയായിക്കൊണ്ട്‌ തന്റെ സാമൂഹിക പ്രതിബദ്ധതയും മേരി കോം തെളിയിച്ചിട്ടുണ്ട്‌.
 
വിവാഹത്തോടെ കായിക മേഖലയിൽനിന്നും സ്ത്രീകൾ പിൻവാങ്ങുന്ന പതിവ്‌ മേരി കോമിന്റെ കാര്യത്തിൽ ഉണ്ടായില്ല. 2007-ൽ ഇരട്ടക്കുട്ടികൾക്ക്‌ ജന്മം നൽകിയതോടെ മേരി കായിക ലോകത്തുനിന്ന്‌ പിൻവാങ്ങും എന്ന വിമർശകരുടെ വാക്കിന്റെ മുന ഒടിച്ചുകൊണ്ട്‌ കൂടുതൽ കരുത്തോടെ മേരി തിരിച്ചുവന്നു. ഒളിമ്പിക്സ്‌ മെഡൽ പോലും സ്വന്തമാക്കി തന്റെ കരുത്ത്‌ തെളിയിച്ചു. 
 
തന്റെ ആത്മകഥയ്ക്ക്‌ മേരി നൽകിയ പേര്‌  ‘അൺ ബ്രേക്കബിൾ’ എന്നാണ്‌ ജീവിതത്തിലും താൻ അങ്ങനെതന്നെയാണെന്ന്‌ അവർ തെളിയിക്കുകയും ചെയ്തു. ഇനി ഏറെ ഉയരങ്ങൾ താണ്ടാനും രാജ്യത്തിന്റെ യശസ്സുയർത്താനും മേരി കോമിന്‌ കഴിയും എന്ന്‌ അവളെപ്പോലെ രാജ്യവും വിശ്വസിക്കുന്നു... കാത്തിരിക്കുന്നു. 2013-ൽ പത്മഭൂഷണും 2010-ൽ പത്മശ്രീയും 2009-ൽ രാജീവ്‌ഗാന്ധി ഖേൽരത്ന അവാർഡും 2003-ൽ അർജുന അവാർഡും നൽകി രാജ്യം ഈ ധീരവനിതയെ ആദരിച്ചു.
 
പാടത്ത്‌ കൂലിപ്പണിയെടുത്ത്‌ ജീവിച്ച ഒരു പെൺകൊടി ഇന്ത്യയിലെ കായികലോകത്തിന്റെ ഇതിഹാസമായി തീർന്ന കഥ ആരെയും അത്ഭുതപ്പെടുത്തുന്നതാണ്‌. അർപ്പണബോധവും ആത്മാർത്ഥതയും കഠിനാദ്ധ്വാനവും ഉണ്ടെങ്കിൽ നമുക്ക്‌ എന്തും നേടാനും എവിടെയും എത്തിച്ചേരാനും സാധിക്കുമെന്ന്‌ നമ്മെ പഠിപ്പിക്കാൻ മേരി കോമിന്റെ ജീവിതത്തിന്‌ കഴിഞ്ഞു. ഏത്‌ അവസ്ഥയേയും അനുകൂലമാക്കി മാറ്റാൻ പരിശ്രമശാലികൾക്ക്‌ സാധിക്കും എന്ന്‌ മേരി കോം നമുക്ക്‌ കാണിച്ചുതന്നു.
 
നിസ്സാര പ്രതിസന്ധികൾക്കു മുന്നിൽ തളർന്ന്‌ പിൻവാങ്ങുന്നവരാണ്‌ നമ്മിൽ പലരും. എന്നാൽ, ഉത്സാഹവും കഠിനാദ്ധ്വാനവും ഉള്ള വ്യക്തികളാണ്‌ നമ്മളെങ്കിൽ നമുക്ക്‌ ഏത്‌ പ്രതിസന്ധിയെയും അതിജീവിക്കാൻ കഴിയും. അതിനുള്ള കരുത്ത്‌ നമ്മുടെ മനസ്സിനുണ്ട്‌.

മാതാപിതാക്കളോട്‌
ഒന്നുമല്ലാതായി തീരാവുന്ന ഒരു ജീവിതത്തെ സ്വന്തം പരിശ്രമം കൊണ്ട്‌ ഉയർത്തിക്കൊണ്ടുവന്ന മേരി കോമിനെപ്പോലെ പരിശ്രമശാലികളാകാൻ മക്കളെ പഠിപ്പിക്കുക... കൂടെ നിൽക്കുക... സ്വന്തമായി ചിന്തിക്കാനും പ്രവർത്തിക്കാനും ഉത്തമമായ തീരുമാനങ്ങളിൽ എത്തിച്ചേരാനും മക്കൾക്ക്‌ പ്രചോദനമേകുക... കരുത്തു പകരുക... സാമൂഹിക പ്രതിബദ്ധതയുള്ളവരായി വളർത്തുക.

writer is...
സോഷ്യോളജിയിൽ ബിരുദാനന്തരബിരുദം. മോട്ടിവേഷണൽ ട്രെയിനർ, പാരന്റിങ്‌  വിഷയത്തിൽ ക്ലാസുകളും പ്രഭാഷണങ്ങളും നടത്തുന്നു. സൈക്കോളജി, കൗൺസിലിങ്‌ എന്നിവയിൽ ഡിപ്ലോമ.