ദിയെയെതിർത്തൊരു ജന്തു നീന്തുമോ’കുമാരനാശാന്റെ ലീലയിലെ നൂറുകൊല്ലം പഴക്കമുള്ള ഈ ചോദ്യം തിരുത്താറായിരിക്കുന്നു. വിവാഹപ്പന്തലിൽനിന്ന് കാമുകനൊപ്പം ഇറങ്ങിപ്പോകുന്ന പെൺകുട്ടി ഇതുവരെ സിനിമയിലെ ആനന്ദദായകമായ കാഴ്ച മാത്രമായിരുന്നു. ജീവിതത്തിൽ ആ കാഴ്ചയെ ഉൾക്കൊള്ളാൻ മാത്രം സമൂഹം ഇനിയും പാകമായിട്ടില്ല.

ഗുരുവായൂരിൽ ഒരു പെൺകുട്ടി സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹപ്പന്തലിൽ നിന്ന് ഇറങ്ങിപ്പോയത്. അവൾ പോയത് കാമുകനൊപ്പമോ, ഇപ്പോൾ അവൾ കാമുകനൊപ്പമാണോ എന്നതെല്ലാം ഇഴ കീറി ചർച്ച ചെയ്യുമ്പോഴും നാം ചർച്ചചെയ്യാൻ മടിക്കുന്ന മറ്റൊരു വിഷയമുണ്ട്.  എന്തുകൊണ്ട് അവൾക്ക് പരസ്യമായി അങ്ങനെ ഒരു നിലപാടെടുക്കേണ്ടി വന്നു എന്നതാണത്. പ്രബുദ്ധതയുണ്ടെന്ന് അവകാശപ്പെടുന്ന ഒരു സമൂഹത്തിന്റെ ചിന്തകൾ ആ വഴിക്കായിരുന്നില്ലേ സഞ്ചരിക്കേണ്ടത്?

എന്തിനു സന്ധിചെയ്യണം?

വിവാഹക്കാര്യത്തിൽ ഒരു പെൺകുട്ടി വീട്ടുകാരുടെ ഇഷ്ടത്തിനുവഴങ്ങി സന്ധി ചെയ്യേണ്ടിവരുന്നത് സമൂഹത്തെ സംബന്ധിച്ച് തികച്ചും സ്വാഭാവികമായ ഒരു കാര്യം മാത്രമാണ്. രക്ഷിതാക്കളോടുള്ള കടമ, അവൾ തന്റെ ജീവിതം കൊണ്ട് ഒരൊത്തുതീർപ്പിന് തയ്യാറായിക്കൊണ്ടു വേണം നിർവഹിക്കാൻ. മൃദുവും സൂക്ഷ്മവുമായി പ്രവർത്തിക്കുന്ന ഒരു ആക്രമണോത്സുകത ഇതിലുണ്ടെന്നു പറയാതെ വയ്യ. മകൾക്കുവേണ്ടി മുടക്കിയ പണം, അവളിൽനിന്നു കുടുംബം ആർജിക്കേണ്ട സൽപ്പേര്, കുടുംബത്തിലെ മറ്റംഗങ്ങളുടെ അഭിമാനം ഇവയ്ക്കെല്ലാമാണ് പെൺകുട്ടി  മുൻഗണന കൊടുക്കേണ്ടത്! ഒറ്റപ്പെടുത്തിയും അധിക്ഷേപിച്ചും സമൂഹം ഇപ്പോൾ ആഘോഷിക്കുന്നത് സന്ധിചെയ്യാൻ തയ്യാറല്ലെന്ന ഒരു പെൺകുട്ടിയുടെ ഉറച്ചുനിൽപ്പിനെയാണ്.  

സ്ത്രീകളുടെ ശരാശരി വിവാഹപ്രായം 21 വയസ്സിലേക്കുയർത്തിയ സംസ്ഥാനമാണ് കേരളം. പക്ഷേ, ഇപ്പോഴും പതിനേഴു വയസ്സു കഴിയുമ്പോൾ മുതൽ വീട്ടുകാർ വിവാഹത്തെക്കുറിച്ചാലോചിച്ചു തുടങ്ങും.  ഒരു പെൺകുട്ടി സ്വന്തം ഇഷ്ടപ്രകാരമല്ലാതെ വിവാഹത്തിനു നിർബന്ധിതയാകേണ്ടി വരുന്നത് കുറ്റകരമായി പ്രഖ്യാപിക്കപ്പെടേണ്ടതാണ്. പ്രായമേറും മുൻപുതന്നെ പെൺകുട്ടികളെ വിവാഹത്തിലേക്കു തള്ളിവിടാൻ അവരുടെമേൽ സമ്മർദമേറുന്ന അവസ്ഥയാണ്  ഇല്ലാതാകേണ്ടത്. പെൺകുട്ടിയുടെ അഭിപ്രായസ്വാതന്ത്ര്യമൊഴികെ ബാക്കിയെല്ലാം വിശകലനം ചെയ്യും.

വീട്ടുകാരുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ള വലിയ പിഴവ്, പെൺകുട്ടിയുടെ ചുമലിൽ കെട്ടിവെച്ച് നാം വിഷയത്തെ അതിന്റെ ഗൗരവത്തിൽനിന്ന്  അതിവിദഗ്ധമായി അടർത്തിമാറ്റും. തനിക്ക് വിവാഹം ആവശ്യമാണ് എന്ന് അവൾ സ്വയം തീരുമാനമെടുക്കുന്നതിനു മുൻപ് വിവാഹത്തിലേക്ക് അവളെ തള്ളിവിടുന്നതുകൊണ്ടുണ്ടാകാവുന്ന അപമാനങ്ങൾക്ക് ആ കുട്ടി എങ്ങനെ ഉത്തരവാദിയാകും? അങ്ങനെ ചെയ്യുന്ന രക്ഷിതാക്കൾക്കൊപ്പമായിരിക്കരുത്‌, സമൂഹത്തിന്റെ നിലപാടുകൾ. സ്ത്രീധനമോ വീട്ടുകാരുടെ സമ്മർദമോമൂലം ഇനി വരുന്ന കാലത്ത് വിവാഹത്തിനൊരുങ്ങിപ്പുറപ്പെടാൻ ആൺകുട്ടികളും ഒന്നറയ്ക്കും. കാരണം സ്വാഭിപ്രായ സ്ഥൈര്യമുള്ള പെൺകുട്ടി അവളുടെ തീരുമാനങ്ങൾ പറയാൻ മടിക്കില്ല എന്നത് ഒരു വലിയ പാഠമാണ്.

ആരുടെ അഭിമാനം?

1928-ൽ അവതരിപ്പിക്കപ്പെട്ട വി.ടി. യുടെ  ‘അടുക്കളയിൽനിന്ന്‌ അരങ്ങത്തേക്ക് ’ എന്ന നാടകത്തിൽ യുവാക്കളുടെ പ്രണയത്തെയും ലൈംഗികതയെയും മരവിപ്പിക്കാനുള്ള സമൂഹത്തിന്റെ ശ്രമങ്ങൾക്കെതിരേയുള്ള ശക്തമായ എതിർപ്പുണ്ടായിരുന്നു. തേതിയും മാധവനും പ്രണയത്തിലാണ്. തേതി സ്വതന്ത്രാശയങ്ങളുള്ള പെൺകുട്ടിയാണ്. മാമൂലുകളുടെ ഇരുട്ടിൽനിന്ന്‌ സ്വയം മോചിതയാകാൻ ആഗ്രഹിക്കുന്നവൾ.

തേതിയുടെ സമ്മതമില്ലാതെ അവളെ വൃദ്ധനമ്പൂതിരിക്ക് വേളി കഴിച്ചു കൊടുക്കാൻ വീട്ടുകാർ തീരുമാനിക്കുന്നു. വിവാഹപ്പന്തലിൽ തേതിയുടെ കഴുത്തിൽ മംഗല്യസൂത്രമണിയിക്കാൻ എത്തിച്ചേർന്ന കർക്കിടാംകുന്നത്ത് അച്ഛൻനമ്പൂതിരിയെ വിവാഹപ്പന്തലിൽനിന്നുതന്നെ മജിസ്‌ട്രേറ്റിന്റെ ഉത്തരവുപ്രകാരം കോടതിയിലേക്കു കൊണ്ടുപോവുകയും മാധവൻ തേതിയെ വിവാഹം കഴിക്കുകയുമാണ്. ഇഷ്ടമല്ലാത്ത വിവാഹത്തെ നിയമപരമായിത്തന്നെ തടയുകയും സാമൂഹികമായ പിന്തുണ ഉറപ്പാക്കിക്കൊണ്ട് യുവതീവൃദ്ധ വിവാഹമെന്ന അനാചാരത്തെ എതിർക്കുകയുമാണ് ഈ നാടകത്തിൽ വി.ടി. ചെയ്യുന്നത്.

മാത്രമല്ല, കർക്കിടാംകുന്നത്ത് നമ്പൂതിരിക്ക് സ്ത്രീധനമായി കൊടുക്കാൻ നിശ്ചയിച്ചിരുന്ന തുക, യുവജനക്ഷേമപ്രവർത്തനങ്ങൾക്കായി മാധവനെ ഏല്പിക്കുകയാണ് പെൺകുട്ടിയുടെ അച്ഛൻ ചെയ്യുന്നത്.

വിവാഹത്തിൽനിന്നു പിന്മാറിയതിന്റെ പേരിൽ ഇന്ന് പെൺകുട്ടിയുടെ വീട്ടുകാർ വരന് നഷ്ടപരിഹാരം കൊടുക്കാൻ നിർബന്ധിതരാകുന്നു. പെൺകുട്ടിയുടെ ഇഷ്ടമോ താത്പര്യമോ അന്വേഷിക്കാതെ വിവാഹത്തിനൊരുങ്ങിവന്നവർക്ക് അവളോട് നഷ്ടപരിഹാരം ചോദിക്കാൻ ധാർമികമായ അവകാശമുണ്ടോ? നിയമം അതിനെ അനുകൂലിക്കുന്നുണ്ടോ? വരന്റെ കൂട്ടരുടെ അഭിമാനത്തോളം പോലും വിലയില്ലാതാകുന്നുണ്ടോ സ്വയംനിർണയാവകാശമുള്ള ഒരു പെൺകുട്ടിയുടെ തീരുമാനത്തിന്? ആരാണിവിടെ ശിക്ഷിക്കപ്പെടേണ്ടത്? 

പരിവർത്തിപ്പിക്കാനുള്ള അവസരം

വിവാഹത്തെക്കുറിച്ചു നിലനിൽക്കുന്ന ജീർണസങ്കല്പങ്ങളിൽനിന്നും മാലിന്യങ്ങളിൽനിന്നും സമൂഹത്തെ പരിവർത്തിപ്പിച്ചെടുക്കാൻ കിട്ടുന്ന അവസരമാണിത്. പ്രസംഗങ്ങൾ ചെയ്തതു കൊണ്ടും ലേഖനങ്ങൾ എഴുതിയതു കൊണ്ടും നമ്മുടെ ഉദ്ദേശ്യം സാധിക്കുകയില്ല. വ്യവസ്ഥിതിയെ വെറുത്തതുകൊണ്ടു മാത്രവും കാര്യമില്ല. ആ വെറുപ്പിനെ പ്രാവർത്തികമാക്കുന്ന ഇത്തരം നടപടികളോടൊപ്പം നിൽക്കാനുള്ള വലിയ മനസ്സാണുണ്ടാകേണ്ടത്. ഓരോ യുവാവും ഒരു ദിവസം ഒരു വൈദികാജ്ഞയെങ്കിലും ലംഘിക്കണമെന്ന ഇ.എം.എസിന്റെ പഴയ ആഹ്വാനം ഓർമിക്കുക. 

മുൻകുടുമ മുറിച്ചുകളഞ്ഞുകൊണ്ട് നമ്പൂതിരി യുവാക്കൾ ധാരാളമായി മുന്നോട്ടുവന്ന സാഹചര്യത്തിലാണ് ഇ.എം.എസ്. ഇതെഴുതിയത്. ‘ഓരോ യുവാവും ഒരു ദിവസം മുടി നീട്ടി വളർത്തിയതിന്റെ പേരിൽ, സ്വന്തം വേഷവും ഭക്ഷണവും സ്വയം തീരമാനിക്കുന്നതിന്റെ പേരിൽ ദളിത് യുവാക്കൾക്ക് ജീവൻ നഷ്ടപ്പെടേണ്ടിവന്ന സാഹചര്യത്തിൽ തൃശ്ശൂർ തേക്കിൻകാട് മൈതാനത്തിൽ ഈയിടെ യുവാക്കൾ നടത്തിയ പ്രതിഷേധസമരത്തിൽ സാറാ ജോസഫ് സംസാരിച്ചപ്പോൾ ഫ്രീക്കന്മാർ എല്ലാക്കാലത്തും ഉണ്ടായിരുന്നു എന്നും അവരാണ് എല്ലാക്കാലത്തും വിപ്ളവങ്ങൾ സൃഷ്ടിച്ചതെന്നും വളരെ പ്രസക്തമായ ഒരു പ്രസ്താവന നടത്തിയത്, ഇ.എം. എസിന്റെ ഈ പ്രസ്താവനയുമായി ചേർത്തുവായിക്കേണ്ടതാണ്.  

 ആചാരസംഹിതകളെയും മൂല്യവിശ്വാസങ്ങളെയും എല്ലാം ഇളക്കി മറിക്കുന്ന സമരങ്ങൾ ഒരു വശത്ത്. അവയെ എല്ലാം പൂർവാധികം ശക്തിയോടെ തിരിയെ ആനയിക്കാനുള്ള പിന്തിരിപ്പൻ ആശയങ്ങളുടെ കെട്ടിയെഴുന്നള്ളിക്കൽ മറുവശത്ത്. പുരാതന റോമിലെ നിയമജ്ഞനും എഴുത്തുകാരനുമായ പ്ലിനി, ആ കാലത്തിലെ ഏറ്റവും വലിയ ചിത്രകാരനും തന്റെ സുഹൃത്തുമായ കോർണേലിയസ്റ്റസിറ്റസിന് ഒരു കത്തിൽ ഇങ്ങനെയെഴുതി.

‘അപ്പോഴേക്കും ബാക്കിയെല്ലായിടത്തും നേരം പുലർന്നു കഴിഞ്ഞിരുന്നു. എന്നാൽ, ഇവിടെ ഇപ്പോഴും രാത്രിയാണ്. അല്ല രാത്രിയെക്കാൾ കൂടുതൽ ഇരുട്ടാണ്’. യുവാക്കൾ ഉൾപ്പെടെയുള്ള ഒരു വിഭാഗം ഇത്തരം സംഭവങ്ങളോടു നവമാധ്യമങ്ങളിൽ അങ്ങേയറ്റം ആഭാസകരമായ ഭാഷയിൽ പ്രതികരിക്കുന്നതു കാണുമ്പോൾ, അവർ പുനരാനയിക്കാനാഗ്രഹിക്കുന്ന യാഥാസ്ഥിതികമൂല്യങ്ങളെ കുറിച്ചാലോചിക്കുമ്പോൾ പ്ലിനിയുടെ വാക്കുകൾ കൂടുതൽ ഉറക്കെ വിളിച്ചു പറയേണ്ടിവരും.


(എഴുത്തുകാരിയും സാമൂഹിക നിരീക്ഷകയുമാണ്‌ ലേഖിക)