ർക്കാരുദ്യോഗസ്ഥനായ ഭർത്താവിന്റെ വരുമാനം കൊണ്ട് വാടകയും കുട്ടികളുടെ വിദ്യാഭ്യാസവും മുന്നോട്ട് കൊണ്ടുപോവുവാൻ നീരജ എന്ന വീട്ടമ്മ നന്നെ ബുദ്ധിമുട്ടുകയായിരുന്നു.  വിവിധ ആവശ്യങ്ങൾക്കായി നഗരത്തിൽ എത്തുന്ന ബന്ധുമിത്രാദികൾ മിക്കവാറും ദിവസങ്ങളിൽ അതിഥികളായിട്ടുണ്ടാവും. അതുകൊണ്ട് കുടുംബ ബജറ്റ് പലപ്പോഴും താളം പിഴക്കുമായിരുന്നു. ബി.കോം ബിരുദധാരിയാണ് നീരജയെങ്കിലും പുറത്ത്‌ പോയി ജോലി ചെയ്യുക എന്നത് ബുദ്ധിമുട്ടായിരുന്നു. അപ്പോഴാണ് വീട്ടിലിരുന്നു കൊണ്ടുതന്നെ ചെയ്യാവുന്ന തൊഴിലുകളെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയത്.  

കൊച്ചുകുട്ടികളെ പരിപാലിച്ച് വളർത്തുന്നത് നീരജക്ക് വളരെ ഇഷ്ടമാണ്. വീട്ടിലെ രണ്ടുകുട്ടികൾക്കൊപ്പം മറ്റു കുട്ടികളെയും കൂട്ടി താരാട്ട് ഡേ കെയർ എന്ന സ്ഥാപനം തുടങ്ങി. ഇന്ന് മാതാപിതാക്കൾക്ക് കുട്ടികളെ അവിടെ വിട്ടാൽ മതി. ആവശ്യത്തിന് ഭക്ഷണവും കരുതലും വളരെ ഭംഗിയായി ഈ വീട്ടമ്മ നൽകുന്നു.  കുടുംബത്തെ സാമ്പത്തികമായി സഹായിക്കുന്നതോടൊപ്പം  ഇന്ന് നീരജയും താരാട്ടും അനേകം ഉദ്യോഗസ്ഥ ദമ്പതിമാരുടെ ആശ്രയവുമാണ്. ജീവിതത്തെ  ആത്മാഭിമാനത്തോടും ആത്മവിശ്വാസത്തോടും കൂടിയാണ് ഇന്ന് നീരജ നേരിടുന്നത്. 

നിങ്ങൾക്ക് എന്തിനോടെങ്കിലും അദമ്യമായ പാഷൻ അഥവാ അഭിവാഞ്ഛയുണ്ടോ? കഴിവും അദ്ധ്വാനിക്കുവാനുള്ള മനസ്സുമുണ്ടായാൽ മതി, അഭിമാനകരമായ ജിവിതത്തിന് ഉടമയാകാം. അഞ്ജലി മേനോനും കെ.ആർ. മീരയും തങ്ങളുടെ പ്രഭാതങ്ങൾ എഴുത്തിനായി സമർപ്പിച്ചവരാണ്. അങ്ങനെ ബാംഗ്‌ളൂർ ഡേയ്‌സും ആരാച്ചാരും സൃഷ്ടിക്കപ്പെട്ടു.  വീട്ടിലിരുന്ന് തന്നെ ചെയ്യാവുന്ന ജോലികൾ വീട്ടമ്മമാർക്ക് അനുഗ്രഹമാണ്. നിങ്ങൾ തന്നെ നിങ്ങളുടെ ബോസ്. സമയം രാവിലെ 9 മുതൽ വൈകിട്ട് 6 വരെ എന്നിങ്ങനെയുള്ള ഓഫീസ് സമയത്തിന്റെ ക്ലിപ്തതകളില്ല. വീട്ടുകാര്യവും മക്കളുടെ കാര്യവും ഭംഗിയായി നോക്കുന്നതിന്റെ ചാരിതാർത്ഥ്യം ബോണസ്സായി ലഭിക്കുകയും ചെയ്യും.

നിങ്ങൾ ഒരു പാചക വിദഗ്ധയാണെങ്കിൽ ആഹാരസാധനങ്ങൾ ഉത്‌പാദിപ്പിച്ച് സമീപത്തുള്ള ബേക്കറിയിലെത്തിക്കാം. അറിവും ആത്മവിശ്വാസവുമുണ്ടെങ്കിൽ ട്യൂഷൻ തുടങ്ങാം. കമ്പ്യൂട്ടറും നെറ്റ് നർക്ക് കണക്ഷനുമുണ്ടെങ്കിൽ ഓൺലൈൻ വ്യാപാരത്തലേർപ്പെടാം. ഓൺലൈൻ ട്യൂഷൻ തുടങ്ങാം. ആശയ സംവേദനത്തിന് പ്രാഗത്‌ഭ്യമുണ്ടെങ്കിൽ ബ്ലോഗ് എഴുതാം. വിവിധ ഭാഷാ വിദഗ്ധയെങ്കിൽ തർജമ ചെയ്യാം. ബിസിനസ്‌ താത്‌പര്യമുണ്ടെങ്കിൽ ഷെയർ മാർക്കറ്റിംഗിലേക്ക് കടക്കാം. ഡേറ്റാ എൻട്രി, ഇവന്റ് മാനേജ്‌മെന്റ്, പേയിംഗ് ഗസ്റ്റ്, നോട്ടീസ്, ബ്രോഷർ തുടങ്ങിയ പ്രിന്റിംഗ് മേഖല എന്നിങ്ങനെ വിവിധങ്ങളായ സ്വയം തൊഴിൽ മാർഗങ്ങളുണ്ട്. ഹോബികൾ പണമാക്കി മാറ്റാം. കുടുംബത്തിന്റെ പിന്തുണയും ടീം വർക്കും സഹായകരമാവും. 

ഗാർഹിക ഉത്‌പാദനവും അതിന്റെ വിതരണവും ഒരു രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയും തമ്മിലുള്ള അഭേദ്യമായ ബന്ധം  ഇന്ന് സാമ്പത്തിക ശാസ്ത്രത്തിലെ പ്രധാനപ്പെട്ട ഗവേഷണതലമാണ്. ഈ രംഗത്ത്  പ്രായോഗികമായ ധാരാളം സംഭാവനകൾ നൽകിയ സാമ്പത്തിക ശാസ്ത്രജ്ഞനായ എം.പി. ടെയ്‌ലറിന്റെ അഭിപ്രായത്തിൽ സാമ്പത്തികവും സാമ്പത്തികേതരവുമായ വിവിധ കാരണങ്ങൾ സ്വയം തൊഴിൽ രംഗത്തുണ്ട്.  വരുമാനവും സ്വതന്ത്ര ഇച്ഛയും പ്രവർത്തന സ്വാതന്ത്ര്യവും സ്വയംതൊഴിൽ രംഗത്തെ വളർച്ചക്കുള്ള കാരണങ്ങളാണ്. ആധുനിക തൊഴിൽ മേഖല  നേരിടുന്ന ഒരു വലിയ പ്രശ്നമാണ് വർക്ക് ലൈഫ് ബാലൻസ്. മാറിയ ജീവിത രീതികളാണ് വിവിധ രോഗങ്ങൾക്കും മാനസിക സമ്മർദങ്ങൾക്കും നിദാനമെന്ന് വിവിധ പഠനങ്ങൾ തെളിയിക്കുന്നു.

ക്ലിപ്ത സമയം ഓഫീസിൽ ഇരുന്ന് ജോലി ചെയ്യുന്നതിനേക്കാൾ ഉത്‌പാദനക്ഷമത വീട്ടിലിരുന്ന് ചെയ്യുമ്പോഴാണ് എന്ന പഠനത്തിന്റെ വെളിച്ചത്തിൽ ഇന്ന് പല ബഹുരാഷ്ട്ര ഐ.ടി. കമ്പനികളും വർക്ക് അറ്റ് ഹോം അനുവദിക്കുന്നു. മാത്രവുമല്ല ഓഫീസ് നടത്തിപ്പിന്റെ െചലവ് കുറയ്ക്കുകയും ചെയ്യാം. യു.എസ്. തൊഴിൽമേഖലയിൽ മാത്രം 47 ശതമാനം വർദ്ധനവാണ് ഈ രംഗത്ത് ഉണ്ടായിരിക്കുന്നത്.

സ്വയം തൊഴിലിന് ആഗ്രഹം മാത്രം പോരല്ലോ, പണവും വേണ്ടേ എന്ന് ചിന്തിക്കുന്നവർക്കായി ഉപകാരപ്രദമായ ചില വെബ്‌സൈറ്റുകൾ ഉണ്ട്. സർക്കാർ മേഖലയിൽ india.gov.in, employmentkerala.gov.in എന്നിവ വഴിയായും സ്ത്രീകൾക്ക് മാത്രമായി www.kswdc.org ലൂടെയും വിവരങ്ങൾ ശേഖരിക്കാവുന്നവതാണ്. ഇവ പണവും പരിശീലനവും നൽകുന്നു. കൂടാതെ സ്വകാര്യമേഖലയിൽ വിവിധ ബാങ്കുകൾക്ക്‌ പുറമെ, www. business definer.com, www.theselfemployed.com എന്നിവയും സ്വയം തൊഴിൽ കണ്ടെത്താൻ ശ്രമിക്കുന്നവർക്ക് വഴികാട്ടിയാണ്. എന്നാൽ രജിസ്‌ട്രേഷനും മറ്റുമായി പണം ആവശ്യപ്പെടുന്ന വെബ്‌സൈറ്റുകളുടെ നിജസ്ഥിതി മനസ്സിലാക്കി തട്ടിപ്പിനിരയാകാതിരിക്കുവാൻ ജാഗ്രതയുണ്ടാവണം.  

മാന്യമായി ജീവിക്കണമെന്നത് ഏതൊരു വ്യക്തിയുടേയും അടിസ്ഥാന ആഗ്രഹമാണ്. അതിനാവശ്യമായ ക്രയശേഷി ഓരോരുത്തർക്കും വ്യത്യസ്തരീതിയിലുണ്ട്.  ഈ അനന്യതയെ തിരിച്ചറിയുവാൻ സാധിക്കുക എന്നതാണ് പ്രധാനപ്പെട്ടത്. ആൽബർട്ട് ഐൻസ്റ്റൈൻ അഭിപ്രായപ്പെട്ടതുപോലെ  ഒരു മത്സ്യത്തെ മരത്തിൽ കയറുവാനുള്ള കഴിവ് വച്ച് അളക്കുന്നത് ഭോഷത്തമാണ്. ഫാരഹ് ഗ്രേയുടെ വാക്കുകൾ ഓർക്കുക, നിങ്ങളുടെ സ്വപ്നങ്ങൾ നിങ്ങൾ പൂർത്തീകരിക്കാൻ ശ്രമിച്ചില്ലെങ്കിൽ മറ്റുള്ളവരുടെ സ്വപ്നങ്ങൾക്കായി നിങ്ങൾ ഉപയോഗിക്കപ്പെടും.