കഴിഞ്ഞ വാരം നിങ്ങൾ ഒരു വാർത്ത വായിച്ചിട്ടുണ്ടാകും... കാട്ടിൽ കുരങ്ങുകൾ വളർത്തിയ പെൺകുട്ടിയുടെ കഥ. ‘ജംഗിൾ ബുക്കി’ലെ നായകന്റെ പേരു ചേർത്ത് മാധ്യമങ്ങൾ അവളെ വിളിച്ചു... ‘മൗഗ്ലി ഗേൾ’.

യു.പി.യിലുള്ള ബഹ്‌റൈച്ച് എന്ന സ്ഥലത്തെ ‘കറ്റാർനിയാ ഘട്ട്’ വന്യമൃഗ സങ്കേതത്തിലായിരുന്നു ഇവളെ കണ്ടെത്തിയത്. പോലീസ് വിവരമറിഞ്ഞു സ്ഥലത്തെത്തി കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. എട്ടിനും പന്ത്രണ്ടിനും ഇടയ്ക്ക് പ്രായമെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. അവളെ വളർത്തിയിരുന്നത് കുരങ്ങുകൾ ആയിരുന്നത്രേ.

അതുകൊണ്ടുതന്നെ, മനുഷ്യർ സംസാരിക്കുന്ന ഒരു ഭാഷയും അവൾക്കു വശമുണ്ടായിരുന്നില്ല. മനുഷ്യരെ കാണുമ്പോൾ അവൾ അസ്വസ്ഥയും അക്രമാസക്തയുമാകുമായിരുന്നു. ആദ്യം കാണുമ്പോൾ അവൾക്ക് കൈയും കാലും കുത്തി മൃഗങ്ങളെപ്പോലെ മാത്രമേ നടക്കാൻ കഴിഞ്ഞിരുന്നുള്ളു.

ഇത്രയും  കഥയിലെ പ്രധാന ഭാഗങ്ങൾ... ഇനിയുള്ളത് രണ്ടാം ഭാഗം. ആദ്യം ഈ വിവരം പുറത്തു വന്നപ്പോൾത്തന്നെ ഒരു ഇംഗ്ലീഷ് വെബ് സൈറ്റ് ഒരുകാര്യം പറഞ്ഞു: ‘ഈ സംഭവം നടന്നിട്ടു മാസം രണ്ടായി. മാത്രമല്ല, ഇതിൽ എന്തൊക്കയോ ദുരൂഹതകൾ ഉണ്ട്’. എന്നാൽ, ആരും ഇതത്ര കാര്യമായി എടുത്തില്ല. ഈ സൈറ്റ് കൂടാതെ, മറ്റു ചില പത്രങ്ങളും രണ്ടുമാസ കണക്ക് എടുത്തു പറഞ്ഞിരുന്നു.

പോലീസിന്റെ ചില നിഗമനങ്ങളെ, അവിടെയുള്ള ചീഫ് മെഡിക്കൽ ഓഫീസറും വനം വകുപ്പ് ഉദ്യോഗസ്ഥരും അത്രയ്ക്കങ്ങോട്ടു വിശ്വസിച്ചില്ല. ആ കുട്ടി നഗ്നയായിരുന്നു എന്നു പറഞ്ഞതിനെ ദൃക്‌സാക്ഷികൾ എതിർത്തു. അവൾ ഇട്ടിരുന്ന വസ്ത്രത്തിനു വലിയ പഴക്കമില്ലായിരുന്നു. മാത്രമല്ല, ശരീരത്തിൽ മുറിവുകളും ഉണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥർ ആവഴിയേ സ്ഥിരമായി റോന്തു ചുറ്റുന്നതാണ്. അവരാരും ഇത്രയും കൊല്ലമായി ഇങ്ങനെ ഒരു കുട്ടിയെ കണ്ടിട്ടില്ല .

മെഡിക്കൽ ഓഫീസറുടെ നിഗമനത്തിൽ ഈ കുട്ടിക്ക്‌ സാരമായ എന്തോ തകരാറുണ്ട്. ഒന്നുകിൽ ജന്മനാ ഉള്ള വൈകല്യം. അല്ലെങ്കിൽ, പിന്നീട് ഉണ്ടായ ശാരീരിക പ്രശ്നങ്ങൾ. ഒരു പെൺകുട്ടി ഉണ്ടാകുന്നതു തന്നെ അപശകുനമായി കാണുന്നവരാണ് അവിടെ ഉള്ളവരിൽ പലരും. അപ്പോൾ ബുദ്ധിവൈകല്യമോ മറ്റോ ഉള്ള കുട്ടി ഉണ്ടായാലോ...? ഒരുപക്ഷേ, അങ്ങനെയുള്ള സാഹചര്യത്തിൽ കുട്ടിയെ ഉപേക്ഷിച്ചതാകാം .

എന്നാൽ, പോലീസ് ഈ നിഗമനങ്ങളെ ആദ്യം നിഷേധിക്കുകയാണ് ഉണ്ടായത്. എങ്കിലും കുട്ടിയെ ആദ്യം കണ്ടത് രണ്ടുമാസം മുൻപുതന്നെ എന്ന്‌ അവർ സമ്മതിച്ചു. പക്ഷേ, അവരെ വെട്ടിച്ചു കടന്ന അവളെ രണ്ടുമാസം തേടിയാണത്രെ അവർ പിടികൂടിയത്. എന്നാൽ, ഇതും ശരിയല്ല എന്ന് അവർക്കു സമ്മതിക്കേണ്ടി വന്നു... മെഡിക്കൽ റെക്കോഡുകൾ കള്ളം പറയുകയില്ലല്ലോ.

മറ്റു വാർത്തകൾ കടന്നുവന്നതോടെ മാധ്യമങ്ങളുടെ ശ്രദ്ധയും ഇതിൽനിന്നു മാറി. എന്നാൽ, ചില വിദേശ രാജ്യങ്ങളിലെ മാധ്യമങ്ങൾ ഇതിനു പ്രാധാന്യം നൽകി. ‘ഉപേക്ഷിക്കപ്പെട്ടതാണ് കുട്ടി’ എന്ന നിഗമനത്തിൽ ത്തന്നെ അവർ ആദ്യം മുതലേ ഊന്നൽ കൊടുത്തു. ഫോറസ്റ്റ് ഓഫീസർ ജെ.പി. സിങ്‌ പറഞ്ഞ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.

അവസാനം, വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞതു തന്നെ മെഡിക്കൽ വിദഗ്‌ധരും സ്ഥിരീകരിച്ചു... ബുദ്ധിക്കു തകരാറുള്ള കുട്ടിയാണിത്. മറ്റു ജനിതക വൈകല്യങ്ങളും ഉണ്ട്. ഈ കുട്ടിയെ ആരോ ഉപേക്ഷിച്ചതാണ്. അതും കുട്ടിയെ കണ്ടു കിട്ടുന്നതിന് ഏതാനും ദിവസം മുൻപായിരിക്കാം. റഷ്യൻ ടെലിവിഷൻ RT യും ബ്രീട്ടീഷ് മാധ്യമങ്ങളും ഈ വാർത്ത പുറത്തുവിട്ടു.

ഈ കുട്ടിയെക്കുറിച്ച് ചില അവകാശവാദങ്ങളുമായി ‘ഭുല്ലാൻ അലി’ എന്നൊരാൾ ഇപ്പോൾ മുന്നോട്ടു വന്നിരിക്കുന്നു. ഈ കുട്ടി തന്റെ അനന്തിരവളാണ്. വൈകല്യങ്ങൾ ഉണ്ടായിരുന്നതുകൊണ്ട് കുട്ടിയെ അവളുടെ മാതാപിതാക്കൾ ഉപേക്ഷിച്ചതാണ്. കഴിഞ്ഞ ഒരു വർഷമായി കുട്ടിയെക്കുറിച്ചു യാതൊരു വിവരവുമില്ല എന്നാണ് അയാൾ പറയുന്നത്. ഈ കഥയിലും പ്രശ്നങ്ങളേറെ.

കാരണം, കുട്ടിയെ കണ്ടെത്തിയ വന്യജീവി സംരക്ഷണ കേന്ദ്രം, ദിനവും ആയിരങ്ങൾ സന്ദർശിക്കുന്ന സ്ഥലമാണ്. അവിടെ വർഷങ്ങളോളം ഒരു കുട്ടിക്ക്‌ ആരുമറിയാതെ കുരങ്ങുകളുടെ കൂടെ കഴിയാൻ സാധിക്കുകയില്ല. മാത്രമല്ല ഭുല്ലാൻ, കുട്ടിയുടെ മാതാപിതാക്കളെ കൂടെ കൊണ്ടുവന്നിട്ടില്ല. അവരുടെയോ കുട്ടിയുടെയോ ഒരു ചിത്രം പോലും അയാളുടെ െെകയിൽ ഇല്ല.

മതിയായ തെളിവുകളും അവളുടെ മാതാപിതാക്കളുമായി വരികയും അവർ ഡി.എൻ.എ. ടെസ്റ്റിൽ വിജയിക്കുകയും ചെയ്താൽ കുട്ടിയുടെ കാര്യത്തിൽ എന്തെങ്കിലും തീരുമാനം എടുക്കാം എന്നാണ്‌ മെഡിക്കൽ അധികൃതരുടെ നിലപാട്. അവളെ ചികിത്സിച്ച ഡോക്ടർ രഞ്ജന കുമാരി പറയുന്നത് ഇത്രമാത്രം: ‘‘അവളുടെ കുടുംബത്തിൽ ഉള്ളവർക്ക് അവളെ വളർത്താൻ ആഗ്രഹമില്ലായിരുന്നു... അതാണു സത്യം, അതു മാത്രമാണു സത്യം. പല കുടുംബങ്ങളിലും ഒരു പെൺകുട്ടിക്കു വേണ്ടി പണം ചെലവാക്കുന്നതിനെക്കാൾ, അവർ അവളെ ഉപേക്ഷിക്കുന്നതിനാണ് പ്രാധാന്യം നൽകുക എന്നതു തന്നെ കാരണം.’’