പോയ വര്‍ഷം ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റില്‍ കൂടുതല്‍ സമയം ചിലവിട്ടത് ഒരു സുന്ദരിക്കായാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനേയും എന്തിന് സല്‍മാന്‍ ഖാനെ പോലും പിന്നിലാക്കിയാണ് ആളുകള്‍ സണ്ണി ലിയോണ്‍ എന്ന സുന്ദരിയുടെ പേരു തിരഞ്ഞത്. അവഗണനയും പരിഹാസവും എതിര്‍പ്പുകളും കാര്യമാക്കാതെ, തന്റെ നേര്‍ക്ക് നീട്ടിയ ഓരോ ചൂണ്ടു വിരലും തിളങ്ങുന്ന പുഞ്ചിരിയോടെ നേരിട്ട സണ്ണി ഇന്ന് പ്രൊഫഷണല്‍ എന്ന വാക്കിന്റെ പര്യായമാണ്. ബിബിസിയുടെ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും സ്വാധീനിച്ച 100 സ്ത്രീകളുടെ പട്ടികയിലുമുണ്ട് സണ്ണിയുടെ പേര്. 

ലോകമെമ്പാടുമുള്ള യുവഹൃദയങ്ങളെ ത്രസിപ്പിക്കുന്ന ഹോട്ട്സ്റ്റാറായി സണ്ണി ലിയോണ്‍ നിറഞ്ഞുനില്‍ക്കാന്‍ തുടങ്ങിയിട്ട് പത്തുവര്‍ഷത്തോളമായി. അവരുടെ ഒരോ ചുവടും ചലനവും വാര്‍ത്തയും വിവാദവുമാണ്. എന്നാല്‍ എല്ലാത്തിനും പുഞ്ചിരി മാത്രമാണ് സണ്ണിയുടെ മറുപടി. 'ജീവിതത്തെ കുറ്റബോധത്തിന്റെ ഒരു കണികപോലുമില്ലാതെ എനിക്ക് നോക്കിക്കാണാനാകും. പോണ്‍ നടിയായി തുടങ്ങിയത് അപ്രതീക്ഷിതമായിരുന്നെങ്കിലും പിന്നീട് കൃത്യമായ കണക്കുകൂട്ടലോടെയാണ് എന്റെ കരിയറിലെ ഓരോ ചുവടും ഞാനെടുത്തത്. അഭിനയം എന്റെ പ്രൊഫഷനാണ്. വ്യക്തിജീവിതത്തില്‍ താന്‍ തീര്‍ത്തും മറ്റൊരാളാണ്. മൂല്യങ്ങളുടെയും ബന്ധങ്ങളുടെയും വില നന്നായറിയാം. ചെയ്യുന്ന ജോലി തെറ്റായതല്ല എന്ന പൂര്‍ണ്ണ വിശ്വാസമുണ്ട്.' 

കാനഡയില്‍ ഒരു പഞ്ചാബി കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന സണ്ണിയുടെ ശരിയായ പേര് കരണ്‍ജീത്ത് കൗര്‍ വോഹ്‌റ എന്നാണ്. പഠനം പൂര്‍ത്തിയാക്കിയ സണ്ണി ഒരു ജര്‍മ്മന്‍ ബേക്കറിയിലും, നികുതി കമ്പനിയിലും ജോലി ചെയ്തുകൊണ്ട് ഓറഞ്ച് കൗണ്ടിയില്‍ കുട്ടികളുടെ നഴ്‌സിങ് കോഴ്‌സ് പഠിക്കുകയായിരുന്നു. ആയിടെയാണ് അഡള്‍ട്ട് സിനിമകളില്‍ അഭിനയിച്ചു തുടങ്ങുന്നത്. 

Sunny Leone

''എനിക്കന്ന് പത്തൊമ്പത് വയസ്സാണ്. വീട്ടില്‍ പറയാതെയാണ് അഭിനയം തുടങ്ങിയത്. പ്രൊഫഷന്റെ ഭാഗമായി പേര് സണ്ണി ലിയോണ്‍ എന്നു മാറ്റി. പക്ഷെ അന്നൊന്നും കരിയര്‍ ഈവിധമാകുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ല. 2001 മാര്‍ച്ചിലാണ് എന്റെ കരിയറിലെ ആദ്യ ടേണിങ് പോയിന്റ് . അമേരിക്കയിലെ മുതിര്‍ന്ന യുവാക്കളുടെ മാസികയായ പെന്റ് ഹൗസിന്റെ മുഖചിത്രമായി എന്നെ തിരഞ്ഞെടുത്തു. ഒരു ലക്ഷം അമേരിക്കന്‍ ഡോളറായിരുന്നു പ്രതിഫലം. 

With SRK
ചിത്രത്തിന് കടപ്പാട്: ഇന്ത്യന്‍ എക്‌സ്പ്രസ്‌

മാസികയുടെ കവര്‍ പുറത്തുവന്നതോടെ പ്രൊഫഷന്‍ ഇതാണെന്ന് വീട്ടിലറിഞ്ഞു. ആകെ പ്രശ്‌നമായി. പിന്നീട് ഞാനവരുടെ പഴയ മകള്‍ തന്നെയാണെന്ന് ബോധ്യമായതോടെ അച്ഛനും അമ്മയും എന്റെ തീരുമാനത്തെ മാനിച്ചു. എന്നാല്‍ കുടുംബത്തിലെ മറ്റു ബന്ധുക്കള്‍ പ്രത്യേകിച്ച് ഇന്ത്യയിലുള്ള ബന്ധുക്കള്‍ അന്നു മുതല്‍ ഞാനുമായും എന്റെ വീട്ടുകാരുമായുമുള്ള ബന്ധം ഉപേക്ഷിച്ചു. അപ്പോഴെല്ലാം എന്റെ ശക്തി ഡാനിയലിന്റെയും എന്റെയും മാതാപിതാക്കളും സുഹൃത്തുക്കളും പിന്നെ ഡാനിയലുമായിരുന്നു.'' അഡല്‍ട്ട് സിനിമാ നടനായും നിര്‍മ്മാതാവായും പേരെടുത്ത ഡാനിയല്‍ വീബ്ബറിനെ വിവാഹം കഴിച്ചെന്ന് 2011ലാണ് സണ്ണി പ്രഖ്യാപിച്ചത്. അന്നുമുതല്‍ ജീവിതത്തിന്റെ കയറ്റിറക്കങ്ങളില്‍ സണ്ണിക്ക് കൂട്ടായി വീബ്ബറുണ്ട്.