gg

'സ്ത്രീകള്‍ക്ക് വേണ്ടി സ്ത്രീകളാല്‍ നിയന്ത്രിക്കുന്ന ആംബുലന്‍സ് സേവനം'

റബ് രാജ്യമായ ദുബായില്‍ പ്രചുരപ്രചാരം നേടിക്കൊണ്ടിരിക്കുന്ന ഫീമെയില്‍ റെസ്‌പോണ്ടര്‍ പദ്ധതിയെ ഒറ്റവരിയില്‍ ഇങ്ങനെ വിശേഷിപ്പിക്കാമെങ്കിലും പദ്ധതി മുന്നോട്ട് വയ്ക്കുന്ന ആശയങ്ങള്‍ നിരവധിയാണ്. സ്ത്രീശാക്തീകരണവും സുരക്ഷയും ലക്ഷ്യമിട്ട് ആരംഭിച്ച ഫീമെയില്‍ റെസ്‌പോണ്ടറിന്റെ മുഖ്യലക്ഷ്യം ചികിത്സയാവശ്യമായ സ്ത്രീകളെ സുരക്ഷിതരായി ആശുപത്രികളിലെത്തിക്കുക എന്നതാണ്.


മലയാളികള്‍ ഉള്‍പ്പടെയുള്ള നഴ്‌സുമാര്‍ വരെ അംഗങ്ങളായ ഈ നൂതനസേവന സംരംഭം ജൂലൈയിലാണ് പ്രവര്‍ത്തനം തുടങ്ങിയത്. പിങ്ക് നിറത്തിലുള്ള വാഹനവും വേഷവിതാനങ്ങളുമാണ് ഫീമെയില്‍ റെസ്‌പോണ്ടര്‍ സംഘത്തിന്റേത്. പരിചയസമ്പന്നരായ ഡ്രൈവര്‍മാരുടെയും പാരാമെഡിക്കല്‍, മെഡിക്കല്‍ ജീവനക്കാരുടെയും കൂട്ടായ്മയാണിത്. അത്യാവശ്യ ചികിത്സ ആവശ്യമായ സ്ത്രീകളെ അടിയന്തിരസാഹചര്യങ്ങളില്‍ ആശുപത്രിയിലെത്തിക്കുക,ഗര്‍ഭിണികളുടെയും നവജാതശിശുക്കളുടെയും ആരോഗ്യപരിരക്ഷ ഉറപ്പാക്കുക എന്നിവയാണ് ഈ സേവനപദ്ധതി ഉറപ്പ് നല്‍കുന്നത്. രാവിലെ 11 മുതല്‍ രാത്രി 11 വരെയാണ് ഇപ്പോള്‍ ഫീമെയില്‍ റെസ്‌പോണ്ടര്‍ സംഘത്തിന്റെ സേവനം ലഭ്യമാകുക.


സ്ത്രീകള്‍ക്കും മാറ്റത്തിന്റെ ഭാഗമാകാന്‍ കഴിയുമെന്നും നേട്ടങ്ങളില്‍ പങ്കുചേരാനാകുമെന്നും ലോകത്തോട് പറയാന്‍ ഈ സംരംഭം ശക്തിപകരുമെന്നാണ് ഫീമെയില്‍ റെസ്‌പോണ്ടര്‍ അംഗങ്ങളുടെ പ്രതികരണം. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ നേതൃത്വം നല്‍കുന്ന ഹംദാന്‍ ബിന്‍ മൊഹമ്മദ് പ്രോഗ്രാം ഫോര്‍ സ്മാര്‍ട്ട് ഗവണ്‍മെന്റിന്റെ ഭാഗമായി സര്‍ക്കാര്‍ വകുപ്പുകളെ ചേര്‍ത്ത് നടത്തുന്ന മത്സരത്തില്‍ ദുബായ് ആംബുലന്‍സ് ഫീമെയില്‍ റെസ്‌പോണ്ടര്‍ അവസാനവട്ട പട്ടികയിലുണ്ട്.

ബഷായര്‍,ഇമാന്‍ എന്നീ സ്വദേശ വനിതകളുടെ നേതൃത്വത്തിലാണ് ഫീമെയില്‍ റെസ്‌പോണ്ടറിന്റെ പ്രവര്‍ത്തനം. വികസനം മാത്രമല്ല സ്ത്രീസുരക്ഷയും ശാക്തീകരണവും തങ്ങളുടെ പദ്ധതികളിലുണ്ടെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് ഫീമെയില്‍ റെസ്‌പോണ്ടറിലൂടെ യുഎഇ ഭരണകൂടം. 

content highlights: responder ambulance, female responder, dubai, pink ambulance, the paramedics and drivers