സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്നു ജോസഫ്. വിരമിച്ചപ്പോള്‍ കിട്ടിയ തുക കൊണ്ട് ബാധ്യതകളും തീര്‍ത്ത് ബാക്കി സ്ഥിരനിക്ഷേപവും കുറച്ച് സേവിങ്‌സ് അക്കൗണ്ടിലുമിട്ട് കുഴപ്പമില്ലാതെ കഴിയുകയായിരുന്നു. എന്നാല്‍, കുറച്ചുകാലമായി കാര്യങ്ങളൊക്കെ മാറിമറിഞ്ഞു. എല്ലാത്തിനും പൊള്ളുന്ന വില. കിട്ടുന്ന പലിശകൊണ്ട് ഒരുമാസം സുഖമായി കഴിഞ്ഞിരുന്ന ജോസഫിന് ഇന്ന് പതിനഞ്ച് ദിവസം കഴിയുമ്പോഴേ പോക്കറ്റ് കാലി. പ്രായാധിക്യവും മോശമായ ആരോഗ്യസ്ഥിതിയും കാരണം പഴയതുപോലെ ജോലിചെയ്ത് വരുമാനമുണ്ടാക്കാനും കഴിയില്ല. അതിനാല്‍ മുണ്ടുമുറുക്കി ഉടുത്ത് ജീവിക്കാന്‍ ജോസഫ് തീരുമാനിച്ചു. പുതിയ സാഹചര്യത്തില്‍ പൊതുരംഗത്തുനിന്നും വിട്ടുനിന്നു.
ജോസഫിനെ കുറെ നാളായി കാണാത്തതിനാലാണ് പഴയ സഹപ്രവര്‍ത്തകനായ സുഹൃത്ത് ജോസഫിനെക്കാണാന്‍ വീട്ടിലെത്തിയത്. ജോസഫ് തന്റെ പ്രശ്‌നങ്ങള്‍ ആത്മസുഹൃത്തിനോട് പറഞ്ഞു. കാര്യങ്ങള്‍ മനസ്സിലാക്കിയ സുഹൃത്ത് ജോസഫിനോട് നിക്ഷേപരീതികളില്‍ മാറ്റം വരുത്താന്‍ ഉപദേശിച്ചു.
കുറച്ചുപണം എഫ്.എം.പി.യിലേക്ക് മാറ്റി ഒരു പരിധിവരെ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് സുഹൃത്ത് പറഞ്ഞു. അതെങ്ങനെ എന്നായി ജോസഫ്. കൂടുതല്‍ അറിയാന്‍തന്നെ തീരുമാനിച്ചു.
* എന്താണ് എഫ്.എം.പി.?
'ഫിക്‌സഡ് മെറ്റിയൂറിറ്റി പ്ലാന്‍' എന്നതിന്റെ ചുരുക്കമാണ് എഫ്.എം.പി. ഇത് സ്ഥിരനിക്ഷേപംപോലെ നിശ്ചിത കാലാവധിക്കുള്ളില്‍ നിക്ഷേപം നടത്തുന്ന പദ്ധതിയാണ്.
* ഇത് നടപ്പാക്കുന്നത് ആരാണ്?
മ്യൂച്വല്‍ ഫണ്ട് പദ്ധതികള്‍ നടപ്പാക്കുന്ന കമ്പനികളാണ് എഫ്.എം.പി.യും ഇറക്കുന്നത്. അതായത് അസറ്റ് മാനേജ്‌മെന്റ് കമ്പനികള്‍.
* ആര്‍ക്കെല്ലാം ഇതില്‍ നിക്ഷേപിക്കാം?
വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെല്ലാം നിക്ഷേപം നടത്താം.
* അയ്യോ, മ്യൂച്ചല്‍ ഫണ്ട് ആകുമ്പോള്‍ 'റിസ്‌ക്' കാണില്ലേ?
മറ്റ് മ്യൂച്വല്‍ ഫണ്ട് പദ്ധതികള്‍ പോലെ ഓഹരികളിലല്ല എഫ്.എം.പി.യിലെ പണം നിക്ഷേപിക്കുന്നത്. പകരം നല്ല അംഗീകാരമുള്ള കടപ്പത്രങ്ങളിലും പണവിപണിയിലെ മറ്റ് സെക്യൂരിറ്റികളിലുമാണ്. റിസ്‌ക് കുറഞ്ഞതും എന്നാല്‍ വരുമാനം കിട്ടുന്നതുമായ നിക്ഷേപ മാര്‍ഗമാണ് സ്വീകരിക്കുന്നത്.
* വരുമാനം എത്ര കിട്ടും?
എഫ്.എം.പി.യിലെ പണം നിക്ഷേപിക്കുന്നതില്‍ നിന്നും കിട്ടുന്ന റിട്ടേണ്‍ അനുസരിച്ചായിരിക്കും 'വരുമാനം'. ഓരോ പദ്ധതിയും തുടങ്ങുമ്പോള്‍ മാത്രമേ ഏകദേശമുള്ള റിട്ടേണ്‍ അറിയാന്‍ കഴിയൂ. എന്നാല്‍, മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് നിലവില്‍ വരുമാനം ഉറപ്പ് നല്‍കാനും കഴിയില്ല.
* ഇതിന് കാലാവധി എത്ര വര്‍ഷമാണ്?
ഇത് 30, 45, 90 ദിവസം, 2,3 വര്‍ഷം കാലളയവിലേക്ക് ഉണ്ടാകും. ഇതില്‍ ഇഷ്ടമുള്ള കാലാവധി തിരഞ്ഞെടുക്കാം.
* എത്ര തുകവേണം നിക്ഷേപിക്കാന്‍?
അയ്യായിരം മുതല്‍ എത്രതുക വേണമെങ്കിലും നിക്ഷേപിക്കാം.
* നിക്ഷേപിക്കാന്‍ മറ്റെന്തെങ്കിലും വേണമോ?
മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിന് വേണ്ടതുപോലെ 'പാന്‍കാര്‍ഡു'ം ബാങ്ക് അക്കൗണ്ടും വേണം.
* എന്തുകൊണ്ടാണ് എഫ്.എം.പി.ക്ക് സ്ഥിരംനിക്ഷേപത്തിനേക്കാള്‍ (എഫ്.ഡി) കൂടുതല്‍ വരുമാനം കിട്ടാന്‍ കാരണം?
എഫ്.എം.പി. പദ്ധതികളിലെ വരുമാനത്തിന് എഫ്.ഡി.യേക്കാള്‍ കുറഞ്ഞ ആദായനികുതി ബാധ്യത മാത്രമാണ് ഉള്ളത്. നിക്ഷേപത്തിന് കിട്ടുന്ന വരുമാനത്തിന് പുറമെ ആദായനികുതിയിളവും കൂടി ലഭിക്കുന്നതുകൊണ്ടാണ്കൂടുതല്‍ വരുമാനം നല്‍കാന്‍ എഫ്.എം.പി. പദ്ധതിക്ക് കഴിയുന്നത്.

' ബി.രാജേന്ദ്രന്‍
E-mail: rajendransurplusOgmail.com.