ത്മവിശ്വാസവും കഠിനാധ്വാനത്തിനുള്ള മനസ്സും. ഒമ്പത് വർഷം മുമ്പ് ചെറുവണ്ണൂരിലെ മധുരബസ്സാറിൽ 'നിർമാല്യം' ഒരു ഗ്രാം സ്വർണാഭരണ നിർമാണ യൂണിറ്റ് തുടങ്ങുമ്പോൾ നിർമലയ്ക്കും കൂട്ടുകാരികൾക്കും കൈമുതൽ ഇത് മാത്രമായിരുന്നു.  മിച്ചം പിടിച്ച സമ്പാദ്യവും ബാങ്ക് വായ്പയുമെടുത്ത് തുടങ്ങിയ യൂണിറ്റ് പത്താം വർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ, ബാധ്യതകളെല്ലാം തീർത്ത് സ്വന്തം കാലിൽ നിൽക്കാനായതിന്റെ ആഹ്ളാദത്തിലാണ് ഈ വീട്ടമ്മമാരിപ്പോൾ.  

2008 ഫെബ്രുവരി 29-നായിരുന്നു അന്നത്തെ ചെറുവണ്ണൂർ-നല്ലളം പഞ്ചായത്തിലെ സി.ഡി.എസ്. ചെയർപേഴ്‌സണായ എൻ. നിർമലയും പ്രദേശത്തെ വീട്ടമ്മമാരായ ടി.പ്രീതി, കെ.സുലോചന, എം.ലൈല, സി. രഞ്ജിനി  എന്നിവരുടെ കൂട്ടായ്മയിൽ നിർമാല്യത്തിന് തുടക്കമിട്ടത്.

കുടുംബശ്രീ വിട്ടമ്മമാർക്ക്  വ്യത്യസ്തമായ മേഖലയിൽ തൊഴിലും സ്ഥിരവരുമാനവും എന്ന ആശയവുമായി അന്നത്തെ ഗ്രാമപ്പഞ്ചായത്തംഗമായ ടി. ശിവദാസനാണ് ഇവർക്കുമുന്നിൽ ഒരു ഗ്രാം സ്വർണാഭരണ നിർമാണ യൂണിറ്റെന്ന ആശയം അവതരിപ്പിച്ചതും മാർഗനിർദേശിയായതും. തുടർന്ന് തൃശ്ശൂരിലെ സ്ഥാപനത്തിൽനിന്ന് സംഘം ആഭരണ നിർമാണത്തിൽ  പരിശീലനം നേടി.   

അപ്പോഴും  യൂണിറ്റിനാവശ്യമായ മുടക്ക് മുതൽ കണ്ടെത്താനാകാത്ത അവസ്ഥയിലായിരുന്നു നിർമലയും കൂട്ടുകാരികളും.   ദേശസാത്‌കൃത ബാങ്കുകളേയും സഹകരണ ബാങ്കുകളേയും വായ്പയ്ക്കായി സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. അതിജീവിക്കുമെന്ന് ഉറപ്പില്ലാത്ത യൂണിറ്റിന് വായ്പ നൽകാനാകില്ലെന്ന മറുപടിയാണ് ഇവരിൽ നിന്നെല്ലാം ലഭിച്ചത്.

കാത്തിരിപ്പുകൾക്കൊടുവിൽ ചെറുവണ്ണൂരിലെ ഫെഡറൽ ബാങ്ക്  അനുവദിച്ച 4.75 ലക്ഷത്തിന്റെ വായ്പയാണ് തളർന്നുപോയ കൂട്ടായ്മയ്ക്ക് വീണ്ടും ജീവൻ പകർന്നത്.   വായ്പാത്തുകയും അംഗവിഹിതവും കുടുംബശ്രീമിഷന്റെ ഒരുലക്ഷം രൂപയുടെ സബ്‌സിഡിയും മൂന്നുലക്ഷം രൂപയുടെ സാങ്കേതികഫണ്ടും ഉൾപ്പെടെ ഒമ്പതുലക്ഷമായിരുന്നു യൂണിറ്റിന്റെ  മുതൽമുടക്ക്.

nirmalyam 2

ബാങ്ക്‌വായ്പ മുടങ്ങാതെ അടയ്ക്കാനുള്ള വരുമാനമെങ്കിലും  ലഭിക്കണമേയെന്ന പ്രാർഥനമാത്രമായിരുന്നു  അന്നു ഇവർക്കുണ്ടായിരുന്നത്. പിന്നീടുള്ള ഓരോദിനവും ഇവർക്ക് നിലനില്പിനായുള്ള പോരാട്ടത്തിന്റെതായിരുന്നു.

യൂണിറ്റാരംഭിച്ച് മൂന്നുവർഷം കൊണ്ട് വായ്പ തിരച്ചടയ്ക്കാനായത് ഇവരുടെ ഇച്ഛാശക്തിയുടേയും നിശ്ചയദാർഢ്യത്തിന്റെയും ഫലമാണ്. കുടുംബശ്രീയുടെ സംസ്ഥാനത്തെ പ്രഥമ സാങ്കേതിക സംരംഭമെന്ന പദവിയും നിർമാല്യത്തിന് സ്വന്തമാണ്. ആഭരണ നിർമാണത്തിനൊപ്പം  ആസൂത്രണം ചെയ്ത  വ്യത്യസ്തമായ വിപണന തന്ത്രമാണ് നിർമാല്യം ആഭരണങ്ങളെ വീട്ടമ്മമാരുടെ മനസ്സിനെ കീഴടക്കിയത്.

ലാഭം കുറഞ്ഞാലും ഗുണമേന്മയിൽ വിട്ടുവീഴ്ചയില്ലെന്നതായിരുന്നു നിർമലയും കൂട്ടുകാരികളും ആദ്യമെടുത്ത പ്രതിജ്ഞ. ആവശ്യക്കാർക്ക് ന്യായവിലയ്ക്ക് ആഭരണങ്ങളെത്തിക്കാൻ കടകളിലൂടെയുള്ള വിൽപ്പനയും വേണ്ടെന്നുവെച്ചു. യൂണിറ്റംഗങ്ങളും തിരഞ്ഞെടുത്ത വീട്ടമ്മമാരുടെ സംഘവുമാണ് നിർമാല്യം ആഭരണങ്ങൾ ആവശ്യക്കാരിലെത്തിക്കുന്നത്.

ഇടനിലക്കാരില്ലാതെയുള്ള വിൽപ്പനതന്ത്രം ആവശ്യക്കാരിൽ വിശ്വാസവും  ഉപഭോക്താക്കളുടെ നിർദേശങ്ങളും ആവശ്യങ്ങളും നേരിട്ടറിയാനും സഹായിച്ചതായി നിർമല പറഞ്ഞു. തുടക്കത്തിലെ പരിചയക്കുറവിനെ അതിജീവിച്ച നിർമാല്യം അംഗങ്ങൾ ഇപ്പോൾ പ്രൊഫഷണലുകളെ വെല്ലുന്ന വിൽപ്പനതന്ത്രങ്ങളാണ് ആവിഷ്കരിച്ചു നടപ്പാക്കുന്നത്. ആഭരണ നിർമാണത്തിനാവശ്യമായ സ്വർണത്തിന്റെയും മറ്റ് അസംസ്‌കൃത വസ്തുക്കളുടെയും വില കുതിച്ചു കയറിയപ്പോഴും വിലകൂട്ടാതെ ഉത്‌പാദനം കൂട്ടിയാണ് ഇവർ പ്രതിസന്ധിയെ മറികടന്നത്.  

പരമ്പരാഗത ആഭരണങ്ങൾ മുതൽ ഫാഷൻ ഡിസൈനർമാർ തയ്യാറാക്കുന്ന ഏറ്റവും പുതിയ ആഭരണങ്ങൾ വരെ ഗുണമേന്മയിലും വിലക്കുറവിലും ഇവിടെ തയ്യാറാക്കുന്നു. 30 രൂപ മുതൽ 2500 രൂപവരെയുള്ള ആഭരണങ്ങളാണ് ഇവിടെ കൂടുതലായും ചെലവാകുന്നത്.  

കോഴിക്കോട് ജില്ലയിലെ കടലുണ്ടി, ഫറോക്ക്, രാമനാട്ടുകര, മാവൂർ, പുതിയറ, വെള്ളിമാട്കുന്ന്, ബേപ്പൂർ, പെരുവയൽ, കക്കോടി, എന്നിവിടങ്ങളിലും, പാലക്കാട്, പത്തനംതിട്ട ജില്ലകളിലും നിർമാല്യം ആഭരണങ്ങൾ കുടുംബശ്രീ മുഖേന വിൽക്കുന്നു.

വനിതാകൂട്ടായ്മയുടെ വിജയഗാഥയറിഞ്ഞ് ഇന്ത്യക്കകത്ത് നിന്നും വിദേശത്തുനിന്നുമായി ഒട്ടേറെ പഠനസംഘങ്ങൾ നിർമാല്യം സന്ദർശിച്ചതായി ടി. ശിവദാസൻ പറഞ്ഞു. നോർവെയിലെ ഓസ്ള യൂണിവേഴ്‌സിറ്റിയിൽ നിന്നെത്തിയ പഠനസംഘം യൂണിറ്റിന്റെ പ്രവർത്തനം സ്ത്രീകൾക്കൊന്നാകെ മാതൃകയാണെന്നാണ്  സന്ദർശകക്കുറിപ്പിൽ രേഖപ്പെട്ടുത്തിയിട്ടുള്ളത്. സംസ്ഥാനത്തെ പ്രധാന വിപണനമേളകളിലെല്ലാം നിർമാല്യം ആഭരണങ്ങളും അംഗങ്ങളും ഇപ്പോൾ സ്ഥിരം സാന്നിധ്യമാണ്.