ആര്‍ത്തവകാലത്തെ ജൈവബോധംര്‍ത്തവത്തിന്റെയും ആര്‍ത്തവശുചിത്വത്തിന്റെയും അതേ പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ് സാനിറ്ററി നാപ്കിനുകളും ടാമ്പണുകളും ഉള്‍പ്പെടുന്ന സാനിറ്ററി
വേസ്റ്റുകളുടെ സംസ്‌കരണം. എന്നാല്‍ ഈ വിഷയത്തെ കുറിച്ച് ആരോഗ്യപരമായ ചര്‍ച്ചകളോ നടപടികളോ ഇനിയും നടപ്പായിട്ടില്ല. സ്ത്രീകളുടെയും പരിസ്ഥിതിയുടെയും ശരീര സുരക്ഷയെ ബാധിക്കുന്നതാണ് ഓരോ ദിവസവും കുമിഞ്ഞുകൂടുന്ന സാനിറ്ററി മാലിന്യങ്ങളുടെ കൂമ്പാരം.

ഈ വിഷയത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡും സര്‍ക്കാരും ശുചിത്വ മിഷനും അടിയന്തരമായി നടപടികള്‍ കൈക്കൊള്ളണമെന്ന് ഓര്‍മിപ്പിക്കുകയാണ് മലിനീകരണനിയന്ത്രണബോര്‍ഡ് മുന്‍ എഞ്ചിനീയര്‍ വി സായി മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ എഴുതിയ ആ പരമരഹസ്യങ്ങള്‍ സര്‍ക്കാര്‍ സംസ്‌കരിക്കണം എന്ന ലേഖനം. ആര്‍ത്തവകാലത്തെ ശുചിത്വമില്ലായ്മ സ്ത്രീകളുടെ ആരോഗ്യത്തെ തകര്‍ക്കുന്നതെങ്ങനെ? സാനിറ്ററി മാലിന്യത്തിന്റെ അശാസ്ത്രീയ സംസ്‌കരണം പരിസ്ഥിതിയെ എങ്ങനെയൊക്കെ ബാധിക്കുന്നു എന്ന് ലേഖനം വിശദമായി ചര്‍ച്ച ചെയ്യുന്നു. 

ശരിയായ നിര്‍മാര്‍ജന രീതികള്‍ നിലവിലില്ലാത്തതു മൂലം സാനിറ്ററി പാഡുകള്‍ ശുചിമുറികളില്‍ ഫ്‌ലഷ് ചെയ്യപ്പെടുകയോ കത്തിച്ചു കളയുകയോ പൊതിഞ്ഞുകെട്ടി ഉപേക്ഷിക്കുകയോ ആണ് പതിവ്. എന്നാല്‍ ഇത്തരം അശായസ്ത്രീയ മാര്‍ഗങ്ങള്‍ പരിസ്ഥിതിക്ക് എത്രമാത്രം ദോഷം ചെയ്യുന്നു എന്ന വസ്തുത പരിഗണിക്കപ്പെടുന്നില്ല എന്നു വേണം മനസ്സിലാക്കാന്‍.

സാനിറ്ററി പാഡുകളുടെ സംസ്‌കരണം മാത്രമല്ല, ആര്‍ത്തവകാലത്ത് യഥാസമയം പാഡുകള്‍ മാറ്റി ഉപയോഗിക്കാതിരിക്കുന്നത് സ്ത്രീകളില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഇടയാക്കുന്നുണ്ട്. ഗര്‍ഭാശയ- യോനിമുഖ രോഗങ്ങളുടെ നിരക്ക് വര്‍ധിക്കുന്നത് ഇതാണ് സൂചിപ്പിക്കുന്നത്.

മരത്തോല്‍, തുണി, മണ്ണ്, കടലാസു കഷണങ്ങള്‍ തുടങ്ങിയവയായിരുന്നു പണ്ട് കാലത്ത് ആര്‍ത്തവസ്രാവത്തെ നീക്കം ചെയ്യാന്‍ സ്ത്രീകള്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇവയുടെ നിരവധിയായ പരിമിതികളെ ഒരു പരിധി വരെ ഒഴിവാക്കാന്‍ പില്‍ക്കാലത്ത് എത്തിയ  സാനിറ്ററി നാപ്കിനുകള്‍, ടാമ്പണുകള്‍, ആര്‍ത്തവ കപ്പുകള്‍ എന്നിവയ്ക്ക് സാധിച്ചു.

എന്നാല്‍ ഈ മൂന്നു മാര്‍ഗങ്ങളും ശരീരശുചിത്വം ഉറപ്പുവരുത്താന്‍ സഹായിക്കുമെന്ന ധാരണ ശരിയല്ല. ലോകാരോഗ്യ സംഘടനയുടെ ഒരു റിപ്പോര്‍ട്ട് പ്രകാരം ലോകത്തിലെ 80ശതമാനം സ്ത്രീകളും ഗൈനക്കോളജി രോഗങ്ങള്‍ ബാധിച്ചവരാണ്. അതില്‍ത്തന്നെ 63 ശതമാനവും സാനിറ്ററി നാപ്കിനുകള്‍ ഉപയോഗിക്കുന്നതിലുള്ള പ്രശ്‌നങ്ങള്‍ മൂലമുണ്ടായവയാണ്.  

ഓരോന്നിന്റെയും ഉപയോഗത്തിലും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ പതിയിരിപ്പുണ്ട്. ചാമ്പണുകളുടെയും സാനിറ്ററി നാപ്കിനുകളുടെയും പുനരുപയോഗസാധ്യമായ നാപ്കിനുകളുടെയുമൊക്കെ നിര്‍മാണത്തില്‍ തുണിയും പരുത്തിയുമൊക്ക ഉള്‍പ്പെട്ടിട്ടുണ്ട്. പൂര്‍ണമായും ജൈവകൃഷി അവലംബിക്കാത്തത്‌ പരുത്തിക്കൃഷിയില്‍ ധാരാളം കീടനാശിനികളും അണുനാശിനികളും ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ധാരാളം വിഷവസ്തുക്കള്‍ പരുത്തിയുന്നങ്ങളായ തുണിയിലും റയോണ്‍ പോലുള്ള തുണിനാരുകളും ഉണ്ടാകും. 

കൂടാതെ അസംസ്‌കൃതവസ്തു ഉത്പന്നമായി രൂപാന്തരം വരുന്ന പ്രകിയകളില്‍ ക്ലോറിന്‍ പോലുള്ള ബ്ലീച്ചിങ് അത്യന്താപേഷിതമാണ്. അതിനാല്‍ ഡയോക്‌സിന്‍, ഫ്യൂറാനുകള്‍ എന്നീ അതിമാരകമായ വിഷവസ്തുക്കളുടെ സാന്നിധ്യം തുണികൊണ്ടുള്ള സാനിറ്ററി നാപ്കിനുകളിലും കണ്ടേക്കാം.

ദീര്‍ഘനേരം ഇവ ഉപയോഗിക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. സാനിറ്ററി പാഡുകള്‍ യഥാസമയം മാറ്റാനും സംസ്‌കരിക്കാനുമുള്ള സൗകര്യം പലപ്പോഴും പരിമിതമാണ്. യാത്രകള്‍ക്കിടയിലും ചിലപ്പോള്‍ തൊഴിലിടങ്ങളിലും ഈ പരിമിതി സ്ത്രീകള്‍ക്ക് നേരിടേണ്ടി വരാറുണ്ട്.

സാനിറ്ററി നാപ്കിനുകളിലും ടാമ്പണുകളിലുമുള്ള രാസവസ്തുക്കള്‍ക്ക് ഒരു തടസ്സവും കൂടാതെ നേരിട്ട് രക്തത്തിലും ആന്തരിക അവയവങ്ങളിലും പ്രവേശിക്കാന്‍ സാധിക്കുന്നത് സ്ഥിതി ഗുരുതരമാക്കുമെന്നും ലേഖകന്‍ പറയുന്നു.

ഡയോക്‌സിനുകളും ഫ്യൂറാനുകളും പോലുള്ള രാസ വസ്തുക്കള്‍ കൊഴുപ്പില്‍ മാത്രം അലിയുന്നവയാണ്. അതുകൊണ്ടു തന്നെ അവ ദശാബ്ദങ്ങളോളം ശരീരത്തിനുള്ളില്‍ കിടന്ന് ജൈവ വിപുലീകരണത്തിന് വിധേയമാകും. ഇവയുടെ അളവ് കൂടുന്നതിന് അനുസരിച്ച് വളര്‍ച്ചാ മുരടിപ്പ്, ജന്മവൈകല്യങ്ങള്‍, ഹോര്‍മോണ്‍ തകരാറുകള്‍, രോഗപ്രതിരോധ വ്യവസ്ഥയുടെ താളം തെറ്റല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം. 

രക്തജന്യ പാത്തോജനുകളുടെ സാന്നിദ്ധ്യം ഉപയോഗശേഷമുള്ള നാപ്കിനുകളില്‍ ഉണ്ടാകുന്നത് സാധാരണമാണ്. അതുകൊണ്ട് തന്നെ ഇ കോളി, സ്‌റ്റെഫിലോ കോക്കസ്, സാല്‍മൊണല്ല എന്നിവയുടെ സാന്നിദ്ധ്യവും ഇത്തരം പാഡുകളില്‍ കണ്ടേക്കാം. പാഡുകള്‍ വഴിയരികിലും മറ്റും ഉപേക്ഷിക്കുന്നത് മാലിന്യം കൈകാര്യം ചെയ്യുന്നവരുടെ ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കും.

mathrubhumi weekly
ലേഖനത്തിന്റെ പൂര്‍ണരൂപം
വായിക്കാനും ഈ ലക്കം
മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് വാങ്ങാനും
ഇവിടെ ക്ലിക്ക് ചെയ്യുക 

ഉപയോഗശേഷം സാനിറ്ററി പാഡുകള്‍ അശാസ്ത്രീയമായ രീതിയില്‍ കത്തിച്ചു കളയുന്നത് വായു മലിനീകരണത്തിന് കാരണമാകും. അപൂര്‍ണദഹനത്തിന് വിധേയമാകുന്ന സാനിറ്ററി നാപ്കിനുകളില്‍ നിന്നും കാര്‍ബണ്‍ മോണോസൈഡ്, കാര്‍ബണ്‍ ഡയോക്‌സൈഡ്, പൊടിപടലങ്ങള്‍ എന്നിവ അന്തരീക്ഷത്തിലെത്തും.

കത്തിക്കുന്നതിന്റെ ഭാഗമായുണ്ടാകുന്ന ചാരവും അപകടകരമാണ്. സാനിറ്ററി നാപ്കിനുകള്‍ വിപണനം ചെയ്യുന്ന കമ്പനികളോട് മാലിന്യ നിര്‍മാര്‍ജനത്തില്‍ സഹകരിക്കാനും സഹായിക്കാനും ആവശ്യപ്പെടാം. എങ്കിലും നിലവിലെ അവസ്ഥയ്ക്ക് മാറ്റം വരണമെങ്കില്‍ സര്‍ക്കാരും മലിനീകരണ നിയന്ത്രണ ബോര്‍ഡും സംസ്ഥാന ശുചിത്വ മിഷന്‍ പോലുള്ള ഏജന്‍സികളും മുന്നിട്ടിറങ്ങണമെന്ന് ലേഖകന്‍ പറയുന്നു.