വേനലവധി കഴിഞ്ഞ് സ്കൂൾ തുറക്കുന്നു. കുട്ടികൾക്ക് ഇനി തിരക്കോടു തിരക്ക്. സ്കൂളിൽ പോകണം, ട്യൂഷൻ, ഹോംവർക്ക്, പ്രോജക്ട് തുടങ്ങി ഒന്നിനും സമയമില്ലാത്ത അവസ്ഥ. അമ്മമാർക്ക് ടെൻഷൻ തുടങ്ങി. കുട്ടിയുടെ ആരോഗ്യം, ഭക്ഷണം, പഠനം, വസ്ത്രം എല്ലാം ഇനി അമ്മമാരുടെ ചുമലില്‍ ആണ്. കുട്ടികൾക്കു പോഷകമൂല്യമുള്ള ഭക്ഷണം ശരിയായ അളവിൽ കൃത്യമായി നൽകിയാൽ മാത്രമേ ആരോഗ്യപ്രശ്നങ്ങളില്ലാതെ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കൂ. 

കുട്ടികൾക്ക് അവശ്യം വേണ്ട എല്ലാ പോഷകങ്ങളും ലഭിക്കുന്ന വിധത്തിൽ വ്യത്യസ്തങ്ങളായ ഭക്ഷണം കൊടുക്കണം. ശരീരകലകളുടെ നിർമാണത്തിന് മാംസ്യം അനിവാര്യമാണ്. ജീവകങ്ങളും ധാതുലവണങ്ങളും അവരുടെ ബുദ്ധിശക്തിക്ക് ആവശ്യമാണ്. ഇവ എപ്രകാരം കുട്ടികളിൽ എത്തിക്കാൻ സാധിക്കും, ഏതൊക്കെ നേരം? എങ്ങനെ?

കുട്ടികളുടെ ഭക്ഷണരീതിയിൽ, ബെഡ്‌കോഫി മുതൽ രാത്രി പോസ്റ്റ് ഡിന്നർ വരെ ശ്രദ്ധയോടെ ക്രമീകരിക്കണം. കാരണം ഓരോ കുട്ടിയുടെയും സ്കൂൾസമയം പലതാണ്. വളരെ നേരത്തേതന്നെ ട്യൂഷൻ ക്ലാസുകളിൽ പോകുന്നവരും രാത്രിയിൽ വൈകി ട്യൂഷൻ കഴിഞ്ഞുവരുന്നവരും ഉണ്ടാവും. കുട്ടികളുടെ സമയമനുസരിച്ച് ആഹാരക്രമീകരണം നടത്തണം. 

പ്രഭാതഭക്ഷണം ഒഴിവാക്കരുത്

കുട്ടികൾ സ്കൂളിൽ പോകുന്ന സമയം അനുസരിച്ച് പ്രഭാതഭക്ഷണം ക്രമീകരിക്കണം. എന്തുവന്നാലും അത് ഒഴിവാക്കാൻ കുട്ടിയെ അനുവദിക്കരുത്. അവരുടെ ബുദ്ധിയുടെയും ഓർമയുടെയും പ്രധാന കേന്ദ്രമായ തലച്ചോറിന്റെ പ്രവർത്തനത്തിന്റെ ഊർജം പ്രഭാതഭക്ഷണത്തിൽനിന്നാണു ലഭിക്കേണ്ടത്.

അതുകൊണ്ടുതന്നെ മാംസ്യവും ഊർജവും അടങ്ങിയ പ്രഭാതഭക്ഷണം വേണം. പാൽ, മുട്ട, ധാന്യങ്ങൾ, പയറുവർഗങ്ങൾ ഇവയെല്ലാം ഉൾപ്പെടുത്തി ആരോഗ്യകരമായ പ്രഭാതഭക്ഷണം അവർക്കു നൽകണം. 

ലഘുഭക്ഷണം മറക്കണ്ട

സ്കൂളിൽ പോകുന്ന കുട്ടി ഏതു ക്ലാസിലായാലും ടിഫിൻ ബാഗിൽ ഒരു സ്നാക്സ് ബോക്സ് നിർബന്ധമാക്കണം. പഴവർഗങ്ങളോ വീട്ടിലുണ്ടാക്കുന്ന ആവിയിൽ പുഴുങ്ങിയ ചെറു പലഹാരങ്ങളോ  വിളയിച്ച അവലോ എന്തെങ്കിലും അവർക്ക് ലഘുഭക്ഷണമായി നൽകാം. 

ഉച്ചഭക്ഷണം ശ്രദ്ധയോടെ

ചില സ്കൂളുകളിൽ ഉച്ചഭക്ഷണം പോഷകസമൃദ്ധമായി അവർതന്നെ നൽകുന്നു. എന്നാൽ, വീട്ടിൽനിന്ന്‌ ഉച്ചഭക്ഷണം കൊടുത്തുവിടുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. വിവിധ തരം പച്ചക്കറികൾ, പയർവർഗങ്ങൾ, അനുവദനീയമെങ്കിൽ മത്സ്യം എന്നിവ നിർബന്ധമായും ഉൾപ്പെടുത്തണം. 

വൈകീട്ട്

സ്കൂൾ വിട്ട് വീട്ടിൽ വരുന്ന കുട്ടിക്ക് അമിതമായ ആഹാരം നൽകരുത്. രുചിയുള്ള ലഘുഭക്ഷണം നൽകണം. കൊഴുപ്പടങ്ങിയ പലഹാരപ്പെട്ടി വേണ്ട; പകരം വീട്ടിലുണ്ടാക്കുന്ന ലഘുഭക്ഷണം വേണം. ഉദാഹരണത്തിന്: കൊഴുക്കട്ട, ഇലയപ്പം, ചപ്പാത്തി റോൾ, ഏത്തയ്ക്ക പുഴുങ്ങിയത്, റാഗി കാച്ചിയത്, അവൽ വിളയിച്ചത് തുടങ്ങിയവ. 

അത്താഴം നേരത്തേ

കുട്ടികളുടെ അത്താഴം രാത്രി 8 മണിക്ക് മുൻപും അതു ലഘുവായതും ആകണം. നാരുകൾ ധാരാളമടങ്ങിയ ധാന്യങ്ങൾ അത്താഴത്തിന്‌ ഉത്തമം; ഒപ്പം പച്ചക്കറികളും. ഇവ ദഹനത്തിനു സഹായകരമാകുകയും അമിതമായ ശരീരഭാരവർധനയെ തടയുകയും ചെയ്യും. 

ജലം മൃതസഞ്ജീവനി

കുട്ടികളുടെ ഭക്ഷണക്രമത്തിൽ വെള്ളത്തിന്റെ പങ്ക് വലുതാണ്. കുട്ടികളുടെ സ്കൂൾബാഗിൽ ഒരു കുപ്പി ശുദ്ധമായ കുടിവെള്ളം എപ്പോഴുമുണ്ടാകണം. തിളപ്പിച്ചു തണുപ്പിച്ച വെള്ളം, നാരങ്ങാവെള്ളം, മോരുംവെള്ളം, പഴച്ചാറുകൾ എന്നിവ ഉത്തമം.  കാർബണേറ്റഡ്, പായ്ക്കറ്റഡ് പാനീയങ്ങൾ നിർബന്ധമായും ഒഴിവാക്കണം