മണിപ്പുരിന്റെ കണ്ണീർരേഖപോലെ ഇറോം! ചുറ്റുമുള്ള  മനുഷ്യരുടെ അവകാശങ്ങൾക്കുവേണ്ടിയാണ് അവർ ഇക്കാലമത്രയും സ്വയം പീഡിപ്പിച്ചുപൊരുതിയത്. നീണ്ട 16 വർഷത്തെ സ്വജീവിതം അധികാരത്തിന്റെ അഗ്നികുണ്ഡത്തിൽ ഹോമിച്ച് അവർ പോരാടി. വിശപ്പും ദാഹവും മറന്ന ഉരുക്കുവനിതയായി ലോകം അവരെ വാഴ്ത്തി. എന്നിട്ടും ജനാധിപത്യ പൗരനീതികൾക്കുമുൻപിൽ അവർ കേവലം 90 മണിപ്പുരിവോട്ടുകളായി മാത്രം പരിണമിച്ചു. എന്തിനുമേതിനും പരസ്പരം പഴിചാരുന്ന നമ്മൾ, ആ 90 പേർ കറകളഞ്ഞ തങ്കപ്പെട്ട മനുഷ്യരെന്ന് വിശ്വസിച്ചു. ഹാഷ്‌ടാഗുകളിൽ പ്രതിഷേധം നിറച്ചു. 

വാർത്തകളിലെ ലോകം വളരെ വിചിത്രമാണ്. പെരുപ്പിച്ചുകാട്ടുന്ന വാർത്തകൾക്കുപിറകിലുള്ള സത്യാന്വേഷണങ്ങൾ പലപ്പോഴും വിഭിന്നമാകും. ഇറോം ശർമിള എന്നും വാർത്തകളിലെ ദയനീയചിത്രമായിരുന്നു. ജനഹൃദയങ്ങളിൽ, പ്രത്യേകിച്ചും മണിപ്പുരികളുടെ ഹൃദയതാരമാകാൻ അവർക്ക് കഴിയാതെപോയത് എന്തുകൊണ്ടാവാം?  ആലോചിക്കേണ്ടതല്ലേ ഈ ജനാധിപത്യ വൈപരീത്യം?

മൂന്നുമാസങ്ങൾക്കുമുൻപ് കേന്ദ്ര സാഹിത്യ അക്കാദമി സംഘടിപ്പിച്ച ഇന്ത്യൻ എഴുത്തുകാരുടെ സംവാദസംഗമത്തിൽ പങ്കെടുക്കാനാണ് ഇംഫാലിൽപോയത്. മണിപ്പുർ എന്നാൽ പട്ടാളഭരണം തീക്കാറ്റ് വിതച്ച നാട്... ഇറോം ശർമിള നിരാഹാരം കിടക്കുന്ന നാട്... അല്പജ്ഞാനങ്ങൾ മാത്രം കൈമുതലാക്കിയ യാത്ര. തലങ്ങും വിലങ്ങും പായുന്ന മിലിട്ടറി ട്രക്കുകളും ഇടിത്തീപോലെ വന്നേക്കാവുന്ന കർഫ്യുവും തോക്കേന്തിയ അനവധി സൈനികരും നാഗാതീവ്രവാദി ഭീഷണികളും പട്ടാളച്ചിട്ടയിലുള്ള ഭരണരീതിയും കൊടുംതണുപ്പുള്ള കാലാവസ്ഥയുമൊക്കെ യാത്രയുടെ വഴിമുടക്കാൻവന്നെങ്കിലും കവിതയോടുള്ള സ്നേഹം കടൽപോലെ നുരഞ്ഞുപൊന്തി അടഞ്ഞവഴികൾ മണിപ്പുരിലേക്കുതന്നെ തുറന്നുതന്നു. എന്നാൽ, അപാരധൈര്യവും തലയെടുപ്പുമുള്ള സ്ത്രീകളുടെ സ്വതന്ത്രസംഘം മണിപ്പുരിലുണ്ടെന്നത് അവിടെയെത്തുംവരെ ചിന്തകൾക്കപ്പുറത്തുള്ള വിഷയമായിരുന്നു! മണിപ്പുരിലെ കരുത്തുറ്റ സ്ത്രീകളുടെ ചരിത്രം അറിയാത്തവരാണ് നമ്മിലധികവും.

ഒരു മേരികോമിനോ മറ്റൊരു ഇറോം ശർമിളയ്ക്കോ അപ്പുറം കണ്ണീർച്ചൂടിൽ വിയർപ്പ് കുറുക്കിയെടുക്കുന്ന ലക്ഷക്കണക്കിന് സ്ത്രീകൾ അധ്വാനിക്കുന്ന നാട്. ആ നാട് പകർന്നുനൽകിയ ഒരു സാധാരണ ധൈര്യപ്രതീകമാണ്‌ ഇറോം. നിരാഹാരം എന്ന ഗാന്ധിയൻ സമരോർജം അവർ പുറത്തെടുത്തു. വാർത്താലോകം അത്‌ പുറംലോകത്തെ നിരന്തരമറിയിച്ചു. ലക്ഷോപലക്ഷം സ്വാതന്ത്ര്യദാഹികളുടെ പോരാട്ടവീര്യമായി ഇറോം എന്ന യാതനാരൂപം മാറി. ഒരു ബഹുജന സമരമാർഗമായി എന്തുകൊണ്ടോ അത് രൂപപ്പെട്ടില്ല. 

കാരണം വിശപ്പെന്നത് ഏതു ജനതയ്ക്കും ഏറ്റവുംവലിയ  പ്രതിസന്ധിയാണ്. അതിനുത്തരം തേടാതെ ജീവിതമില്ലല്ലോ? സങ്കടപ്പെരുങ്കടലിൽ വിശന്നുകരയുന്ന മക്കളുടെ മുൻപിൽ നിരാഹാരം എന്ന പരിഹാരം മണിപ്പുരി അമ്മമാർക്ക് എത്രകാലം വിളമ്പിനൽകാനാകും? അതിനാൽ സമരം സമരമായും നിരാഹാരം നിരാഹാരമായും വേറിട്ട്‌ നിലനിന്നു. വിശപ്പിന്റെ ഒടുങ്ങാത്ത നിലവിളികൾക്ക് ഉത്തരംതേടാൻ മണിപ്പുരി വനിതകൾ കച്ചകെട്ടിയിറങ്ങേണ്ടിവന്നു. 


അതുകൊണ്ട് അവർ ഇറച്ചിവെട്ട് മുതൽ തുന്നൽപ്പണികൾവരെ ഏറ്റെടുക്കാൻ തയ്യാറായി. പച്ചക്കറികൾ മുതൽ ഇരുമ്പായുധങ്ങൾവരെ കച്ചവടം ചെയ്യാനിറങ്ങി. അന്തർമുഖത്വം മറന്ന് ധൈര്യശാലികളായി. കരിഞ്ചന്തയിൽ പെട്രോൾവിറ്റു. ലോക്ടക്ക് തടാകത്തിൽ രാത്രിയുറഞ്ഞ തണുപ്പിൽ നീന്തി മുഴുത്ത മത്സ്യങ്ങളെ പിടിച്ചു. തോണികൾ തുഴഞ്ഞു. വാഹനങ്ങളോടിച്ചു. തെരുവിൽ സാധനങ്ങൾ വിലപേശിവിറ്റു. അധ്വാനം അതിന്റെ എല്ലാ അർഥത്തിലും അവർക്കുമുന്നിൽ അന്നവും വെളിച്ചവുമായി അഭിമാനത്തോടെ പ്രത്യക്ഷപ്പെട്ടു. ഏതു വെല്ലുവിളിയും അവർ നട്ടെല്ലുയർത്തി ഉശിരോടെ നേരിട്ടു. ബ്രിട്ടീഷ് ആധിപത്യത്തിനുനേരേ 1904-ൽലും 1939-ലും പടനയിച്ച മണിപ്പുരിസ്ത്രീകളുടെ ചരിത്രം ഒരിടത്തും നമ്മൾ പഠിച്ചിട്ടില്ലാത്തത് നമ്മുടെ വിദ്യാഭ്യാസവിഷയങ്ങൾ ഒളിച്ചുപിടിക്കുന്ന ചരിത്രദോഷം ഒന്നുകൊണ്ടുമാത്രമാണ്.

നാലായിരത്തിലധികം സ്ത്രീകൾ നടത്തുന്ന ഇമാ മാർക്കറ്റ്‌ (ഇമ എന്നാൽ മണിപ്പുരിയിൽ ‘അമ്മ’യെന്നർഥം) അവരുടെ മനക്കരുത്തിന്റെ സാക്ഷ്യമാണ്‌. സ്കൂളിൽ പോകുന്ന പെൺകുട്ടികൾ, യുവതികൾ, മധ്യവയസ്കർ, വീട്ടമ്മമാർ തുടങ്ങി തീരേ വയ്യാതെയിരിക്കുന്ന മുത്തശ്ശിമാർപോലും നിത്യജീവിതത്തിനാവശ്യമായ നിരവധിസാധനങ്ങൾ നിരത്തിവെച്ച്‌ വിൽക്കുന്നു. മത്സ്യം, ഇറച്ചികൾ, ആയുധങ്ങൾ, വസ്ത്രങ്ങൾ, പലവ്യഞ്ജനങ്ങൾ, കളിപ്പാട്ടങ്ങൾ, പുസ്തകങ്ങൾ, ആഭരണങ്ങൾ എന്നുവേണ്ട എന്തിനും ഏതിനും ഇമാ മാർക്കറ്റ്‌ എന്ന പല്ലവിയേ ഇംഫാലിൽ കേൾക്കാനുള്ളൂ. പണത്തിന്റെ കെട്ടുകൾക്ക്‌ മനുഷ്യജീവിതത്തിന്റെ വിലയില്ലെന്ന്‌ തിരിച്ചറിവുള്ള അമ്മമാരുടെ ചന്തയായതിനാൽ ഇമാമാർക്കറ്റിൽ ഒന്നിനും കൊള്ളവിലയില്ല. ആവശ്യത്തിനുള്ള ലാഭമെന്ന്‌ കേൾക്കുന്നതുതന്നെ കമ്പോളവത്‌കരണത്തിന്റെ ഈ കാലത്ത്‌ എത്രസുഖമുള്ള കാര്യമാണ്‌!

ജീവിതസാഹചര്യം സ്വയം നേടിക്കൊടുത്ത മനഃശക്തിമാത്രമാണ്‌ ഈ സ്ത്രീകളുടെ മൂലധനം. പുരുഷന്മാരാരും മുഖ്യധാരാവ്യാപാരങ്ങളിൽ അമിതമായി ഇടപെടുന്നത്‌ എത്രശ്രമിച്ചിട്ടും കണ്ടെത്താനായതുമില്ല. സ്ത്രീകൾ നിയന്ത്രിക്കുന്ന ഈ ‘അമ്മച്ചന്ത’ മാതൃകാപരമെന്ന്‌ വിശേഷിപ്പിക്കാതെവയ്യ.

ഇറോം ശർമിള മണിപ്പുരി ജനതയ്ക്ക്‌ ഒരു പ്രതീകംമാത്രമായി തീർന്നിരിക്കണം. കാരണം, അവിടത്തെ ഓരോ സ്ത്രീയും തന്നെക്കാൾ കരുത്തരായ സ്ത്രീകളെ നിത്യവും കാണുന്നുണ്ട്‌. നമ്മൾ ഇറോമിന്റെ സമരത്തെ അടിച്ചമർത്തപ്പെട്ട നാടിന്റെ തീനാളമായി കണ്ടെങ്കിൽ  തെറ്റല്ല. പക്ഷേ, മണിപ്പുരിവനിതകളിൽ ഉറഞ്ഞുകൂടിയ മനക്കട്ടിയുടെ ഒരംശം മാത്രമായിരുന്നു അവർക്ക്‌ ഇറോം. മാധ്യമവാർത്തകളിൽ നാം കേൾക്കുന്ന അതിശയോക്തിയൊട്ടുമില്ലാതെ അവർ ആ സമരനായികയെ കണ്ടു. ജീവിതമെന്ന വലിയ സത്യത്തെ ആദ്യംതൊട്ടറിഞ്ഞു.

വിശന്നുപൊരിയുന്ന കുഞ്ഞുങ്ങളുള്ള അമ്മമാർക്ക്‌ പ്രകൃതിനൽകിയ ചുമതല നിർവഹിച്ചേ കഴിയുമായിരുന്നുള്ളൂ. അമ്മമാർ പ്രതിഷേധജ്വാലയിൽ ഉറഞ്ഞുതുള്ളി കുഞ്ഞുങ്ങളുടെ പശിയടക്കാനുള്ള വഴിയന്വേഷിച്ചു. അതിന്റെ പ്രതിഫലനം മണിപ്പുരി സ്ത്രീകളുടെ ശരീരഭാഷയിലുണ്ട്‌, അധ്വാനശൈലിയിലുണ്ട്‌, അക്ഷീണപരിശ്രമങ്ങളിലുണ്ട്‌. ഇംഫാലിൽ പരിചയിച്ച പരിസരങ്ങളിലെല്ലാം ഞാനത്‌ കണ്ടു.
ഇറോം സത്യത്തിനും നീതിക്കുംവേണ്ടിത്തന്നെയാണ്‌ നിശ്ചലം പോരാടിയത്‌. പക്ഷേ, ജനാധിപത്യത്തിന്റെ അടിസ്ഥാനസ്വരം അന്നംതേടലിന്റെ വിലാപരാഗങ്ങളിൽ കുരുങ്ങിക്കിടക്കുമെന്നതാണ്‌ വലിയപാഠം. വിശപ്പാണ്‌ ഏറ്റവുംവലിയ വെല്ലുവിളിയും സത്യവുമെന്ന്‌ പറഞ്ഞവർക്ക്‌ ഒരിക്കലും തെറ്റിയിട്ടില്ലെന്ന്‌ മണിപ്പുരി സ്ത്രീകൾ പഠിപ്പിക്കുന്നു.
ഇറോം വോട്ടെടുപ്പിൽ ദയനീയമായി തോറ്റുപോയതിൽ എനിക്ക്‌ സങ്കടമേയില്ല. മൗനത്തിന്റെ കനലുകൾ ഭ്രമണപഥത്തിൽ എത്തിയെന്നുവരില്ല. ഇറോം ഒരാദർശത്തിന്റെ ഒടുങ്ങാ കനൽരൂപം! ഇംഫാലിലെ ഇന്ത്യൻ എഴുത്തുകാരുടെ സംഗമം എഴുത്തുജീവിതത്തിൽ മറക്കാനാകാത്ത അനുഭവമായി.

അതിലുമപ്പുറം സാഹിത്യമോ ചരിത്രമോ വാർത്തകളോ കൊണ്ടാടാത്ത, കണ്ടെടുക്കാത്ത ജീവിതത്തിന്റെ യാഥാർഥ്യങ്ങൾക്കുമുന്നിൽ വാക്കുകൾ സമർപ്പിച്ച്‌ സ്വയം കീഴടങ്ങാതെ മടക്കയാത്ര ചെയ്യാനായില്ല. സ്ത്രീയുടെ സ്വാതന്ത്ര്യസങ്കല്പത്തിന്‌ മണിപ്പുരിന്റെ ധീരതയാർന്ന പൊളിച്ചെഴുത്തുകൾക്ക്‌ നന്ദി.ഇറോം നന്മയുടെ സഹനപ്രതീകം മാത്രമായി. ഇറോമിനുചുറ്റുമുള്ള സ്ത്രീകൾ നന്മനിറഞ്ഞ അധ്വാനത്തിന്റെ ശ്വസിക്കുന്ന സമരപ്രതീകങ്ങളായി ചരിത്രത്തെ നയിക്കുന്നു അത്രമാത്രം!