നേടിയ വിജയകിരീടങ്ങളുടെ കണക്കെടുപ്പിനേക്കാള്‍ അമ്മയാകാന്‍ പോകുന്ന സെറീനയുടെ വിശേഷങ്ങളറിയാനാണ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്നത്. കളിക്കളത്തിലെ സെറീന, കണ്ണില്‍ ലക്ഷ്യം മാത്രം കാണുന്ന സെറീന, വിജയങ്ങള്‍ ശീലമാക്കിയ സെറീന, ഇതിലെല്ലാമുപരി ജീവിതത്തിന്റെ പുതിയ വഴിത്തിരിവില്‍ അവര്‍ എങ്ങനെയായിരിക്കും എന്നറിയാനുള്ള ഇഷ്ടം. വീറും വാശിയും നിറഞ്ഞിരുന്ന മനസ്സില്‍ മാതൃത്വം വാത്സല്യം നിറയ്ക്കുമോ എന്നറിയാനുള്ള കൗതുകം. വോഗ് മാഗസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ അമ്മയാകാന്‍ പോകുന്നതിന്റെ ആശങ്കകള്‍ പങ്കുവെച്ചിരിക്കുകയാണ് താരം. 

പ്രസവത്തെ കുറിച്ചോര്‍ത്ത് എനിക്കല്പം ഭയമുണ്ട്..കളിക്കളത്തിലെ കരുത്ത് മനസ്സുതുറക്കുന്നു.'പ്രസവവേദന ലഘൂകരിക്കാന്‍ മരുന്ന് (Epidural)ഉപയോഗിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. ഒരുപാട് ആളുകള്‍ എപിഡ്യൂറല്‍ ഉപയോഗത്തെ എതിര്‍ക്കുന്നത് എനിക്കറിയാം. പക്ഷേ എന്നെ സംബന്ധിച്ച് എനിക്ക് ഒരുപാട് ശസ്ത്രക്രിയകള്‍ വേണ്ടി വന്നിട്ടുണ്ട്. വേദന ഒഴിവാക്കാന്‍ ഒരു മാര്‍ഗമുള്ളപ്പോള്‍ ഇനിയും വേദന അനുഭവിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.' സെറീന പറയുന്നു. 

'ഏറ്റവും വലിയ കാര്യം എന്താണെന്ന് വച്ചാല്‍ ഒരു ബേബി പേഴ്‌സണാണെന്ന് ഞാനിനിയും ചിന്തിക്കാന്‍ തുടങ്ങിയിട്ടില്ല. അക്കാര്യത്തിലാണ് എനിക്ക് ഇനിയും പ്രയത്‌നിക്കാനുള്ളത്. എപ്പോഴും എന്റെ കാര്യങ്ങള്‍ മാത്രം നോക്കുന്നതായിരുന്നു എന്റെ ശീലം. എന്റെ ആരോഗ്യം, എന്റെ ശരീരം, എന്റെ കരിയര്‍ അങ്ങനെ എല്ലായ്‌പ്പോഴും ഞാന്‍ എന്നെക്കുറിച്ച് മാത്രമാണ് ചിന്തിച്ചിരുന്നത്. ഇനിയെന്തെങ്കിലും ഞാന്‍ നന്നാക്കുവാനുണ്ടോ എന്നാണ് എല്ലായ്‌പ്പോഴും ഞാന്‍ ചോദിച്ചിരുന്നത്.'

പ്രസവ ശേഷമുള്ള തന്റെ കരിയറിനെ കുറിച്ചും സെറീന സ്വപ്‌നം കാണുന്നുണ്ട്. 'ഞാന്‍ ചിന്തിച്ചിരുന്നു കുഞ്ഞുങ്ങള്‍ ആകുന്നതോടെ എനിക്ക് റിട്ടയര്‍ ചെയ്യേണ്ടി വരുമെന്ന്. പക്ഷേ ഇല്ല. ഞാന്‍ തീര്‍ച്ചയായും തിരിച്ചുവരും. ജനക്കൂട്ടത്തിന്റെ ആരവങ്ങളേറ്റുവാങ്ങി ഞാന്‍ തിരിച്ചുവരും. ഒരുപക്ഷേ അത് വലിയ കാര്യമല്ലെന്ന് തോന്നിയേക്കാം. പക്ഷേ ലോകത്ത് അതിനേക്കാള്‍ മികച്ച ഒരു അനുഭവമില്ല.' ആള്‍ക്കൂട്ടത്തിന്റെ ആരവത്തിന് കാതോര്‍ത്തിരിക്കുകയാണ് സെറീന.

ടെന്നീസിന് പുറത്തുള്ള തന്‍രെ ഇഷ്ടങ്ങളെ കുറിച്ചും സെറീന വാചാലയാകുന്നുണ്ട്. തുണിത്തരങ്ങളോട് തനിക്കുള്ള താല്പര്യം എത്ര ശക്തമാണെന്ന് തെളിയിക്കുന്ന വിവരങ്ങള്‍ അവള്‍ പങ്കുവെയ്ക്കുന്നുണ്ട്. തുണി കാണുമ്പോല്‍ തന്നെ അതെന്ത് തുണിത്തരമാണെന്നും അതെങ്ങനെ ഉണ്ടാക്കിയെന്ന് തനിക്ക് മനസ്സിലാക്കാന്‍ സാധിക്കുമെന്നുമാണ് സെറീന പറയുന്നത്. 

മറ്റു സ്ത്രീകള്‍ക്ക് പ്രചോദനമാകാന്‍ സാധിക്കുന്നതിലാണ് ഒരു സ്ത്രീയുടെ വിജയമെന്ന് സെറീന പറയുന്നു. കറുത്തവളായിക്കൊണ്ട് മാസികയുടെ കവറാകാന്‍ കഴിയുന്നത് തന്നെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ്. എന്നെ പോലുള്ള കറുത്തവര്‍ഗക്കാരായ പെണ്‍കുട്ടികള്‍ക്ക് ഒരു പ്രചോദനമാകണം. സത്യത്തില്‍ കറുത്തവരായ പെണ്‍കുട്ടികള്‍ക്ക് മാത്രമല്ല, സ്ത്രീസമൂഹത്തിന് ഒന്നാകെ സെറീന ഒരു പ്രചോദനമാണ്.കാരണം ജീവിത വിജയത്തിന് ഒന്നും തടസ്സമല്ലെന്ന് അവര്‍ തെളിയിച്ചിരിക്കുന്നത് സ്വന്തം ജീവിതത്തിലൂടെയാണ്. 


കടപ്പാട് - വോഗ്