ഗൗരി ലങ്കേഷ് അപൂർവമായ ഒരു മാധ്യമപ്രതിഭാസമായിരുന്നു എന്നു തോന്നിപ്പോകുന്നു. സ്വന്തം പേരു ചേർത്താണ് അവരുടെ ടാബ്ലോയ്ഡ് പ്രസിദ്ധപ്പെടുത്തിയിരുന്നത് എന്നതാണ്‌ ഒരപൂർവത. ഗൗരി ലങ്കേഷ് പത്രിക എന്ന പേര് പ്രഗല്‌ഭനായ അച്ഛന്റെ ലങ്കേഷ് പത്രിക എന്ന പേരിന്റെ തുടർച്ചയായിരുന്നല്ലോ. ലോഹ്യാ സോഷ്യലിസ്റ്റും കവിയുമായിരുന്ന, യാഥാർഥ്യങ്ങളുടെയും ഭാവനയുടെയും ലോകത്ത് സ്വപ്നസഞ്ചാരങ്ങൾ നടത്തിപ്പോന്ന ലങ്കേഷിന്റെ കാലവും മൂല്യവുമല്ല മകൾ ഗൗരിയുടെ കാലവും ഈ കാലത്തിന്റെ മൂല്യവും.

ലങ്കേഷ് പത്രിക എന്ന പത്രം പരസ്യങ്ങളില്ലാതെയാണ് 1981 മുതൽ ലങ്കേഷിന്റെ മരണം വരെ പ്രസിദ്ധപ്പെടുത്തിയിരുന്നത്. വായനക്കാരുടെ പിന്തുണ മാത്രം മതിയെന്ന വിഫല സാഹസികതകളിൽ ആവേശം കൊണ്ടവർ എഴുപതുകളിലും എൺപതുകളിലും വേറെയും കണ്ടേക്കാം. പക്ഷേ, ധനാധിപത്യത്തിന്റെ പുതിയ യുഗത്തിലും അത്തരമൊരു പരസ്യരഹിതമാധ്യമം നടത്താനുള്ള ധൈര്യം മറ്റാർക്കും  ഉണ്ടായിക്കാണില്ല, ഗൗരിക്കല്ലാതെ.

ജീവിതത്തെക്കാൾ അപൂർവത നിറഞ്ഞതായി അവരുടെ മരണവും. ചരിത്രത്തിന്റെ ഏടുകൾ തിരഞ്ഞാൽ എത്ര വനിതാ രക്തസാക്ഷികളെ കണ്ടെത്താൻ പറ്റും? ആദ്യകാല ക്രൈവസ്തവ ചരിത്രത്തിലും മറ്റും പല പേരുകൾ കണ്ടേക്കും. ഇക്കാലത്ത് അങ്ങനെ അധികം പേരില്ല. നാലു പതിറ്റാണ്ടായി രാഷ്ട്രീയക്കൊലകൾ തുടരുന്ന വടക്കൻ കേരളത്തിന്റെ നിഷ്ഠുരമായ കൊലക്കളങ്ങളിൽപ്പോലും ഇതുവരെ ഒരു വനിത വധിക്കപ്പെട്ടിട്ടില്ല.

മാവോവാദി ഭീകരർ തോക്കിൻകുഴലിലൂടെ ഭരണം നടത്തുന്ന കിഴക്കൻ ഭാരതത്തിലും അങ്ങനെ സംഭവിച്ചിട്ടില്ല. വേറെ എവിടെ? റഷ്യക്കാരി അന്ന പൊളിറ്റ്‌കോവ്‌സ്കയെ മറന്നിട്ടില്ല, ആർക്കും മറക്കാനുമാവില്ല. റഷ്യയിൽ പ്രസിഡന്റ് വ്ളാദിമിർ പുതിന്റെ ഏകാധിപത്യവാഴ്ചയ്ക്കെതിരെ നടന്ന മനുഷ്യാവകാശപ്പോരാട്ടത്തിലാണ് അവർ ജീവൻ ബലിനൽകിയത്.

ചെച്‌നിയക്കെതിരെ റഷ്യ നടത്തിയ യുദ്ധം റിപ്പോർട്ടുചെയ്യാൻ അന്ന ആറുവർഷം യുദ്ധരംഗത്തുതന്നെ നിലയുറപ്പിച്ചു. അവരെ അതിൽനിന്നു പിന്തിരിപ്പിക്കാൻ വധശ്രമം പോലും നടന്നു. ലോകം ഇത്രയേറെ ശ്രദ്ധിച്ച, ഇത്രയേറെ ധീരത പ്രകടിപ്പിച്ച മറ്റൊരു വനിതാറിപ്പോർട്ടറില്ല. അവസാനം അതു സംഭവിച്ചു. 2006 ഒക്‌ടോബർ ഏഴിന് ഒരു സംഘമാളുകൾ അവരെ ഫ്ളാറ്റിൽ കയറിച്ചെന്ന് കൊലപ്പെടുത്തി.

അഞ്ചുപേരെ കോടതി ശിക്ഷിച്ചു. എല്ലാവർക്കുമറിയാം, അവരെല്ലാം കൂലിക്കൊലയാളികളായിരുന്നുവെന്ന്്. ഇന്നും അറിയില്ല ആരാണ് അന്നയെ കൊല്ലാനുള്ള തീരുമാനമെടുത്തത് എന്ന്.  ഗൗരിയെ മാത്രമല്ല, കൽബുർഗിയെ, പാൻസരെയെ, ദാഭോൽക്കറെ.... കൊല്ലാൻ തീരുമാനിച്ചതാരായിരുന്നു എന്നു നമ്മളും ഒരിക്കലും അറിഞ്ഞില്ല എന്നുവരാം. ഒരു കുറ്റവാളിക്കും രക്ഷപ്പെടാൻ പറ്റാത്ത അത്യന്തം നൂതനമായ ടെക്‌നോളജി ലഭ്യമായ ഇക്കാലത്തും കൊലയാളിയെ മാത്രമേ കണ്ടെത്താനാവൂ,

അതിനു ചരടുവലിച്ചവരെ കണ്ടെത്തുക പ്രയാസമാണ്. കൊലപാതകികൾ ശക്തരല്ലെങ്കിലും അവരെ  നിയോഗിച്ചവർ ശക്തരായിരിക്കും. ഗാന്ധിജിയെ കൊന്നതാര് എന്ന ചോദ്യം ഇന്നും തർക്കവിഷയമാക്കാൻ കഴിയുന്ന ശക്തികൾക്ക് ഗൗരി ലങ്കേഷ് തീർത്തും നിസ്സാര തന്നെയാണ്. കൊലയാളികളും അവരുടെ പിന്നിലുള്ളവരും ഇതെല്ലാം വെറും വാർത്തകൾ മാത്രമായി കാണുന്ന സാധാരണക്കാരും എല്ലാം അതു  മറക്കും. ഭീതിയോടെ ഓർത്തുകൊണ്ടിരിക്കുക ഗൗരിയുടെ  ആദർശവും കാഴ്ചപ്പാടും പങ്കിട്ടവർ  മാത്രം. കൊലയാളികൾ ആഗ്രഹിച്ചതും അതുതന്നെ. 

മതനിരപേക്ഷ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിനു വേരുകൾ അവശേഷിക്കുന്ന അപൂർവം പ്രദേശങ്ങളിലൊന്നാണ് കർണാടക. കലയുടെയും ചലച്ചിത്രത്തിന്റെയും മേഖലകളിൽ കേരളത്തിനുപോലും പ്രചോദനമായിരുന്നു എഴുപതുകളിലെ കർണാടകം. അടിയന്തരാവസ്ഥയിൽ അറസ്റ്റുചെയ്യപ്പെട്ട ചലച്ചിത്രനടി കൂടിയായ സോഷ്യലിസ്റ്റ് പ്രവർത്തക സ്നേഹലതാറെഡ്ഡിയെയും പുറത്തുനിന്ന് പ്രതിഷേധങ്ങൾക്കു നേതൃത്വം നൽകിയ മകൾ നന്ദനാറെഡ്ഡിയെയും ആ തലമുറ ഓർക്കുന്നുണ്ട്.

പട്ടാഭിരാമറെഡ്ഡി, ബി.വി. കാരന്ത്, ഗിരീഷ്  കാസറവള്ളി, യു.ആർ. അനന്തമൂർത്തി, സ്നേഹലതാറെഡ്ഡി, പി. ലങ്കേഷ് തുടങ്ങിയ നിരവധി  പ്രതിഭാശാലികളുടെ പരമ്പരയിലെ അവസാനത്തെ കണ്ണിയായിരുന്നു ഗൗരി ലങ്കേഷ്. ചോമനദുഡിയും സംസ്കാരയും ഘടശ്രാദ്ധയും  വംശവൃക്ഷയും പോലുള്ള കലാമൂല്യമുള്ള കർണാടക സിനിമകൾ കേരളത്തിലെ  ഫിലിംസൊസൈറ്റികളിൽ പ്രേക്ഷകർക്കു പ്രിയങ്കരമായിരുന്നു. ആ പ്രസ്ഥാനം എങ്ങനെ നാലാംകിട  കച്ചവടസിനിമകൾക്കു  വഴിമാറിക്കൊടുത്തുവോ അതുപോലെ കർണാടകരാഷ്ട്രീയം അഴിമതിക്കാർക്കും വർഗീയവാദികൾക്കും കോർപ്പറേറ്റ് അധിപന്മാർക്കും ബാങ്ക് വെട്ടിപ്പുകാർക്കും വഴിമാറിക്കൊടുത്തിരിക്കുന്നു എന്നു നിരീക്ഷകർ വിലയിരുത്തുന്നുണ്ട്. 

പാവപ്പെട്ടവരുടെയും ദളിതുകളുടെയും ന്യൂനപക്ഷങ്ങളുടെയും സ്ത്രീകളുടെയും പ്രശ്നങ്ങളെക്കുറിച്ചാണ് നിരന്തരം എഴുതിക്കൊണ്ടിരുന്നതെങ്കിലും പത്രപ്രവർത്തകർക്കെതിരെയുള്ള കർണാടക ഭരണകൂടത്തിന്റെ അസഹിഷ്ണുത നിറഞ്ഞ നീക്കങ്ങൾ തുറന്നുകാട്ടാൻ ഗൗരി ലങ്കേഷ് ഒരിക്കലും മടിച്ചിട്ടില്ല. നിയമസഭാംഗങ്ങൾക്ക് അപകീർത്തിയുണ്ടാക്കിയെന്ന കുറ്റം ആരോപിച്ച് രണ്ട് പത്രാധിപന്മാരെ ഓരോ വർഷം തടവിനും പതിനായിരം രൂപ പിഴയടയ്ക്കാനും നിയമസഭ ശിക്ഷിച്ചതിനെക്കുറിച്ച് ഗൗരി എഴുതിയ ലേഖനം ഭരണകൂടത്തിന്റെ ഇരട്ടത്താപ്പ് വെളിവാക്കുന്നതായിരുന്നു.

(2017 ജൂണിൽ ഗൗരി എഴുതിയ ലേഖനം അവരുടെ മരണാനന്തരം thewire.in പുനഃപ്രസിദ്ധീകരിച്ചിരുന്നു). അപകീർത്തിനിയമപ്രകാരം കോടതി പരിഗണിക്കേണ്ട കേസ് ആണ് നിയമസഭ സ്വയം ഏറ്റെടുത്ത് നിയമസഭയുടെ അവകാശലംഘനമാക്കി മാറ്റി ശിക്ഷ വിധിച്ചത്. ഒടുവിൽ വൻസമ്മർദം ഉയർന്നപ്പോൾ മാത്രമാണ് അവർ അതിൽനിന്നു പിന്തിരിഞ്ഞത്. മാധ്യമങ്ങളിൽ എഴുതുന്നതിന്റെ ശരിതെറ്റുകൾ തീരുമാനിക്കാൻ നിയമസഭാംഗങ്ങൾക്ക് ഒരവകാശവുമില്ലെന്നും ജനപ്രതിനിധികൾക്കുള്ള എല്ലാ പ്രത്യേകാവകാശങ്ങളും  എടുത്തുകളയണമെന്നും ഗൗരി എഴുതി. 

1980-നു ശേഷം ഭരണം നടത്തിയ മുഖ്യമന്ത്രിമാർ ഓരോരുത്തരും സ്വതന്ത്ര പത്രപ്രവർത്തനത്തിനു നേരേ ഉയർത്തിയ വെല്ലുവിളികൾ ഗൗരി ലങ്കേഷ്  തുറന്നുകാട്ടിയിട്ടുണ്ട്. പൊതുതാത്‌പര്യം ധീരമായി ഉയർത്തിപ്പിടിച്ച ഈ പത്രപ്രവർത്തക ആരുടെയും നല്ല പിള്ളയാകാൻ ഒരിക്കലും ശ്രമിച്ചിട്ടില്ല. കോൺഗ്രസിന്റെയും ജനതാ പാർട്ടിയുടെയും എല്ലാം  തെറ്റുകൾക്കെതിരായ വിമർശനം ആസ്വദിച്ചവർക്ക് വിമർശനം തങ്ങൾക്കെതിരെയായപ്പോൾ അതു സഹിക്കാനായില്ല എന്നുമാത്രം. രാഷ്ട്രീയപ്പാർട്ടികൾക്കെതിരേ മാത്രമല്ല, പുതിയ കാലത്ത് മാധ്യമങ്ങൾ സ്വീകരിച്ചുവരുന്ന അധികാരിപ്രീണന-വർഗീയനിലപാടുകളെയും ഗൗരി ലങ്കേഷ് കർക്കശമായി വിമർശിച്ചിട്ടുണ്ട്.    

ഗൗരിയുടെ പിതാവ് പി. ലങ്കേഷ് കോളേജ് അധ്യാപനം അവസാനിപ്പിച്ച് സാംസ്കാരികരംഗത്തേക്ക് ഇറങ്ങുന്നത് സംസ്ഥാനത്തെ ഗ്രാമങ്ങളിലൂടെ നീണ്ട യാത്രകൾ നടത്തി ജനജീവിതം തൊട്ടറിഞ്ഞശേഷമാണ്. പാവങ്ങൾക്ക് നീതിയെത്തിക്കാൻ അദ്ദേഹം ഒരു സോഷ്യലിസ്റ്റ് പാർട്ടി രൂപവത്‌കരിക്കുകയും ചെയ്തിരുന്നു. കച്ചവടതാത്പര്യങ്ങളിൽനിന്ന് അകന്നു നിൽക്കാൻ വേണ്ടിയാണ് പരസ്യം സ്വീകരിക്കാത്ത പത്രം തുടങ്ങിയത്. പത്രം ജനപ്രിയമായിത്തന്നെ നടത്തിക്കൊണ്ടുപോകാൻ അദ്ദേഹത്തിനു കഴിഞ്ഞു.

ചില ഘട്ടങ്ങളിൽ നാലരലക്ഷം  കോപ്പികൾ വരെ സർക്കുലേഷൻ ഉണ്ടായിരുന്നതായി ചിലരെല്ലാം ഓർക്കുന്നു. ഇൻവെസ്റ്റിഗേറ്റീവ് ജേണലിസമായിരുന്നു അതിന്റെ ശക്തി. ലങ്കേഷ് പത്രികയുടെ അനുകരണംപോലെ ഒരു ഡസനോളം പത്രങ്ങൾ ഉണ്ടായി എന്നതുതന്നെയാണ് ലങ്കേഷിന്റെ വിജയത്തിനു തെളിവ്. മകൾ ഗൗരി പിതാവിന്റെ മരണശേഷമേ ആ വഴിയിലെത്തിയുള്ളൂ. പക്ഷേ, അപ്പോഴേക്കും കാലം മോശമായിക്കഴിഞ്ഞിരുന്നു. കൂടുതൽ ആക്രമണോത്സുകമായി അവരുടെ വാക്കുകളും ജീവിതംതന്നെയും. സംസ്ഥാനത്തെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട പത്രപ്രവർത്തകയായെങ്കിലും മുൻകാലത്തൊരിക്കലും കർണാടകത്തിലെ ഉത്‌പതിഷ്ണുക്കൾക്ക്  നേരിടേണ്ടി വന്നിട്ടില്ലാത്ത അത്ര നീചവും നിഷ്ഠുരവുമായ എതിർശക്തികളെയാണ് ഒറ്റപ്പെട്ട്, ഏകയായി  ജീവിച്ച,  മെലിഞ്ഞുണങ്ങിയ ആ സ്ത്രീക്കു നേരിടേണ്ടി വന്നിരുന്നത്. 

അവരെ ആരു കൊന്നു എന്നു നമ്മളൊരിക്കലും അറിയാതെ പോയേക്കാം. അതുകൊണ്ടൊന്നും ചരിത്രത്തിന്റെ കണ്ണിൽ ആർക്കും നിരപരാധിചമഞ്ഞു ജീവിക്കാൻ കഴിയില്ല. തെളിവുകൾക്കും കോടതിവിധികൾക്കും നൽകാൻ കഴിയുന്നതിനെക്കാൾ അർഥപൂർണമായ ചിത്രമാണ് കൊലപാതകത്തിൽ ആഹ്ലാദപ്രകടനം നടത്തുന്നവർ നൽകുന്ന ചിത്രം. അതാരും മറക്കില്ല. ഗാന്ധിജിയെ വധിച്ച വാർത്തയറിഞ്ഞ് മധുരം വിതരണം ചെയ്തവരെക്കാൾ നീചനൊന്നുമല്ല നാഥുറാം ഗോഡ്‌സെ പോലുമെന്ന്‌ ഇപ്പോൾ ഓർത്തുപോകുന്നു. 

ഇന്ത്യയെ ഇന്ത്യയല്ലാതാക്കാൻ വെമ്പുന്ന ശക്തികളെ ആശയങ്ങൾ കൊണ്ടെതിരിടുകയേ ഗൗരി ചെയ്തിട്ടുള്ളൂ. ഗൗരിയും പാൻസാരെയും ദാഭോൽക്കറും കൽബുർഗിയും ആർക്കുനേരേയും ബോംബെറിഞ്ഞിട്ടില്ല. യുക്തിവാദമോ നാസ്തികതയോ ഏതെങ്കിലും മതത്തിന്റെ തരിമ്പുപോലും ഭീഷണിയാകുംവിധം ശക്തിപ്പെട്ടിട്ടുമില്ല. പിന്നെ എന്തിനാണ് ഈ പരിഭ്രാന്തി? ലോകത്ത് എത്ര പത്രപ്രവർത്തകർ കൊല്ലപ്പെടുന്നു, ഗൗരി മരിച്ചപ്പോൾ മാത്രമെന്താണ് മതേതരവാദികൾക്ക് ഇത്ര ശൗര്യം എന്ന ചോദ്യം ചില കേന്ദ്രങ്ങളിൽനിന്നുയരുന്നുണ്ട്. ഗൗരിയെപ്പോലെ, വധശിക്ഷ വിധിക്കപ്പെട്ട വിവരം നേരത്തേ  അറിഞ്ഞവർ അധികമില്ല. വധഭീഷണി അവർക്കെതിരേ നിത്യമെന്നോണം ഉയരുന്നുണ്ടായിരുന്നു.

പലവട്ടം  പോലീസിൽ പരാതിപ്പെട്ടിട്ടുമുണ്ട്. തീർച്ചയായും യുദ്ധം റിപ്പോർട്ട് ചെയ്യുന്നതിനിടയിലും അധോലോകസംഘങ്ങളെ തുറന്നു കാട്ടിയതിന്റെ പേരിലും തികച്ചും അപ്രതീക്ഷിതമായി പൊട്ടിപ്പുറപ്പെടുന്ന അക്രമങ്ങൾക്കിടയിലും ജീവൻ നഷ്ടപ്പെട്ട പത്രപ്രവർത്തകർ പലരുമുണ്ട്. വിശ്വാസപ്രമാണങ്ങളെ മുറുകെപ്പിടിച്ചു എന്ന ഒരേയൊരു കുറ്റത്തിന് വധിക്കപ്പെട്ടവർ അപൂർവം... അതിൽ വനിതകൾ അത്യപൂർവം. ഗൗരി ലങ്കേഷ് ആ അത്യപൂർവതയുടെ പേരിലാണ് ചരിത്രത്തിൽ അനശ്വരയാകുക. 

ഇന്ത്യയിൽ വേറെയും പത്രപ്രവർത്തകർ അവരുടെ തൊഴിലിന്റെ പേരിൽ മാത്രം കൊലചെയ്യപ്പെട്ടിട്ടുണ്ട്. 1992-നു ശേഷം 2015 വരെ 27 പത്രപ്രവർത്തകർ ഇന്ത്യയിൽ വധിക്കപ്പെട്ടിട്ടുണ്ട്. എന്തുകൊണ്ട് അവരുടെയൊന്നും മരണം ഇന്ത്യയിലാകെ ശ്രദ്ധിക്കപ്പെട്ടില്ല എന്ന ചോദ്യത്തിന് പ്രശസ്ത പത്രപ്രവർത്തകൻ പി. സായ്‌നാഥ് എഴുതിയ ലേഖനത്തിലെ വസ്തുതകൾ വിരൽചൂണ്ടുന്നുണ്ട്. അവരെല്ലാം വിദൂര കൊച്ചുപട്ടണങ്ങളിലെ  ഭാഷാപത്രങ്ങളിൽ പ്രവർത്തിച്ചിരുന്ന പാവപ്പെട്ട ലേഖകരായിരുന്നു.

ഗ്രാമങ്ങളിലെ ആയിരക്കണക്കിന് പട്ടിണി മരണങ്ങൾപോലും നഗരപത്രങ്ങൾ ശ്രദ്ധിക്കാറില്ലല്ലോ. ഗൗരി ലങ്കേഷ് ശ്രദ്ധിക്കപ്പെട്ടത് അവരുടെ വധം സംഘപരിവാറിനെ അടിക്കാനുള്ള വടിയാക്കാം എന്നതു കൊണ്ടല്ല, നാല്പത് വർഷത്തിനിടയിൽ കൊല ചെയ്യപ്പെട്ട നഗരത്തിൽ ജീവിക്കുന്ന, സംസ്ഥാനത്തിന് അകത്തും പുറത്തും അറിയപ്പെടുന്ന ആദ്യത്തെ പത്രപ്രവർത്തക ഗൗരി ലങ്കേഷ് ആയിരുന്നതുകൊണ്ടുതന്നെയാണ്.  

ഇന്ത്യയിൽ കുറച്ചുവർഷങ്ങളായി മതപരവും രാഷ്ട്രീയവുമായ അസഹിഷ്ണുത വർധിച്ചുവരുന്നു എന്നു പറഞ്ഞവരെ പരിഹസിക്കുകയായിരുന്നു  ചിലരെല്ലാം. നരേന്ദ്രമോദി പ്രധാനമന്ത്രിയായതിനുശേഷം  മാത്രമാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന വാദം പോലും ഭാഗികസത്യം  മാത്രമാണ്. അസഹിഷ്ണുത ഉച്ചാവസ്ഥയിലേക്കു കടക്കുന്നത് പല ഘട്ടങ്ങൾ പിന്നിട്ടിട്ടാവും. ഇത് എല്ലാവരിലും ഒരേസമയം ഒരേതോതിൽ ഉണ്ടാകുന്ന പകർച്ചവ്യാധിയല്ല. പ്രശസ്ത ചിന്തകനും ചരിത്രകാരനുമായ  രാമചന്ദ്രഗുഹ അഞ്ചുവർഷം മുമ്പ് എഴുതിയ ലേഖനത്തിൽ (പാട്രിയറ്റ്‌സ് ആൻഡ്‌ പാർട്ടിസാൻസ് എന്ന ഗ്രന്ഥത്തിലെ ‘ഹിന്ദുത്വ ഹെയ്റ്റ് മെയിൽ’ എന്ന ലേഖനം) അസഹിഷ്ണുതാ പ്രതിഭാസത്തെക്കുറിച്ചുള്ള തന്റെ അനുഭവങ്ങൾ വിവരിക്കുന്നുണ്ട്.

താൻ എഴുതുന്ന ലേഖനങ്ങളിൽ പത്തു ശതമാനം പോലും വരില്ല ഹിന്ദുത്വരാഷ്ട്രീയത്തെക്കുറിച്ചുള്ള വിമർശനങ്ങൾ. പക്ഷേ, തനിക്കു ലഭിക്കുന്ന അധിക്ഷേപമെയിലുകൾ ഏതാണ്ടെല്ലാം ഈ  ലേഖനങ്ങളെക്കുറിച്ചുള്ളതാണ് എന്ന് അദ്ദേഹം പറയുന്നു. ശരിയാണ്, ഇന്ന് ഓൺലൈൻ മാധ്യമങ്ങളിലെ ലേഖനങ്ങൾക്കടിയിലെ കമന്റുകൾ വായിക്കുന്നവർക്ക് ഇതു ബോധ്യപ്പെടും.

കേന്ദ്രസർക്കാറിന്റെയും ഭരണകക്ഷിയുടെയും കടുത്ത വിമർശകരെ പാകിസ്താൻ അനുകൂലിയായും രാജ്യദ്രോഹിയായും മുസ്‌ലിം തീവ്രവാദികളുടെ പണം പറ്റുന്നവരായും മുദ്രകുത്താൻ അധികം താമസമില്ല. പി. ലങ്കേഷും പഴയകാല സോഷ്യലിസ്റ്റുകളും ഏറ്റവും കൂടുതൽ വിമർശിച്ചിട്ടുള്ളത് പണ്ഡിറ്റ് നെഹ്രുവിനെയും മറ്റു കോൺഗ്രസ് നേതാക്കളെയുമായിരുന്നു. പക്ഷേ, ഇന്നത്തെപ്പോലെ വിമർശകർ തെരുവിൽ പിന്തുടരപ്പെടുകയും എഴുതിയത് മാറ്റാൻ നിർബന്ധിക്കപ്പെടുകയും ചെയ്യുന്ന കാലം ഉണ്ടായിട്ടില്ല എന്നു പറയാൻ ചിലരെങ്കിലും തയ്യാറാകുന്നുണ്ട്.  

ഇത് ഇന്ത്യൻ ഭരണത്തിന്റെ വിമർശകർ മാത്രം അഭിമുഖീകരിക്കുന്ന പ്രശ്നമല്ല എന്നതാണ് കൗതുകകരം. ഗൗരി ലങ്കേഷ് വധത്തെക്കുറിച്ച് പ്രമുഖ പാകിസ്താൻ പത്രപ്രവർത്തകൻ  ഹമീദ് മിർ ഇന്ത്യൻ എക്സ്പ്രസ്സിലെഴുതിയ ലേഖനത്തിൽ സ്വന്തം അനുഭവം വിവരിക്കുന്നുണ്ട്. ഇന്ത്യ-പാകിസ്താൻ തർക്കങ്ങളെക്കുറിച്ചും പാകിസ്താനിലെ തീവ്രവാദപ്രവർത്തനങ്ങളെക്കുറിച്ചും നിരന്തരം ശബ്ദമുയർത്തിപ്പോന്ന അദ്ദേഹം വധശ്രമത്തിൽനിന്ന് അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്.

‘‘മൂന്നു വെടിയുണ്ടകൾ ഗൗരി ലങ്കേഷിന്റെ ജീവനെടുത്തു. എന്റെ ദേഹത്ത് ഏഴു വെടിയുണ്ടകൾ തറച്ചുകയറി...എന്നിട്ടും ഞാൻ ജീവിക്കുന്നു’’ -അമീർ മിർ എഴുതി. കോടതിയിൽ തന്നെ കൊല്ലാൻ ശ്രമിച്ചവർക്കെതിരേ ധീരമായി തെളിവുകൾ നിരത്തിയെങ്കിലും നവാസ് ഷെരീഫിന്റെ ഭരണകൂടം ഹമീദ് മിറിനും അദ്ദേഹത്തിന്റെ ചാനലിനുമെതിരേ രാജ്യദ്രോഹക്കുറ്റമാണ് ചുമത്തിയത്! 

അടിയന്തരാവസ്ഥക്കാലത്ത്  ‘കുനിയാൻ പറഞ്ഞപ്പോൾ ഇഴഞ്ഞ’ പത്രപ്രവർത്തകരെക്കുറിച്ച് എൽ.കെ. അദ്വാനി പറഞ്ഞത് മറക്കില്ലാരും. ഇന്നത്തെ സ്ഥിതി അതിലേറെ ഭയജനകമാണ്. ഒരു സീനിയർ പത്രപ്രവർത്തകയെ  വെടിവെച്ചുകൊന്നു എന്ന വാർത്ത തെല്ലു നടുക്കംപോലും ഉണ്ടാക്കാത്ത പത്രപ്രവർത്തകർ ഇന്ത്യയിലുണ്ട് !  അവരിൽ ചിലർ എതിർശബ്ദങ്ങളെ  കഴുത്തുഞെരിച്ചെന്നോണം ഇല്ലാതാക്കുന്നതും നമ്മൾ കണ്ടു. കുനിയാൻ പറഞ്ഞപ്പോൾ ഇഴഞ്ഞവരുടെ കാലം എന്തു നല്ല കാലമായിരുന്നു! 

ഭ്രാന്തമായ മതാന്ധത ബാധിച്ചവരെ ജനാധിപത്യത്തെക്കുറിച്ചും മനുഷ്യാവകാശത്തെപ്പറ്റിയും അഭിപ്രായസ്വാതന്ത്ര്യത്തെക്കുറിച്ചും പഠിപ്പിക്കാനാവില്ല. മതനിരപേക്ഷതയും യുക്തിചിന്തയും  ഉയർത്തിപ്പിടിച്ച എത്ര സ്വതന്ത്രചിന്തകരായ ചെറുപ്പക്കാരാണ് ഇന്ത്യയിലും പുറത്തും മുസ്‌ലിം ഭീകരവാദികളാൽ വധിക്കപ്പെടുന്നത്. തൊട്ടയൽ സംസ്ഥാനത്തെ കോയമ്പത്തൂരിൽ ഇങ്ങനെ സംഭവിച്ചപ്പോൾ അർഹിക്കുന്ന വാർത്താപ്രാധാന്യംപോലും അതിനു ലഭിച്ചില്ല. മതാധിഷ്ഠിത വലതുപക്ഷങ്ങളുടേത് അവഗണിക്കാവുന്ന പ്രത്യയശാസ്ത്രമായിരുന്ന കാലം എന്നോ പിന്നിട്ടിരിക്കുന്നു.

ഇന്നതൊരു ഭീകരപ്രവർത്തനമായി മാറിയിരിക്കുന്നു. ഒാരോന്നും  മറ്റതിന്റെ പ്രതിവിധിയെന്നോണമാണ് തഴച്ചുവളരുന്നത്. രാത്രി വാതിലിൽ മുട്ടുകേട്ടാൽ ഞെട്ടുമായിരുന്നു എന്ന് അടിയന്തരാവസ്ഥയുടെ എതിർപക്ഷത്തുനിന്ന നേതാക്കൾ ഓർക്കാറുണ്ട്. അറസ്റ്റ് ചെയ്യാൻ പോലീസ് എത്തിയോ എന്നായിരുന്നു ഭയം. സ്വതന്ത്രചിന്തയും യുക്തിബോധവും മതനിരപേക്ഷതയും ഉയർത്തിപ്പിടിക്കുന്നവർ രാത്രിയിലെ വാതിൽമുട്ടലിനെ ഭയപ്പെടേണ്ട കാലമാവുകയാണോ? കൊലയാളിസംഘങ്ങളുടെ തോക്കുകൾ എവിടെയും അലറിയെത്തുന്ന  കാലം...


എൻ.പി. രാജേന്ദ്രൻ:പ്രമുഖ പത്രപ്രവർത്തനും കോളമിസ്റ്റും. കേരള മീഡിയ അക്കാദമിയുടെ മുൻ ചെയർമാൻ. മികച്ച പത്രപ്രവർത്തനത്തിനുള്ള ഒട്ടേറെ പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. മാതൃഭൂമിയിൽ ദീർഘകാലത്തെ പത്രപ്രവർത്തനത്തിനുശേഷം ഡെപ്യൂട്ടി എഡിറ്ററായിരിക്കേ വിരമിച്ചു. nprindran@gmail.com