നിര്‍ഭയയും സൗമ്യയും ജിഷയും ഒക്കെ നടന്നു കയറിയ വഴിയിലേക്ക് പ്രതിഷേധവും ഒരു പിടി നിഗൂഢതകളും അവശേഷിപ്പിച്ച് മിഷേല്‍ ഷാജിയും പിന്‍വാങ്ങുമ്പോള്‍ കുളങ്ങരപ്പടിക്കടുത്തുള്ള മിഷേലിന്റെ വീട്ടില്‍ സന്ദര്‍ശകരൊഴിയുന്നില്ല. ബന്ധുക്കള്‍ ഇനിയും മിഷേലിന്റെ അച്ഛനെയും അമ്മയെയും വിട്ടു പോയിക്കഴിഞ്ഞിട്ടില്ല. ഒരു കൊച്ചു പെണ്‍കുട്ടിയുടെ മരണം അവശേഷിപ്പിച്ച മുറിവുകള്‍ എത്ര തുന്നിക്കെട്ടിയാലും തീരാത്തതാണെന്നു അറിയാമെങ്കിലും തൊട്ടും തലോടിയും എല്ലാവരും ആശ്വസിപ്പിക്കല്‍ തുടര്‍ന്ന് കൊണ്ടിരിക്കുന്നു. 

അവരുടെ കയ്യിലെ മൊബൈലില്‍ മിഷേലിന്റെ മൃതദേഹത്തിന്റെ രംഗങ്ങളുണ്ട്. ഒരു ദിവസം മുഴുവന്‍ കായലിനുള്ളിലെ തണുത്ത വെള്ളത്തില്‍ കിടന്നിട്ടും ഒട്ടും ചീര്‍ക്കാത്ത, ഇപ്പോള്‍ കുളിച്ച് കയറിയെന്ന മട്ടില്‍ കിടക്കുന്ന മിഷേലിന്റെ ശരീരം. 
 
എന്തായിരുന്നു മിഷേല്‍ ഷാജി എന്ന മിടുക്കി പെണ്‍കുട്ടിക്ക് സംഭവിച്ചത്? മിഷേലിന്റെ ജീവിതത്തെ കുറിച്ച് കൂടുതല്‍ സംസാരിക്കാന്‍ ശ്രമിക്കുമ്പോഴൊക്കെ കണ്ണുനീര്‍ വീണു വാക്കുകള്‍ നിശബ്ദമായി പോകുന്ന അമ്മയ്ക്ക് പകരം കൂടുതലും സംസാരിച്ചത് മിഷേലിന്റെ ആന്റിമാരാണ്,

''കൊച്ചി വാര്‍ഫില്‍ നിന്നും കണ്ടെടുത്ത മിഷേലിന്റെ ശരീരത്തില്‍ ബലാത്സംഗ ശ്രമമോ അതിനുള്ള സാഹചര്യങ്ങളോ ഒന്നും പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്താനായിട്ടില്ല എന്നാണു ഞങ്ങളറിഞ്ഞത്. റിപ്പോര്‍ട്ട് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൊക്കെ പ്രചരിക്കുന്നുമുണ്ട്.

200 മില്ലിയോളം വെള്ളം മാത്രമായിരുന്നു മിഷേലിന്റെ ഉള്ളിലുണ്ടായിരുന്നത്, ശ്വാസകോശത്തില്‍ രക്തം നിറഞ്ഞിരുന്നു. ശരീരം ലഭിക്കുമ്പോള്‍ പോലും മൂക്കിലൂടെ രക്തമൊഴുകുന്ന അവസ്ഥ. എത്രയോ മണിക്കൂറുകള്‍ വെള്ളത്തില്‍ കിടന്നിട്ടും ശരീരം ഒട്ടും അഴുകിയിട്ടില്ല. എന്നിട്ടും അവര്‍ പറയുന്നു അത് ആത്മഹത്യയാണെന്നും ഒരു പകലിന്റെ പഴക്കമുണ്ടെന്നും! ഞങ്ങള്‍ എങ്ങനെ വിശ്വസിക്കണം?

അന്ന് ഹോസ്റ്റലില്‍ നിന്ന് ഇറങ്ങുമ്പോഴും അവിടെയൊരു കുട്ടി എന്തോ സ്വകാര്യ പ്രശ്‌നം കൊണ്ട് സങ്കടത്തിലായിരുന്നു. അവളെ ആശ്വസിപ്പിച്ച ശേഷം പള്ളിയില്‍ നിന്നും തിരികെ വരുമ്പോഴേക്കും ചിരിച്ച മുഖത്തോടെ ഇരിക്കണം എന്ന് നിര്‍ദ്ദേശിച്ചിട്ടാണ് അന്ന് മിഷേല്‍ വൈകുന്നേരം പള്ളിയിലേക്ക് പോയത്.

അങ്ങനെ പോയ ഒരു പെണ്‍കുട്ടി ആത്മഹത്യ ചെയ്യും എന്ന് എങ്ങനെ വിശ്വസിക്കാനാണ്?'' മിഷേലിന്റെ ഹോസ്റ്റല്‍ റൂമില്‍ ഒപ്പം താമസിക്കുന്ന കൂട്ടുകാരികള്‍ വന്നു പോയപ്പോള്‍ അവര്‍ പറഞ്ഞ കാര്യങ്ങളും  ഓര്‍ത്തെടുക്കുന്നുണ്ട് മിഷേലിന്റെ ആന്റിമാര്‍.
 
''ഇക്കഴിഞ്ഞ ദിവസം ഞങ്ങളുടെ കുടുംബത്തില്‍ നടന്ന ഒരു ചടങ്ങില്‍ ഏറ്റവുമടുത്ത കൂട്ടുകാരിയായ എന്റെ മകളുടെ അടുത്ത് (മുത്ത് എന്ന് വിളിച്ച കസിന്‍ മിഷേലിന്റെ ഹൃദയം സൂക്ഷിപ്പുകാരി കൂടിയാണ്) നിന്നും പാതിരാത്രി വരെ ഇരുന്ന് മിണ്ടിയിട്ടും മിഷേല്‍ ഉള്ളിലെന്തെങ്കിലും സങ്കടമുണ്ടെന്ന് പറഞ്ഞില്ല. ഒരു ക്രോണിനെ കുറിച്ചും മിഷേല്‍ അവളോട് പറഞ്ഞിട്ടില്ല.

പല ആണ്‍കുട്ടികളും പുറകെ നടക്കുന്നതും പറഞ്ഞിരുന്നു, എന്നാല്‍ അവള്‍ക്ക് നല്ല ഭയമാണ്, വീട്ടിലറിഞ്ഞാല്‍, കസിന്‍സ് ആരെങ്കിലും അറിഞ്ഞാല്‍ അവരെ ഉപദ്രവിക്കുമോ എന്നൊക്കെ അവളെപ്പോഴും ഭയന്നു. 

സന്ധ്യ കഴിഞ്ഞാല്‍ സ്വന്തം വീടിനടുത്താണെങ്കില്‍ പോലും ഒറ്റയ്ക്ക് നടക്കാന്‍ പേടിയുള്ള കുട്ടി ഗോശ്രീ പാലത്തിലൂടെ രാത്രി ഏഴു മണിക്കൊക്കെ നടന്നു എന്ന് പറയുമ്പോള്‍ വിശ്വസിക്കാന്‍ തോന്നുന്നില്ല... മിഷേലിന് ക്രോണിനോടോ മറ്റേതെങ്കിലും ആണ്‍ കുട്ടികളോടോ പ്രണയമുണ്ടായിരുന്നതായി അവര്‍ക്കും ഉറപ്പുകളില്ല.''

മിഷേലിന്റെ പ്രിയപ്പെട്ടവര്‍ ഇങ്ങനെ പറയുമ്പോള്‍ മരിക്കുന്ന അന്നുപോലും ആത്മഹത്യയുടെ സൂചനകളൊന്നും അവള്‍ നല്‍കിയിരുന്നില്ല എന്ന് ഉറപ്പിക്കേണ്ടിവരും.