നടവഴിയിലെ ചവിട്ടുമെത്തയായി സ്ത്രീയെ കരുതുന്നവർക്കും സ്വസ്ഥജീവിതം  ആഗ്രഹിക്കുന്ന എല്ലാ സ്ത്രീകൾക്കുമായി സമർപ്പിക്കുന്നു

മാർച്ച് 8, വനിതാദിനം ഇത്രയേറെ ശബ്ദകോലാഹലങ്ങൾ നിറഞ്ഞുകണ്ടതായി ഓർമയിലില്ല. രോഷവും രോദനവും പകയും പരിഹാസവുമായി അത് സമൂഹമാധ്യമങ്ങളിൽ വലുതായി ഇടംതേടി. ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളാകട്ടെ ‘സ്ത്രീനേട്ടങ്ങളും വ്യക്തിത്വങ്ങളും’ എന്ന നിലയിൽ അടുക്കടുക്കായി വിവരങ്ങൾ അവതരിപ്പിച്ചു. സ്ത്രീയുടെ പുലർകാല കാഴ്ചകളും രാത്രിസഞ്ചാരത്തിന്റെ അനുഭവങ്ങളും വായിച്ചും കണ്ടും മനസ്സിലാക്കി. 

ലജ്ജിച്ചു തലകുനിക്കേണ്ടിവന്ന ലൈംഗിക അതിക്രമങ്ങളുടെ വാർത്തകൾ ഈ ദിവസങ്ങളിൽ വലിയ ചർച്ചാവിഷയമായത് വനിതാദിനത്തിന് ആവേശം നൽകി. ‘മാർച്ച് എട്ടിനു ശേഷം’ എന്ന തലവാചകത്തോടെ സ്ത്രീയെ വലിച്ചിഴയ്ക്കുന്ന ഒരു പുരുഷന്റെ ചിത്രം അടുത്ത ദിവസങ്ങളിൽ വാട്‌സാപ്പിൽ പ്രചരിച്ചുകൊണ്ടിരുന്നു. ‘കൊള്ളിവാക്കിലില്ലയോ വാസ്തവതാളം’ എന്ന വൈലോപ്പിള്ളിയുടെ വരി ഓർമയിൽ വന്നു. ശരിയല്ലേ! അടിച്ചമർത്തപ്പെട്ടവന് ഒരുനാൾ തെയ്യ(ദൈവം)മാകാൻ അവസരം നൽകുംപോലെ, ആട്ടിയോടിക്കപ്പെട്ടവർക്ക് ഒരുനാൾ കാവുതീണ്ടാൻ നട തുറക്കുംപോലെ മാറ്റിവെയ്ക്കപ്പെട്ട ദിനമല്ലേ ഇതും.

എന്തുകൊണ്ട് പാതി ദിവസങ്ങൾ, പാതി അവകാശങ്ങൾ, പാതി പദവികൾ സ്ത്രീക്കു ലഭിക്കുന്നില്ല. പാതി ആകാശത്തിന്റെ ഉടമകളാണ് സ്ത്രീകൾ എന്ന ചൈനീസ് പഴമൊഴിയാണ് മാനവസത്യം. പക്ഷേ വലിച്ചിഴയ്ക്കലുകൾ, ബലാത്കാരങ്ങൾ, അടിച്ചമർത്തലുകൾ, മാറ്റിനിർത്തലുകൾ- സ്ത്രീയെ രണ്ടാംകിടയായി രൂപപ്പെടുത്തിയ ഒരു സാമൂഹികനിർമിതിയുടെ കോട്ടകൊത്തളങ്ങൾ എന്നെങ്കിലും പൊട്ടിത്തകരുമോ? 

ഇതിന്റെ മറുപടി കണ്ടെടുക്കേണ്ടിയിരിക്കുന്നു. സാമുവൽ ബക്കറ്റിന്റെ നാടകത്തിലേതുപോലെ എത്രനാൾ ഗോദോയെ കാത്തിരിക്കും. കോളേജിൽ പഠിച്ച നാടകമാണ് പ്രേംജിയുടെ ‘ഋതുമതി’. അന്നേ മനസ്സിലുടക്കിയ ഒരുപദേശമുണ്ട്. വിദ്യ നേടാനും മേൽക്കുപ്പായം ധരിക്കാനുമുള്ള അവകാശത്തിനായി, യാഥാസ്ഥിതികതയുടെ മർദ്ദനങ്ങളെ പോലും ധീരമായി എതിരിട്ടു പൊരുതിയ ദേവകിക്ക്, കാമുകൻ നൽകിയ ആശ്വാസവചനങ്ങൾ. അത് ഏതാണ്ട് ഇപ്രകാരമാണ്: ‘തത്തയ്ക്ക് കൂടു തുറന്നുകൊടുക്കുന്ന ധർമ്മബുദ്ധി ലോകത്തിനില്ല. അതതിന്റെ ചിറകോണ്ടു തന്നെ കൂടു തല്ലിപ്പൊളിക്കണം’.

രക്ഷകനെ കാത്തിരിക്കുന്നതിൽ അർത്ഥമില്ല. സ്വന്തം നഖങ്ങളും കൊക്കുകളും നാവുകളും മൂർച്ചയുള്ളതാക്കുക, പൊരുതുക. മനഃകായങ്ങൾക്കു ക്ഷതമേൽക്കാതെ ഒരു സ്വാതന്ത്ര്യപോരാട്ടവും വിജയിച്ചിട്ടില്ലെന്നതാണ് ചരിത്രസത്യം. ഒറ്റയ്ക്കും കൂട്ടായും അതു സംഭവിക്കേണ്ടതാണ്.

ഇവിടെ പരിചയപ്പെടുത്തുന്ന ഒരു ജീവിതം അങ്ങനെ പൊരുതി നേടിയതാണ്. ഭർത്തൃപീഡനത്താൽ തകർന്നടിഞ്ഞ ദാമ്പത്യത്തിന്റെ ചാരത്തിൽനിന്ന് ഒരു ഫിനിക്‌സ് പക്ഷിയെ പോലെ ഉയിർത്തെഴുന്നേറ്റവൾ. സ്വന്തം ജീവിതസമരത്തിലവളെ അനേകർ പിന്തുണച്ചു. അരങ്ങിലെത്തിയ അവരാകട്ടെ, അസാധാരണമാംവിധം കെട്ടിപ്പടുത്ത തന്റെ ജീവിതത്തിനൊപ്പം അശരണരും അഗതികളും വെറുക്കപ്പെട്ടവരുമായ അനേകം സ്ത്രീകളുടെ അഭയകേന്ദ്രമായി.

ഗൂഗിൾ സെർച്ചിൽ ഫ്‌ളേവിയ ആഗ്നസ് എന്ന് ടൈപ്പ്‌ ചെയ്താൽ വരുന്ന ആരാധ്യയായ ഒരു വ്യക്തിത്വമുണ്ട്, അതവർ പൊരുതി നേടിയതാണ്. അവരുടെ നീണ്ടതും ദാരുണവുമായ ദാമ്പത്യത്തെക്കുറിച്ചുള്ള കഥകൾ മുപ്പതു വർഷം മുമ്പാണ് വായിച്ചത്. ‘തകർന്ന ജീവിതങ്ങളുടെ പുനഃസൃഷ്ടി’യെന്ന പേരിൽ പുസ്തകപ്രസാധകസംഘം അതു മലയാളത്തിൽ പ്രസിദ്ധീകരിച്ചിരുന്നു. ഉദ്വേഗഭരിതവും വേദനാജനകവുമായ അനുഭവങ്ങൾ ഒറ്റയിരിപ്പിനു വായിച്ചുതീർക്കുമ്പോൾ ഭാവനാത്മകമായ കഥകളെക്കാൾ ദാരുണമായ ജീവിതകഥകളുണ്ടെന്ന് ഒന്നുകൂടെ ഉറപ്പിക്കാം. ഓരോ വാക്കിൽനിന്നും തീവ്രവേദനയുടെ നിലവിളി അനുഭവിക്കേണ്ടിവന്നു. 

വളരെ ഗ്രാമീണവും സമത്വപൂർണവുമായ കുടുംബാന്തരീക്ഷത്തിൽ നിന്നും ക്രൂരനായൊരു മൃഗശിക്ഷകന്റെ ആലയത്തിൽ ചെന്നുകയറി, നീണ്ട 13 വർഷം! കഠിനമർദനമെന്ന ന്യായത്തിൽ വിവാഹമോചനം അസാധ്യമാക്കിയ നിയമക്കുരുക്കിൽ പെട്ടു. വിവാഹത്തിന്റെ ആദ്യ ആഴ്ചയിൽ തുടങ്ങി വേർപെട്ടുപോരുന്ന ദിവസം വരെ, പലവിധ കാരണങ്ങൾ കണ്ടെത്തി മർദിച്ചുകൊണ്ടിരുന്ന ഒന്നാന്തരം ഒരു സാഡിസ്റ്റ്.

ബെൽട്ടൂരിയടിച്ചപ്പോൾ മൂക്കിന്റെ പാലം തെറിച്ചു, തുണി കഴുകിയില്ലെന്നാക്ഷേപിച്ച്‌ മൂന്നു മണിക്കൂർ കുളിമുറിയിൽ പൂട്ടിയിട്ടു, കുട്ടികളെ പട്ടിണിക്കിട്ടു, പലപ്പോഴും അവരെയടക്കം വെളിയിൽ തള്ളി. എങ്ങനെയാണ് പലപ്പോഴും സ്ത്രീകൾ ചക്രവ്യൂഹത്തിൽപ്പെട്ടുഴലുന്നതെന്ന്‌ ഇതു വായിച്ചാലേ മനസ്സിലാകൂ. എന്തുകൊണ്ടവർ രക്ഷപ്പെടുന്നില്ല എന്നീ ചോദ്യങ്ങൾക്കുത്തരം അപ്പോൾ അറിയും. അവർക്കു രക്ഷപ്പെടാൻ കഴിയുന്നില്ല.

നീണ്ട യാതനാപർവ്വം അവൾ താണ്ടുന്നത് യാദൃച്ഛികമായി വന്നുചേർന്ന സ്ത്രീസൗഹൃദങ്ങൾ വഴിയാണ്. ചേരികളിൽ താമസിക്കുന്ന സ്ത്രീകളടക്കം അവർക്കൊപ്പം നിന്നു. ഒരു പെൺകൂട്ടായ്മ താനേ രൂപപ്പെട്ടു വരികയാണ്. കോടതി, പോലീസ് സ്റ്റേഷൻ, പള്ളി എവിടെയും തുറക്കാത്ത വാതിലുകൾ, തുറന്നത് സമാന അനുഭവങ്ങളുള്ളവർ കൈചേർത്തു നടക്കാൻ തുടങ്ങിയപ്പോൾ.

ഒറ്റപ്പെടലിന്റെ വ്രണത്തിൽ സാന്ത്വനലേപനം പുരട്ടാൻ ആ ചങ്ങാത്തങ്ങൾക്കു കഴിഞ്ഞു. ഒരു ഭാഗത്ത്‌ വിവാഹമോചനത്തിനുള്ള പോരാട്ടം, മാനസിക സമ്മർദ്ദം, കുട്ടികളുടെ സുരക്ഷയെ കരുതിയുള്ള വ്യാകുലതകൾ. മറുഭാഗത്ത് അവരെ രക്ഷപ്പെടുത്തിയവർക്കൊപ്പമുള്ള ജീവിതവും അവകാശ സമരവും. ഇതിനിടെ സ്വന്തമായി പഠിച്ചു പരീക്ഷയെഴുതി ബിരുദം നേടി. 

യാതനകളുടെ പൂർവ്വകാലം നൽകിയ കരുത്തിൽ അവർ ഇന്നും മുംബൈയിൽ സജീവമാണ്. കേരളത്തിൽ തോറ്റുമടങ്ങിയ നിരവധി സ്ത്രീരക്ഷാപരിശ്രമങ്ങൾ ഇവരുടെ നിശ്ചയദാർഢ്യത്തിനു മുന്നിൽ ലജ്ജിക്കണം! സമൂഹത്തിൽ അസ്തമിച്ചിട്ടില്ലാത്ത മനുഷ്യസ്‌നേഹവും സൗഹൃദവുമാണ് കനൽപാതകൾ താണ്ടാൻ അവർക്കു ഊർജമേകിയത്. ഇതൊരു മാതൃകയാണ്.

പല നിലയിൽ അവഹേളിക്കപ്പെടുന്ന, ഒറ്റപ്പെടുന്ന, അവഗണിക്കപ്പെടുന്ന, പീഡനവിധേയരായ സ്ത്രീകളെ, കുട്ടികളെ ചേർത്തുപിടിക്കുന്ന വലിയൊരു പ്രസ്ഥാനം കേരളത്തിൽ ആവശ്യമുണ്ട്. അനാഥാലയങ്ങളല്ല, ‘തൊഴിൽകേന്ദ്രങ്ങൾ’. ഈ നരകത്തിൽനിന്ന്‌ എങ്ങോട്ടു പോകുമെന്ന ചോദ്യത്തിന് ഒരുത്തരമുണ്ടെങ്കിൽ, അത് സ്ത്രീകളുടെ പോരാട്ടത്തിന്‌ ഊർജ്ജമാകും, സംശയമില്ല.

മുംബൈയിലെ ഒരു സമ്മേളനത്തിനിടെ അവരെയും മിടുക്കികളായ പെൺമക്കളെയും കണ്ട് ആരാധനാപൂർവം പരിചയപ്പെട്ടു. കഷ്ടപ്പാടുകളുടെ കരിനിഴൽ എവിടെയോ മാഞ്ഞുപോയിരിക്കുന്നു. ഉത്സാഹഭരിതമായ ജീവിതം. ഫ്‌ളേവിയ ആഗ്നസ് മുംബൈയിലെ സാമൂഹിക ജീവിതത്തിലെ സ്ത്രീകളനുഭവിക്കുന്ന അവഗണനകൾക്കെതിരേ ഉയരുന്ന ശബ്ദമാണ്. അവരുടെ ജീവിതത്തിന്റെ ഒന്നാം പകുതി മാത്രമാണ് ‘തകർന്ന ജീവിതങ്ങളുടെ പുനഃസൃഷ്ടി.’

ഫോട്ടോ:ഫെയ്‌സ്ബുക്ക്/ ഫ്‌ലാവിയ ആഗ്നസ്‌