മോഹിനിയാട്ടത്തിന്റെ പതിഞ്ഞ താളവും ഭരതനാട്യത്തിന്റെ സുന്ദര മുദ്രകളും ആഫ്രിക്കൻ നർത്തകരുടെ ചടുലതാളവും സമന്വയിപ്പിക്കുകയാണ് തൃപ്പൂണിത്തുറ സ്വദേശി സുമ വർമ. 

പശ്ചിമ ആഫ്രിക്കയിൽ ഘാനയുടെ തലസ്ഥാനമായ അക്രയിൽ സുമയും ശിഷ്യരും ചേർന്നൊരുക്കിയ 'നിയതി' അന്നാട്ടുകാർക്ക് ദൃശ്യവിരുന്നായി. തന്റെ നൃത്താധ്യാപികയായ കലാ വിജയനുള്ള ഗുരുദക്ഷിണ പോലെയാണ് സുമ ആ നൃത്താവിഷ്കാരത്തെ കാണുന്നത്.

കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെ മകളായ കലാ വിജയനു കീഴിൽ ചെറുപ്പത്തിലഭ്യസിച്ച മോഹിനിയാട്ടം ഉൾപ്പെടെയുള്ള കേരളീയ നൃത്ത പൈതൃകമാണ് തന്റെ ആത്മവിശ്വാസമെന്ന് സുമ വർമ പറയന്നു. ലോകപ്രശസ്ത കോറിയോഗ്രാഫറായിരുന്ന നീ യാട്ടെയും മകൻ നീ ടെറ്റെയുമാണ് നൃത്ത സമന്വയത്തിനുള്ള ഘാന നർത്തകരെ പരിശീലിപ്പിച്ചത്.

വിവിധ രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്ര പ്രതിനിധികളും കലാകാരന്മാരും തിങ്ങിനിറഞ്ഞ അക്ര നാഷണൽ ഓഡിറ്റോറിയത്തിലാണ് നിയതി അരങ്ങേറിയത്. സുമയുടെ നൃത്തകലാലയമായ 'കേകി'യിലെ മുപ്പതിലേറെ കലാകാരന്മാർ. കൂടെ നീ ടെറ്റെയുടെ 'നോയം' ഡാൻസ് സ്കൂളിൽ നിന്ന്‌ അത്രയും തന്നെ കലാകാരന്മാർ. എഴുപതിലധികം നർത്തകരാണ് വിവിധ നൃത്തരൂപങ്ങളുമായി വേദിയെ ദീപ്തമാക്കിയത്. സുമയും മകൾ അനഘയും നൃത്തസംഘത്തിലുണ്ട്. 

സിൻഡ്രലയുടെ കഥയെ ആധാരമാക്കി നിയതി തയ്യാറാക്കാൻ സുമയെ സഹായിച്ചത് സുഹൃത്തും കോട്ടയം സ്വദേശിനിയുമായ സജീന ജേക്കബ്ബാണ്. നൃത്തത്തിന് ഭാഷ പ്രശ്നമല്ലെന്ന് നിയതി തെളിയിച്ചു. പല രാജ്യങ്ങളിൽ നിന്നുള്ള പ്രേക്ഷകർക്കു മുന്നിൽ പാട്ടിന് ഏതു ഭാഷ വേണമെന്ന ആശയക്കുഴപ്പം പരിഹരിച്ചത് പശ്ചാത്തല സംഗീതത്തിലൂടെ കഥയെ മുന്നോട്ടു നയിച്ചാണ്. അത് ഒരുക്കിയതാകട്ടെ ചലച്ചിത്രങ്ങൾക്കും മറ്റും സംഗീതമൊരുക്കുന്ന വൈറ്റില സ്വദേശി കൃഷ്ണരാജ്.

നിയതിയുടെ കഥാ ഗതിക്കനുസരിച്ച് അദ്ദേഹം സംഗീതമൊരുക്കിയത് കൊച്ചിയിലിരുന്നു തന്നെയായിരുന്നു. ഭരതനാട്യത്തിനും മോഹിനിയാട്ടത്തിനും പുറമെ മണിപ്പുരി, കഥക്, ഭാംഗ്ഡ നൃത്തരൂപങ്ങളും നൃത്തവേദിയിലെത്തി. നിയതിയായി അനിത നായരെത്തിയപ്പോൾ രാജകുമാരനായത് ഘാനയിൽ നിന്നുള്ള നർത്തകനായിരുന്നു.

15 കൊല്ലം മുമ്പാണ് സുമ അക്രയിലെ ഇന്ത്യൻ കുട്ടികൾക്കു വേണ്ടി നൃത്തക്ലാസ് തുടങ്ങിയത്. അന്ന് വിരലിലെണ്ണാവുന്ന കുട്ടികളേ ഉണ്ടായിരുന്നുള്ളു. 10 കൊല്ലം കൊണ്ട് കൂടുതൽ കുട്ടികളെത്തി. മോഹിനിയാട്ടവും ഭരതനാട്യവുമാണ് പഠിപ്പിക്കുന്നത്. ഇന്നിപ്പോൾ ഇസ്രായേലി പെൺകുട്ടിയുൾപ്പെടെ മുപ്പതിലധികം കുട്ടികൾ കേകിയിൽ ഇന്ത്യൻ ശാസ്ത്രീയ നൃത്തരൂപങ്ങൾ പഠിക്കാനെത്തുന്നുണ്ട്. ഘാനയിലെ കുറച്ചു കുട്ടികളും ഇക്കൊല്ലം മുതൽ ഭരതനാട്യം പഠിക്കാനെത്തിയിട്ടുണ്ട്.

ഭർത്താവ് എറണാകുളം സ്വദേശിയായ രാജു ബോസ് സംഘാടക മികവുമായി കൂടെയുണ്ട്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. നിയതിക്ക് വേദിയിൽ സാങ്കേതിക സജ്ജീകരണമൊരുക്കിയത് സജീനയുടെ ഭർത്താവ് ജേക്കബ്ബാണ്. നൃത്താവതരണം പൂർത്തിയായതോടെ അതിന്റെ തിരക്കിൽ നിന്നൊഴിഞ്ഞ് രണ്ടാഴ്ച നാട്ടിെലത്തിയതാണ് സുമയും കുടുംബവും. മുൻ വർഷമൊരുക്കിയ 'ജനനം' എന്ന നൃത്താവിഷ്കാരമാണ് കല ടീച്ചർക്ക് അധികം ഇഷ്ടമായതെന്ന് സുമ. അടുത്ത വർഷം 'സ്വാൻ ലേക്ക്' എന്ന ബാലെയെ ആധാരമാക്കിയുള്ള നൃത്ത സമന്വയമൊരുക്കണമെന്നാണ് സുമയുടെ ആഗ്രഹം. 

കലാ പാരമ്പര്യമുള്ള കുടുംബ പശ്ചാത്തലം സുമയുടെ നേട്ടത്തിനു പിന്നിലുണ്ട്. തൃപ്പൂണിത്തുറ കോവിലകത്തെ കുഞ്ഞുക്കുട്ടൻ തമ്പുരാന്റെയും സതീ വർമയുടെയും മകളാണ് സുമ. അച്ഛൻ നാടകത്തിലും ചലച്ചിത്രത്തിലും അഭിനയിച്ചിരുന്നു.  അമ്മ 40 കൊല്ലത്തോളം തൃപ്പൂണിത്തുറ വനിതാ കഥകളിസംഘത്തിന്റെ നടത്തിപ്പു ചുമതല വിജയകരമായി ഏറ്റെടുത്തു നടത്തി. കഥകളി അഭ്യസിച്ച സുമ വർമയും വനിതാ കഥകളിസംഘത്തിൽ അംഗമാണ്. ഇപ്പോഴും നാട്ടിെലത്തുമ്പോൾ വേഷമിടാറുണ്ട്. സഹോദരൻ വാസുദേവൻ പരസ്യചിത്ര നിർമാണ രംഗത്താണ്.  

ampreethy@gmail.com