മലര്‍ മിസ് മുഖക്കുരു ട്രെന്‍ഡ് ആക്കിയെങ്കിലും ഏതൊരു പെണ്‍കുട്ടിയെയും അലട്ടുന്ന പ്രധാനവില്ലനാണ് മുഖക്കുരു. ഒരൊറ്റ മുഖക്കുരു പോലുമില്ലാതെ തെളിഞ്ഞ ചര്‍മം സ്വന്തമായുള്ളവരെ അല്പം അസൂയയോടെ തന്നെയാണ് പെണ്‍കുട്ടികള്‍ നോക്കിക്കാണുന്നത്. നിനച്ചിരിക്കാതെയാകും മുഖക്കുരു കടന്ന് വരിക. എന്നാല്‍ ഇങ്ങനെ ആകസ്മികമായി സംഭവിക്കുന്ന നിസ്സാര കാര്യമായി ഇതിനെ കണക്കാക്കാന്‍ വരട്ടെ. ഈ മുഖക്കുരുവും ചിലത് പറയുന്നുണ്ട് നിങ്ങളുടെ ആരോഗ്യത്തെപ്പറ്റി. മുഖത്തിന്റെ ഓരോ ഭാഗത്തും വരുന്ന മുഖക്കുരു ഓരോ കാരണങ്ങളാണ് ചൂണ്ടി കാണിക്കുന്നത് 

  • നെറ്റി 

ദഹന സംബന്ധിയായ പ്രശ്‌നങ്ങളാണ് നെറ്റിയില്‍ വരുന്ന മുഖക്കുരുവിന്റെ പ്രധാന കാരണം. ഏതെങ്കിലും ആഹാര പദാര്‍ത്ഥത്തില്‍ നിന്നുമുള്ള അലര്‍ജിയോ, കഴിച്ച ഭക്ഷണം ശരിയായി ദഹിക്കാത്തതോ കാരണമാകാം. ചിലര്‍ക്ക് ഭക്ഷണങ്ങളില്‍  അടങ്ങിയിട്ടുള്ള ഗ്ലൂട്ടന്‍, ലാക്ടോസ് എന്നിവ മൂലമുള്ള അലര്‍ജി മൂലവും മുഖക്കുരു വരുന്നത് കാണാം. ഒന്ന് ശ്രദ്ധിച്ച് കഴിഞ്ഞാല്‍ ഇതൊഴിവാക്കാന്‍ കഴിയുന്നതേയുള്ളു. അലര്‍ജി ഉണ്ടാക്കുന്ന ഭക്ഷണം ഒഴിവാക്കി ധാരാളം പഴങ്ങളും പച്ചക്കറികളും ഡയറ്റില്‍ ഉള്‍പെടുത്തുക. 

  • കവിള്‍ത്തടത്തിന് താഴെ 

വായ്ക്കകത്തുള്ള ഇന്‍ഫെക്ഷന്‍ ആകാം പലപ്പോഴും കവിള്‍തടത്തിന് താഴെ വരുന്ന മുഖക്കുരുവിന് കാരണം. മോണയിലോ, പല്ലിലോ ഉള്ള എന്തെങ്കിലും ഇന്‍ഫക്ഷന്‍ കാരണമാകാം ഇങ്ങനെ സംഭവിക്കുന്നത്. 

  • താടി 

ആര്‍ത്തവം തുടങ്ങുന്നതിന് ഏതാനും ദിവസം മുന്‍പാണ് താടിയില്‍ മുഖക്കുരു കാണുന്നതെങ്കില്‍ അത് ഹോര്‍മോണല്‍ വ്യതിയാനങ്ങള്‍ മൂലമാകാം. 

  • കഴുത്തിലും നെഞ്ചിലും 

സ്ട്രെസും ഏതെങ്കിലും തരത്തിലുള്ള ഇന്‍ഫെക്ഷനും ആണ് കഴുത്തിലും നെഞ്ചിലും കാണുന്ന മുഖക്കുരുവിന് പ്രധാന കാരണം 

  • കവിള്‍ത്തടത്തിന് മുകളില്‍ 

മലിനീകരണവും അഴുക്കുമാണ് കവിള്‍ത്തടത്തിനു മുകളില്‍ മുഖക്കുരു വരുന്നതിനുള്ള പ്രധാന കാരണം. ഇതൊഴിവാക്കാനായി ദിവസവും രണ്ട് നേരം നല്ലപോലെ ഫേസ് വാഷ് കൊണ്ട് മുഖം കഴുകാന്‍ ശ്രദ്ധിക്കുക. 

  • പുരികത്തിന് നടുക്ക് 

രണ്ടു പുരികത്തിനിടക്കുള്ള സ്ഥലത്ത് മുഖക്കുരു വരുന്നത് കരളിന്റെ പ്രവര്‍ത്തന തകരാറു മൂലമോ, അമിതമായ മദ്യപാനം മൂലമോ ആണ്. ഉറങ്ങാന്‍ കിടക്കുന്നതിന് മുന്‍പ് ധാരാളം വെള്ളം കുടിക്കുക. ഒപ്പം ആല്‍ക്കഹോള്‍ പൂര്‍ണമായും ഒഴിവാക്കുക.