ഹാരാഷ്ട്രയിലെ കല്യാൺ എന്ന സ്ഥലം. ഒരു യാഥാസ്ഥിതിക ബ്രാഹ്മണകുടുംബത്തിലെ പെൺകുട്ടി 9 -ാം വയസ്സിൽ വിവാഹിതയാകുന്നു. തന്നേക്കാൾ ഇരുപത് വയസ്സ് കൂടുതലുള്ള വിഭാര്യനായിരുന്നു ഭർത്താവ് 14-ാം വയസ്സിൽ ഈ പെൺകുട്ടി അമ്മയാകുന്നു. അന്നത്തെ ഇന്ത്യൻ പാശ്ചാത്തലത്തിൽ തികച്ചും സ്വാഭാവികമായ ഒരു കാര്യം. യമുന എന്ന ഈ പെൺകുട്ടി അക്കാലത്തെ ഇന്ത്യൻ സ്ത്രീത്വത്തിന്റെ പ്രതിനിധിമാത്രം. എന്നാൽ ഈ കഥ അവിടെ തീരുന്നില്ല.

യമുന, ‘ആനന്ദി ഗോപാൽ ജോഷി’ എന്ന നാമം സ്വീകരിക്കുന്നു. ഇന്ത്യൻ ചരിത്രത്തിൽ പുതിയ ഒരു അധ്യായം എഴുതിച്ചേർത്തുകൊണ്ട് ഇന്ത്യയിലെ ആദ്യ വനിതാ ഡോക്ടർമാരിൽ ഒരാളാകുന്നു. അതും വിദേശത്തുപോയി വൈദ്യശാസ്ത്രബിരുദം നേടിക്കൊണ്ട് അങ്ങനെ അമേരിക്കയിൽ പോയി പഠിച്ച ആദ്യ ഇന്ത്യൻ വനിതയാകുന്നു. അന്നത്തെ ഇന്ത്യൻ സാമൂഹ്യ പാശ്ചാത്തലത്തിൽ അസാധാരണമായ ഈ ചുവടുവയ്പുനടത്തിയ ഒരു സാധാരണ പെൺകൊടിയാണ് ആനന്ദി ഗോപാൽ ജോഷി. 

മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ കല്യാണിൽ 1865 മാർച്ച് 31 ന് ആണ് യമുന എന്ന ആനന്ദി ജനിച്ചത്. വലിയ ഭൂസ്വത്തിനുടമകളായിരുന്നു ആനന്ദിയുടെ മാതാപിതാക്കളെങ്കിലും ആനന്ദി ജനിച്ച കാലയളവിൽ അവരുടെ സ്വത്തെല്ലാം നഷ്ടപ്പെടുകയും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കുടുംബം കടന്നുപോവുകയും ചെയ്തു. എങ്കിലും നാട്ടുനടപ്പനുസരിച്ച് ഒൻപത് വയസ്സുള്ളപ്പോൾ മാതാപിതാക്കൾ യമുനയെ ഗോപാൽ റാവു ജോഷി എന്ന വിഭാര്യന് വിവാഹം കഴിച്ചു നല്കി. യമുനയെക്കാൾ ഇരുപതുവയസ്സു മൂത്ത ഗോപാൽ റാവു കല്യാണിലെ ഒരു പോസ്റ്റാഫീസിൽ ക്ലാർക്കായിരുന്നു.

ആ കാലഘട്ടത്തിലെ രീതികളിൽ നിന്നു വ്യത്യസ്തമായി വലിയൊരു പുരോഗമന ചിന്താഗതിക്കാരനും സ്ത്രീ വിദ്യാഭ്യാസത്തെ ഏറെ താല്പര്യത്തോടെ കാണുകയും ചെയ്ത വ്യക്തിയായിരുന്നു ഗോപാൽ റാവു. അദ്ദേഹമാണ് യമുനയുടെ പേര് മാറ്റി ആനന്ദി എന്നാക്കിയത്. അക്കാലത്ത് ബ്രാഹ്മണർ സംസ്‌കൃത പണ്ഡിതർ തന്നെയായിരുന്നു. സംസ്കൃതപഠനത്തിന് ഏറെ പ്രാധാന്യം അവർ നല്കിയിരുന്നു. എന്നാൽ ഇംഗ്ലീഷുഭാഷ പഠിക്കുന്നത് നല്ലതാണെന്ന ചിന്താഗതിക്കാരനായിരുന്നു ഗോപാൽ റാവു. അദ്ദേഹം അതീവ താല്പര്യത്തോടെ ഇംഗ്ലീഷ് പഠിക്കുകയും പ്രാവീണ്യം നേടുകയും ചെയ്തിരുന്നു.

അദ്ദേഹം ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നത് ഏറെ താല്പര്യത്തോടെയും ശ്രദ്ധയോടെയും ആനന്ദി വീക്ഷിച്ചിരുന്നു. തന്റെ ഭാര്യയ്ക്ക് ഇംഗ്ലീഷ് ഭാഷാപഠനത്തോടുള്ള താല്പര്യം മനസ്സിലാക്കി ഗോപാൽ അവരെ ഇംഗ്ലീഷ് പഠിക്കാൻ സഹായിച്ചു. സ്ത്രീകൾക്ക് അടിസ്ഥാന വിദ്യാഭ്യാസത്തിന് പോലും സ്വാതന്ത്ര്യമില്ലാതിരുന്ന കാലത്താണ്‌ ഈ ദമ്പതിമാർ ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം നേടിയതെന്നുകൂടി ഓർക്കണം.

പതിന്നാലാം വയസ്സിൽ ഇവർക്കൊരു കുഞ്ഞുപിറന്നു. എന്നാൽ കേവലം പത്തുദിവസം മാത്രമാണ് ആ കുഞ്ഞ് ജീവിച്ചിരുന്നത്. ജനിച്ച ഉടനെതന്നെ കുഞ്ഞിന് ചില ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാൻ ആവശ്യമുള്ള ചികിത്സാസൗകര്യമില്ലാത്തതിനാലാണ് 10-ാം നാൾ കുഞ്ഞ്‌ മരിക്കുന്നത്.

സ്വന്തം കുഞ്ഞിന്റെ മരണം ആനന്ദിയുടെ ജീവിതത്തിൽ വഴിത്തിരിവിന് കാരണമായി. ഒരു ഡോക്ടറാകണമെന്ന ചിന്ത ആനന്ദിയുടെ മനസ്സിൽ ഉടലെടുത്തു. ഭർത്താവ് ഗോപാൽറാവുവാണ് ഈ ആഗ്രഹത്തെ ഏറെ സന്തോഷത്തോടെ സ്വീകരിച്ചത്. അദ്ദേഹം സുഹൃത്തായ ഒരു ക്രിസ്ത്യൻ മിഷണറിയുടെ സഹായം തേടി. ക്രിസ്തുമതം സ്വീകരിച്ചാൽ മാത്രമേ അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ അമേരിക്കയിലുള്ള സ്ഥാപനത്തിൽ വൈദ്യശാസ്ത്ര പഠനത്തിന് അനുമതി ലഭിക്കൂ എന്ന്‌ മിഷണറി ദമ്പതിമാരെ അറിയിച്ചു. എന്നാൽ ആനന്ദിയും ഗോപാലും അതിനു തയ്യാറല്ലായിരുന്നു. ആനന്ദിയേയും ഗോപാലിനെയും എങ്ങനെയെങ്കിലും സഹായിക്കണമെന്ന താല്പര്യത്തോടെ അവരെക്കുറിച്ച് അദ്ദേഹം ഒരു ജേണലിൽ എഴുതി.  

തിയോഡിഷ്യ എന്ന ഒരു അമേരിക്കൻ വനിത യാദൃച്ഛികമായി ഇതുവായിക്കാനിടയായി. ആനന്ദിക്ക്‌ പഠനത്തോടുള്ള താല്പര്യം മനസ്സിലാക്കിയ അവർ അമേരിക്കയിൽ താമസ സൗകര്യം ഒരുക്കിക്കൊടുക്കാനും പെൻസിൽ വാനിയായിലെ വനിതാ മെഡിക്കൽ കോളേജിൽ അഡ്മിഷൻ ഒരുക്കിക്കൊടുക്കാനും തയ്യാറായി. അങ്ങനെ അമേരിക്കയിൽ വൈദ്യശാസ്ത്രപഠനത്തിന് കളമൊരുങ്ങിയെങ്കിലും ഇന്ത്യയിലെ അവസ്ഥ വേറയായിരുന്നു.
ആരോഗ്യപരമായി നിരവധി പ്രശ്നങ്ങളിലൂടെ ആനന്ദി കടന്നുപോയി. ചികിത്സകൾ പലതും ഫലം കണ്ടില്ല. അമേരിക്കയിൽ നിന്ന് തിയോഡിഷ്യ പല മരുന്നുകളും അയച്ചുകൊടുത്തു. എങ്കിലും കാര്യമായ മാറ്റം ഉണ്ടായില്ല. കൂനിൻമേൽ കുരു എന്നപോലെ ഗോപാൽ റാവുവിന് സെറാംബൂരിലേയ്ക്ക് സ്ഥലംമാറ്റവും ലഭിച്ചു. എങ്കിലും ഭാര്യയുടെ ഡോക്ടർ സ്വപ്നം പൊലിഞ്ഞുപോകരുതെന്ന് ഗോപാലിന് നിർബന്ധമുണ്ടായിരുന്നു.

ആരോഗ്യം പതിയെ വീണ്ടെടുക്കാമെന്നും ഉന്നത വിദ്യാഭ്യാസം നേടി ഇന്ത്യൻ സ്ത്രീകൾക്ക് ഒരു പ്രചോദനമാകണമെന്നും പറഞ്ഞ് അദ്ദേഹം ആനന്ദിയെ പ്രോത്സാഹിപ്പിച്ചു. എന്നാൽ ദമ്പതിമാരുടെ തീരുമാനത്തെ നാട്ടുകാരും വീട്ടുകാരും ശക്തമായി എതിർത്തു. യഥാസ്ഥിതികരായ സമുദായക്കാർ ഈ തീരുമാനത്തെ ഒരിക്കലും അംഗീകരിക്കില്ലെന്ന് ഉറച്ച് പറഞ്ഞു. എതിർപ്പുകൾക്ക് ആനന്ദിയുടെ തീരുമാനത്തെ മാറ്റാൻ ആയില്ല. അവർ സെറാമ്പൂരിലെ കോളേജ് ഒാഡിറ്റോറിയത്തിൽ സമുദായാംഗങ്ങളുടെ ഒരു യോഗം വിളിച്ചുചേർത്തു. അമേരിക്കയിൽപോയി പഠിക്കാനുള്ള തന്റെ തീരുമാനത്തെക്കുറിച്ചും ഒരു സ്ത്രീ വൈദ്യശാസ്ത്രബിരുദം നേടേണ്ടതിന്റെ ആവശ്യകതയെകുറിച്ചും പഠനാനന്തരം സ്ത്രീകൾക്കുമാത്രമായി ഇന്ത്യയിൽ ഒരു മെഡിക്കൽ കോളേജ് എന്ന സ്വപ്നത്തെക്കുറിച്ചും അവർ സദസ്സിനോട് സംസാരിച്ചു. മാത്രമല്ല താൻ ഒരിക്കലും മതപരിവർത്തനം നടത്തില്ലെന്നും ആനന്ദി അവർക്ക് ഉറപ്പുനല്കി.

ആനന്ദിയുടെ ആ പ്രസംഗം ആളുകളുടെ മനസ്സിനെ വല്ലാതെ സ്വാധീനിച്ചു. എതിർപ്പിന്റെ ശബ്ദം നിലച്ചു. ആ ഓഡിറ്റോറിയത്തിൽ മാത്രമല്ല ഇന്ത്യയിൽ തന്നെ അവരുടെ പ്രസംഗം ചർച്ചചെയ്യപ്പെട്ടു. അനേകർ സാമ്പത്തിക മുൾപ്പെടെയുള്ള സഹായവുമായി മുന്നോട്ടുവന്നു. ഒടുവിൽ 1883 ജൂണിൽ ആനന്ദി അമേരിക്കയിലെത്തി . പെൻസിൽവാനിയയിലെ വനിതാ മെഡിക്കൽ കോളേജിൽ വൈദ്യശാസ്ത്രപഠനം ആരംഭിച്ചു. പൊതുവേ ആരോഗ്യനില മോശമായിരുന്ന ആനന്ദി പരിചയമില്ലാത്ത ഭക്ഷണക്രമം കൊണ്ടും കഠിനമായ തണുപ്പുകൊണ്ടും കൂടുതൽ അവശയായി. എങ്കിലും തന്റെ ലക്ഷ്യം ഏതുവിധേനയും നേടും എന്ന ഒറ്റവാശിയിലായിരുന്നു അവർ.

ഒടുവിൽ 1886 മാർച്ച് 11 ന് എം.ഡി. യോടുകൂടി ഉന്നത വിജയം നേടിക്കൊണ്ട് ആനന്ദി ഇന്ത്യൻ ചരിത്രത്തിൽ ഇടം നേടി. വിക്ടോറിയ രാജ്ഞി ആനന്ദിയെ അഭിനന്ദിച്ചുകൊണ്ട് അവർക്ക് കത്തെഴുതി. ഡോക്ടറായി ഇന്ത്യയിലേക്ക് മടങ്ങിവന്ന ആനന്ദിയെ വലിയ സ്നേഹാദരവുകളോടെയാണ് രാജ്യം വരവേറ്റത്. കോലാപ്പൂരിലെ ആൽബർട്ട് എഡ്‌വാഡ് ആശുപത്രിയിലെ വനിതാവാർഡിന്റെ ചുമതല ആനന്ദി ഏറ്റെടുത്തു എന്നാൽ അധികം നാൾ അവർക്കു ജോലിചെയ്യാൻ സാധിച്ചില്ല. 1887 ഫെബ്രുവരി 26 ന് അനാരോഗ്യത്തെ തുടർന്ന് ആനന്ദി മരിച്ചു. ഇന്ത്യയിൽ ആകമാനം വലിയ വേദനയായിരുന്നു അവരുടെ വേർപാട് സമ്മാനിച്ചത്. 

അനാരോഗ്യത്തിനിടയിലും അമേരിക്കയിൽ പോകാനും പഠിക്കാനും ആനന്ദി കാണിച്ച ഉത്സാഹവും തീക്ഷ്‌ണതയും അവർ നേടിയ ഉന്നതവിജയവും ഇന്ത്യയ്ക്ക് പ്രത്യേകിച്ച് ഇന്ത്യയിലെ സ്ത്രീകൾക്ക് എന്നും പ്രചോദനമാണ്. സ്ത്രീ വിദ്യാഭ്യാസത്തെക്കുറിച്ച് ചിന്തിക്കാൻപോലും സാധിക്കാതിരുന്ന ആ കാലത്ത് ഒരു ഗ്രാമീണ പെൺകൊടി നേടിയ ഈ വിജയം ഇന്ത്യൻ ചരിത്രത്തിൽ തന്നെ നാഴിക്കല്ലാണ്. മകന്റെ വേർപാടിൽ ദുഃഖിച്ച് തളർന്ന് നിരാശയിൽ കഴിയാതെ തന്റെ മകന്റെ അവസ്ഥ ഇനി ആർക്കും ഉണ്ടാകരുതെന്ന നിശ്ചയദാർഢ്യത്തോടെ വൈദ്യശാസ്ത്രം പഠിക്കാൻ ആനന്ദി എടുത്ത തീരുമാനം നമുക്കും പാഠമാകേണ്ടതുണ്ട്. വഴിമുട്ടിയെന്ന് തോന്നുന്ന സന്ദർഭങ്ങളിൽ യാത്ര അവസാനിപ്പിക്കാതെ പുതിയ വഴി കണ്ടെത്താൻ ആനന്ദിയുടെ ജീവിതം നമ്മെയും പ്രേരിപ്പിക്കുന്നു. 

വീട്ടുകാരുടെയും സമുദായക്കാരുടെയും എതിർപ്പിനെ ആനന്ദി നേരിട്ട രീതിയും നമുക്ക്‌ മാതൃകയാക്കാവുന്നതാണ്. ആരുടെയും ശത്രുത സമ്പാദിക്കാതെ നേരിട്ട് അവരോട് കാര്യങ്ങൾ പറഞ്ഞുമനസ്സിലാക്കി തന്റെ തീരുമാനം നടപ്പിലാക്കാൻ ആനന്ദി കാണിച്ച ധീരതയും വൈഭവവും നമുക്കും പിൻചെല്ലാവുന്നതാണ്. ഉറച്ചതും നല്ലതുമായ ഒരു തീരുമാനം സമയോചിതമായി എടുക്കാൻ കഴിഞ്ഞാൽ ജീവിതത്തിൽ വിജയം വരിക്കാൻ നമുക്കും സാധിക്കും. 


writer is... സോഷ്യോളജിയിൽ ബിരുദാനന്തരബിരുദം. മോട്ടിവേഷണൽ ട്രെയിനർ, പാരന്റിങ്‌  വിഷയത്തിൽ ക്ലാസുകളും പ്രഭാഷണങ്ങളും നടത്തുന്നു. സൈക്കോളജി, കൗൺസിലിങ്‌ എന്നിവയിൽ ഡിപ്ലോമ.