ലഭ്യമായ നിക്ഷേപസാധ്യതകള്‍ പ്രയോജനപ്പെടുത്തിയാല്‍ അധ്വാനിച്ചുണ്ടാക്കുന്ന വരുമാനം നികുതിയായി കൊടുക്കേണ്ടിവരില്ലവര്‍ഷം മുഴുവന്‍ അധ്വാനിച്ചുണ്ടാക്കിയ വരുമാനത്തില്‍ നിന്ന് ഒരു നിശ്ചിത തുക നികുതിയായി നല്‍കേണ്ടിവരുന്നത് അത്ര താല്പര്യമുള്ള കാര്യമാകില്ല. പക്ഷേ 1,10,000 രൂപക്ക് മുകളില്‍ വാര്‍ഷിക വരുമാനമുള്ള പുരുഷന്‍മാരും 1,45,000 രൂപക്ക് മേല്‍ വരുമാനമുള്ള സ്ത്രീകളും (സ്ലാബില്‍ വര്‍ഷാവര്‍ഷം മാറ്റം വരാം) ആദായനികുതി നല്‍കിയേ മതിയാകൂ.
വെട്ടിപ്പ് നടത്തി നികുതി നല്‍കുന്നതില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് കുറ്റകരമാണ്. പക്ഷേ തികച്ചും ന്യായമായ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ആകര്‍ഷകമായ കുറവ് ആദായനികുതിയില്‍ നേടിയെടുക്കാന്‍ സര്‍ക്കാര്‍ തന്നെ വഴിയൊരുക്കിതരുന്നുണ്ട്. അതിനനുസരിച്ച് നീങ്ങുന്നവര്‍ക്ക് നികുതിയിനത്തില്‍ നല്ല തുക ലാഭിക്കാന്‍ കഴിയും.
നികുതി ബാധകമായ തുകയില്‍ നിന്ന് ഒരു ലക്ഷം രൂപയുടെ ഇളവുനേടാന്‍ ഏതൊരാള്‍ക്കും ഉപയോഗിക്കാവുന്ന നിക്ഷേപപദ്ധതികളുണ്ട്. ആദായ നികുതി വകുപ്പ് സെക്ഷന്‍ 80 സി പ്രകാരം ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍, ഓഹരിയധിഷ്ഠിത മ്യൂച്വല്‍ ഫണ്ട് നിക്ഷേപം, അഞ്ചുവര്‍ഷത്തെ ബാങ്ക് സ്ഥിരനിക്ഷേപം, പി.എഫ്., പി.പി.എഫ്., അടിസ്ഥാന വികസനത്തിനുള്ള കമ്പനികളുടെ ഓഹരികള്‍, കടപ്പത്രങ്ങള്‍ എന്നിവക്കെല്ലാം നികുതി ഇളവുണ്ട്. പുറമെ കുട്ടികളുടെ ട്യൂഷന്‍ ഫീസ്, ഭവനവായ്പയുടെ മുതലിലേക്ക് അടയ്ക്കുന്ന തുക എന്നിവയ്ക്കും 80സി പ്രകാരം ഇളവുണ്ട്. മക്കളുടെ വിദ്യാഭ്യാസത്തിനുള്ള വായ്പക്കുമുണ്ട് ഇളവ്.
ശമ്പള വരുമാനക്കാര്‍ക്ക് ശമ്പളമായി ലഭിക്കുന്ന തുകയില്‍ വിവിധ ചെലവുകള്‍ക്കായി കാര്യമായ ഇളവുകള്‍ ലഭിക്കുന്നില്ല എന്നതിനാല്‍ നികുതി ഇളവ് നേടാനുള്ള മാര്‍ഗങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തുകയാണ് പോംവഴി. മികച്ച നിക്ഷേപമാര്‍ഗങ്ങളിലൊന്നാണ് പി.എഫ്. എന്നതിനാല്‍ നികുതി ബാധ്യത പരിഗണിച്ച് അതില്‍ കൂടുതല്‍ തുക നിക്ഷേപിക്കാം. വീട്ടുവാടക അലവന്‍സാണ് ശമ്പളക്കാര്‍ക്ക് ഇളവു നേടാനുള്ള മറ്റൊരു മാര്‍ഗം.
ഡോക്ടര്‍മാര്‍, പ്രൊഫഷണലുകള്‍, അഡ്വക്കേറ്റുകള്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ തുടങ്ങിയ പ്രൊഫഷണലുകള്‍ക്കെല്ലാം സെമിനാറുകളില്‍ പങ്കെടുത്തതിനും തൊഴിലുമായി ബന്ധപ്പെട്ട പുസ്തകങ്ങളോ ഉപകരണങ്ങളോ വാങ്ങിയതിനുള്ള ചെലവുകള്‍ക്കും ഇളവ് നേടാം. അഞ്ചുവര്‍ഷ കാലാവധിയുള്ള പോസ്റ്റോഫീസ് നിക്ഷേപങ്ങള്‍ നികുതി ഇളവിന് ബാധകമാണ്. എന്നാല്‍ ബാങ്ക് എസ്.ബി. എക്കൗണ്ടില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിന് നികുതി ഇളവ് കിട്ടില്ല.


ആദായനികുതി ഇളവ് അനുഭവിക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ച് വായനക്കാരുടെ ഏതാനും സംശയങ്ങളും അവയ്ക്കുള്ള മറുപടിയും.ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍ക്ക് ആദായനികുതിയിളവ് കിട്ടുമോ? ഇന്നത്തെ അവസ്ഥയില്‍ ഇതില്‍ പണം നിക്ഷേപിക്കുന്നത് ലാഭകരമാണോ?


രാധികാ നായര്‍, ഏറ്റുമാനൂര്‍

200607ല്‍ ധനകാര്യ നിയമത്തില്‍ വന്ന ഭേദഗതിപ്രകാരം നിശ്ചിത ബാങ്ക് നിക്ഷേപങ്ങള്‍ക്ക് ആദായനികുതി നിയമത്തിലെ 80സി (80ര) വകുപ്പു പ്രകാരം വരുമാനത്തില്‍ നിന്നുള്ള കിഴിവിന് അര്‍ഹതയുണ്ട്. 28.07.2006 ല്‍ റിസര്‍വ്വ് ബാങ്ക് പുറപ്പെടുവിച്ച 203/2006 വിജ്ഞാപന പ്രകാരം നിലവില്‍ വന്ന 'ബാങ്ക് ടേം ഡിപ്പോസിറ്റ് സ്‌കീം-2006'ല്‍ ഇതു സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട്.
വ്യക്തികള്‍ക്കോ ഹിന്ദു അവിഭക്ത കുടുംബങ്ങള്‍ക്കോ ഈ പദ്ധതിപ്രകാരം ഷെഡ്യൂള്‍ഡു ബാങ്കുകളില്‍ സ്ഥിരനിക്ഷേപം നടത്തി വകുപ്പ് 80സിയുടെ പ്രയോജനമെടുക്കാം (കൂടിയ പരിധിയായ ഒരു ലക്ഷം രൂപയ്ക്കുള്ളില്‍ മാത്രം). കൂട്ടായ നിക്ഷേപങ്ങളില്‍ ഒന്നാം പേരുകാരനാണ് കിഴിവിന് അര്‍ഹത. നിക്ഷേപവേളയില്‍ 'പാന്‍' നിര്‍ബന്ധമാണ്. കുറഞ്ഞ നിക്ഷേപത്തുക 100 രൂപയും കൂടിയത് ഒരു ലക്ഷം രൂപയുമാണ്. നിക്ഷേപ കാലാവധിയായ അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇത് പിന്‍വലിക്കാനോ പണയപ്പെടുത്താനോ പാടില്ല. നിലവിലുള്ള പലിശ നിരക്ക് ഒന്‍പത് ശതമാനം. കാലാവധി കഴിയുമ്പോള്‍ മുതലിനോടൊപ്പമോ, പ്രതിമാസമോ, ത്രൈമാസമായോ, അര്‍ദ്ധ വാര്‍ഷികമായോ, വാര്‍ഷികമായോ പലിശ ലഭിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്ക് മറ്റു നിക്ഷേപങ്ങള്‍ക്കു ലഭ്യമായ വര്‍ദ്ധിച്ച പലിശനിരക്ക് ഈ പദ്ധതി പ്രകാരമുള്ള നിക്ഷേപങ്ങള്‍ക്കും ലഭ്യമാണ്. നോമിനേഷന്‍ സൗകര്യവുമുണ്ട്. ലഭിക്കുന്ന പലിശയ്ക്ക് ആദായ നികുതി ബാദ്ധ്യതയുണ്ട്.


പ്രോവിഡന്റ് ഫണ്ട്


പബ്ലിക്ക് പ്രോവിഡന്റ് ഫണ്ടില്‍ പണം നിക്ഷേപിക്കുന്നതുകൊണ്ട് എന്തെല്ലാം നേട്ടമാണ് നിക്ഷേപകന് കിട്ടുന്നത്?ഗോണ്‍സാല്‍വസ്, കുന്ദംകുളം പ്രോവിഡന്റ് ഫണ്ടിലും പബ്ലിക്ക് പ്രോവിഡന്റ് ഫണ്ടിലും ആദായ നികുതിയിളവിന് സാധ്യതയുണ്ടോ?


രൂപേഷ് മാര്‍ട്ടിന്‍, കോട്ടയം

വരുമാനം ഉടനെ വേണമെന്നില്ല എന്നുള്ളവര്‍ക്ക് അനുയോജ്യമായ നിക്ഷേപപദ്ധതിയാണ് പബ്ലിക്ക് പ്രോവിഡന്റ് ഫണ്ട്. ഒരു ദീര്‍ഘകാല നിക്ഷേപപദ്ധതിയാണിത്. വ്യക്തികള്‍ക്ക് നിക്ഷേപം നടത്താം. കുറഞ്ഞ നിക്ഷേപം പ്രതിവര്‍ഷം 500 രൂപയും കൂടിയത് 70,000 രൂപയുമാണ്. കാലാവധി 15 വര്‍ഷം (ഇത് ദീര്‍ഘിപ്പിക്കാനും വ്യവസ്ഥയുണ്ട്.) 8 ശതമാനം നിരക്കില്‍ പ്രതിവര്‍ഷ കൂട്ടുപലിശ നിക്ഷേപ കാലാവധിക്കു ശേഷം ലഭിക്കും. വകുപ്പ് 10(11) പ്രകാരം പലിശ വരുമാനം നികുതി വിമുക്തമാണ്. ഹെഡ് പോസ്റ്റ് ഓഫീസുകള്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യയുടെ ശാഖകള്‍, പ്രത്യേകം പ്രഖ്യാപിച്ച ദേശസാല്‍കൃത ബാങ്കുകളുടെ ശാഖകള്‍ എന്നിവയില്‍ നിക്ഷേപ സൗകര്യമുണ്ട്. നിക്ഷേപം തീര്‍ത്തും സുരക്ഷിതമാണ്. നോമിനേഷന്‍ സൗകര്യവുമുണ്ട്. അക്കൗണ്ടിലുള്ള തുക ജപ്തി ചെയ്യാനാവില്ല. പദ്ധതിയില്‍ ചേര്‍ന്ന് മൂന്നു വര്‍ഷത്തിനുശേഷം ഉപാധികള്‍ക്കും പരിധികള്‍ക്കും വിധേയമായി വായ്പ ലഭിക്കും. ആറാം വര്‍ഷത്തില്‍ ഉപാധികള്‍ക്കു വിധേയമായി പണം ഭാഗികമായി പിന്‍വലിക്കാം. നോമിനേഷന്‍ നടത്താതെ നിക്ഷേപകന്‍ മരിക്കുകയാണെങ്കില്‍ ഒരു ലക്ഷം രൂപവരെയുള്ള തുക അനന്തരാവകാശികള്‍ക്ക് കൈപ്പറ്റാം. ഈ തുകയ്ക്കു മുകളിലുള്ളവ നോമിനേഷനില്ലാതെ ലഭിക്കണമെങ്കില്‍ കോടതിയില്‍ നിന്നുള്ള അനന്തരാവകാശ സാക്ഷ്യപത്രം ഹാജരാക്കേണ്ടിവരും.
ശമ്പള വരുമാനക്കാരെ സംബന്ധിച്ച് നിര്‍ബ്ബന്ധിത നിക്ഷേപമാണ് പ്രോവിഡന്റ് ഫണ്ട്.
പി.എഫ്. ഉള്ളവര്‍ക്കും പബ്ലിക്ക് പ്രോവിഡന്റ് ഫണ്ടില്‍ ചേരാം. വകുപ്പ് 80 സി പ്രകാരമുള്ള കൂടിയ കിഴിവായ ഒരു ലക്ഷം രൂപയ്ക്കുള്ളിലേ നിക്ഷേപം നടത്തിയിട്ടു കാര്യമുള്ളൂ. ഈ കൂടിയ പരിധിക്കുള്ളില്‍ എല്‍.ഐ.സി. പ്രീമിയങ്ങള്‍, കുട്ടികളുടെ ട്യൂഷന്‍ ഫീസ്, നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ് നിക്ഷേപങ്ങള്‍, ഭവനവായ്പ, എന്നീ തിരിച്ചടവുകള്‍, ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്‌സ് സ്‌കീമുകള്‍ എന്നിവയും ഉള്‍പ്പെടുന്നു എന്നു വരുമ്പോഴാണ് ഈ പരിധിയുടെ ശുഷ്‌കത വെളിവാകുന്നത്.പ്രതിമാസം 25000 രൂപ വരുമാനമുള്ള ഒരാളാണ് ഞാന്‍. ആദായ നികുതി ഇളവ് നേടാന്‍ ഏതു നിക്ഷേപ മാര്‍ഗ്ഗമാണ് നല്ലത്?


മനു ജയിംസ്, തൃശ്ശൂര്‍

പ്രതിമാസം 25000 രൂപ വരുമാനം. അപ്പോള്‍ വര്‍ഷത്തില്‍ 3 ലക്ഷം രൂപ വരുമാനമായി. ഇതില്‍ വകുപ്പ് 80 സി പ്രകാരമുള്ള കൂടിയ കിഴിവ് ഒരു ലക്ഷം രൂപ മാത്രം. പിന്നീടുള്ള കിഴിവുകള്‍ സമ്പാദ്യമാണ് എന്നു തീര്‍ത്ത് പറയാനാവില്ല. ഉദാഹരണത്തിന് വകുപ്പ് 80 ഡി പ്രകാരം മെഡിക്കല്‍ ഇന്‍ഷുറന്‍സ് പ്രീമിയത്തിനു ലഭ്യമായ 10,000 രൂപയുടെ കിഴിവ്, വകുപ്പ് 24 പ്രകാരം ഭവനവായ്പാ പലിശയ്ക്കു ലഭ്യമായ കിഴിവ്, (കൂടിയത് 1 ,50,000രൂപ), അംഗീകൃത സംഭാവനകള്‍ക്കുള്ള കിഴിവ് (വകുപ്പ് 80 ജി) വാടക നല്‍കുമ്പോള്‍ ലഭ്യമായ കിഴിവ്-കൂടിയത് പ്രതിമാസം 2000 രൂപ (വകുപ്പ് 80 ജിജി), വകുപ്പ് 80 ഇ പ്രകാരം വിദ്യാഭ്യാസ വായ്പയുടെ പലിശയ്ക്കു ലഭ്യമായ കിഴിവ് (പരിധികളില്ല) തുടങ്ങിയവ. അതിനാല്‍ താങ്കളുടെ സഹചര്യങ്ങള്‍ക്കനുസരിച്ചു മാത്രമേ നികുതി സംവിധാനം ചെയ്യാനാവൂ.
ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്‌സ് സ്‌കീമില്‍ നഷ്ടസാധ്യത ഏറെയാണെന്നു കേട്ടു. ഇത് എത്രത്തോളം ശരിയുണ്ട്.
വിനയ മേനോന്‍, കണ്ണൂര്‍
ഓഹരി വിപണിയുമായി ബന്ധപ്പെട്ടുകിടക്കുന്ന ഏതു നിക്ഷേപത്തിനും നഷ്ടസാധ്യത കൂടുതലാണ്. വിപണിയില്‍ നിക്ഷേപം നടത്തുന്ന മ്യൂച്ച്വല്‍ ഫണ്ടുകള്‍ അവതരിപ്പിക്കുന്ന പദ്ധതികളാണിത്. യൂണിറ്റുകള്‍ പണമാക്കി മാറ്റുമ്പോള്‍ ലഭിക്കുന്ന മൂലധന ലാഭമാണ് പദ്ധതികളുടെ മുഖ്യ ആകര്‍ഷണമെന്നിരിക്കേ ഭാവിയിലുള്ള നഷ്ടസാധ്യതകളും തള്ളിക്കളയാനാവില്ല. നിക്ഷേപകന്റെ പ്രായം, ലഭ്യമായ വരുമാനം എന്നിവ പരിഗണിച്ച് മൊത്തം നിക്ഷേപത്തിന്റെ 20 മുതല്‍ 40 ശതമാനം വരെ ഇത്തരം നിക്ഷേപങ്ങളില്‍ മുതല്‍ മുടക്കാം.
ഇന്‍ഷുറന്‍സ് ഏത് വേണം
പരമ്പരാഗത ലൈഫ് ഇന്‍ഷൂറന്‍സ് പോളിസികള്‍ക്ക് ആകര്‍ഷകത്വം കുറഞ്ഞിട്ടുണ്ടോ? ഇത്തരം ഇന്‍ഷൂറന്‍സുകളുടെ പ്രീമിയത്തിന് നികുതിയിളവുണ്ടോ?
നാരായണന്‍ കുട്ടി, കാലടി
പരമ്പരാഗത ലൈഫ് ഇന്‍ഷൂറന്‍സ് പോളിസികള്‍ എന്നു പറയുമ്പോള്‍ താങ്കള്‍ ഉദ്ദേശിക്കുന്നത് ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍ പോളിസികളാണ് എന്നു തോന്നുന്നു. ഇന്‍ഷൂറന്‍സ് മേഖലയില്‍ സ്വകാര്യ കമ്പനികള്‍ പലതരം പോളിസികള്‍ ഇറക്കി മാര്‍ക്കറ്റ്, തന്ത്രങ്ങള്‍ പലതും ഇറക്കുന്നുണ്ടെങ്കിലും ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്‍ഡ്യയുടെ സാമ്പത്തിക സുരക്ഷിതത്വം ഇവയ്ക്കു നല്‍കാനാവുമോ എന്നതു കണ്ടറിയണം.
സ്വന്തം പേരിലോ, ജീവിത പങ്കാളിയുടെ പേരിലോ കുട്ടികളുടെ പേരിലോ അടയ്ക്കുന്ന ഇന്‍ഷൂറന്‍സ് പ്രീമിയത്തിന് വകുപ്പ് 80സി പ്രകാരം കിഴിവിന് അര്‍ഹതയുണ്ട്. മക്കള്‍ക്ക് പ്രായപൂര്‍ത്തി ആയാലും, വിവാഹം കഴിഞ്ഞവരായാലും കിഴിവിനുള്ള അര്‍ഹത നഷ്ടപ്പെടുന്നില്ല. ഹിന്ദു അവിഭക്ത കുടുംബങ്ങള്‍ അംഗങ്ങളുടെ പേരില്‍ അടയ്ക്കുന്ന പ്രീമിയത്തിനും കിഴിവ് കിട്ടും. പക്ഷേ, ഇവയില്‍ നിന്നു ലഭിക്കുന്ന വരുമാനം (ബോണസ്) ആകര്‍ഷണീയമാണെന്നു പറയാനാവില്ല. എന്നാല്‍ ആശ്രിതര്‍ക്കു സാമ്പത്തിക സുരക്ഷിതത്വം നല്‍കുന്ന ഇന്‍ഷൂറന്‍സ് സംരക്ഷണം കൂടി കണക്കിലെടുക്കണം. പോളിസികളില്‍ നിന്നും ലഭിക്കുന്ന ബോണസിന് ഉപാധികള്‍ക്കു വിധേയമായി നികുതി ഈടാക്കാറില്ല.

പെന്‍ഷന്‍ ഫണ്ടുകള്‍
ആദായ നികുതി നിയമത്തിലെ 80 സിസിസി പ്രകാരം അംഗീകൃത പെന്‍ഷന്‍ ഫണ്ടുകളിലെ നിക്ഷേപങ്ങള്‍ക്ക് കിഴിവുണ്ട്. പക്ഷേ, ഈ പദ്ധതികള്‍ പ്രകാരം മുതലിനോട് കൂട്ടിച്ചേര്‍ക്കപ്പെടുന്ന ബോണസ്, പലിശ എന്നിവയ്ക്ക് നികുതിയിളവ് ലഭ്യമല്ല. പദ്ധതികളില്‍ നിന്ന് നികുതിദായകനോ, നോമിനിക്കോ ലഭിക്കുന്ന തുകകള്‍ ആ വര്‍ഷത്തെ ആദായമാക്കി കണക്കാക്കി നികുതി നല്‍കേണ്ടതുണ്ട്. ഈ പദ്ധതി പ്രകാരമുള്ള അടവുകള്‍ക്കും വകുപ്പ് 80 സി പ്രകാരമുള്ള അടവുകള്‍ക്കും ചേര്‍ത്ത് ലഭ്യമായ കിഴിവിനുള്ള ഉയര്‍ന്ന പരിധി ഒരു ലക്ഷം രൂപയാണ്.
ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80സി എന്താണ്? ഇതു പ്രകാരം ഇളവ് വാഗ്ദാനം ചെയ്യുന്ന നിക്ഷേപ പദ്ധതികള്‍ ഏതൊക്കെയാണ്?
ഇസ്മായില്‍, കൊല്ലം
വകുപ്പ് 80സി പ്രകാരമുള്ള കിഴിവുകളില്‍ ഉള്‍പ്പെടുത്താവുന്നവ ഈ ലേഖനത്തില്‍ നേരത്തെ പരാമര്‍ശിച്ചിട്ടുള്ളവ കൂടാതെ രണ്ട് പ്രധാനപ്പെട്ട ഇനങ്ങള്‍കൂടിയുണ്ട്.
നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റുകള്‍
കൃത്യമായ വരുമാനം ഉറപ്പുതരുന്ന നിക്ഷേപ പദ്ധതിയാണിത്. കാലാവധി, ആറു വര്‍ഷം. വ്യക്തികള്‍ക്ക് ഒറ്റയ്‌ക്കോ കൂട്ടായോ നിക്ഷേപിക്കാം. മൈനര്‍മാരായ കുട്ടികള്‍ക്കുവേണ്ടി രക്ഷിതാക്കള്‍ക്കും നിക്ഷേപം നടത്താം.
പ്രതിവര്‍ഷം 8 ശതമാനം നിരക്കിലാണ് പലിശ. ഇത് അര്‍ദ്ധ വര്‍ഷത്തില്‍ മുതലിനോട് ചേര്‍ത്ത് കാലാവധിയെത്തുമ്പോള്‍ ഒന്നിച്ചു ലഭിക്കും. 100 രൂപയുടെ നിക്ഷേപം കാലാവധിയെത്തുമ്പോള്‍ 161.10 രൂപയായി വര്‍ദ്ധിക്കും. ഹെഡ് പോസ്റ്റ് ഓഫീസുകള്‍, സബ്ബ് പോസ്റ്റ് ഓഫീസുകള്‍ തുടങ്ങിയവയില്‍ നിക്ഷേപം സ്വീകരിക്കും. വകുപ്പ് 80 സി പ്രകാരമുള്ള കിഴിവിന് അര്‍ഹതയുണ്ട്. പുനര്‍ നിക്ഷേപിക്കപ്പെടുന്ന പലിശത്തുകയ്ക്കും കിഴിവു ലഭിക്കും. പക്ഷെ ഇത് വരുമാനമായി പരിഗണിച്ചശേഷം മാത്രം. നൂറ്, അഞ്ഞൂറ്, ആയിരം, പതിനായിരം രൂപയുടെ സര്‍ട്ടിഫിക്കറ്റുകളായാണ് ഇത് ലഭിക്കുക. .

ഭവനവായ്പ
സ്വന്തമായി വീടില്ലാത്തവര്‍ക്ക് ആ സ്വപ്‌നം സാക്ഷാത്ക്കരിക്കാനുദ്ദേശിച്ചുകൊണ്ടുള്ള വകുപ്പുകള്‍ ആദായ നികുതി നിയമത്തിലുണ്ട്. ഇതില്‍ ഏറ്റവും സഹായകരമായ ഒന്നാണ് സ്വന്തമായി വീട് വാങ്ങിക്കുവാനോ പണികഴിപ്പിക്കുവാനോ എടുത്തിട്ടുള്ള വായ്പകളിന്മേലുള്ള പലിശയ്ക്ക് വകുപ്പ് 24 പ്രകാരം ലഭ്യമായ കിഴിവ്. ഇത് ഒരു കിഴിവായിട്ടല്ല, വീടില്‍ നിന്ന് കിട്ടുന്ന വരുമാനം എന്ന ഗണത്തിലെ ഒരു നഷ്ടം എന്ന നിലയില്‍ മറ്റു വരുമാനമാര്‍ഗങ്ങളുമായി തട്ടിക്കിഴിക്കുകയാണ് ചെയ്യുക. 1999 ഏപ്രില്‍ ഒന്നിന് ശേഷം എടുത്തിട്ടുള്ള വായ്പകളാണെങ്കില്‍ പലിശയിനത്തില്‍ ലഭിക്കാവുന്ന കൂടിയ കിഴിവ് 1,50,000 രൂപയാണ്. അതിനു മുമ്പ് എടുത്തിട്ടുള്ള വായ്പകള്‍ക്ക് 30,000 രൂപയും.
അംഗീകൃത ധനകാര്യസ്ഥാപനങ്ങളില്‍ നിന്നെടുത്തിട്ടുള്ള വായ്പകളിന്മേലുള്ള പലിശകള്‍ക്കു മാത്രമേ നികുതിയാശ്വാസം ലഭിക്കൂ എന്നു നിബന്ധനയില്ല. ബന്ധുക്കളില്‍ നിന്നോ സ്‌നേഹിതരില്‍ നിന്നോ കടമെടുത്താലും അതിന്റെ പലിശയ്ക്ക് കിഴിവ് ലഭിക്കും. പലിശത്തുക പണമായി അടച്ചാല്‍ മാത്രമേ കിഴിവു ലഭിക്കൂ എന്ന ധാരണയും തെറ്റാണ്. പലിശ നല്‍കാനുള്ള ബാധ്യത വന്നു ചേര്‍ന്നാല്‍ കിഴിവ് അവകാശപ്പെടാം.
സ്വന്തം താമസത്തിനായുള്ള വീട് വാങ്ങാനോ പണികഴിപ്പിക്കാനോ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നെടുത്ത വായ്പയുടെ മുതല്‍ തിരിച്ചടവിന് വകുപ്പ് 80 സി പ്രകാരമുള്ള കിഴിവിനു അര്‍ഹതയുണ്ട്.

കിഴിവിന് അര്‍ഹതയുള്ള മറ്റു നിക്ഷേപങ്ങള്‍
പോസ്റ്റോഫീസിലെ അഞ്ചു വര്‍ഷത്തേക്കുള്ള ടൈം ഡിപ്പോസിറ്റ്, സീനിയര്‍ സിറ്റിസണ്‍ പദ്ധതി പ്രകാരമുള്ള നിക്ഷേപം എന്നിവയ്ക്ക് 2007-08 സാമ്പത്തിക വര്‍ഷം മുതല്‍ വകുപ്പ് 80 സി പ്രകാരമുള്ള കിഴിവിന് അര്‍ഹതയുണ്ട്.
സ്വര്‍ണത്തിന്റെ വിലവര്‍ധന സ്ഥിരമായി നിലനില്‍ക്കുമോ? ഇതില്‍ നിക്ഷേപിക്കുന്നത് എത്രമാത്രം സുരക്ഷിതമാണ്?
സുധാകരന്‍, ആലപ്പുഴ
സ്വര്‍ണത്തിലുള്ള നിക്ഷേപംവഴി നികുതിലാഭത്തിനുള്ള സാധ്യതകള്‍ ഇല്ല. അതുകൊണ്ടുതന്നെ നികുതികിഴിവ് മോഹിച്ചല്ലെങ്കില്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കുന്നത് നല്ലതുതന്നെ.

(2008-2009 ബജറ്റിന് മുമ്പ് തയ്യാറാക്കിയ ലേഖനമാണിത്. പുതിയ ബജറ്റില്‍ ആദായനികുതി സംബന്ധിച്ച് ചില മാറ്റങ്ങള്‍ വന്നേക്കാം.)

കെ.സി. ജോസഫ് വര്‍ഗീസ്
ചാര്‍ട്ടേഡ് എക്കൗണ്ടന്റ്
കൊച്ചി