Meetha
മുംബൈയ്ക്കു പോകാനായി, മീത്ത ചെന്നൈ
സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍
എത്തിയപ്പോള്‍

ചെന്നൈ: ഭര്‍തൃസഹോദരന്റെ ലൈംഗികപീഡനം ചെറുത്തതിന് മീത്തയ്ക്ക് നല്‍കേണ്ടിവന്ന വില സ്വന്തം വലതുകാലാണ്. മാത്രമല്ല, താളംതെറ്റിയ മനസ്സുമായി മാസങ്ങള്‍നീണ്ട അലച്ചിലും. എന്നാല്‍, മഹാരാഷ്ട്ര ഉസ്മാനാബാദ് സ്വദേശിയായ ഈ 27-കാരി ഇപ്പോഴതെല്ലാം മറക്കാന്‍ ശ്രമിക്കുകയാണ്.

ചെന്നൈയിലെ സുമനസ്സുകളുടെ കാരുണ്യത്തില്‍ ലഭിച്ച കൃത്രിക്കാലുമായി തിരികെ നാട്ടിലേക്ക് മടങ്ങുകയാണവര്‍. ഇതിന് മുന്‍കൈയെടുത്തതാകട്ടെ മലയാളിയായ സാമൂഹികപ്രവര്‍ത്തകന്‍ മുഹമ്മദ് റാഫിയും.

ഭര്‍ത്താവ് ദത്താത്രേയയുടെ മരണശേഷം മൂന്നുകുട്ടികളുമായി കൂലിപ്പണിയെടുത്ത് ബന്ധുക്കള്‍ക്കൊപ്പം താമസിക്കുകയായിരുന്നു മീത്ത. കഴിഞ്ഞവര്‍ഷം ഫെബ്രുവരി 13-നാണ് അവരുടെ ജീവിതം മാറ്റിമറിച്ച ദുരന്തം നടന്നത്. ഭര്‍തൃസഹോദരന്‍ ഹനുമന്ത് ശിവാനന്ത് ഭക്ഷണവുമായി കൃഷിയിടത്തേക്ക് വരാന്‍ മീത്തയോട് ആവശ്യപ്പെടുകയായിരുന്നു. ഭക്ഷണം വിളമ്പിക്കൊടുക്കുന്നതിനിടയില്‍ ഹനുമന്ത് അവരെ പീഡിപ്പിക്കാന്‍ ശ്രമിച്ചു.

ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ അരിവാളെടുത്ത് മീത്തയുടെ വലതുകാല്‍ മുട്ടിനുതാഴെ അയാള്‍ വെട്ടിമാറ്റുകയായിരുന്നു. ചോരയൊലിപ്പിച്ച് ചാടിനീങ്ങിയ അവര്‍ ഒരു ആസ്​പത്രിയില്‍ പ്രാഥമിക ചികിത്സതേടി. തുടര്‍ന്ന്, പുണെയിലുള്ള സഹോദരന്റെയടുത്തേക്ക് പോകാനൊരുങ്ങി. എന്നാല്‍, ഇതിനിടയില്‍ ഇവരുടെ മനസ്സിന്റെ താളംതെറ്റി. പിന്നീട് ഏതോ തീവണ്ടിയില്‍ക്കയറി യാത്രചെയ്യുകയായിരുന്നു. ഒടുവില്‍ ഇക്കഴിഞ്ഞ ജനുവരിയില്‍ ചെന്നൈയില്‍ എത്തിപ്പെട്ടു.

ദിക്കറിയാതെ ഒറ്റക്കാലില്‍ നീങ്ങിയ മീത്തയെ ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനുസമീപത്തുനിന്ന് പോലീസാണ് മുഹമ്മദ് റാഫിയുടെ നേതൃത്വത്തിലുള്ള അയനാവരത്തെ അന്‍പകം ഹോമിലെത്തിച്ചത്. ''ഇവിടെ എത്തുമ്പോള്‍ മാനസികാസ്വാസ്ഥ്യം വന്നപോലെ ആയിരുന്നു മീത്തയുടെ അവസ്ഥ. അടുത്തബന്ധുവില്‍നിന്നുണ്ടായ ലൈംഗികാക്രമണം അവരുടെ മനസ്സ് തകര്‍ത്തിരുന്നു.

ഞങ്ങള്‍, മൂന്നുമാസം അവര്‍ക്കുവേണ്ട പരിചരണവും ചികിത്സയും നല്‍കി. അടുത്തിടെയാണ് അവര്‍ക്ക് പഴയകഥകള്‍ ഓര്‍മിച്ചെടുക്കാനായത്. നാട്ടിലെ ബന്ധുക്കളുടെ ഫോണ്‍നമ്പര്‍ കിട്ടിയതോടെ അവരെ തിരിച്ചയക്കാനുള്ള ശ്രമംതുടങ്ങി. ഒടുവില്‍ കൃത്രിമക്കാല്‍ വെച്ചുപിടിപ്പിച്ച് അവരെ സഹോദരനൊപ്പം തിരിച്ചയക്കാനായി''-കണ്ണൂര്‍ കാഞ്ഞിരോട് സ്വദേശി മുഹമ്മദ് റാഫി പറഞ്ഞു.

അന്‍പകത്തിലെ ജീവനക്കാരുടെ സ്‌നേഹത്തോടെയുളള പെരുമാറ്റവും ചിട്ടയായ ചികിത്സയും മീത്തയുടെ താളംതെറ്റിയ മനസ്സിനെ പതുക്കെ ശരിപ്പെടുത്തി. പിന്നീടാണ് വിവരങ്ങള്‍ ശേഖരിച്ച് ബന്ധുക്കളെ അറിയിച്ചത്. ഒറ്റക്കാലില്‍ മീത്തയെ തിരിച്ചയയ്ക്കരുതെന്ന് മുഹമ്മദ് റാഫിക്ക് നിര്‍ബന്ധമായിരുന്നു. ഒടുവില്‍ കൃത്രിമക്കാല്‍ വെച്ചുപിടിപ്പിച്ച് പുത്തന്‍വസ്ത്രങ്ങള്‍ ധരിപ്പിച്ച് ചിരിച്ച മുഖത്തോടെയാണ് റാഫി മീത്തയെ സഹോദരനൊപ്പം മുംബൈയിലേക്ക് തീവണ്ടികയറ്റിവിട്ടത്.