പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയ് മരിച്ചിട്ട് മൂന്നു മാസം. മരണത്തിന്റെ കാരണക്കാര്‍ക്ക് ശിക്ഷ കിട്ടിയില്ല. വിട്ടുെകാടുക്കാതെ നിയമത്തിനു പിന്നാലെ നടക്കുകയാണ് ഈ അമ്മ. തിരുവനന്തപുരത്തുവെച്ച് പോലീസ് വലിച്ചിഴച്ചപ്പോ മഹിജ പറഞ്ഞു, ''ന്റെ മോനു വേണ്ടിയല്ലേ. ഞാന്‍ എന്തും സഹിക്കും. അവസാനംവരെ പോവും.'' നല്ല ഉറപ്പിലാണ് പറഞ്ഞത്. എന്നിട്ടും അടുത്ത നിമിഷം അവര്‍ കണ്ണീരിലായി. 

ജിഷ്ണു പോയതുമുതല്‍ ആരുമില്ലാത്തപോലെ. വീട്ടില്‍ ഭര്‍ത്താവും മകളും അമ്മയുമൊെക്കയുണ്ട്. ''ന്നാലും ന്റെ മോനില്ലല്ലോ... ഞാനിപ്പോ വിചാരിക്കും മോന്‍ ഒന്നും പഠിക്കാതെ ഇതിലേ നടന്നാ മത്യായിരുന്നു. രാത്രി ഉറങ്ങാെനങ്കിലും വീട്ടില് വര്വല്ലോ. അതെങ്കിലും കാണായിരുന്നല്ലോ.'' മഹിജ പായയില്‍ എഴുേന്നറ്റിരുന്നു. അപ്പുറത്തെ മുറിയിലേക്കു ഏന്തി നോക്കി . ജിഷ്ണു പഠിക്കാനിരിക്കുന്ന മുറിയാണ്. അവിടെ ഒരു കൊച്ചു മേശ മാത്രം. അതിന്റെ പുറത്ത് കറുത്ത മഷിയില്‍ എഴുതിവെച്ചിരുക്കുന്നു. 'ചെയ്‌സ് യുവര്‍ ഡ്രീംസ്, ബട്ട് മെയ്ക് ഷുവര്‍ യു ഡു നോട്ട്  ഫൈന്‍ഡ് ഷോര്‍ട്ട്കട്ട്...'

മഹിജ പുറത്തേക്ക് നോക്കി മിണ്ടാതിരുന്നു. അവന്‍ ഓടിക്കളിച്ച മുറ്റം, തൊടി, അയല്‍പക്കത്തെ വീടുകള്‍. അമ്മേ...എന്നു വിളിച്ച് അവന്‍ അകത്തേക്ക് വരും പോലെ  തോന്നിയോ? 

''അവന്‍ ഉള്ളപ്പോ വീടുനിറയെ ഒരുപാട് ആള്‍ക്കാരുള്ള പോലെയാ. കീശയില് ചില്ലറ പൈസയിട്ടാല് അതിങ്ങനെ കുലുങ്ങി കുലുങ്ങി ഒച്ചയുണ്ടാക്കില്ലേ, അമ്മാതിരിയുള്ള മോനാ. എങ്ങനെയാ ഞാന്‍ പറഞ്ഞുതരേണ്ടത്....

അന്ന് രാവിലെ വിളിച്ചപ്പഴും മോന്‍ പറഞ്ഞു, ''നന്നായി പഠിച്ചിട്ട്ണ്ടമ്മേ... ഞാന്‍ പരീക്ഷ കഴിഞ്ഞിട്ട് വിളിക്കാം.'' ഞാന്‍ കാത്തിരുന്നു. പിന്നെ അങ്ങോട്ട് വിളിച്ചൂ. കിട്ടീല. കൊറെ കഴിഞ്ഞപ്പോ വാര്‍ഡന്‍ വിളിച്ചു. എന്നോടുതന്നെയാ അയാള്‍ വിവരം പറഞ്ഞത്. ഞാന്‍ വിശ്വസിച്ചില്ല. 

മോനെ വീട്ടില്‍ കൊണ്ടുവന്നപ്പം ഞാന്‍ പറഞ്ഞു,' ന്നെ മോന്റടുത്ത് കൊണ്ടോണം. ഞാന്‍ കരയൂല...ബുദ്ധിമുട്ടിക്കൂല... അവനെ കണ്ടോണ്ടിരിക്കാനാ..' ഞാന്‍ അവനെ ഒരുപാട് ഉമ്മവച്ചു, വാരിപ്പിടിച്ചു.