Chembarathiനിന്റെയാ ചുവന്ന ഷർട്ട്
ചെമ്പരത്തിക്ക്
വെളുത്തത് മന്ദാരത്തിന്
ഓറഞ്ചു കുപ്പായം കനകാംബരത്തിനും
നീല ബനിയൻ ശംഖുപുഷ്പത്തിനും
പിന്നെ ഞാൻ ആദ്യം കാണുമ്പോൾ 
നീ ഇട്ടിരുന്ന
മഞ്ഞ ഷർട്ട് കൊന്നപ്പൂവിന്
ഇങ്ങനെ നീ 
ഇട്ടു മുഷിഞ്ഞ കുപ്പായങ്ങളാണോ
ഈ പൂക്കളൊക്കെ ഇടുന്നത്
എന്തോ
ഞാൻ വാസനിക്കുമ്പോഴൊക്കെ 
അവയ്ക്ക്
നിന്റെ വിയർപ്പിന്റെ നനുത്ത ഗന്ധം

ഗംഗ എന്ന യുവ കവിയുടെ പ്രണയവസന്തം എന്ന കവിതയിൽ നിന്നുള്ള വരികൾ... 100 പെണ്ണുങ്ങൾ അവരുടെ പ്രണയ കവിതകൾ ചേർത്തുവച്ച് ചെമ്പരത്തി വിരിയിച്ചപ്പോൾ വെളിച്ചം കണ്ട വരികളാണിത്. ആണുങ്ങൾക്കായി 100 പെണ്ണുങ്ങളുടെ പ്രണയ കവിതകൾ എന്ന പേരിൽ ‘ചെമ്പരത്തി’ കവിതാ സമാഹാരം പുറത്തിറങ്ങിയപ്പോൾ കവിതയുടെ വഴിയിലെത്തിയതിൽ ഭൂരിഭാഗവും എഴുത്തുകാരോ മുൻപ് എഴുതി പരിചയമുള്ളവരോ ആയിരുന്നില്ല.  റോഷ്‌നി സ്വപ്ന, കവിതാ ബാലകൃഷ്ണൻ തുടങ്ങിയ മികച്ച എഴുത്തുകാരും ഇക്കൂട്ടത്തിലുണ്ട്. മറ്റുള്ളവർ വീട്ടമ്മമാരോ ആദ്യമായി കവിത പ്രസിദ്ധപ്പെടുത്തുന്നവരോ ആണ്.  ധനേഷ് കൃഷ്ണയും സോണി ജോസഫും ചേർന്നൊരുക്കിയ ഈ പ്രണയകാവ്യ സമാഹാരം പുറത്തിറക്കിയത് തിരുവനന്തപുരം മൈത്രി ബുക്സാണ്. ആണുങ്ങൾക്കായി നൂറു പെണ്ണുങ്ങളുടെ പ്രണയ കവിതകളിൽ ചിലത് പ്രണയ നഷ്ടത്തെക്കുറിക്കുന്നു.   തകർന്നുപോയ പളുങ്കുമണികൾ പെറുക്കിയെടുത്തൊരു തിരിച്ചു നൽകൽ. ഒരാൾ പറയുന്നു, എഴുതി അവസാനിപ്പിക്കാൻ കഴിയുന്നതും ഒരു ഭാഗ്യമാണെന്ന്.  കാവ്യാ മാധവൻ, ബി. സന്ധ്യ, ലോപ, ടി.എൻ. സീമ തുടങ്ങിയ പരിചിതരും ചെമ്പരത്തിയുമായി കവിതകൾ പങ്കു വച്ചിട്ടുണ്ട്.   പ്രണയ ദിനത്തിൽ 100 പെൺകുട്ടികൾ ചേർന്നെഴുതുന്ന പ്രണയ പുസ്തകം പുറത്തിറക്കണമെന്ന ആശയം ഷോർട്ട് ഫിലിം ഡയറക്ടറും പത്രപ്രവർത്തകനുമായ ധനേഷ് കൃഷ്ണയുടേതായിരുന്നു.  നവ മാധ്യമ കൂട്ടായ്മകളിൽ സജീവമായ സ്ത്രീകളിൽ നിന്ന് ഫെയ്‌സ് ബുക്ക് വഴിയാണ് കവിതകൾ ക്ഷണിച്ചത്. ലഭിച്ച മികച്ച പ്രതികരണങ്ങളിൽ നിന്നും 100 എണ്ണം തിരഞ്ഞെടുത്തു. നവ മാധ്യമ കൂട്ടായ്മകളും കവിതാ ചർച്ചകളും ഹൈക്കു കവിതകൾക്ക് ലഭിച്ചിരിക്കുന്ന ജനപ്രീതിയും ഒരുപാട് വീട്ടമ്മമാരെ കവിതകളെഴുതാൻ പ്രേരിപ്പിക്കുന്നുണ്ടെന്ന് ചെമ്പരത്തിയിൽ ആദ്യ കവിത പ്രസിദ്ധീകരിച്ച പി.കെ. അശ്വനി പറയുന്നു.