aറ്റമുറിയുടെ ഭൂഖണ്ഡം പോലെ കിടന്ന ആ മുറിയിലെ ശൂന്യമായ കട്ടിൽ നോക്കിനിൽക്കുമ്പോൾ ആ പെൺകുട്ടിയുടെ കഥയാണ് കാതിലേക്ക് ഒഴുകിയെത്തിയത്. ഈ കട്ടിൽ ശൂന്യമാക്കി അവൾ എഴുന്നേറ്റുപോയത് തിരികെ കിട്ടിയ ജീവിതത്തിലേക്കാണ്. 68 ദിവസം ഐ.സി.യു.വിൽ മരുന്നുകളുടെയും പരീക്ഷണങ്ങളുടെയും ലോകത്തിൽ കഴിഞ്ഞ ഒരു പെൺകുട്ടി...ജീവിതത്തിനും മരണത്തിനും ഇടയിലെ നൂൽപ്പാലത്തിൽ 35 ദിവസങ്ങൾ വെന്റിലേറ്ററിൽ കഴിഞ്ഞ ഒരു പെൺകുട്ടി...130 ദിവസത്തെ ആസ്പത്രി വാസം കഴിഞ്ഞ് ഒരത്ഭുതം പോലെ ആ പെൺകുട്ടി ജീവിതം തിരികെ പിടിക്കുമ്പോൾ അതൊരു ചികിത്സയുടെ വിജയമായി മാത്രമല്ല കുറിക്കപ്പെടേണ്ടത്.

ഒരു ഭ്രാന്തിയായി മുദ്രകുത്തി ഇരുട്ടിന്റെ അറകളിലേക്ക് തള്ളപ്പെടുമായിരുന്ന ഒരു പെൺകുട്ടിയെ ബാധിച്ച അപൂർവമായൊരു രോഗം തിരിച്ചറിഞ്ഞ് ചികിത്സിക്കാനായതിന്റെ നിയോഗമോ ആശ്വാസമോ...അങ്ങനെ തന്നെയാണ് ആ പെൺകുട്ടിയുടെ കഥയെ നാളെ ചരിത്രവും സമൂഹവും ഓർത്തെടുക്കേണ്ടത്. വീട്ടുകാർക്കും ബന്ധുക്കൾക്കും ശരിയായ പേര് പറയാൻ താത്പര്യമില്ലാത്തതുകൊണ്ട് ആ പെൺകുട്ടിയെ നമുക്ക് അനാമിക എന്നു വിളിക്കാം.

പുസ്തകങ്ങളെയും സംഗീതത്തെയും സ്നേഹിച്ച അനാമിക നഷ്ടപ്പെട്ടുപോയെന്ന് കരുതിയ ജീവിതത്തെ നിശ്ചയദാർഢ്യം കൊണ്ട് തിരികെപിടിക്കുമ്പോൾ വൈദ്യശാസ്ത്രം പോലും ഒരുനിമിഷം അത്ഭുതപ്പെട്ടു നിന്നേക്കാം. ഇതാ അനാമിക ജീവിതത്തിലേക്ക് തിരികെ നടന്നെത്തുകയാണ്. കാറ്റിൽ പറന്നുപോകുന്ന അപ്പൂപ്പൻ താടി പിടിക്കാൻ അനാമികയ്ക്ക് ഇനിയും ഓടാനാകും. അവളുടെ കൈയെത്തുംദൂരത്ത് ഇപ്പോൾ ജീവിതത്തിന്റെ നിഴൽ ചിത്രങ്ങളുണ്ട്.

ആ ഷെൽഫ് എന്റേതല്ല

തുറന്നുകിടന്ന ജനാലയിലൂടെ കടന്നുവന്ന കാറ്റിൽ കട്ടിലിലെ പുതപ്പ് പതുക്കെ ഇളകിക്കൊണ്ടിരിക്കുമ്പോൾ അനാമിക ഒരു കൊച്ചുകുട്ടിയെപ്പോലെ അത് നോക്കിയിരിക്കുകയായിരുന്നു. നീണ്ടനാളത്തെ വാസത്തിനുശേഷം ആസ്പത്രി വിടാനാകുന്നതിന്റെ ആശ്വാസത്തിൽ ഷെൽഫിൽ നിന്ന് സാധനങ്ങൾ പുറത്തെടുത്ത് ബാഗിൽ ഒരുക്കിവെയ്ക്കുന്ന അമ്മയെ നോക്കി അനാമിക ആദ്യം ചോദിച്ചത് ആ ഷെൽഫിനെക്കുറിച്ചായിരുന്നു. "അമ്മേ എന്റെ ഷെൽഫ് എവിടെയാണ്. അതിൽ ഒരുപാട് പുസ്തകങ്ങളുണ്ടായിരുന്നല്ലോ. എനിക്കതെല്ലാം വീണ്ടും വായിക്കണം. വേഗം ഒന്നു വീട്ടിലെത്തിയാൽ മതിയായിരുന്നു. ഇതെന്റെ ഷെൽഫല്ലല്ലോ..."

മരുന്ന് മണക്കുന്ന ആസ്പത്രി മുറിയിലിരുന്ന് അനാമികയുടെ ഓർമകൾ വീട്ടിലെ ആ മുറിയിലേക്ക് മടങ്ങിപ്പോകുമ്പോൾ എല്ലാം കേട്ട് അരികിൽ നിന്ന ഡോക്ടറുടെ മുഖത്ത് പ്രത്യാശയുടെ പുഞ്ചിരി വിടർന്നു. ‘ആസ്പത്രിയിലെ ഈ ഷെൽഫ് തന്റേതല്ലെന്ന് അവൾ തിരിച്ചറിഞ്ഞല്ലോ...അവളുടെ വീട്ടിലെ ഷെൽഫിലെ പുസ്തകങ്ങൾ തേടി ആ മനസ്സ് യാത്ര തുടങ്ങിക്കഴിഞ്ഞു.

അനാമിക ജീവിതത്തിലേക്ക് തിരിച്ചെത്തുന്നതിന്റെ അടയാളങ്ങളാണിത്. ഇത് സാധ്യമാകുമെന്ന് ഒരിക്കലും കരുതിയതല്ല. പക്ഷേ ദൈവം ഒരു അത്ഭുതം പോലെ അവൾക്ക് ഓർമകൾ തിരിച്ചുനൽകിയിരിക്കുന്നു. ഓർമകൾ പുനർജ്ജനിക്കുമ്പോൾ അനാമികയ്ക്ക് അവളുടെ ജീവിതം തന്നെയാണ് തിരികെ കിട്ടുന്നത്...’ കട്ടിലിനരികിൽ നിന്ന് മെഡിക്കൽ ട്രസ്റ്റ് ആസ്പത്രിയിലെ ഡോ. ഹരികുമാർ പറയുമ്പോൾ അമ്മ അനാമികയോട് ഒന്നുകൂടി ചോദിച്ചു. ‘മോളേ, ഇതാരാണെന്ന് നിനക്ക് മനസ്സിലായോ...’ വല്ലാതെ വാടിപ്പോയ മുഖത്ത് ഒരു നിലാവെളിച്ചംപോലെ പരന്ന പുഞ്ചിരി സാക്ഷിയാക്കി അനാമിക തലയാട്ടുമ്പോൾ ഡോക്ടർ വീണ്ടും ചിരിച്ചു. 

അനാമികയ്ക്ക് ഭ്രാന്തുണ്ടായിരുന്നോ

അനാമിക എന്ന പെൺകുട്ടിക്ക് എന്താണ് സംഭവിച്ചത്. അവളുടെ രോഗവും ചികിത്സയും എങ്ങനെയാണ് സമൂഹം എന്നും ഓർക്കേണ്ട ഒരു സംഭവമാകുന്നത്?...രണ്ടു ചോദ്യങ്ങൾക്കും ഉത്തരമായി ന്യൂറോളജിസ്റ്റ് ഡോ.ദിലീപ് മാത്തനാണ് അനാമിക എന്ന പെൺകുട്ടിയുടെ കഥ പറഞ്ഞത്.  ‘അനാമിക 24 വയസ്സുള്ള ഒരു പെൺകുട്ടിയായിരുന്നു. നഴ്‌സിങ്‌ പഠനം പൂർത്തിയാക്കി എറണാകുളത്തെ ഒരു ആസ്പത്രിയിൽ നഴ്‌സായി ജോലിക്കു കയറിയ അനാമികയ്ക്കും മറ്റേതൊരു പെൺകുട്ടിയെയും പോലെ ഒരുപാട് സ്വപ്‌നങ്ങളുണ്ടായിരുന്നു. വളരെ ചുറുചുറുക്കോടെ ജോലി ചെയ്തിരുന്ന അവളെ എല്ലാവർക്കും ഇഷ്ടമായിരുന്നു.

അച്ഛനും അമ്മയും ഒരു സഹോദരിയുമടങ്ങുന്ന കുടുംബത്തിൽ സന്തോഷത്തോടെ കഴിഞ്ഞിരുന്ന അനാമികയുടെ ജീവിതം മാറ്റിമറിച്ചത് ഒരു പനിയായിരുന്നു. 
പനി വന്ന് രണ്ടു ദിവസം കഴിഞ്ഞ് അവളുടെ സ്വഭാവം മാറാൻ തുടങ്ങി. എല്ലാവരോടും സ്വബോധമില്ലാത്തതുപോലെ വല്ലാത്തൊരുതരത്തിലുള്ള പെരുമാറ്റമായിരുന്നു ആദ്യം. അതിനു പിന്നാലെ വീണ്ടും പ്രശ്‌നങ്ങൾ ഓരോന്നായി പ്രത്യക്ഷപ്പെട്ടുതുടങ്ങി.

വീട്ടുകാരോടും ആസ്പത്രിയിൽ കൂടെ ജോലി ചെയ്യുന്നവരോടുമൊക്കെ അശ്ലീലവും അസഭ്യവാക്കുകളും പറയാൻ തുടങ്ങിയതോടെ കാര്യങ്ങൾ തീരെ പന്തിയല്ലാതായി. ആരെ കണ്ടാലും അസഭ്യം പറയുന്നതിനൊപ്പം അശ്ലീലം കൂടിയായതോടെ വീട്ടുകാരെല്ലാം വിഷമത്തിലായി. എല്ലാവരും സ്വാഭാവികമായി കരുതിയതുപോലെ വീട്ടുകാരും അനാമികയ്ക്ക് ഭ്രാന്താണെന്ന് വിശ്വസിക്കാൻ തുടങ്ങി.

ഭ്രാന്തില്ലാതെ ഒരു പെൺകുട്ടി ഇങ്ങനെയൊക്കെ പെരുമാറുമോയെന്ന് ആരൊക്കെയോ ചോദിച്ചപ്പോൾ വീട്ടുകാർക്ക് ഒരുത്തരവും പറയാനുണ്ടായിരുന്നില്ല. തങ്ങളുടെ പൊന്നുമോൾ ഒരു ഭ്രാന്തിയായി മാറിയെന്ന് വിശ്വസിച്ച് ആ മാതാപിതാക്കൾ അനാമികയെ ഒരു മാനസികരോഗ വിദഗ്ദ്ധന്റെ അടുക്കലെത്തിച്ചു. മറ്റു രോഗലക്ഷണങ്ങളൊന്നും സംശയിക്കാതിരുന്ന ഡോക്ടർ അനാമികയ്ക്ക് മാനസിക രോഗത്തിനുള്ള ചികിത്സയും തുടങ്ങി...’ ഡോക്ടർ ദിലീപ് അനാമികയുടെ കഥ പറയുമ്പോഴും അമ്മ മകളുടെ മുടിയിഴകളിൽ പതുക്കെ തലോടിക്കൊണ്ടിരിക്കുകയായിരുന്നു. 

ദൈവം കാണിച്ച അടയാളം

എല്ലാവരും കരുതിയതുപോലെ ഭ്രാന്താണെന്ന് വിശ്വസിച്ച് ഡോക്ടർ അനാമികയ്ക്ക് ചികിത്സ തുടരുമ്പോൾ പുറത്ത് പ്രാർത്ഥനകളുമായിരിക്കുകയായിരുന്നു അവളുടെ പ്രിയപ്പെട്ട അച്ഛനും അമ്മയും സഹോദരിയും. അനാമികയെ നഷ്ടമായെന്ന് അവരെല്ലാം കരുതിയ ദിവസങ്ങൾ. ഭ്രാന്തിയാണെന്ന് മുദ്രകുത്തി ഇരുട്ടിന്റെ അറകളിലേക്ക് അനാമിക തള്ളപ്പെട്ടുകൊണ്ടിരുന്ന ആ ദിവസങ്ങളിലൊന്നിലാണ് ദൈവം കാണിച്ചുതന്ന അടയാളം പോലെ ആ സംഭവമുണ്ടായത്... അനാമികയ്ക്ക് അപസ്മാരം വന്നിരിക്കുന്നു

അതിന്റെ ചികിത്സക്കായി അനാമികയെ എറണാകുളത്തെ മെഡിക്കൽ ട്രസ്റ്റ് ആസ്പത്രിയിലേക്കെത്തിച്ചപ്പോഴും സൈക്യാട്രിസ്റ്റായ ഡോക്ടർ തന്നെയാണ് ചികിത്സ തുടർന്നിരുന്നത്. ഇതിനിടയിൽ രോഗത്തിന്റെ സിംപ്‌റ്റത്തിൽ സംശയം തോന്നി അനാമികയെ ന്യൂറോളജിസ്റ്റായ ഡോ. രാധാകൃഷ്ണൻ നായരെ കാണിച്ചതോടെ ദൈവം അവളുടെ ജീവിതത്തിന് മറ്റൊരു തിരക്കഥ രചിക്കുകയായിരുന്നു. 

സത്യത്തിൽ അനാമികയ്ക്ക് ഭ്രാന്തുണ്ടോ... 

ഡോക്ടർ രാധാകൃഷ്ണൻ തന്റെ മനസ്സിനോട് ആദ്യം ചോദിച്ചത് അതായിരുന്നു. എല്ലാവരും കരുതുന്നതുപോലെ അനാമികയ്ക്ക് ഭ്രാന്തില്ലെന്ന തിരിച്ചറിവിലേക്ക് ഡോക്ടർ എത്തിയെങ്കിലും അപ്പോഴും ഉത്തരങ്ങളില്ലാതെ ചില ചോദ്യങ്ങൾ ബാക്കിയുണ്ടായിരുന്നു. അനാമികയ്ക്ക് ഭ്രാന്തില്ലെങ്കിൽ പിന്നെ എന്തു രോഗമാണ് അവളെ ബാധിച്ചിരിക്കുന്നത്? തലച്ചോറിനെ ബാധിച്ച രോഗത്തിന് സാധാരണയായി വരാറുള്ള കാരണം ബാക്ടീരിയയോ വൈറസോ ഫംഗസോ ഒക്കെയാകാം. 

teratoma cancer
അനാമിക ചികിത്സയില്‍ കഴിഞ്ഞിരുന്ന മുറി

എന്നാൽ അനാമികയുടെ കാര്യത്തിൽ ഇതൊന്നും കണ്ടെത്താൻ കഴിയാതിരുന്നതോടെ കാര്യങ്ങൾ വീണ്ടും സങ്കീർണമായി. ഏതോ ആന്റിബോഡിയാണ് രോഗകാരണമെന്ന നിഗമനത്തിൽ ചികിത്സ തുടർന്നപ്പോൾ ഒരു കാര്യം കണ്ടെത്താനായി. എൻ.എം.ഡി.എ. റിസസ്റ്റർ എൻസഫലോപതി എന്ന രോഗാവസ്ഥയിലാണ് അനാമിക. എൻ.എം.ഡി.എ. ഉണ്ടെന്ന് കണ്ടെത്തിയാൽ ഒരു കാര്യം ഉറപ്പാണ്...രോഗിയുടെ ശരീരത്തിൽ എവിടെയോ ഒരു ട്യൂമർ വളരുന്നുണ്ട്. അതെവിടെയാണെന്ന് കണ്ടെത്തണമെങ്കിൽ സ്കാൻ ചെയ്യണം. 

ശരീരത്തിന്റെ പല ഭാഗങ്ങളിലും സ്കാനിങ്ങ് നടത്തിയെങ്കിലും എവിടെയും ആ ട്യൂമർ കണ്ടെത്താനായില്ല. ഇതിനിടെ രോഗം ഗുരുതരമായ അനാമിക അങ്ങേയറ്റം അവശയായി ഐ.സി.യു.വിലെ വെന്റിലേറ്ററിലേക്ക് മാറ്റപ്പെട്ടിരുന്നു. രോഗം ഗുരുതരമായി വരുന്നതിനിടയിലും സ്കാനിങ്‌  തുടർന്ന ഡോക്ടർമാർ ഒടുവിൽ ആ ട്യൂമർ കണ്ടെത്തി. അനാമികയുടെ ഗർഭപാത്രത്തിൽ ഒരു ട്യൂമർ വളർന്നുകൊണ്ടിരിക്കുന്നു.

ടെറടോമ എന്ന അർബുദം കണ്ടെത്തിയ ഗൈനക്കോളജിസ്റ്റ് ഡോ. തോമസ് അവളുടെ ഗർഭപാത്രത്തിൽ നിന്ന് അത് മുറിച്ചുകളഞ്ഞതോടെ ആന്റിബോഡിയിൽ പതുക്കെ കുറവ് വന്നു തുടങ്ങി. പതുക്കെ പതുക്കെ ഇഞ്ചക്‌ഷനുകളുമായി തുടർന്ന ചികിത്സയിലൂടെ അനാമികയുടെ രോഗാവസ്ഥയിൽ മാറ്റങ്ങൾ വന്നു തുടങ്ങി. ജീവിതത്തിനും മരണത്തിനും ഇടയിലെ നൂൽപ്പാലത്തിൽ ദിവസങ്ങളോളം കഴിഞ്ഞ അനാമിക പതുക്കെ ജീവിതത്തിന്റെ തീരത്തേക്ക് തിരിച്ചെത്തുന്നത് ആശ്വാസത്തോടെ ഡോക്ടർമാർ കണ്ടുനിന്നു. 

നന്ദിയാരോടു ചൊല്ലണം

മരണത്തിന്റെ തണുത്ത കരങ്ങൾ തൊട്ടടുത്തെത്തിയെന്ന് കരുതിയ ശേഷം അനാമിക ജീവിതത്തിലേക്ക് തിരിച്ചെത്തുമ്പോൾ ആരോടാണ് നന്ദി ചൊല്ലേണ്ടത്. ഒരുപാടുപേരോട് നന്ദിയുണ്ടെന്ന് അമ്മ നിറഞ്ഞ കണ്ണുകളോടെ പറയുമ്പോഴും ഡോക്ടർ ദിലീപ് പറയുന്ന പ്രധാനപ്പെട്ടൊരു കാര്യമുണ്ട്. ‘അനാമികയുടെ കാര്യം ഞങ്ങൾ ഡോക്ടർമാർ അടക്കം പലരുടെയും ചിന്തയിൽ എന്നും ഉണ്ടായിരിക്കേണ്ട ഒരു അനുഭവമാണ്. 

അന്ന് ചികിത്സക്കിടെ അവൾക്ക് അപസ്മാരം വന്നിരുന്നില്ലെങ്കിൽ ഇന്ന് അവൾ ഭ്രാന്തിയായി മുദ്ര കുത്തപ്പെട്ട് ഏതോ മാനസിക ചികിത്സാലയത്തിലെ ഇരുട്ടറയിൽ കഴിഞ്ഞേനേ. അവിടെ വെച്ച് രോഗം മൂർച്ഛിച്ച് ഒരുപാട് വേദന തിന്ന് ഇഞ്ചിഞ്ചായി ആ പെൺകുട്ടി മരിച്ചുപോയേനേ. എത്രമാത്രം വേദനാജനകമായ അനുഭവമാണത്. ഒരുപക്ഷേ അനാമികയെപ്പോലെ രോഗം തിരിച്ചറിയാൻ കഴിയാതെ ഭ്രാന്തനായോ ഭ്രാന്തിയായോ മുദ്രകുത്തപ്പെട്ട ചിലർ നമുക്കിടയിൽ എവിടെയൊക്കെയോ ഉണ്ടാകാം.

രോഗിയായി മുന്നിലെത്തുന്ന ഓരോരുത്തരുടെയും രോഗം തിരിച്ചറിയലാണ് പ്രധാനം. ഭ്രാന്തമായ ഒരവസ്ഥയിലേക്ക് ഒരാൾ പോകുന്നതിന് പിന്നിലും ഏതോ രോഗത്തിന്റെ സ്വാധീനമുണ്ടാകാമെന്ന തിരിച്ചറിവാണ് അനാമികയുടെ അനുഭവം ഞങ്ങൾക്കു തന്നത്.  വൈദ്യശാസ്ത്രം ഏറെ ചർച്ച ചെയ്യുകയും ശ്രദ്ധിക്കുകയും ചെയ്യേണ്ട കാര്യങ്ങളാണ് അനാമിക എന്ന പെൺകുട്ടി ഞങ്ങൾക്കുമുന്നിൽ അവതരിപ്പിച്ചത്. ടെറടോമ ബാധിച്ചതോടെ അത് അനാമികയുടെ തലച്ചോറിനെയാണ് ബാധിച്ചത്.

അതുകൊണ്ടാണ് അവളുടെ ഓർമശക്തി നഷ്ടപ്പെട്ടതും പരസ്പര ബന്ധമില്ലാതെ സംസാരിച്ചതും അശ്ലീലവും അസഭ്യവുമെല്ലാം പറഞ്ഞതും. ആശയസംവേദനത്തിന്റെ ബന്ധങ്ങളിൽ വന്ന ആ മുറിവുകൾ മനസ്സിലാക്കാൻ സാധിക്കാതെ പോയതോടെയാണ് എല്ലാവരും അവളെ ഭ്രാന്തിയായി കരുതിയത്. ദൈവം ഒരടയാളം പോലെ കാണിച്ചു തന്ന അപസ്മാരം വന്നില്ലായിരുന്നെങ്കിൽ ഒരു പക്ഷേ അനാമിക ഇപ്പോൾ....’ വാചകം പൂർത്തിയാക്കാതെ ഡോക്ടറുടെ വാക്കുകൾ മുറിഞ്ഞുനിന്നപ്പോൾ അതിനൊപ്പം ഒരു നെടുവീർപ്പുമുണ്ടായിരുന്നു. 

അനാമിക അടയാളപ്പെടുത്തുന്നത്

‘തിരിച്ചറിയപ്പെടാതെ പോകുന്ന രോഗം...ഒരു മനുഷ്യജന്മത്തെ ബാധിക്കുന്ന ഏറ്റവും വലിയ ശാപമാണത്...’ ഡോക്ടർ പറഞ്ഞ രണ്ടു വാചകങ്ങളിൽ അനാമിക എന്ന പെൺകുട്ടി സമൂഹത്തിന് മുന്നിൽ ചില കാര്യങ്ങൾ അടയാളപ്പെടുത്തുന്നുണ്ട്. ഭ്രാന്തിയായി മുദ്ര കുത്തപ്പെട്ട് മരണത്തിന്റെ കൈകളിലേക്ക് എറിഞ്ഞുകൊടുക്കപ്പെട്ട അനാമികയെ അവസാന നിമിഷം ജീവിതത്തിലേക്ക് തിരികെ നടത്താൻ കഴിഞ്ഞതിന് ദൈവത്തിന് സ്തുതി പറയാം.

പക്ഷേ അങ്ങനെ സാധിക്കാതിരുന്ന ചില ജന്മങ്ങൾ എവിടെയൊക്കെയോ ഉണ്ടായിരിക്കാമെന്ന തിരിച്ചറിവ് ഒരു അസ്വസ്ഥതയായി നമ്മിലേക്ക് പടരുന്നില്ലേ? ആസ്പത്രിക്കിടക്കയിൽ അനാമിക കഴിഞ്ഞിരുന്ന ദിനങ്ങൾ ഡോക്ടർ ഇപ്പോഴും മറന്നിട്ടില്ല. എന്തൊക്കെയോ പുലമ്പി...ചുണ്ടിൽ തുപ്പൽ ഒലിച്ചിറങ്ങി... 
എപ്പോഴും വെറുതെ ചുണ്ടുകൾ അനക്കിക്കൊണ്ടിരുന്ന അനാമിക. അവളുടെ രോഗത്തിന്റെ ചികിത്സക്കായി ഒരു നഴ്‌സിനെ സദാസമയം ഡോക്ടർമാർ കൂടെ നിർത്തിയിരുന്നു. ഇതിനിടയിൽ പല തവണ അബോധാവസ്ഥയിലേക്ക് പോയ അനാമിക മരിച്ചെന്നുതന്നെ കരുതിയ നിമിഷങ്ങളുമുണ്ടായിരുന്നു.

പക്ഷേ അപ്പോഴും പ്രതീക്ഷ കൈവിടാതെ ചികിത്സ തുടർന്നു ഡോക്ടർമാർ. പ്രത്യേക തരം മരുന്നുകളുടെ ഇഞ്ചക്‌ഷനുകളിലൂടെയായിരുന്നു അനാമികയുടെ ചികിത്സ നടത്തിയിരുന്നത്. അഞ്ചു ദിവസത്തെ ഇഞ്ചക്‌ഷനും മാസത്തിലൊരിക്കലുള്ള ഇഞ്ചക്‌ഷനുമൊക്കെയായി തുടർന്ന ചികിത്സക്കൊടുവിൽ അനാമികയുടെ രോഗം ഭേദമാകുമ്പോൾ ഡോക്ടർ ആശ്വാസത്തോടെ ആ വാചകങ്ങൾ ആവർത്തിക്കുന്നു...തിരിച്ചറിയപ്പെടാതെ പോകുന്ന രോഗം...മനുഷ്യജന്മത്തെ ബാധിക്കുന്ന ഏറ്റവും വലിയ ശാപമാണത്.

ഡോക്ടറുടെ വാക്കുകൾ മനസ്സിൽ ഏതോ നൊമ്പരപ്പൂക്കൾ വിടർത്തുമ്പോൾ കണ്ണുകൾ വീണ്ടും ആ കിടക്കയിലേക്ക് നീണ്ടു...ഇവിടെ നിന്നാണ് അനാമിക വീണ്ടും ജീവിതത്തിലേക്ക് തിരിച്ചുനടന്നിരിക്കുന്നത്. നഷ്ടപ്പെട്ടെന്നു കരുതിയ പൊന്നുമോളെ തിരിച്ചുകിട്ടിയ ആശ്വാസത്തിൽ കൈകൂപ്പി നിന്ന ആ മാതാപിതാക്കളുടെ കവിളുകളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർ എങ്ങനെയാണ് മറക്കാൻ കഴിയുന്നത്. അച്ഛനും അമ്മയ്ക്കും അനിയത്തിക്കുമൊപ്പം ആ വീട്ടിൽ സന്തോഷത്തോടെ അനാമിക ഇനിയും ഒരുപാടുനാൾ കഴിയട്ടെ. ആശ്വാസത്തോടെ നാം അനാമികയെ ജീവിതത്തിലേക്ക് തിരികെ നടത്തുമ്പോൾ കാറ്റിൽ എവിടെനിന്നോ കുറേ അപ്പൂപ്പൻ താടികൾ പാറി വരുന്നില്ലേ...