കാലുകളിലും തുടകളിലും കൊഴുപ്പ് അടിഞ്ഞുകൂടി സ്ത്രീകളെ ബുദ്ധിമുട്ടിലാക്കുന്ന അസുഖാവസ്ഥയാണ് ലിപഡീമ. പൃഷ്ഠഭാഗത്തും അസ്വാഭാവികമായി കൊഴുപ്പ് അടിഞ്ഞുകൂടി ലിപ്പഡീമ ഉണ്ടാവാം. ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന ഈ ശാരീരികാവസ്ഥയ്ക്ക് പെയിന്‍ഫുള്‍ ഫാറ്റ് സിന്‍ഡ്രോം എന്നും പേരുണ്ട്.

ലിപ്പഡീമ ഉള്ളവരില്‍ വിവിധതരത്തിലാവും ലക്ഷണങ്ങള്‍ പ്രകടമാകുക. കൈത്തണ്ടയ്ക്കും കാല്‍മുട്ടിനും തുടയ്ക്കും മുകളില്‍ കൊഴുപ്പ് പാളികളായി അടിഞ്ഞുകൂടുന്നത് ഒരു ലക്ഷണമാണ്. നടക്കാനുള്ള ബുദ്ധിമുട്ട്, ഇലാസ്തികത നഷ്ടപ്പെട്ട ചര്‍മ്മം, സ്പര്‍ശിക്കുമ്പോള്‍ വേദന തുടങ്ങിയവയും ലിപ്പഡീമയുടെ ലക്ഷണങ്ങളാണ്. 

ലിപ്പഡീമ ചിലപ്പോഴൊക്കെ അമിതവണ്ണമോ ലിംഫോഎഡീമയോ ആയി തെറ്റിദ്ധരിക്കാനിടയുണ്ട്. കൊഴുപ്പിന് പകരം വെള്ളം ശരീരഭാഗങ്ങളില്‍ കെട്ടിക്കിടക്കുന്ന അവസ്ഥയാണ് ലിംഫോഎഡീമ. 

ലിപ്പോസക്ഷന്‍ നടത്തി ഈ കൊഴുപ്പ് ഒഴിവാക്കാവുന്നതാണ്. കൊഴുപ്പ് കെട്ടിക്കിടക്കുന്ന ശരീരഭാഗം മരവിപ്പിച്ച് അധികമായുള്ള കൊഴുപ്പ് വലിച്ചെടുത്ത് കളയുകയാണ് ലിപ്പോസക്ഷനില്‍ ചെയ്യുന്നത്. മറ്റ് ചില മാര്‍ഗങ്ങളും ഡോക്ടര്‍മാര്‍ അവലംബിക്കാറുണ്ട്. ശരീരദ്രവങ്ങളുടെ ഒഴുക്കിനെ വര്‍ധിപ്പിച്ച് കൊഴുപ്പ് ഇല്ലാതാക്കാന്‍ ശരീരഭാഗങ്ങളില്‍ മസാജ് ചെയ്യാറുണ്ട.് ഇറുകിയ വസ്ത്രങ്ങളും ബാന്‍ഡേജുകളും ഉപയോഗിച്ചുള്ള കമ്പ്രഷന്‍ തെറാപ്പിയാണ് മറ്റൊന്ന്. നീന്തല്‍ പോലെയുള്ള വ്യായാമങ്ങള്‍ ചെയ്യുന്നതും ലിപ്പോഡീമ ഒഴിവാക്കാന്‍ സഹായകമാകും. 

കടപ്പാട്: മോഡസ്റ്റ