നഗരത്തിലെ അറിയപ്പെടുന്ന ഓട്ടോ ഡ്രൈവറാണ് ശ്രീകുമാര്‍. പാര്‍ട്ടിയുടെ പരിപാടി ഉണ്ടെങ്കില്‍ അന്ന് ഓട്ടം ഇല്ല.
ഒരു ശനിയാഴ്ച നോക്കി വണ്ടിയിലെ പതിവ് സവാരിക്കാരനായ മ്യൂച്വല്‍ ഫണ്ട് കമ്പനിയിലെ മാനേജരെ കാണാന്‍ തീരുമാനിച്ചു.

* സാറെ, ഇവിടെ എന്താ ഓഹരി കച്ചവടമാണോ നടക്കുന്നത്?

അല്ല. മ്യൂച്വല്‍ ഫണ്ട് നിക്ഷേപമാണ്. എന്താ ശ്രീകുമാറിന് ഓഹരിയില്‍ നിക്ഷേപിക്കണോ?

* ഓ. അങ്ങനെയൊന്നും ഇല്ല. എന്താണെന്ന് അറിയാനാ.

മ്യൂച്ചല്‍ ഫണ്ടും ഓഹരികളില്‍ തന്നെയാണ് പ്രധാനമായും നിക്ഷേപിക്കുന്നത്. ആദ്യമായി നിക്ഷേപിച്ച് തുടങ്ങുന്നതിന് മ്യൂച്ചല്‍ ഫണ്ടുകളാണ് നല്ലത്. അനേകം നിക്ഷേപകരില്‍നിന്നും ചെറിയ തുകകള്‍ ഉള്‍പ്പെടെ പണം സ്വരൂപിച്ച് ധനകാര്യവിദഗ്ദ്ധരുടെ സഹായത്തോടെ ഓഹരികള്‍ തിരഞ്ഞെടുത്ത് നിക്ഷേപം നടത്തുകയാണ് മ്യൂച്ചല്‍ ഫണ്ടുകള്‍ ചെയ്യുന്നത്. നേരിട്ടുള്ള ഓഹരി നിക്ഷേപത്തിന്റെ ബുദ്ധിമുട്ടില്ല. ഒപ്പം ഓഹരിയുടെ നേട്ടവും കിട്ടും.

* ഓ. അതിനെല്ലാം വലിയ തുക വേണം അല്ലേ സാറേ?

ഏയ് അങ്ങനെയൊന്നും ഇല്ല. മാസം നൂറ് രൂപ മുതല്‍ എത്ര വേണമെങ്കിലും നിക്ഷേപിക്കാം.

* മാസം നൂറ് രൂപയ്ക്കും പറ്റുമോ?

അതെ. ശ്രീകുമാറിന് ഏതെങ്കിലും ബാങ്കില്‍ അക്കൗണ്ട് ഉണ്ടോ?

* കൊള്ളാം. എനിക്ക് രണ്ട് ബാങ്കില്‍ അക്കൗണ്ട് ഉണ്ട്. വണ്ടിയുടെ ലോണിനുവേണ്ടി തുടങ്ങിയതാ.

എന്നാല്‍ ഇനി ഒരു പാന്‍ കാര്‍ഡ്കൂടി എടുക്കണം.

* അയ്യോ. അത് ഇന്‍കംടാക്‌സ് അല്ലേ? അതെടുത്താല്‍ പുലിവാലാകും.

ഏയ്. അത് തിരിച്ചറിയല്‍ കാര്‍ഡും റേഷന്‍ കാര്‍ഡും പോലയേ ഉള്ളൂ. ഒരു കളര്‍ ഫോട്ടോയും തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പിയും ഉണ്ടെങ്കില്‍ 100 രൂപയ്ക്ക് അകത്തെ ചെലവേ ഉള്ളൂ. നമുക്ക് അതെടുക്കാം.

* എല്ലാ മാസവും പൈസ അടയ്ക്കാന്‍ ഞാന്‍ ഇവിടെ വരണമോ സാറേ?

ഇല്ല. നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ പണം ഉണ്ടായിരുന്നാല്‍ മതി. തുക കൃത്യമായി നിങ്ങള്‍ പറയുന്ന തീയതിയില്‍ എടുത്തുകൊള്ളും.

* കൂടുതല്‍ തുക വല്ലതും എടുക്കുമോ സാറേ?

ഇല്ല. നിങ്ങള്‍ ആദ്യം പറഞ്ഞ തുക മാത്രമേ എടുക്കുകയുള്ളു. വേണമെങ്കില്‍ നിങ്ങള്‍ക്ക് തുക കൂട്ടുകയോ കുറയ്ക്കുകയോ നിര്‍ത്തുകയോ ഒക്കെ ചെയ്യാം.

* പണം അടച്ചതിന് എന്ത് തെളിവാണ് കിട്ടുന്നത്?

എല്ലാ മാസവും തുക കിട്ടിയാല്‍ ഉടന്‍തന്നെ, ആ തുകയ്ക്ക് തുല്യമായ യൂണിറ്റ് അനുവദിച്ച് നല്‍കും. സ്ഥിരമായി നിക്ഷേപിക്കുന്നതുകൊണ്ടുതന്നെ വിലവര്‍ധനവും വിലക്കുറവും നിങ്ങളുടെ നിക്ഷേപത്തെ ബാധിക്കി.ല്ല.

* അതെങ്ങനെയാണ് സാറെ?

വില കുറയുമ്പോള്‍ നിങ്ങള്‍ക്ക് കൂടുതല്‍ യൂണിറ്റ് കിട്ടും.

* എങ്ങനെ ഇത് തിരിച്ച് പണമാക്കും?

നിങ്ങളുടെ ബാങ്ക് അക്കൗണ്ട്‌വഴിതന്നെ ഇത് മാറാന്‍ കഴിയും. 10 ദിവസത്തിനകം യൂണിറ്റ് പണമാക്കി മാറ്റാം.

* സാറെ, ഇതെല്ലാം എന്റെ മകള്‍ക്ക് വേണ്ടിയാ. അവളുടെ പേര് കൂടി ഇതില്‍ ചേര്‍ക്കാന്‍ പറ്റുമോ?

തീര്‍ച്ചയായും അവകാശിയായി മോളുടെ പേര് എഴുതിയാല്‍ മതി. അതിനും സൗകര്യമുണ്ട്. കൂടാതെ ഭാര്യയുടെ പേരും ചേര്‍ത്ത് കൂട്ടായും നിക്ഷേപിക്കാം.

* ആ: എന്നാലും ഇതിനെല്ലാം പലിശ ഏകദേശം എത്ര കിട്ടും?

പലിശയായിട്ടല്ല. പക്ഷേ, നമ്മുടെ പണം നിക്ഷേപിച്ചിട്ടുള്ളത് പല കമ്പനികളുടെ ഓഹരികളിലാണ്. അതിന്റെ വില കൂടുന്നതിന് അനുസരിച്ച് മ്യൂച്വല്‍ ഫണ്ട് യൂണിറ്റിന്റെ വിലയും കൂടും. സാധാരണ ഫണ്ടുകളില്‍നിന്നും 15 മുതല്‍ 20 ശതമാനം വരെ നേട്ടം കിട്ടാറുണ്ട്.

* സാറെ. എന്തായാലും എനിക്ക് ഇതില്‍ ചേരുകയും വേണം. കൂടുതല്‍ അറിയുകയും വേണം. അടുത്ത ആഴ്ച ഞാന്‍ വരാം. അന്നെനിക്ക് കൂടുതല്‍ പറഞ്ഞുതരണേ?


വന്നോളൂ. പറഞ്ഞുതരാം.


-ബി.രാജേന്ദ്രന്‍


(എം.ഡി., സര്‍പ്ലസ് ക്യാപ്പിറ്റല്‍ മാര്‍ക്കറ്റ് പ്രൈവറ്റ് ലിമിറ്റഡ്)