ദ്യ ഗര്‍ഭകാലത്ത് പ്രമേഹം വന്നിരുന്നുവെങ്കില്‍ രണ്ടാമതും ഗര്‍ഭിണിയാകുന്ന കാലഘട്ടത്തില്‍ പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണ്.  ഇത് തടയാന്‍ പ്രത്യേകിച്ച് മാര്‍ഗങ്ങളില്ല.  ആദ്യപ്രസവ ശേഷവും നല്ല ജീവിത ശൈലി (ഭക്ഷണ നിയന്ത്രണവും വ്യായാമവും) തുടരേണ്ടത് അത്യാവശ്യമാണ്. അമ്മയിലെ പ്രമേഹം ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യത്തെ കാര്യമായി സ്വാധീനിക്കാറുണ്ട്. 

പ്രസവം കഴിഞ്ഞാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ നില കൈവരിക്കാറുണ്ട്. എങ്കിലും ഗര്‍ഭകാല പ്രമേഹം വന്നവരില്‍ വരും വര്‍ഷങ്ങളിലും പ്രമേഹ സാധ്യത കൂടുതലായിരിക്കും. പ്രസവശേഷം ഭൂരിഭാഗം പേരും പ്രമേഹ നിയന്ത്രണ മാര്‍ഗങ്ങള്‍ പിന്തുടരാറില്ല. ജീവിത ശൈലിയിലെ അത്തരം മാറ്റങ്ങളുടെ ഫലമായി ശരീരത്തിലെ ഇന്‍സുലിന്‍ നില കുറയുകയും പ്രമേഹത്തിന് സാധ്യത വര്‍ധിക്കുകയും ചെയ്യും. 

സാധ്യത

അമിതവണ്ണം, കുടുംബപാരമ്പര്യം, ഉയര്‍ന്ന രക്തസമ്മര്‍ദം, മുന്‍പ് അംഗവൈകല്യമുള്ള കുഞ്ഞുണ്ടായവര്‍, തുടരെ ഗര്‍ഭം അലസുന്നവര്‍, 35 വയസ്സിനുമേല്‍ പ്രായമുള്ളവര്‍ തുടങ്ങിയവരില്‍ പ്രമേഹസാധ്യത കൂടുതലാണ്. മേല്‍പ്പറഞ്ഞ കാരണങ്ങള്‍ ഇല്ലാത്തവരിലും ഗര്‍ഭകാല പ്രമേഹം അധികമായി കണ്ടുവരുന്നു.

നിയന്ത്രണവിധേയമല്ലാത്ത പ്രമേഹം പല പ്രശ്‌നങ്ങള്‍ക്കും വഴിവെക്കാം. അമ്മയുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നതിനനുസരിച്ച് ഗര്‍ഭസ്ഥശിശുവിന്റെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടുന്നു. ഇത് ശിശുവിന്റെ വളര്‍ച്ചയെയും വികാസത്തെയും പ്രതികൂലമായി ബാധിക്കാം. 

ചികിത്സ

ആഹാരനിയന്ത്രണമാണ് ആദ്യപടി. ഭക്ഷണം ചെറിയ ഇടവേളകളില്‍ കഴിക്കുന്നതാണ് നല്ലത്. പ്രധാന ഭക്ഷണം ഒരു കാരണവശാലും ഒഴിവാക്കരുത്. രാവിലെ രണ്ടു മണിക്കൂര്‍ ഇടവിട്ട് ആഹാരം കഴിക്കുക. ഇതുമൂലം ഭക്ഷണത്തിനുശേഷം രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് അമിതമായി ഉയരുന്നത് തടയാനാവും. നടത്തംപോലുള്ള ലഘുവ്യായാമങ്ങള്‍ ചെയ്യുകവഴി രക്തത്തിലെ പഞ്ചസാരയുടെ തോത് കുറയ്ക്കാനുമാവും.

ഒന്നുരണ്ടാഴ്ച ഭക്ഷണനിയന്ത്രണത്തിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സാധിക്കാതെ വന്നാല്‍, ഇന്‍സുലിന്‍ കുത്തിവെപ്പ് തീര്‍ച്ചയായും എടുക്കേണ്ടതാണ്. ഗര്‍ഭകാലത്ത് സുരക്ഷിതമായി എടുക്കാവുന്ന ഒന്നാണ് ഇന്‍സുലിന്‍ കുത്തിവെപ്പ്. രക്തത്തിലെ പഞ്ചസാരയുടെ അളവനുസരിച്ച് നിത്യേന രണ്ടോ മൂന്നോ പ്രാവശ്യം കുത്തിവെപ്പ് എടുക്കേണ്ടതായിവരും. ആഹാരത്തിനു മുന്‍പ് വേണം കുത്തിവെപ്പ് എടുക്കാന്‍.

തുടക്കത്തില്‍ നിത്യേന മൂന്നു പ്രാവശ്യമെങ്കിലും രക്തപരിശോധന നടത്തി കുത്തിവെപ്പിന്റെ തോത് ക്രമീകരിക്കേണ്ടതായി വരും. അതിനു നിവൃത്തിയില്ലാത്തവര്‍ രണ്ടു ദിവസത്തിലൊരിക്കലെങ്കിലും രക്തപരിശോധന നടത്തേണ്ടതാണ്.

പ്രസവസമയത്തും അതിനു ശേഷവും ഗര്‍ഭിണിയായ അമ്മയ്ക്കും നവജാത ശിശുവിനും പ്രത്യേകമായ വിദഗ്ധ ചികിത്സയും പരിചരണവും അത്യാവശ്യമാണ്. പ്രസവിച്ച ഉടനെ മുലയൂട്ടുന്നത് നവജാത ശിശുവിന്റെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവു കുറഞ്ഞുപോകാതിരിക്കാനുള്ള ഏറ്റവും നല്ല മുന്‍കരുതലാണ്.

പ്രസവശേഷം മിക്കവാറും പേരിലും പഞ്ചസാരയുടെ അളവ് സാധാരണ നിലയിലാവുന്നു. പിന്നെ ഇന്‍സുലിന്‍ കുത്തിവെപ്പ് ആവശ്യമായി വരാറില്ല. എന്നിരുന്നാലും ആറാഴ്ചയ്ക്കുശേഷം രക്തപരിശോധന വീണ്ടും നടത്തേണ്ടതാണ്. ആറ് മാസത്തിനുശേഷവും വര്‍ഷത്തിലൊരിക്കലെങ്കിലും പരിശോധനകള്‍ മുടങ്ങാതെ ചെയ്യേണ്ടതാണ്.

Content Highlights: Diabetes, Diabetes During Pregnancy, Pregnancy, Blood Sugar Level


അവലംബം: ആരോഗ്യമാസിക