കൂട്ടുകാരേ, നിറയെ മരങ്ങളും ചെടികളും പൂക്കളും പുഴകളും കിളികളും ഒക്കെയുള്ള നമ്മുടെ ഈ ഭൂമി കാണാൻ എത്ര ഭംഗിയാണല്ലേ ? മനോഹരമായ ഈ കാഴ്ചകളും ഇമ്പമായ ശബ്ദവുമെല്ലാം നമുക്ക്‌ സന്തോഷം തരുന്നവയാണല്ലേ? പെട്ടെന്നൊരുനാൾ ഇവയെല്ലാം നമുക്ക്‌ നഷ്ടപ്പെട്ടാലോ? ഓർക്കാൻ കൂടി വയ്യ അല്ലേ ?

കാഴ്ചയുടേയും കേൾവിയുടേയും സുന്ദരലോകം പെട്ടെന്നൊരുനാൾ കൈവിട്ടുപോയ ഒരു പെൺകുട്ടിയെയാണ്‌ നമ്മളിത്തവണ പരിചയപ്പെടാൻ പോകുന്നത്‌... ഇരുട്ടിന്റെ ലോകത്തു നിന്ന്‌ തന്റെ ദൃഢനിശ്ചയവും മനക്കരുത്തും കൊണ്ട്‌ ലോകത്തിന്‌ വെളിച്ചം പകർന്ന ‘ഹെലൻ കെല്ലർ’ ആണ്‌ നമ്മുടെ കഥാനായിക.

നിങ്ങളിൽ കുറേപ്പേരെങ്കിലും ഹെലൻ കെല്ലറിനെ കുറിച്ച്‌ കേട്ടിട്ടുണ്ടാകും. വിധിയെ തോല്പിച്ച്‌ ഹെലൻ എങ്ങനെയാണ്‌ വിജയംവരിച്ചത്‌ എന്നാണ്‌ നമ്മൾ കാണാൻ പോകുന്നത്‌.

അമേരിക്കയുടെ തെക്കുകിഴക്ക്‌ ഭാഗത്തായി സ്ഥിതി ചെയ്യുന്ന അലബാമ എന്ന സംസ്ഥാനത്താണ്‌ ഹെലൻ കെല്ലർ ജനിച്ചത്‌. 1880 ജൂൺ 27ന്‌ കേണൽ ആർതർ ഹെൻലെ കെല്ലറിന്റേയും കേറ്റ്‌ ആഡംസ്‌ കെല്ലറിന്റേയും മകളായാണ്‌ ഹെലൻ കെല്ലർ ജനിച്ചത്‌. ആരോഗ്യവതിയും കാഴ്ചയും കേൾവിയും എല്ലാമുള്ള സാധാരണ കുട്ടിയായിരുന്നു ഹെലൻ. എന്നാൽ, രണ്ട്‌ വയസ്സാകുന്നതിന്‌ മുമ്പുണ്ടായ ഒരു രോഗമാണ്‌ ഹെലന്റെ കാഴ്ചശക്തിയും കേൾവിശക്തിയും ഇല്ലാതാക്കിയത്‌.

സ്വതവേ വികൃതിയായിരുന്ന ഹെലൻ ഇതോടെ കൂടുതൽ വാശിക്കാരിയും ദേഷ്യക്കാരിയുമായി മാറി. എന്തിനും അമ്മയെ ആശ്രയിക്കേണ്ടതായി വന്നതോടെ ഹെലൻ അമ്മയുെട പിറകിൽ നിന്ന്‌ മാറാതെയായി. ചുറ്റുമുള്ള വസ്തുക്കൾ തൊട്ട്‌ മനസ്സിലാക്കാനായിരുന്നു ഹെലന്റെ ശ്രമം.

അഞ്ച്‌ വയസ്സായപ്പോഴേക്കും തുണികൾക്കിടയിൽ നിന്നും സ്വന്തം തുണി തൊട്ടു മനസ്സിലാക്കാനും മടക്കി വയ്ക്കാനും ഹെലൻ പഠിച്ചു. വീട്ടിലെ പാചകക്കാരിയുടെ മകളായ മാർത്ത വാഷിങ്‌ടൺ ആയിരുന്നു ഹെലന്റെ ബാല്യകാല സുഹൃത്ത്‌. മാർത്തയോടൊപ്പം കളിക്കുകയും കൂട്ടുകൂടുകയും  ചെയ്യുമായിരുന്നെങ്കിലും ഹെലൻ പലപ്പോഴും മാർത്തയെ ഉപദ്രവിച്ചിരുന്നു.

helen kellerതന്റെ ആത്മകഥയിൽ ഹെലൻ തന്നെ പറയുന്നുണ്ട്‌, താൻ ഒരിക്കലും ഒരു നല്ല കുട്ടിയായിരുന്നില്ലെന്ന്‌. താൻ വിചാരിച്ച കാര്യം നടക്കണമെന്ന നിർബന്ധബുദ്ധി ഉണ്ടായിരുന്നു ഹെലന്‌. തൊട്ടും പരിചയിച്ചും വാതിൽ പൂട്ടാനും തുറക്കാനും പഠിച്ച ഹെലൻ ഒരു ദിവസം ഒരു പണി ഒപ്പിച്ചു, അമ്മയെ ഒരു റൂമിനകത്തിട്ട്‌ പൂട്ടി. വാതിലിൽ മുട്ടിയും തട്ടിയും തുറക്കാനാവശ്യപ്പെട്ട്‌ അമ്മ ബഹളം വെച്ചപ്പോൾ ഹെലൻ പുറത്തിരുന്ന്‌ കൈകൊട്ടി പൊട്ടിച്ചിരിച്ചു. ഏതാണ്ട്‌ മൂന്നു മണിക്കൂറോളം അമ്മ ആ റൂമിൽ കിടന്നു എന്നാണ്‌ പറയുന്നത്‌... നോക്കണേ എത്ര വികൃതിയായിരുന്നു ഹെലനെന്ന്‌.

ഹെലന്റെ സ്വഭാവം മാറണമെങ്കിൽ ഹെലന്‌ പഠിക്കാനുള്ള സാഹചര്യവും ശരിയായ പരിശീലനവും ആവശ്യമാണെന്ന്‌ മനസ്സിലാക്കിയ ഹെലന്റെ അമ്മയും അച്ഛനും ഡോക്ടർ ചിസോമിനെ പോയി കണ്ടു. അവളുടെ കണ്ണ്‌ ഒരിക്കലും ശരിയാകില്ലെന്നും അന്ധരും ബധിരരുമായ കുട്ടികളുടെ കാര്യത്തിൽ പ്രത്യേകം താത്‌പര്യമുള്ള ഡോ. അലക്സാണ്ടർ ഗ്രഹാം ബെല്ലിനെ പോയി കാണാൻ നിർദേശിക്കുകയും ചെയ്തു.

ഡോക്ടർ അലക്സാണ്ടർ ഗ്രഹാംബെല്ലിന്റെ സഹായത്തോടെ അന്ധർക്കു വേണ്ടി പ്രവർത്തിക്കുന്ന പെർകിൻസ്‌ ഇൻസ്റ്റിറ്റ്യൂഷനിൽ നിന്നും ഹെലനെ പരിശീലിപ്പിക്കുന്നതിനായി ഒരു അധ്യാപികയെ കണ്ടെത്താൻ ഹെലന്റെ മാതാപിതാക്കൾക്ക്‌ കഴിഞ്ഞു. കാഴ്ചവൈകല്യം ബാധിച്ചതും ഇതേ സ്ഥാപനത്തിൽ മുമ്പ്‌ പരിശീലിച്ചതുമായ ഡോ. ആനി സളിവൻ ആയിരുന്നു ആ അധ്യാപിക.

ആനി സളിവനുമായിട്ടുള്ള കൂട്ടിമുട്ടലാണ്‌ ഹെലന്റെ ജീവിതത്തിൽ വഴിത്തിരിവായത്‌. ഓരോ വസ്തുക്കളുടെയും പേര്‌, അതിന്റെ സ്പെല്ലിങ്‌ ഹെലന്റെ കൈവെള്ളയിൽ വിരൽ വച്ചെഴുതി ആനി സളിവൻ അവളെ പരിശീലിപ്പിച്ചു.

ആദ്യമൊക്കെ ഏറെ ബുദ്ധിമുട്ടിയെങ്കിലും പിന്നീട്‌ ഹെലൻ ആനിയിൽ നിന്നും ഒരുപാടു കാര്യങ്ങൾ പഠിച്ചു. ‘വെള്ളം’ എന്താണെന്ന്‌ പഠിപ്പിക്കാൻ അത്‌ കൈയിൽ ഒഴിച്ചുകൊടുത്ത്‌ മനസ്സിലാക്കിച്ചതായി ഹെലൻ പറയുന്നുണ്ട്‌. വളരെ പെട്ടെന്നുതന്നെ ആനിയും ഹെലനും അടുത്ത സുഹൃത്തുക്കളായി. പഠിക്കാനുള്ള താത്‌പര്യം ഹെലന്‌ കൂടിവന്നു.

ഒാരോന്നും പഠിക്കാനും ഗ്രഹിക്കാനും മറ്റു കുട്ടികളേക്കാൾ സമയവും പരിശ്രമവും ഹെലന്‌ ആവശ്യമായിരുന്നു. നിശ്ചയദാർഢ്യവും കഠിനപരിശ്രമവും കൊണ്ട്‌ ഹെലൻ ഇതിനെയെല്ലാം അതിജീവിച്ചു. ‘ബ്രെയ്‌ലി ലിപി’ പരിശീലിച്ചതും ഹെലന്റെ കഠിനപ്രയത്നം കൊണ്ടാണ്‌.

ക്രമേണ ആനി സളിവൻ ഹെലനെ സംസാരിക്കാൻ പഠിപ്പിച്ചു. കേൾവിയും കാഴ്ചയും ഇല്ലാത്ത ഹെലനെ പരിശീലിപ്പിക്കുക ഏറെ ശ്രമകരമായിരുന്നു. എന്നാൽ, ഗുരുവിന്റെയും ശിഷ്യയുടേയും കഠിനപ്രയത്നം ഫലം കണ്ടു. ഹെലൻ സംസാരിക്കാൻ തുടങ്ങി.

തികച്ചും പ്രതികൂലമായ എല്ലാ സാഹചര്യങ്ങളെയും കഠിനപ്രയത്നം കൊണ്ട്‌ അതിജീവിച്ച്‌, 24-ാം വയസ്സിൽ റാഡ്‌ക്ലിഫ്‌ യൂണിവേഴ്‌സിറ്റിയിൽ നിന്ന്‌ ഹെലൻ ബിരുദം നേടി... അങ്ങനെ കാഴ്ചയും കേൾവിയുമില്ലാതെ ബിരുദം നേടിയ ആദ്യവ്യക്തി എന്ന പദവി ഹെലനെ തേടിയെത്തി.

കൂട്ടുകാരേ, ഹെലൻ കൈവരിച്ച മറ്റു നേട്ടങ്ങൾ എെന്താക്കെയാണെന്നോ... ധാരാളം പുസ്തകങ്ങൾ രചിച്ചു. 11-ാം വയസ്സിലാണ്‌ ഹെലന്റെ ആദ്യപുസ്തകം രചിക്കപ്പെട്ടത്‌, ‘ദ ഫ്രോസ്റ്റ്‌ കിങ്‌’. ‘ദ സ്റ്റോറി ഓഫ്‌ മൈ ലൈഫ്‌’ എന്ന ഹെലന്റെ ആത്മകഥ ഏറെ പ്രസിദ്ധമാണ്‌. ‘ദ വേൾഡ്‌ ഐ ലിവ്‌  ഇൻ’, ‘ഔട്ട്‌ ഓഫ്‌ ദ ഡാർക്ക്‌’, ‘മൈ റിലീജിയൻ’ തുടങ്ങിയവയെല്ലാം ഹെലന്റെ പ്രസിദ്ധമായ കൃതികളാണ്‌.

ഹെലന്റെ ജീവിതത്തെ ആസ്പദമാക്കി ധാരാളം  പരമ്പരകളും സിനിമകളും ഡോക്യുമെന്ററിയുമെല്ലാം ഉണ്ടായി. ‘ഡെലിവറൻസ്‌’ എന്ന  ഡോക്യുമെന്ററിയിൽ അവർതന്നെ അഭിനയിച്ചു. തീർന്നില്ല ഹെലന്റെ നേട്ടങ്ങൾ. അന്ധർക്കു വേണ്ടി ‘ഹെലൻ കെല്ലർ ഇന്റർനാഷണൽ’ എന്ന സംഘടന ആരംഭിക്കുകയും വൈകല്യമുള്ളവരുടെ പ്രശ്നങ്ങളിൽ നിരന്തരമായി ഇടപെടുകയും ചെയ്തു ഹെലൻ.

അമേരിക്കയിലെ  മാത്രമല്ല ലോകമെമ്പാടുമുള്ള ജനങ്ങളുടെ, വൈകല്യമുള്ളവരോടുള്ള കാഴ്ചപ്പാടിനെ മാറ്റിമറിക്കാൻ ഹെലന്റെ പ്രസംഗങ്ങൾക്ക്‌ കഴിഞ്ഞു. എല്ലാ സാമൂഹിക പ്രശ്നങ്ങളിലും അവർ ക്രിയാത്മകമായി ഇടപെട്ടു. ധാരാളം രാജ്യങ്ങൾ  സന്ദർശിച്ച്‌ ജനങ്ങളെ ബോധവത്‌കരിക്കുകയും വൈകല്യമുള്ളവരെ കൈപിടിച്ച്‌ ജീവിതത്തിലേക്ക്‌  കൊണ്ടുവരികയും ചെയ്തു എന്നത്‌ ഹെലന്റെ വലിയ നേട്ടമാണ്‌.

ഒടുവിൽ അമേരിക്കയിലെ പ്രമുഖ സിവിലിയൻ ബഹുമതികളിലൊന്നായ ‘പ്രസ്റ്റീജിയസ്‌ പ്രസിഡൻഷ്യൽ മെഡൽ’ ഹെലൻ കെല്ലറിനെ തേടിയെത്തി. 1968 ജൂണിൽ അവർ ഈലോകത്തോട്‌ യാത്ര പറഞ്ഞെങ്കിലും അവർ പരത്തിയ പ്രകാശം ഇന്നും അനേകരുടെ ഇരുട്ടിനെ അകറ്റുന്നു.

കൂട്ടുകാരേ, കാഴ്ചശക്തിയും കേൾവിയുമില്ലാത്ത ഒരാൾക്ക്‌ ഇത്രയൊക്കെ സാധിക്കുമെങ്കിൽ നമുക്കും എന്തുകൊണ്ട്‌ ആയിക്കൂടാ. ശാരീരിക പരിമിതികൾ ഒന്നിനും തടസ്സമല്ലെന്ന്‌ ഇപ്പോൾ മനസ്സിലായില്ലേ ?

നമുക്കെന്തൊക്കെ കുറവുകളും പരിമിതികളുമുണ്ടായാലും നിരാശപ്പെടാതെ നിരന്തരമായ പരിശ്രമത്തിലൂടെയും പരിശീലനത്തിലൂടെയും അതിനെ അതിജീവിക്കാൻ നമുക്ക്‌ കഴിയും. അതിനുള്ള ശുഭചിന്തകൾ നിറഞ്ഞ മനസ്സാണ്‌ നമുക്കാവശ്യം.

സ്വന്തം വൈകല്യങ്ങളെ മറികടന്ന്‌ വിജയിക്കുക മാത്രമല്ല ഹെലൻകെല്ലർ ചെയ്തത്‌, മറ്റുള്ളവരുടെ പ്രശ്നങ്ങളിൽ ഇടപെട്ടും സഹായിച്ചും സാമൂഹിക പ്രതിബദ്ധത തെളിയിച്ച വ്യക്തി കൂടിയാണവർ. ഹെലനെപ്പോലെ നമുക്കും വേണം അത്തരം ഒരു മനസ്സ്‌. അതിന്‌ കഠിന പരിശ്രമവും ക്ഷമയും ആവശ്യമാണ്‌. നമുക്കും ഒന്നു പരിശ്രമിച്ചു നോക്കാം.

മാതാപിതാക്കളോട്‌

നിങ്ങളുടെ മക്കൾക്ക്‌ പല കുറവുകളുമുണ്ടാകാം. അതോർത്ത്‌ നിങ്ങൾ നിരാശപ്പെട്ടാൽ മക്കളുടെ മനസ്സും നിരാശയിലാകും. ഹെലന്റെ മാതാപിതാക്കൾ, മകളുടെ കാര്യത്തിൽ  കാണിച്ച ജാഗ്രതയും പരിഗണനയുമാണ്‌ ആനി സളിവൻ എന്ന അധ്യാപികയെ കണ്ടെത്താൻ ഇടയാക്കിയത്‌. ആ കണ്ടുമുട്ടലാണ്‌ വികൃതിയായ ഹെലനെ ലോകമറിയുന്ന സാമൂഹിക പ്രവർത്തകയും എഴുത്തുകാരിയുമെല്ലാം ആക്കിത്തീർത്തത്‌. നിങ്ങളുടെ മക്കളുെട മനസ്സിൽ ശുഭചിന്തകൾ വളർത്തുക... അവർക്ക്‌ വഴികാട്ടുക... അവരുടെ കുറവുകളെ നിറവുകളാക്കി മാറ്റാൻ സഹായിക്കുക.

writer is...    

സോഷ്യോളജിയിൽ ബിരുദാനന്തരബിരുദം. മോട്ടിവേഷണൽ ട്രെയിനർ, പാരന്റിങ്‌  വിഷയത്തിൽ ക്ലാസുകളും പ്രഭാഷണങ്ങളും നടത്തുന്നു. സൈക്കോളജി, കൗൺസിലിങ്‌ എന്നിവയിൽ ഡിപ്ലോമ.