ഇന്‍ഷൂറന്‍സ് പരിരക്ഷയും ഒപ്പം ഓഹരി വിപണിയുടെ നേട്ടവും ലക്ഷ്യമിട്ടാണെങ്കില്‍ 'യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷൂറന്‍സ് പദ്ധതികള്‍' (യൂലിപ്പ്) തിരഞ്ഞെടുക്കാം.

മുന്‍കാലങ്ങളില്‍ ഇന്‍ഷൂറന്‍സ് കമ്പനികള്‍ ഇന്‍ഷൂറന്‍സിന് മാത്രമാണ് പ്രാധാന്യം നല്‍കിയിരുന്നത്. നിക്ഷേപത്തില്‍ നിന്നുമുള്ള നേട്ടത്തിന് ഒട്ടും പ്രാധാന്യം നല്‍കിയിരുന്നില്ലെന്ന് വേണമെങ്കില്‍പറയാം. ഇന്‍ഷൂറന്‍സും ഒപ്പം സമ്പാദ്യത്തിന്റെ വളര്‍ച്ചയും ലക്ഷ്യമിട്ട് തുടങ്ങിയതാണ് 'യൂലിപ്പ്'.

മ്യൂച്വല്‍ ഫണ്ട് പദ്ധതികളോട് സാമ്യമുള്ളതാണ് 'യൂലിപ്പ്'.

ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കുന്നതിന് ഒരു തുക 'പ്രീമിയം' മാറ്റിവെച്ചശേഷം ബാക്കി വിവിധ ഫണ്ടുകളില്‍ നിക്ഷേപിക്കുകയാണ് പതിവ്.
യൂലിപ്പില്‍ നിക്ഷേപിക്കുന്ന തുകയ്ക്ക് അനുസരിച്ച് യൂണിറ്റുകള്‍ കിട്ടും. നിക്ഷേപത്തിന്റെ വിപണി മൂല്യം അനുസരിച്ച് യൂണിറ്റുകളുടെ വില കണക്കാക്കുന്നു.

അതാണ് 'നെറ്റ് അസറ്റ് വാല്യൂ' (എന്‍.എ.വി).നിക്ഷേപത്തിന്റെ വില എന്‍.എ.വി. വിപണിയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ കൂടുകയും കുറയുകയും ചെയ്യാം. ഓഹരി വിപണിയുടെ പ്രവൃത്തി ദിവസങ്ങളില്‍ എല്ലാം എന്‍.എ.വി. പ്രസിദ്ധപ്പെടുത്തും.
'യൂലിപ്പിലെ' നിക്ഷേപം നടത്തുന്നത് വിവിധ ഫണ്ടുകളിലാണ്.

1. പ്രധാനമായും ഓഹരി അധിഷ്ഠിതമായവ ('ഗ്രോത്ത് സ്‌കീം').

2.ഭാഗികമായി ഓഹരിയും കടപ്പത്രവും അടങ്ങിയവ ('ബാലന്‍സ്ഡ് സ്‌കീം').

3.കടപ്പത്രങ്ങളിലെ നിക്ഷേപങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിയിട്ടുള്ളവ ('ഡെറ്റ് സ്‌കീം').

4.പണ വിപണിയിലെ ഹ്രസ്വകാല നിക്ഷേപം നടത്തുന്നവ('മണിമാര്‍ക്കറ്റ് സ്‌കീം'). എന്നിവയാണ് പ്രധാന നിക്ഷേപപദ്ധതികള്‍.

നിക്ഷേപകന് ആവശ്യത്തിനനുസരിച്ച് നിക്ഷേപ ഫണ്ടുകളില്‍ മാറ്റം ('സ്വിച്ച്') ചെയ്യാവുന്നതാണ്. ഇങ്ങനെ മാറ്റം വരുത്തുന്നതിന് മൂന്ന്, നാല് തവണ ഇന്‍ഷൂറന്‍സ് കമ്പനികള്‍ ചാര്‍ജ് കൂടാതെ അനുവദിക്കാറുണ്ട്.

നിക്ഷേപകന് പദ്ധതികളില്‍ നിര്‍ദ്ദിഷ്ട തുകയേക്കാള്‍ കൂടുതല്‍ നിക്ഷേപിക്കാനുള്ള അവസരവും ഉണ്ടാകും. ഇതിനെ 'ടോപ്പ്-അപ്പ്' എന്ന് പറയും.

യൂലിപ് പദ്ധതികളില്‍ വരുന്നവിധം ചാര്‍ജുകള്‍ മോര്‍ട്ടാലിറ്റി ചാര്‍ജ്, പ്രീമിയം ചാര്‍ജ്, ഫണ്ട് മാനേജ്‌മെന്റ് ചാര്‍ജ്, പോളിസി അഡ്മിനിസേ്ത്രഷന്‍ ചാര്‍ജ് കമ്മിഷന്‍ ചാര്‍ജ് എന്നിവയാണ്.

എന്നാല്‍ ദീര്‍ഘകാലത്തേക്ക് ഉണ്ടായേക്കാവുന്ന മൂലധന വര്‍ധനവ് ഈ ചാര്‍ജുകളെ സാരമല്ലാതാക്കും.


നേട്ടങ്ങള്‍1. ഇന്‍ഷൂറന്‍സ് പരിരക്ഷയും ഒപ്പം മൂലധന വര്‍ധനവും.

2.ദീര്‍ഘകാലത്തേക്ക് അനുയോജ്യം.

3.പണപ്പെരുപ്പത്തില്‍ നിന്നും ഒരു പരിധിവരെ പ്രതിരോധിക്കാം.

4.നികുതി ഇളവ്

5.സുതാര്യം.

6.നിക്ഷേപകന് ഫണ്ട് മാറ്റം നടത്താം

7.വിദഗ്ദ്ധ ഫണ്ട് മാനേജ്‌മെന്റ് സേവനം.


ശ്രദ്ധിക്കേണ്ടവ1.വരുമാനവും മൂലധന വര്‍ധനവും ഉറപ്പ് നല്‍കുന്നില്ല. ഓഹരി വിപണിയെ ആശ്രയിച്ചിരിക്കും.

2.വിദഗ്ദ്ധ ഉപദേശമില്ലെങ്കില്‍ ഫണ്ട് മാറ്റം പ്രതീക്ഷിക്കുന്ന ഗുണം ചെയ്യില്ല.

3.കുറഞ്ഞ കാലയളവിന് അനുയോജ്യമല്ല.

4.അത്യാവശ്യത്തിനുള്ള പണം ഒഴിവാക്കുക.

5.മൊത്തം നിക്ഷേപവും ഒരുമിച്ച് നടത്താതിരിക്കുക.

6.ഇന്‍ഷൂറന്‍സും നിക്ഷേപവും വേര്‍തിരിച്ച് നിര്‍ത്തുക.


ബി.രാജേന്ദ്രന്‍


(എം.ഡി. സര്‍പ്ലസ് ക്യാപ്പിറ്റല്‍ മാര്‍ക്കറ്റ് പ്രൈവറ്റ് ലിമിറ്റഡ്, തിരുവനന്തപുരം)