ർഭാവസ്ഥയിൽ സ്ത്രീയുടെ ശരീരത്തിൽ ഒരുപാട്‌ വ്യത്യാസങ്ങൾ ഉണ്ടാവും. വൃക്കകളിലും അനുബന്ധ അവയവങ്ങളിലും കാണാം ഈ വ്യത്യാസങ്ങൾ. ഈ വ്യതിയാനങ്ങൾ ചില രോഗംപോലെ ലക്ഷണങ്ങൾ ഉണ്ടാക്കാം. ചില രോഗങ്ങളും ഉണ്ടാവാം. സാധാരണ ചികിത്സ ചിലപ്പോൾ ഈ പ്രത്യേക അവസ്ഥയിൽ നൽകാൻ പറ്റില്ല. ചിലമാറ്റങ്ങൾ വേണ്ടിവരും.

ഗർഭസമയത്ത്‌ മൂത്രാശയത്തിൽവരുന്ന ചില മാറ്റങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം

വൃക്കകളുടെ വലിപ്പം ഏതാണ്ട്‌ ഒരു സെ.മീ. കൂടും. അവയുടെ വ്യാപ്തി ഏതാണ്ട്‌ 30 ശതമാനം കൂടും. വൃക്കയുടെ ഉള്ളിൽ കാണുന്ന മൂത്രം ശേഖരിച്ചുവെക്കുന്ന ഭാഗവും മൂത്രനാളിയും വികസിക്കും. വലത്തു ഭാഗത്തേതിലാണ്‌ ഇത്‌ കൂടുതൽ കാണുന്നത്‌. ഇതിനുകാരണം രണ്ടാണ്‌. ഒന്ന്‌: വലുതായിവരുന്ന ഗർഭപാത്രം മൂത്രനാളിയിൽ അമരുമ്പോൾ. രണ്ട്‌: പ്രൊജെസ്റ്ററോൺ എന്ന ഹോർമോണിന്റെ അളവുകൂടുമ്പോൾ മാംസപേശികളിൽ അയവുവരുന്നു

വൃക്കയിലൂടെയുള്ള രക്തയോട്ടം കൂടും. വൃക്കയുടെ മാലിന്യശുചീകരണം കൂടും. ശരീരത്തിലെ യൂറിയ, ക്രിയാറ്റിനിൻ എന്ന പദാർഥങ്ങളുടെ അളവുകുറയും. രക്തത്തിൽ ലവണങ്ങളുടെ അളവ്‌ കുറയും.മൂത്രസഞ്ചിയെ, ഗർഭാശയം വികസിക്കുമ്പോൾ, മുകളിലേക്കും മുന്നിലേക്കും തള്ളും. മൂത്രസഞ്ചിയുടെ മാംസപേശികൾക്ക്‌ ഘനംകൂടും. രക്തയോട്ടം കൂടും. മൂത്രസഞ്ചിയുടെ അകത്തുള്ള മർദം കൂടും.

കൂടുതൽപ്രാവശ്യം മൂത്രം ഒഴിക്കാനുള്ള പ്രവണതയുണ്ടാവും -രാത്രിയും പകലും. തിടുക്കത്തിൽ മൂത്രമൊഴിക്കണം എന്നു തോന്നും. ചിലപ്പോൾ ശൗചാലയം എത്തുന്നതിനു മുമ്പേ അല്പം മൂത്രം ഒഴിഞ്ഞുപോവും. പ്രസവം അടുക്കുമ്പോൾ മേൽപ്പറഞ്ഞ പ്രശ്നങ്ങൾ കൂടുതലാണ്‌. വിരളമാണെങ്കിലും മൂത്രതടസ്സം ഉണ്ടാവാം. അതേപോലെ ചുമയ്ക്കുമ്പോഴും മറ്റും മൂത്രം അറിയാതെപോവുന്ന പ്രവണത കൂടും.

മൂത്രാശയത്തിൽ വരുന്ന അണുബാധ ഗർഭാവസ്ഥയിൽ കൂടുതൽ ഇല്ലെങ്കിലും അതു വന്നാലുണ്ടാവുന്ന പ്രശ്നങ്ങൾ കൂടുതലാണ്‌. ഗർഭാവസ്ഥയിൽ മൂത്രാശയത്തിനു വരുന്ന വ്യതിയാനങ്ങൾ അണുബാധ തുടരുന്നതിനും വൃക്കകളെ ബാധിക്കുന്നതിനും സഹായകരമാവും. ആറു മുതൽ ഒമ്പതുമാസംവരെയുള്ള സമയത്ത്‌ ഇതിനുള്ള സാധ്യത കൂടുതലാണ്‌. അപ്പോഴാണല്ലോ മൂത്രാശയത്തിൽ കൂടുതൽ മാറ്റങ്ങൾ കാണുന്നതും.

വൃക്കയിലും മൂത്രനാളിയിലും മൂത്രസഞ്ചിയിലും മൂത്രം കെട്ടിനിൽക്കാൻ സാധ്യത കൂടുതലാണ്‌ ഈ സമയത്ത്‌. അതുകൊണ്ടുതന്നെ അണുബാധ വന്നാൽ വിട്ടുപോകാനും സാധ്യത കൂടുതലാണ്‌. പനി, വയറുവേദന, കൂടെക്കൂടെ മൂത്രം ഒഴിക്കാൻ തോന്നുക, പിടിച്ചുനിർത്താൻ പറ്റാതെ തോന്നുക, കടച്ചിൽ, എന്നിവ സാധാരണ ലക്ഷണങ്ങൾ, എന്നാൽ ഒരു ലക്ഷണവും ഇല്ലാതേയും അണുബാധയുണ്ടാവാം. 

ആദ്യത്തെ ത്രൈമാസത്തിലും മൂന്നാമത്തെ ത്രൈമാസത്തിലും മൂത്രത്തിൽ അണുബാധയുണ്ടോ എന്ന്‌ കൾച്ചർ പരിശോധന നടത്തി ഉറപ്പുവരുത്തണം ലക്ഷണങ്ങൾ ഇല്ലെങ്കിലും ലക്ഷണങ്ങൾ ഉണ്ടെങ്കിലും. അണുബാധയുണ്ടെങ്കിൽ ചികിത്സ നൽകണം. 

ഗർഭം അലസൽ, ഗർഭസ്ഥശിശുവിന്റെ വളർച്ചക്കുറവ്‌ പ്രസവിച്ച ശിശുവിന്റെ തൂക്കക്കുറവ്‌, മാസം തികയാതെയുള്ള പ്രസവം, കുട്ടിക്കും അമ്മയ്ക്കും രക്തക്കുറവ്‌ എന്നിവയുണ്ടാവാം അണുബാധയെ തുടർന്ന്‌. അതുകൊണ്ട്‌ അണുബാധ ലക്ഷണങ്ങൾക്ക്‌ കാത്തുനിൽക്കാതെ അതുകണ്ടുപിടിച്ച്‌ ചികിത്സിക്കണം. ഗർഭസമയത്ത്‌ മൂത്രാശയത്തിൽ, പ്രത്യേകിച്ച്‌ വൃക്കകളിലും മൂത്രനാളിയിലും മൂത്രം കെട്ടിനിൽക്കാനുള്ള പ്രവണത കൂടുതലാണ്‌.

ഇതിന്റെ ഒരുകാരണം Progesterone എന്ന ഹോർമോണിന്റെ അളവ്‌ കൂടുമ്പോൾ മാംസപേശികൾക്ക്‌ അയവു വരുന്നതുകൊണ്ടാണ്‌. മറ്റൊരു പ്രധാന കാരണം ഗർഭപാത്രം വികസിക്കുമ്പോൾ അത്‌ മൂത്രനാളികളെ മുകളിലേക്ക്‌ തള്ളുകയും അവയെ അമർത്തുകയും ചെയ്യുന്നതുകൊണ്ടാണ്‌. വലത്തുവശത്താണ്‌ ഇത്‌ കൂടുതലായി കാണുന്നത്‌. ഇടത്തുവശത്തും കാണാം. 

ഇങ്ങനെ തടസ്സം വരുമ്പോൾ ചിലർക്ക് വേദനയനുഭവപ്പെടാം. മൂത്രനാളിയിലുണ്ടാവുന്ന കല്ലുകൾ ഉണ്ടാക്കുന്ന വേദനപോലെ കഠിനവുമാവാം ഇത്. ആദ്യത്തെ ഗർഭത്തിൽ കലശലായ വേദനയുടെ സാധ്യത കൂടുതലാണ്. കല്ലുണ്ടോ അതോ തടസ്സം മാത്രമേ ഉള്ളോ എന്നറിയാൻ സാധാരണ ഗർഭം ഇല്ലാത്തവർക്ക്‌ ചെയ്യുന്ന എക്സ്‌റേ/സി.ടി. സ്കാൻ ചെയ്യാൻപറ്റില്ല. ഗർഭസ്ഥശിശുവിന് റേഡിയേഷൻ വളരെ ഹാനികരമാണ്. ഒരു അൾട്രാസൗണ്ട് സ്കാൻചെയ്ത്‌ നോക്കിയാൽ തടസ്സം മനസ്സിലാവുമെങ്കിലും മൂത്രനാളിയിലുള്ള കല്ലുകൾ ചിലപ്പോൾ മനസ്സിലാവില്ല.

തുടരെത്തുടരെയുള്ള ശക്തിയായവേദനയും മൂത്രത്തിൽ രക്തത്തിന്റെ അംശം കൂടുതലായും ഉണ്ടെങ്കിൽ കല്ലിനുള്ള സാധ്യതകൂടുതലാണ്. എം.ആർ.ഐ. എന്ന പരിശോധനാരീതികൊണ്ട് തടസ്സവുംകല്ലും കണ്ടുപിടിക്കാം. എം.ആർ.ഐ. എന്ന പരിശോധന റേഡിയേഷൻ ഉപയോഗിച്ചല്ല ചെയ്യുന്നത്. അതിശക്തമായ കാന്തിക പ്രസരണമാണ് ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ ശരീരത്തിൽ സ്റ്റീൽപോലുള്ള കാന്തികവസ്തുക്കൾ ഉണ്ടാവരുത്. 

മൂത്രനാളിയുടെ തടസ്സം കല്ലുകൊണ്ടുള്ള തടസ്സം പോലെ വേദനയുണ്ടാക്കാം എന്നു പറഞ്ഞുവല്ലോ?  കല്ല് ഇല്ലെങ്കിൽ ചെറിയ വേദനസംഹാരികൾ ഉപയോഗിച്ച് വേദനകുറയ്ക്കാം. 
കിടക്കുമ്പോൾ ഇടതുവശംചരിഞ്ഞോ കമിഴ്ന്നോകിടക്കുകയും ചെയ്താൽ ഒരുപരിധിവരെ തടസ്സംകുറച്ച്‌ വേദനകുറയ്ക്കാം. 

കല്ലുകൊണ്ടുള്ള തടസ്സമുണ്ടെങ്കിൽ ചികിത്സ രണ്ടുവിധം. വലിയ വേദനയുണ്ടെങ്കിൽ വൃക്കകൾക്ക് തടസ്സം കാര്യമായി ഇല്ലെങ്കിൽ, കല്ല് വലിയതല്ലെങ്കിൽ, മരുന്നുകൾ ഉപയോഗിച്ച് വേദന നിയന്ത്രിക്കുകയും കല്ല് പ്രസവത്തിനുശേഷം മാറ്റാനുള്ള തീരുമാനമെടുക്കുകയും ചെയ്യാം. കല്ല് പുറത്തുപോകാനുള്ള ചില മരുന്നുകളും കഴിക്കാം. കാര്യമായ തടസ്സവും കഠിനവേദനയുമുണ്ടെങ്കിൽ കല്ലെടുക്കുകയോ, തടസ്സംമാറ്റാൻ ഉള്ളിൽ സ്റ്റെന്റ് ഇടുകയോ ചെയ്യണം. 

വളരെ വിരളമായി പ്രസവാനന്തരം മൂത്രതടസ്സം കാണാറുണ്ട്. സാധാരണഗതിയിൽ കടിഞ്ഞൂൽ പ്രസവാനന്തരമാണ് ഇത് കാണാറ്. ഗർഭസ്ഥശിശുവിന്റെ ശിരസ്സ് കൂടുതൽ സമയം താഴെവന്ന് നിൽക്കുമ്പോൾ മൂത്രസഞ്ചിയുടെ നിയന്ത്രണ ഞരമ്പുകൾക്ക്‌ താത്‌കാലിക ക്ഷതം സംഭവിക്കുന്നതുകൊണ്ടാണ് ഇത്. കുറച്ചുദിവസം കുഴലിലൂടെ മൂത്രം എടുക്കേണ്ടിവരും. പിന്നെ ഇടവിട്ട് സ്വയം മൂത്രം എടുക്കേണ്ടതായും വരാം. 

unnyts@gmail.com