കൂട്ടായ്മ ഉള്ളിടത്തോളം കാലം ഞങ്ങൾ പൂട്ടില്ല. നിശ്ചയദാർഢ്യംനിറഞ്ഞ സരിതയുടെ വാക്കുകൾമതി തീരമൈത്രിക്ക് ഇനിയും മുന്നോട്ടുപോകാൻ. കോഴിക്കോടിന്റെ കടലോര മേഖലയിൽനിന്നുള്ള പെൺകൂട്ടായ്മയിൽ നിന്നുയർന്നുവന്നതാണ് ‘തീരമൈത്രി സൂപ്പർ മാർക്കറ്റുകൾ’

പ്രതിസന്ധികളും പ്രയാസങ്ങളുമേറെയുണ്ടെങ്കിലും സ്ത്രീ മനസ്സുകളുടെ ആവോളമുള്ള ആത്മവിശ്വാസമാണ് കഴിഞ്ഞ പത്തുവർഷമായി തീരമൈത്രിയെ നയിക്കുന്നത്. വെസ്റ്റ്‌ഹിൽ ചുങ്കത്തെ വരക്കൽ റോഡിന്റെ കവാടത്തിലാണ് 11 സ്ത്രീകളുടെ ഒരുമയിൽ കൈരളിയെന്ന തീരമൈത്രി സൂപ്പർമാർക്കറ്റ് പ്രവർത്തിക്കുന്നത്.

എല്ലാമുണ്ട് ഇവിടെ. അങ്ങാടിനിലവാരം അനുസരിച്ചാണ് സാധനങ്ങളുടെ വില. മാർക്കറ്റ് വിലയെക്കാൾ ചിലസാധനങ്ങൾക്ക് രണ്ടുംമൂന്നും രൂപ വരെ വിലക്കുറവുണ്ട്. ഇതിലുംകുറഞ്ഞ വിലയിൽ ഇവിടെ സാധനങ്ങൾ വിറ്റിരുന്നു.

2008-ൽ തീരമൈത്രിക്ക് തുടക്കമിട്ടപ്പോൾ സർക്കാർ സബ്‌സിഡിയോടെ  മാവേലിസ്റ്റോറുകളുടെ വിലനിലവാരമനുസരിച്ചായിരുന്നു വില്പന. കഴിഞ്ഞ നാലുവർഷമായി സർക്കാരിൽനിന്ന് ഇളവൊന്നുമില്ല. സബ്‌സിഡി നിന്നുപോയെങ്കിലും സ്ഥാപനം പൂട്ടിയിടാൻ ഇവർ തയ്യാറല്ലായിരുന്നു.

മത്സ്യഫെഡിന്റെ സഹായത്തോടെ സുനാമി ഫണ്ടുപയോഗിച്ച് 10,000 രൂപ വിഹിതമായെടുത്ത് 20 വനിതകൾ ചേർന്ന് തുടങ്ങിയതാണ് ഈ സൂപ്പർമാർക്കറ്റ്. സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ടാണ് സൂപ്പർമാർക്കറ്റ് എന്ന ആശയത്തിന് വഴിയൊരുക്കിയത്. തീരമൈത്രിയുടെ സാരഥികളായി ഇപ്പോൾ 11 പേരാണുള്ളത്.

എല്ലാവർക്കും തുല്യ ഉത്തരവാദിത്വം. സരിത, സാജിത, തെസ്ലീന, അസ്മ, സബ്രീന, മാധുരി, പ്രസീത, സിന്ധു, നിഷിത, നിഷ, മുബീന എന്നിവരുടെ മനസ്സാണ് തീരമൈത്രിയുടെ കരുത്ത്. പ്രവർത്തനസൗകര്യത്തിനായി സരിത പ്രസിഡന്റും തെസ്ലീന സെക്രട്ടറിയും അസ്മ ട്രഷററുമായുള്ള സമിതി രൂപവത്കരിച്ചിട്ടുണ്ട്.

വൻ ലാഭമൊന്നുമില്ലെങ്കിലും അത്യാവശ്യം കുടുംബം പുലർത്താനുള്ള വരുമാനം കിട്ടുന്നുണ്ട്. വരുമാനം കുറഞ്ഞാലും ഇല്ലെങ്കിലും അത് പൂർണ സംതൃപ്തിയോടെ ഇവർ പങ്കിട്ടെടുക്കും. ചില സർക്കാർ സ്ഥാപനങ്ങൾ ഇവിടെ നിന്ന് സാധനങ്ങൾ എടുക്കുന്നതുകൊണ്ടാണ് പിടിച്ചു നിൽക്കുന്നതെന്ന് സരിത പറയുന്നു. സംസ്ഥാനത്ത് മികച്ച തീരമൈത്രി സൂപ്പർമാർക്കറ്റുകൾക്കുള്ള പുരസ്കാരം രണ്ടുതവണ ഇവരെ തേടിയെത്തിയിട്ടുണ്ട്. സബ്‌സിഡി പുനഃസ്ഥാപിക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. ഈ കാര്യമുന്നയിച്ച് ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയെ കണ്ടിരുന്നു. 

പണിക്കർറോഡിൽ തീരമൈത്രിയുടെ ഒരു ശാഖകൂടി തുടങ്ങിയിട്ടുണ്ട്‌. നാലുപേർ അവിടെയുണ്ട്‌. ഒത്തൊരുമയുടെ വിജയമായാണ്‌ പുതിയ ശാഖയെ ഇവർ കാണുന്നത്‌. വെസ്റ്റ്‌ഹില്ലിലേതിനു പുറമേ ‘സുലഭം’ എന്നപേരിൽ കൊയിലാണ്ടിയിലും തീരമൈത്രി സൂപ്പർമാർക്കറ്റുണ്ട്‌. രാവിലെ ഏഴുമുതൽ രാത്രി ഏഴുവരെയാണ്‌ പ്രവർത്തനസമയം. ജീവനക്കാരും ഇവർതന്നെ. ഷിഫ്‌റ്റ്‌ അനുസരിച്ചാണ്‌ ജോലി. അതിനാൽ കുടുംബത്തിലെ കാര്യങ്ങൾ നോക്കാനും ഇവർക്ക്‌ സമയം കിട്ടുന്നുണ്ട്‌. 11 കുടുംബങ്ങളുടെ ഉപജീവനമാണിത്. ഒരു കച്ചവടം എങ്ങനെ സൂപ്പറാക്കാമെന്നുള്ള കാട്ടിത്തരൽ കൂടിയാണ് ഈ പെൺസംരംഭം. സ്നേഹവും സൗഹൃദവും കൊണ്ടൊരു വിജയഗാഥയാണിത്.