ദ്യോഗസ്ഥരായ സ്ത്രീകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ഉയര്‍ന്ന വിദ്യാഭ്യാസത്തോടൊപ്പം അവനവനെ കുറിച്ചും ലോകത്തെ കുറിച്ചും നേടിയ ഉള്‍ക്കാഴ്ചയുടെ കരുത്തിലാണ് പല സ്ത്രീകളും ഇന്ന് ജോലിക്കായി തയ്യാറായിരിക്കുന്നത്. ജീവിതരീതികളിലുണ്ടായിട്ടുള്ള വ്യത്യാസങ്ങളും അതില്‍ പ്രധാനമാണ്. രണ്ടുപേരുടേയും വരുമാനത്തിലൂടെ മാത്രമേ മുന്നോട്ട് പോകാനാവൂ എന്ന രീതിയില്‍ ജീവിതച്ചെലവുകളിലുണ്ടായിട്ടുള്ള വര്‍ധനവും സ്ത്രീകളെ ജോലിക്കിറങ്ങാന്‍ പ്രേരിപ്പിക്കുന്നുണ്ട്.

പക്ഷേ സ്വന്തമായി അധ്വാനിക്കുന്ന അവരില്‍ ഭൂരിഭാഗവും സ്വന്തമായി യാതൊരു സാമ്പത്തിക സുരക്ഷിതത്വവും ഇല്ലാത്തവരായിരിക്കുമെന്ന് അറിയുമ്പോഴാണ് ഇവര്‍ അധ്വാനിക്കുന്നത് എന്തിന് വേണ്ടിയാണ് എന്ന ചിന്ത ഉയരുന്നത്. പലപ്പോഴും ശമ്പളം അതേപടി ഭര്‍ത്താവിനോ അച്ഛനോ സഹോദരനോ ഏല്‍പ്പിക്കുന്നതിലൂടെ ശമ്പളവുമായുള്ള അവരുടെ ബന്ധമെല്ലാം അവസാനിക്കും. ആയിരങ്ങള്‍ മുതല്‍ ലക്ഷങ്ങള്‍ വരെ പ്രതിഫലം പറ്റുന്നവരായാലും സ്വന്തം ശമ്പളം എങ്ങനെ വിനിയോഗിക്കണമെന്ന് അറിവില്ലാത്തവരായിരിക്കും അവര്‍. 

സാമ്പത്തിക കാര്യങ്ങളിലുള്ള അജ്ഞതയാണ് അതിനുള്ള പ്രധാനകാരണം. റിസ്‌ക് ഏറ്റെടുക്കാന്‍ പലരും തയ്യാറുമല്ല. ഇതില്‍ നിന്നും മാറിചിന്തിക്കേണ്ട കാലം കഴിഞ്ഞു. സ്വന്തമായി സാമ്പത്തികസുരക്ഷിതം ഉറപ്പുവരുത്തേണ്ടത് നിങ്ങളുടെ കടമയാണ്. സ്വന്തം വരുമാനത്തില്‍ ജീവിക്കുന്ന ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം അവരുടെ ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ടത് വളരെ ശ്രദ്ധയോടെ കൃത്യതയോടെ പ്ലാന്‍ ചെയ്ത ഒരു ബജറ്റാണ്. 

വരവും ചെലവും കീറിമുറിച്ച് വിശകലനം ചെയ്തുകൊണ്ടുളള ഒരു ബജറ്റായിരിക്കണം അത്. ഓരോ രൂപയും എവിടെപ്പോകുന്ന എന്ന കൃത്യമായി മനസ്സിലാക്കുന്നതിന് ബജറ്റ് നിങ്ങളെ സഹായിക്കും. അതിലൂടെ മാസം എത്ര രൂപ വീതം നിങ്ങള്‍ക്ക് സേവ് ചെയ്യാനാകും എന്ന ഒരു രൂപരേഖയും ലഭിക്കും. മാത്രമല്ല അനാവശ്യമായ ചെലവുകളെ വെട്ടിച്ചുരുക്കുന്നതിനും ഇത്തരത്തില്‍ പ്ലാന്‍ ചെയ്യുന്ന ബജറ്റുകള്‍ സഹായിക്കും. വേണമെങ്കില്‍ മികച്ച ഒരു സാമ്പത്തിക ഉപദേഷ്ടാവിന്റെ സഹായം സ്വീകരിക്കാം.

മാസച്ചെലവുകള്‍ക്ക് പുറമേ മറ്റു ചില കാര്യങ്ങള്‍ക്കും നിങ്ങളുടെ ബജറ്റില്‍ ഇടം കണ്ടെത്തണം. അതിലൊന്നാണ് എമര്‍ജന്‍സി ഫണ്ട്. അസുഖം മൂലമോ അപകടം മൂലമോ ജോലിക്ക് പോകാന്‍ സാധിക്കാതെ വരുന്ന സമയത്ത് ഇത്തരം എമര്‍ജന്‍സി ഫണ്ടില്‍ സ്വരൂപിക്കുന്ന പണമുപയോഗിച്ച് ചെലവുകള്‍ നടത്താന്‍ സാധിക്കും. പെട്ടെന്നുണ്ടാകുന്ന അസുഖങ്ങള്‍, ലാപ്‌ടോപ്പിന്റെ ബാറ്ററിമാറ്റുക, കാറിനുണ്ടാകുന്ന അറ്റകുറ്റപണികള്‍ തുടങ്ങി അവിചാരിതമായി വരുന്ന ചെലവുകള്‍ക്കുള്ള പണം എമര്‍ജന്‍സി ഫണ്ടില്‍ നിന്ന് കണ്ടെത്താന്‍ സാധിക്കും. 

അതുപോലെ റിട്ടയര്‍മെന്റ് പ്ലാനിനും ഒരു നിശ്ചിത തുക കണ്ടെത്തണം. റിട്ടയര്‍മെന്റിന് ഇനിയും സമയമുണ്ടല്ലോ എന്ന് കരുതി ഉഴപ്പിയാല്‍ സംഗതി നീണ്ടുപോകും. വളരെ ചെറിയ തുകയാണെങ്കിലും നാളേക്കായി കരുതി വക്കുന്നത് നല്ലതാണ്. മറ്റൊന്ന് ഇന്‍ഷുറന്‍സ് ആണ്. നിങ്ങളെ ആശ്രയിച്ചു ജീവിക്കുന്നവരുടെ ജീവിതം സുരക്ഷിതമാക്കാന്‍ ഇത്തരം ഇന്‍ഷുറന്‍സിലൂടെ സാധിക്കും. ഇതിനര്‍ത്ഥം തനിച്ചുജീവിക്കുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ആവശ്യമില്ലെന്നല്ല. 

മികച്ച രീതിയുള്ള സേവിംഗിനും ശമ്പളത്തില്‍ നിന്നും ഒരു നിശ്ചിത ശതമാനം തുക മാറ്റിവെക്കണം. മികച്ച മ്യൂച്ചല്‍ ഫണ്ടുകളില്‍ പണം നിക്ഷേപിക്കുന്നതും ഓഹരിനിക്ഷേപങ്ങള്‍ നടത്തുന്നതും സാമ്പത്തികവളര്‍ച്ചക്ക് ഉപകരിക്കും. വീടോ കാറോ വാങ്ങുന്നതും സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്ന ഒന്നു തന്നെയാണ്. പണം സ്വര്‍ണമായി മാറ്റുന്നതും നല്ലൊരു മാര്‍ഗമാണ്.

ഇതിനെല്ലാമിടയില്‍ തനിക്കുവേണ്ടി ചെലവഴിക്കാന്‍ മടിക്കരുത്. അതോടൊപ്പം തന്നെ ചെലവ് അധികരിക്കാതിരിക്കുന്നതിനും ശ്രദ്ധിക്കണം. ഏത് സാധനം വാങ്ങുമ്പോവും കുറച്ച് സമയമെടുത്ത് ആലോചിച്ച് അത് ആവശ്യമാണോ അത്യാവശ്യമാണോ അനാവശ്യമാണോ എന്ന് ചിന്തിച്ചുറപ്പിച്ചതിന് ശേഷം മാത്രം 
വാങ്ങുന്നതാണ് നല്ലത്. സ്വന്തം അക്കൗണ്ടുമായി ബന്ധപ്പെട്ടുള്ള എല്ലാ കാര്യങ്ങളിലും അപ്റ്റുഡേറ്റ് ആയിരിക്കണം.

പണം എന്തിനെല്ലാം ചെലവഴിച്ചതെന്നും എപ്പോഴാണ് അവസാനം പണം പിന്‍വലിച്ചതെന്നും എല്ലാം ഇടക്കിടക്ക് അവലോകനം ചെയ്യുന്നത് നല്ലതാണ്. ഓരോ രൂപയും എവിടെപ്പോകുന്നുവെന്ന്  കൃത്യമായ രൂപമുണ്ടെങ്കിലേ വളരെ വൃത്തിയായ സാമ്പത്തികസുരക്ഷിതത്വം നേടാന്‍ നിങ്ങള്‍ക്ക് സാധിക്കുകുള്ളൂ.