തൃശ്ശൂര്‍: ആര്‍ത്തവത്തകരാറിന് കാരണമാവുന്ന രക്തസ്രാവവൈകല്യമായ വോണ്‍വില്ലിബ്രാന്‍ഡ് രോഗം വര്‍ധിക്കുന്നതായി കണ്ടെത്തല്‍. രക്തഘടകം എട്ടുമായി ചേര്‍ന്നുനില്‍ക്കുന്ന വോണ്‍വില്ലിബ്രാന്‍ഡ് എന്ന രക്തഘടകത്തിന്റെ അഭാവമാണ് കാരണം.

ലോക ഹീമോഫീലിയ ഫെഡറേഷന്റെ കണക്കനുസരിച്ച് ജനസംഖ്യയില്‍ നൂറിലൊരാള്‍ക്ക് രക്തസ്രാവവൈകല്യമുണ്ട്. അതില്‍ കൂടുതലും വോണ്‍വില്ലിബ്രാന്‍ഡ് രോഗമാണ്. രോഗബാധിതരില്‍ ആര്‍ത്തവം ഇരുപതുദിവസംവരെ നീളും.

അമിത രക്തസ്രാവംമൂലം ആസ്​പത്രിയില്‍ പ്രവേശിപ്പിക്കുമ്പോഴോ ശസ്ത്രക്രിയയുടെയോ പ്രസവത്തിന്റെയോ സമയത്തോ ആണ് രോഗിക്ക് രക്തസ്രാവവൈകല്യമുള്ളതായി കണ്ടെത്തുന്നത്. രക്തം കയറ്റിയും പ്ലാസ്മ കുത്തിവെച്ചുമാണ് രക്തപ്രവാഹം നിയന്ത്രിക്കുന്നത്.

പല സ്ത്രീകളും മാസത്തില്‍ പകുതിദിവസവും ആസ്​പത്രിയില്‍ ചികിത്സക്ക് വിധേയരാവേണ്ട സ്ഥിതിയിലാണ്. അജ്ഞതമൂലം പലരും ചികിത്സ തേടാറുമില്ല.

ചില രക്തഘടകങ്ങളുടെ അഭാവംമൂലം രോഗികളില്‍ മുറിവുണങ്ങിയാലും രക്തസ്രാവം ഉണ്ടാവാമെന്നും മരണം വരെ സംഭവിക്കാമെന്നും ഹീമോഫീലിയ സൊസൈറ്റി കുന്നംകുളം ചാപ്റ്റര്‍ പ്രസിഡന്റ് പ്രൊഫ. എന്‍.എന്‍. ഗോകുല്‍ദാസ് പറഞ്ഞു.ജനിതകമാറ്റമാണ് സ്ത്രീകളെ രോഗവാഹകരാക്കുന്നത്. രോഗവാഹകരായ അമ്മമാരുടെ പെണ്‍മക്കളിലാണ് വോണ്‍വില്ലിബ്രാന്‍ഡ് രോഗം കാണുന്നത്.

മുമ്പ് സന്ധികളിലും മസിലുകളിലും രക്തസ്രാവം ഉണ്ടായാല്‍ സിറിഞ്ച് ഉപയോഗിച്ച് രക്തം വലിച്ചെടുക്കുന്ന ചികിത്സാരീതിയായിരുന്നു. എന്നാല്‍, അണുബാധമൂലം രോഗികളില്‍ അംഗവൈകല്യം വര്‍ധിച്ചതോടെ ഇത്തരം ചികിത്സ നിരോധിച്ചുവെന്ന് ഹീമോഫീലിയ ഫെഡറേഷന്‍ ഓഫ് ഇന്ത്യ സതേണ്‍ റീജണല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ഇ. രഘുനന്ദനന്‍ പറഞ്ഞു.