Umaibaദുബായ്: ഷാര്‍ജയില്‍ പലസ്തീനിയുടെ ഉടമസ്ഥതയിലുള്ള ഇസ്സത്ത് സ്റ്റുഡിയോയില്‍ ഫോട്ടോഗ്രാഫറുടെ ഒഴിവുണ്ടെന്നറിഞ്ഞാണ് 1988-ല്‍ പതിനാറുകാരിയായ ഉമൈബ പടമെടുപ്പ് പഠിക്കാന്‍ പോയത്. കളരിയായത് എറണാകുളം വടക്കന്‍ പറവൂരിലെ ബിന്ദു സ്റ്റുഡിയോയും. അഞ്ചു മാസത്തെ പഠനത്തിനുശേഷം നേരേ ഷാര്‍ജയിലേക്ക്, സ്റ്റുഡിയോയില്‍ ജോലിയും തുടങ്ങി. പിന്നീടങ്ങോട്ട്, കല്ലും മുള്ളും നിറഞ്ഞ പാതയില്‍ ഒറ്റയ്ക്ക് തുഴഞ്ഞ ഉമൈബയ്ക്കിപ്പോള്‍ ജീവിതത്തിലും ജോലിയിലും കൂട്ടായി മക്കള്‍ റിഹാമും ഷിറാസുമുണ്ട്.

തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശികളാണ്. മൂന്ന് പതിറ്റാണ്ടോളമായി ഉമൈബയെന്ന ഫോട്ടോ-വീഡിയോ ഗ്രാഫര്‍ യു.എ.ഇ.യിലെ പൊതുപരിപാടികളിലും ഇമാറാത്തി വിവാഹങ്ങളിലും സജീവസാന്നിധ്യമാണ്. രണ്ട് വര്‍ഷം മുമ്പ് മകള്‍ റിഹാമും മകന്‍ ഷിറാസും ക്യാമറ കൈയില്‍ തൂക്കി. അജ്മാനില്‍ അല്‍ തബീര്‍ സ്റ്റുഡിയോ നടത്തുന്ന ഈ ഉമ്മയ്ക്കും മക്കള്‍ക്കും ജീവിതത്തില്‍ താങ്ങാകുന്നതും ഈ ജോലിതന്നെ. പൊതുപരിപാടികളും ക്രിക്കറ്റ് മത്സരങ്ങളും ഫോട്ടോ ഷൂട്ടുകളും വന്‍കിട കമ്പനികളുടെ ബ്രോഷര്‍ ചിത്രങ്ങളുമെല്ലാം ഇവര്‍ ഏറ്റെടുക്കുന്നു. ഇമാറാത്തി, പാകിസ്താനി, ലെബനോനി, പലസ്തീനി വിവാഹങ്ങള്‍ക്കെല്ലാം കുടുംബത്തോടെ പോയാണ് വീഡിയോ, ഫോട്ടോ ആല്‍ബങ്ങള്‍ ഒരുക്കിക്കൊടുക്കുന്നത്. ഉമൈബ പ്രധാന ചടങ്ങുകള്‍ പകര്‍ത്തുമ്പോള്‍ 21-കാരനായ ഷിറാസ് പുറത്ത് പുരുഷന്മാര്‍ക്കുള്ള ചടങ്ങുകള്‍ സ്റ്റില്‍ ക്യാമറയിലാക്കും. റിഹാം അകത്ത് അതിഥികളുടെ ചിത്രങ്ങളെടുത്ത് താത്പര്യമുള്ളവര്‍ക്ക് അപ്പപ്പോള്‍ പ്രിന്റെടുത്ത് നല്‍കുന്നു. വീഡിയോ പകര്‍ത്തുന്ന ജോലി ഉമൈബയോ റിഹാമോ ചെയ്യും.

സ്റ്റുഡിയോയിലെത്തി ഡിസൈനിങ്ങും പ്രിന്റിങ്ങും എഡിറ്റുമൊക്കെ ഉമ്മയും മക്കളും ചേര്‍ന്ന് ചെയ്യും. ഒരു ചടങ്ങോ മുഹൂര്‍ത്തമോ പകര്‍ത്താന്‍ വിളി വന്നാല്‍ ഏത് രാത്രിയിലും ക്യാമറയും തൂക്കി പുറപ്പെടാന്‍ ഉമൈബ തയ്യാറാണ്. വൈകിട്ട് തുടങ്ങുന്ന ചടങ്ങുകള്‍ പലപ്പോഴും നേരം പുലരുംവരെ തുടരും. സ്ത്രീയെന്ന നിലയിലോ വിദേശിയെന്ന രീതിയിലോ യു.എ.ഇ.യില്‍ ഒരുതരത്തിലുള്ള വേര്‍തിരിവും നേരിടേണ്ടിവന്നിട്ടില്ലെന്ന് ഇവര്‍ പറയുന്നു. ഈ രാജ്യം നല്‍കുന്ന സുരക്ഷിതത്വബോധം ചെറുതല്ല. എന്നാല്‍, കേരളത്തില്‍ ഇത്തരമൊരു സ്വാതന്ത്ര്യം സാധിക്കില്ലെന്നുതന്നെയാണ് ഉമൈബയുടെ പക്ഷം. 

ഫോട്ടോഗ്രാഫി പഠിക്കുന്നതില്‍ നാട്ടിലും കുടുംബത്തിലും പ്രതിഷേധങ്ങളുണ്ടായി. അപ്പോഴെല്ലാം തുണയായത് ഉപ്പ തളിക്കല്‍ മമ്മുക്കുഞ്ഞി പകര്‍ന്നുതന്ന ധൈര്യമാണ്. വ്യത്യസ്തമായ പാതയില്‍ സഞ്ചരിക്കാന്‍ ഇഷ്ടപ്പെട്ട ഉമൈബ അഞ്ചാം ക്ലാസുമുതല്‍ 10 വരെ സംസ്‌കൃതമാണ് രണ്ടാം ഭാഷയായി പഠിച്ചത്. 

ജീവിതത്തില്‍ പലവിധ വെല്ലുവിളികളും നേരിടേണ്ടിവന്നെങ്കിലും ദേശഭാഷാവ്യത്യാസങ്ങളില്ലാതെയുള്ള സൗഹൃദങ്ങള്‍ തനിക്കെന്നും തുണയാണെന്ന് ഉമൈബ പറയുന്നു. ദീര്‍ഘകാലം തന്നെ മുന്നോട്ടു നയിച്ച തന്റെ മക്കളുടെ അച്ഛന്‍ ദേവദാസിനോടും ഫോട്ടോഗ്രാഫിയില്‍ ഗുരുസ്ഥാനത്തുള്ള ശിവശങ്കരന്‍ തമ്പിയോടുമുള്ള നന്ദി ഇപ്പോഴും മനസ്സില്‍ സൂക്ഷിക്കുന്നു. 42-കാരിയായ ഉമൈബ, മുഹമ്മദ് റയീസെന്ന അഞ്ചുവയസ്സുകാരന്റെ ഉമ്മൂമ്മ കൂടിയാണ്. ആരോഗ്യമുള്ളിടത്തോളം കാലം ക്യാമറയെടുക്കണം, തന്റെ കാലശേഷം മക്കളിലൂടെയത് തുടരും -അവര്‍ പറയുന്നു.