രു വയസ്സില്‍ താഴെ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക് പശുവിന്‍പാല്‍ നല്കുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യവിദഗ്ധരുടെ നിര്‍ദേശം. പശുവിന്‍പാല്‍ നല്കുന്നത് കുഞ്ഞിന് അലര്‍ജിയുണ്ടാവാനും ശ്വസന,ദഹന വ്യവസ്ഥകളില്‍ അണുബാധയുണ്ടാവാനും കാരണമാകുമെന്ന പഠനറിപ്പോര്‍ട്ടുകളെ തുടര്‍ന്നാണിത്.

ആവശ്യത്തിന് മുലപ്പാല്‍ ഇല്ലാതെ വരുന്ന അവസ്ഥകളില്‍ കുഞ്ഞുങ്ങള്‍ക്ക് പശുവിന്‍ പാല്‍ നല്കാറുണ്ട്. ഇന്ത്യയുടെ ഗ്രാമപ്രദേശങ്ങളിലാണ് ഈ പതിവ് കൂടുതലായും കണ്ടുവരുന്നത്. എന്നാല്‍,ഒരു വയസ്സാകും മുമ്പ് കുഞ്ഞുങ്ങള്‍ക്ക് പശുവിന്‍ പാല്‍ ദഹിക്കാന്‍ പ്രയാസമാണ്. ഇതില്‍ ഇരുമ്പിന്റെ അംശം കുറവായതുകൊണ്ട് വിളര്‍ച്ചയുണ്ടാവാനുള്ള സാധ്യതയും കൂടുതലാണ്. ദഹനപ്രക്രിയ സുഗമമാകാതെ വരുന്നതോടെ കുഞ്ഞിന്റെ കിഡ്‌നിയെ പോലും പാലിന്റെ ഉപയോഗം ദോഷകരമായി ബാധിക്കുമെന്നും ഡാനോണ്‍ ഇന്ത്യ ന്യൂട്രീഷ്യന്‍ ഹെഡ് ഡോ നന്ദന്‍ ജോഷി പറയുന്നു.

പശുവിന്‍ പാല്‍ കുഞ്ഞുങ്ങളില്‍ അലര്‍ജിയുണ്ടാക്കാനുള്ള സാധ്യത കൂടുതലാണെന്ന് ജയ്പൂരില്‍ നിന്നുള്ള മുതിര്‍ന്ന പീഡിയാട്രീഷ്യനും ഗാസ്‌ട്രോഎന്റെറോളജിസ്റ്റുമായ ലളിത് ഭരദിയ പറയുന്നു. പശുവിന്‍ പാലിലടങ്ങിയിരിക്കുന്ന ഉയര്‍ന്ന അളവിലുള്ള പ്രോട്ടീനാണ് കുഞ്ഞുങ്ങളില്‍ അലര്‍ജിക്ക് കാരണമാകുക. എക്‌സിമ പോലെയുള്ള ത്വക് രോഗങ്ങളോ ശ്വാസം മുട്ടലോ ഒക്കെ ഇതുമൂലം ഉണ്ടാവാം. വയറിളക്കം,ഛര്‍ദ്ദില്‍ തുടങ്ങിയവയും അലര്‍ജിയുടെ ലക്ഷണങ്ങളായി കണക്കാക്കാവുന്നതാണ്.

ഇന്ത്യയിലെ വിവിധ ആശുപത്രികള്‍ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തില്‍ പത്തില്‍ മൂന്ന് കുഞ്ഞുങ്ങളിലും പശുവിന്‍ പാലിന്റെ ഉപയോഗം മൂലമുള്ള അലര്‍ജിയുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഒരു വയസ്സില്‍ താഴെയുള്ള നാല്പത് ശതമാനം കുഞ്ഞുങ്ങള്‍ക്കും പശുവിന്‍ പാല്‍ നല്കാറുണ്ടെന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്ത് പത്തു ശതമാനം കുഞ്ഞുങ്ങള്‍ക്ക് മതിയായ പോഷകാഹാരം ലഭിക്കുന്നില്ലെന്നും  പഠനം പറയുന്നു.