ബംഗാളിൽ ജനിച്ചുവളർന്ന്, രബീന്ദ്രനാഥ  ടാഗോറിന്റെ ശാന്തിനികേതനത്തിൽ പഠിച്ച കബിത മുഖോപാധ്യായ കോഴിക്കോട്ടുകാരിയായത്‌ ഒരു നിമിത്തം പോലെയായിരുന്നു. കൊൽക്കത്ത നഗരത്തിന്റെ കലാസംസ്കാരത്തെ ഉൾക്കൊണ്ട, രബീന്ദ്രസംഗീതവും ബാവുൽ സംഗീതവും സിരകളിൽ നിറച്ച കബിതയ്ക്ക് ഈ നഗരം കവിതയും സംഗീതവും സാഹിത്യവും വരയ്ക്കാൻ ചായങ്ങളും നൽകി.

പറന്നുയരുന്ന  വെള്ളക്കൊക്കുകളെക്കാണുമ്പോൾ ബംഗാളി ഗ്രാമത്തിലെ കുട്ടിക്കാലത്തെ അവർ ഓർക്കും. പതിനെട്ടാം നൂറ്റാണ്ടിലെ ഒരു ഡച്ച്‌ ചിത്രകാരൻ വരച്ച എണ്ണച്ചായചിത്രംപോലെ തോന്നിക്കുന്ന ഈ നഗരത്തിലിരുന്ന് ഇന്നവർ പറയുന്നു: അജ്ഞാതരായ സ്വപ്നജീവികളുടെ സമുദ്രത്തിൽനിന്ന്‌  കോഴിക്കോട് എന്നെ ദത്തെടുക്കുകയായിരുന്നു. എന്നെ  കോഴിക്കോട്ടുനിന്ന്‌ പുറത്താക്കാൻ നിങ്ങൾക്ക് സാധിക്കുമായിരിക്കും, എന്നാൽ, എന്നിൽനിന്ന് കോഴിക്കോടിനെ പുറത്താക്കാൻ സാധിക്കില്ല

പരാതിപ്പെടാൻ എനിക്കാവില്ല
തിരയുന്നതെന്തോ അത് കണ്ടെത്തിയില്ലെങ്കിലും
ഉണങ്ങിയ ശിലകൾക്കും വണ്ടുകളുടെ തോടുകൾക്കും അരികിൽ
ജീവികളുടെ മാംസവും രക്തവുമായുള്ള സൂര്യന്റെ പോരാട്ടം കാണില്ല ഞാൻ
                                                                          (ലോർക)


വെളിച്ചത്തിന്റെ മുയൽക്കുഞ്ഞുങ്ങളെ തിരയുമ്പോഴാണ് നിന്റെ നിത്യവസന്തത്തിന്റെ ഭൂമികയിൽ ഞാനെത്തിയത്. ഒരു നിയോഗം എന്നപോലെ നിന്റെ അരികിൽ ഞാൻ എന്നെ കണ്ടെത്തിയതും. സത്യത്തിൽ ആ മുയൽ എന്നെ പിടികൂടുകയാണുണ്ടായത്. കോഴിക്കോട് അവളുടെ എല്ലാ സ്നേഹവും മനുഷ്യത്വവും നിറഞ്ഞ സാമൂഹിക, രാഷ്ട്രീയ കാഴ്ചപ്പാടോടും കൂടി എന്നെ സ്വീകരിക്കുകയായിരുന്നു.

ഗംഗച്ചേച്ചിയാണ് ഇവിടേക്കുവരാൻ എന്നോടാവശ്യപ്പെട്ടത്. ചേച്ചി എന്നെ വീട്ടിലേക്ക് ക്ഷണിച്ചു. അങ്ങനെ പ്രഭാകരന്റെ മുത്തശ്ശിയുടെ വീടായ കണ്ണാടിക്കലിലേക്ക് ഞാനും എന്റെ കൃഷ്ണയും എത്തി. കണ്ണാടിക്കൽ അഥവാ പാറകൊണ്ട് നിർമിച്ച കണ്ണാടി. എന്നെയും, കാലത്തിന്റെയും സൂര്യന്റെയും സഞ്ചാരത്തിനനുസരിച്ച് മാറിമറിയുന്ന എന്റെ കാൻവാസിനെയും ഒരിക്കൽപോലും മുടക്കം വരുത്താതെ, പതിനെട്ടുവർഷമായി ഈ കണ്ണാടിക്കൽ കാണിച്ചുതരുന്നു. ഇവിടമാണ്, ഇതാണ് ഈ ഭൂമിയിലെ എന്റെ വാസസ്ഥലം. കിണറ്റിൽ തെളിയുന്ന ചന്ദ്രനെപ്പോലെ അമൂല്യമായ നിരവധി ഓർമകൾ എന്റെ പക്കലുണ്ട്. അവയൊക്കെയും എനിക്കുസമ്മാനിച്ചത് നിങ്ങളുടെ ആകാശമാണ്.

എന്നെ കോഴിക്കോട്ടുനിന്ന്‌ പുറത്താക്കാൻ നിങ്ങൾക്ക്‌ സാധിക്കുമായിരിക്കും. എന്നാൽ, എന്നിൽനിന്ന്  കോഴിക്കോടിനെ പുറത്താക്കാൻ സാധിക്കുകയില്ല. ഇവിടത്തെ ചുറ്റുപാടും പച്ചപ്പും പറന്നുയരുന്ന വെള്ളക്കൊക്കുകളും 35 വർഷങ്ങൾക്കുമുമ്പ്‌  ബംഗാളിലെ ഗ്രാമീണ കുട്ടിക്കാലത്തെക്കുറിച്ച് ഓർമപ്പെടുത്താറുണ്ട്. 70 എം.എം. സ്‌ക്രീനിൽ കാണുന്ന നൊസ്റ്റാൾജിയപോലെ അവയെന്റെ  ഓർമകളിലേക്ക് കടന്നുവരും. ഊഞ്ഞാലാടുന്നതുപോലെയാണ്  ദിനരാത്രങ്ങൾ കഴിഞ്ഞുപോയത്.

ഒരു താരാട്ടുപാട്ടിന്റെ വരികളിൽ ചിലതൊക്കെ എനിക്ക് ഓർമയിൽ വരുന്നുണ്ട്. അതിന്റെ ഈണം അന്തരീക്ഷത്തിൽ മുഴങ്ങുന്നുണ്ട്. പ്രതിധ്വനികൾ തിരികെ വരുന്നുണ്ട്. വൈകുന്നേരങ്ങളിൽ ഫുട്‌ബോൾകളി കഴിഞ്ഞ് വീട്ടിലേക്ക് തിരികെവരുന്ന കുട്ടികളുടെ ശബ്ദവും പള്ളികളിൽനിന്നുള്ള ബാങ്കുവിളികളും അമ്പലത്തിൽനിന്നുള്ള ഭജനയുമാണ് എന്നെ സമയത്തെക്കുറിച്ച് ബോധവതിയാക്കിയിരുന്നത്. 

പതിനെട്ടാംനൂറ്റാണ്ടിലെ ഡച്ച് ചിത്രകാരൻ വരച്ച ഒരു എണ്ണച്ചായ ചിത്രത്തിന് സമാനമായിരുന്നു ഒരിക്കൽ കോഴിക്കോട്. അതിൽനിന്ന് ഇന്നത്തെ നഗരമായി കോഴിക്കോട് മാറിയത് വളരെപ്പെട്ടെന്നായിരുന്നു. പല സംസ്കാരങ്ങൾക്കും ഒരുമിച്ചുവളരാൻ സാധിക്കുന്ന ഇടമാണ് കോഴിക്കോട്ടെന്ന് പതിയെപ്പതിയെ അത് തെളിയിച്ചു. മാനവികതയുടെ ജീവനുള്ള ഒരു മ്യൂസിയമാണ് ഈ നഗരമെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. എണ്ണിയാലൊടുങ്ങാത്തിടത്തോളം  സുഹൃത്തുക്കളെയും സഖാക്കന്മാരെയും സമ്മാനിച്ച നഗരം കൂടിയാണ് കോഴിക്കോട്.

kabnita mukhopadhyaya painting

കോഴിക്കോടൻ കഥകളും ഭാഷാഭേദങ്ങളും നഗരം എനിക്ക് പഠിപ്പിച്ചുതന്നു. അജ്ഞാതരായ സ്വപ്നജീവികളുടെ സമുദ്രത്തിൽനിന്ന് ഈ നഗരം എന്നെ ദത്തെടുക്കുകയായിരുന്നു. ബഷീർകഥകളിൽ തെളിഞ്ഞ ഇടങ്ങളിലൂടെയും ഉറൂബിന്റെ സുന്ദരന്മാരുടെയും സുന്ദരിമാരുടെയും ഇടയിലൂടെയും എസ്.കെ.യുടെ വഴികളിലൂടെയും കെ.ടി.യുടെ  കഥാപാത്രങ്ങളിലൂടെയും എനിക്ക് സഞ്ചരിക്കാൻ സാധിച്ചു. മനുഷ്യർ തമ്മിലുള്ള അടുപ്പത്തിന്റെ തീവ്രത മനസ്സിലാക്കാൻ ഇവയെന്നെ ഏറെ സഹായിച്ചു. ദൈവികമായ ശബ്ദത്തിൽ ബാബുരാജ് പാടിയിരുന്ന കോഴിക്കോടിന്റെ തെരുവോരങ്ങളിലൂടെ കത്തുന്ന ചൂടിൽ ഞാൻ നടന്നിട്ടുണ്ട്.

ചരിത്രത്തിലേക്കുള്ള എന്റെ അത്തരം യാത്രകൾക്കിടയിലാണ് ഞാൻ ശാന്താദേവിയെയും മുടിവേണുവേട്ടനെയുമൊക്കെ പരിചയപ്പെടുന്നത്. പറന്നിറങ്ങാൻ ഒരു കൂടുണ്ടെന്ന തോന്നൽ എനിക്കുസമ്മാനിച്ചത് നിങ്ങളാണ്. നിങ്ങളോട് എനിക്ക് ആശയവിനിമയം നടത്തണമായിരുന്നു. നിങ്ങൾ എന്നെ കേൾക്കാനും തയ്യാറായിരുന്നു. വരകളിലൂടെയും ചായങ്ങളിലൂടെയുമായിരുന്നു ഞാൻ നിങ്ങളോട്‌ സംവദിച്ചിരുന്നത്.

വികാരപ്രകടനങ്ങൾക്കുമപ്പുറം അത് സംവേദിക്കാൻ ഉദ്ദേശിച്ചിരുന്ന അർഥത്തെ മനസ്സിലാക്കുക എന്ന ശ്രമകരമായ ചുമതല നിങ്ങൾ സന്തോഷപൂർവം ഏറ്റെടുത്തു. പ്രസിദ്ധീകരണശാലകളാണ് നഗരത്തിലെ വഴികൾ എനിക്ക് പരിചിതമാക്കിത്തന്നത്. രാഷ്ട്രീയപരമായും  മതപരമായും ആശയപരമായും വ്യത്യസ്തത പുലർത്തുന്ന ‘മാതൃഭൂമി’യുടെയും ‘ദേശാഭിമാനി’യുടെയും ‘ചന്ദ്രിക’യുടെയും മറ്റു മാധ്യമങ്ങളുടെ ഓഫീസുകളിലും സൃഷ്ടികളുമായി ഞാൻ പോയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ നഗരത്തെ വ്യത്യസ്തമായ വീക്ഷണകോണിലൂടെ സൂക്ഷ്മമായി നിരീക്ഷിക്കാനുള്ള അവസരവും എനിക്കുലഭിച്ചിട്ടുണ്ട്. 
 

kabita mukhopadhyaya painting

ഞങ്ങളുടെ ‘ദ ഗ്രേറ്റ് പ്രൊസഷൻ’ എന്ന പ്രദർശനത്തിന് സുഹൃത്തുക്കളും സഖാക്കന്മാരും തന്ന പിന്തുണ മറക്കാൻ സാധിക്കുന്നതല്ല. ഒരിക്കലും സാധിക്കില്ലെന്നുകരുതിയ ഒന്നിനെയാണ് അവർ സാധ്യമാക്കിയത്. ചിത്രങ്ങളും പെയിന്റിങ്ങുകളും ഉൾപ്പെട്ടതായിരുന്നു ദ ഗ്രേറ്റ് പ്രൊസഷൻ. ഒബ്ലിവിയോൺ ആൻഡ് നെക്സ്റ്റ് ആയിരുന്നു ആ ശൃംഖലയുടെ ഭാഗമായി ഞാൻ വരച്ചിരുന്നത്. കേരളത്തിന്റെ പതിന്നാല് ജില്ലാ ആസ്ഥാനങ്ങളിലായിരുന്നു പ്രദർശനം. മികച്ച പ്രതികരണമാണ് എല്ലായിടത്തുനിന്നും ലഭിച്ചത്.

ഏഴുവർഷംകൊണ്ടാണ് പ്രദർശനം പൂർത്തിയാക്കിയത്. കോഴിക്കോട്ടുനിന്നായിരുന്നു പ്രദർശനമാരംഭിച്ചത്. മാതൃഭൂമിയുടെ മാനേജിങ് എഡിറ്റർ പി.വി. ചന്ദ്രൻ നൽകിയ പിന്തുണ മറക്കാൻ സാധിക്കില്ല. അദ്ദേഹം എന്റെ ഒരു പെയിന്റിങ് വാങ്ങുകയും ചെയ്തിരുന്നു. മാതൃഭൂമി ഡയറക്ടർ എം.വി. ശ്രേയാംസ് കുമാർ പ്രഭാകരന്റെ ഒരു ജലച്ചായ ചിത്രം വാങ്ങി -‘ദ ബോട്ട്’. മാത്രമല്ല, പ്രദർശനത്തിന്റെ 12-ാം ഷോ ജലസമാധിക്ക് സഹായം നൽകുകയും 2004-ൽ ‘ദ ക്രൈസിസ് ഓഫ് സിവിലൈസേഷൻ’ എന്ന പേരിൽ സംഘടിപ്പിച്ച സെമിനാറിന് ഗാലറിക്കുള്ള സ്ഥലമൊരുക്കി തരികയും ചെയ്തിട്ടുണ്ട്.

ഡോ. കെ.എൻ. പണിക്കർ, ശബ്‌നം ഹശ്മി, കെ.ടി. മുഹമ്മദ് എന്നിവരായിരുന്നു ആ സെമിനാറിൽ പങ്കെടുത്തത്. മാതൃഭൂമിയുടെ അന്നത്തെ എഡിറ്റർ കെ. ഗോപാലകൃഷ്ണൻ പ്രഭാകരന്റെ ‘മഹായാനം’ എന്ന ചിത്രം വാങ്ങുകയും ചെയ്തു. കോഴിക്കോട് നഗരത്തിലും അതിനുചുറ്റിലുമുള്ള,  വിദ്യാർഥിപ്രസ്ഥാനങ്ങളുടെ സജീവമായ പ്രവർത്തനങ്ങൾ ചിത്രകലയിലൂടെ സംവേദിക്കുന്ന എന്റെ ചിന്തകളെ രാകിമിനുക്കിക്കൊണ്ടിരുന്നു. ഒരു ചിത്രകാരിയെന്ന നിലയിൽ അത്തരം കാര്യങ്ങളിൽ ശ്രദ്ധചെലുത്തേണ്ടത് എന്റെ ഉത്തരവാദിത്വമാണെന്നും ഞാൻ വിശ്വസിക്കുന്നു.

വിശുദ്ധ ചാവറയച്ചന്റെ ചിത്രങ്ങൾ വരയ്ക്കുന്നതിന്റെ ഭാഗമായി ഫാദർ ജോൺ മണ്ണാറത്തറയെ കണ്ടുമുട്ടാനിടയായി. ഒരു വിദ്യാഭ്യാസവിദഗ്ധൻ കൂടിയായിരുന്നു  അദ്ദേഹം. സിൽവർ ഹിൽസ് പബ്ലിക് സ്കൂളിലെ കുറച്ചുവിദ്യാർഥികളെ അദ്ദേഹം എന്റെ അടുക്കലേക്ക് അയച്ചു. കുട്ടികളിലെ പ്രതിഭയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യമായിരുന്നു അതിനുപിന്നിൽ. ഒന്നുമുതൽ പത്തുവരെ ക്ലാസുകളിൽ പഠിക്കുന്നവർ ആ കൂട്ടത്തിലുണ്ടായിരുന്നു. ഭാവിയുടെ വാഗ്ദാനങ്ങളായ ആ കുട്ടികളുമായി സമയം ചെലവഴിക്കുന്നത് എന്നെ സംബന്ധിച്ചിടത്തോളം സന്തോഷം നിറഞ്ഞ കാര്യമായിരുന്നു. പച്ചപ്പുനിറഞ്ഞ ഒരു ഭൂമിയെ സ്വപ്നംകാണാൻ അവർ എന്നെ പ്രേരിപ്പിച്ചു.

ചിത്രങ്ങള്‍: കബിതാ മുഖോപാധ്യായ
prabhakarankabita@gmail.com