കാലത്തിനനുസരിച്ച് സ്ത്രീകളിൽ മാനസികാരോഗ്യം വളർത്തിയെടുക്കേണ്ടുന്നതിന്റെ ആവശ്യകതയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ഒളിഞ്ഞും തെളിഞ്ഞും നേരിടുന്ന വിപരീത സാഹചര്യങ്ങളിൽ നിന്ന് അവളുടെ മനസ്സിന് ഒരു ഉയിർത്തെഴുന്നേല്പാകുകയാണ്  ‘അയനിക -അവൾപോകുമിടങ്ങൾ’ എന്ന സന്നദ്ധ സംഘടന.

അവൾ പോകുന്ന ഇടങ്ങളിൽ മനസ്സുകൊണ്ട് കൂട്ടു പോകേണ്ടതിനെക്കുറിച്ച്, അവളെ അംഗീകരിച്ചു കൊണ്ട് ആവശ്യമായ കരുതലും സ്നേഹവും നൽകേണ്ടതിനെക്കുറിച്ച് വാചാലമാകുന്നു ‘അയനിക’ യുടെ അണിയറയിലെ പെൺകൂട്ടായ്മ.

അസന്തുഷ്ടമായ മനസ്സ് ഒരാളെക്കൊണ്ട് എന്തെല്ലാം ചെയ്യിക്കുമെന്ന് വർത്തമാനകാല സമൂഹത്തിൽ നമ്മൾ നിരന്തരം കണ്ടുകൊണ്ടിരിക്കുകയാണ്. ‘ജിഷ വധക്കേസ്‌’ ഉൾപ്പെടെ ‘ക്രൂരം’ എന്ന ഒറ്റവാക്കിൽ നമ്മൾ വിശേഷിപ്പിക്കുന്നതെന്തും മനസ്സിന്റെ പ്രവൃത്തിയാണ്. അവനവനിലേക്കൊതുങ്ങി, ഒളിഞ്ഞുനോട്ടങ്ങൾ പതിവാക്കിയ ശീലങ്ങൾക്ക് മാനസികാരോഗ്യത്തിന്റെ പ്രാധാന്യം മനസ്സിലാക്കേണ്ടതുണ്ട്.  

പെൺ കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള ‘അയനിക -അവൾപോകുമിടങ്ങൾ’ എന്ന സന്നദ്ധ സംഘടന ശ്രമിക്കുന്നത് പൊതുവായ സാമൂഹ്യബോധത്തിലേക്ക്, നമ്മളിലേക്കോരോരുത്തരിലേക്ക് ‘മാനസികാരോഗ്യം’ എന്ന നല്ല ശീലത്തെ തിരിച്ച് തരുവാനോ അതിനെ കൂടുതൽ ശക്തിപ്പെടുത്തുവാനോ ആണ്.  എ.ആർ. ആതിര ഡയറക്ടറായും കെ.പി. ഇന്ദുലക്ഷ്മി ചെയർപേഴ്‌സണായും ഷൈനി വേണു ഹെൽത്ത് അഡ്വൈസറായുമാണ്  ‘അയനിക -അവൾപോകുമിടങ്ങൾ’ പ്രവർത്തിക്കുന്നത്. 

മാനസികാരോഗ്യത്തെ മനസ്സിലാക്കാം 

സമൂഹം ഇനിയും വ്യക്തമായി മനസ്സിലാക്കിയിട്ടില്ലാത്ത ഒരു വാക്കാണ് മാനസികാരോഗ്യം. നമ്മൾ ആദ്യം കാണുന്ന മാത്രയിൽ ഓർ‌ത്തെടുക്കുന്നതു പോലെ അതൊരു മാനസിക രോഗമല്ല. ചിലപ്പോൾ മാനസികാരോഗ്യമില്ലായ്മ മാനസിക രോഗത്തിലേക്ക് നയിച്ചേക്കാം. മാനസികാരോഗ്യം എന്നത് ഒരു വ്യക്തിക്ക് മറ്റൊരു വ്യക്തിയോടോ, കൂട്ടത്തോടോ, സമൂഹത്തോടോ ഉള്ള ആശയപരമായ (വിവേകപരവും വൈകാരികപരവും) ഇടപെടലുകളും കൊടുക്കൽവാങ്ങലുകളുമാണ്. 

ഒരർത്ഥത്തിൽ ‘അസഹിഷ്ണുത’ എന്ന വാക്കിൽ നമ്മൾ ഒതുക്കിക്കളയുന്നത് ഇതേ മാനസികാരോഗ്യത്തെയാണ്. അതിന്റെ വിവിധ തലങ്ങളെ ഈ വാക്കിന്റെ ചട്ടക്കൂടിലെത്തിച്ചപ്പോൾ മറ്റു കാരണങ്ങളൊന്നും ചർച്ചാവിഷയമായില്ല. എന്തുകൊണ്ടാണ് സമൂഹത്തിൽ അസഹിഷ്ണുത ഉണ്ടാകുന്നത്? കാരണം വളരെ ലഘുവാണ്, നമുക്കൊന്നും സഹിക്കാൻ കഴിയുന്നില്ല. രണ്ടുപേർ സംസാരിക്കുമ്പോൾ അവിടെ നല്ല കാര്യങ്ങൾ നടക്കുന്നു എന്ന് ചിന്തിക്കാൻ കഴിയുന്നില്ല. മനസ്സിലെ വികാരങ്ങൾ മറ്റുള്ളവരുടെ മേൽ ആരോപിച്ച് പ്രതികരണങ്ങൾ കെട്ടഴിച്ചു വിടുന്നത് മാനസികാരോഗ്യമില്ലായ്മ തന്നെയാണ്. കൂട്ടുകുടുംബത്തിന്റേയും പരസ്പര സഹകരണത്തിന്റേയും നല്ല പാഠങ്ങൾ നമുക്കന്യമായപ്പോൾ, നമ്മളെ കൈവിട്ട പലഗുണങ്ങളിൽ പ്രധാനിയാണ് ഈ മാനസികാരോഗ്യം. 

തുടക്കമെന്ന നിലയിൽ മാനസികാരോഗ്യം എന്ന പൊതുകാര്യം എല്ലാവരിലും നിലനിൽക്കുന്ന ഒന്നാണെന്ന അവബോധം സൃഷ്ടിക്കാനാണ് ‘അയനിക’ ശ്രമിക്കുന്നത്. ഇതുപോലുള്ള എന്തെങ്കിലും പ്രശ്നങ്ങളിലേക്ക് നമ്മളെത്തുമ്പോൾ അവനവന് തന്നെ തിരിച്ചറിയാൻ കഴിയുന്ന വിധം ഒരു പ്രതീകത്തെ, ഒരു ചിത്രത്തെ നമ്മിലെത്തിക്കാൻ മാനസികാരോഗ്യ പ്രവർത്തനങ്ങൾക്ക് ശക്തമായ ജനകീയാടിത്തറ നൽ‌കേണ്ടതുണ്ടെന്നും അയനിക പറയുന്നു.  ലിംഗ അസമത്വങ്ങൾ കൂടുതലായത് കൊണ്ടാണ് സ്ത്രീകളുമായി ബന്ധപ്പെട്ട് പ്രവർത്തനം തുടങ്ങാൻ അയനിക ഒരുങ്ങിയത്. 

‘വർക്കിങ്‌ ടുഗെതർ ഫോറം’ എന്ന പേരിൽ വ്യക്തികളുടെ പ്രശ്നങ്ങൾ കണ്ടെത്താനുള്ള ഒരു സംരംഭവും ‘മെന്റൽ ഹെൽത്ത് ആൻഡ് കെയർ സപ്പോർ‌ട്ടേഴ്‌സ് കൗൺ‌സിൽ ‍(എം.എച്ച്.സി.എസ്. കൗൺസിൽ)’ എന്ന പേരിൽ പ്രശ്നങ്ങളെ അപഗ്രഥിക്കാനും പരിഹാരം കാണാനുമുള്ള ഇടവുമാണ് അയനികയുടെ പദ്ധതികളിൽ പ്രധാനം. പഞ്ചായത്ത്തലം മുതൽ തുടങ്ങുന്ന എം.എച്ച്.സി.എസ്. കൗൺസിൽ അതത് പഞ്ചായത്തിലെ പ്രശ്നങ്ങൾ അവിടങ്ങളിൽത്തന്നെ പരിഹരിക്കാൻ സാധിക്കുന്ന രീതിയിലുള്ള സംവിധാനങ്ങളോടു കൂടിയതായിരിക്കും.

സ്കൂൾ കുട്ടികളെ വ്യത്യസ്ത ഏജ്‌ ഗ്രൂപ്പുകളാക്കി തിരിച്ചു കൊണ്ടുള്ള അപഗ്രഥനം ‘സ്കൂൾ@360’ എന്ന പദ്ധതിയിലൂടെ മുന്നോട്ടു വയ്ക്കുന്നു. പഠന വൈകല്യം, പെരുമാറ്റ വൈകല്യം തുടങ്ങിയവ മുതൽ കൗമാര കാലഘട്ടത്തിലുണ്ടാകുന്ന ശാരീരികവും മാനസികവുമായ മാറ്റങ്ങളും ഉത്കണ്ഠകളും വരെ ഇവിടെ ചർച്ച ചെയ്യപ്പെടും. 

വർത്തമാനകാല സമൂഹത്തിൽ ഏറ്റവും അധികം പ്രശ്നങ്ങളിലേക്ക് വീണുകൊണ്ടിരിക്കുന്നത് നാല്പതിനോടടുത്ത് പ്രായമുള്ള സ്ത്രീകളാണെന്നും അയനികയുടെ സാക്ഷ്യം. വർത്തമാനകാലത്ത് ഫോൺകോളിലും അരുതാത്ത ബന്ധങ്ങളിലും വീട്ടമ്മമാർ ചെന്നു ചാടി കൈപൊള്ളുന്ന കാഴ്ചകൾക്കും മാനസികാരോഗ്യത്തിന്റെ വിശകലനം ആവശ്യമുണ്ട്. 38 വയസ്സിനും 48 വയസ്സിനും ഇടയിൽ പ്രായമുള്ളവരെ കേന്ദ്രീകരിച്ച് നടത്തുന്ന ‘കെയർ അറ്റ് ഫോർട്ടീസ്’ ഇത്തരം കാമ്പയിനാണ്.  

കോളേജ് കുട്ടികൾക്കായുള്ള ‘ആസ്‌ക് ഹേർ’ കാമ്പയിൻ, പ്രായമായവർക്കുള്ള ‘വാത്സല്യ തണൽ’ എന്നിവയും അയനിക തുടങ്ങിയിരിക്കുന്നു.സ്ത്രീകളുടെ സഞ്ചാരസ്വാതന്ത്ര്യത്തെ ഉപയോഗപ്പെടുത്താൻ അയനികയ്ക്ക് സ്വന്തമായൊരു ട്രാവൽ ക്ലബ്ബുണ്ട്.  ശാരിരികവും മാനസികവും സാമ്പത്തികവുമായി പിന്നാക്കം നില്ക്കുന്നവരുടെ സഞ്ചാരത്തിന് അവസരമൊരുക്കാനും പുനരധിവാസ വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കാനും ഇതിലൂടെ അയനികയ്ക്ക് കഴിയുന്നു. സാധ്യമാകുന്ന എല്ലാ ഇടങ്ങളിലും സന്നദ്ധ സംഘടനകളുടെയും ക്ലബ്ബുകളുടെയും റസിഡന്റ്‌സ്‌ അസോസിയേഷനുകളുടേയും നേതൃത്വത്തിൽ ‘മെന്റൽ ഹെൽത്ത് ക്ലബ്ബു’കൾ തുടങ്ങുക എന്നതും അയനികയുടെ ലക്ഷ്യമാണ്. ഇതിൽ എം.എച്ച്.സി.എസ്. കൗൺ‌സിൽ ഒഴികെ മറ്റുള്ളവയെല്ലാം പ്രവർത്തനമാരംഭിച്ചു കഴിഞ്ഞു. 

വായനയുടെ പെണ്ണിടങ്ങളെ പുനരുജ്ജീവിപ്പിക്കാൻ വായനശാലകൾ തുടങ്ങുന്നതിലേക്കാണ് അയനികയുടെ അടുത്ത ചുവടുവയ്പ്‌. ഒപ്പം, ഇന്ത്യയിൽ തന്നെ ആദ്യമായി മാനസികാരോഗ്യത്തിനായി അയനിക ‘മെന്റൽ ഹെൽത്ത് ജേർണൽ’ തുടങ്ങുന്നതിനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുന്നു. ആരോഗ്യ-വിദ്യാഭ്യാസ-സാംസ്കാരിക വകുപ്പുകളുമായി സഹകരിച്ച് സമൂഹത്തിന് ഗുണപരമായ മാറ്റങ്ങൾ ഉണ്ടാക്കിയെടുക്കുന്ന പ്രവർത്തനങ്ങൾ വിപുലീകരിക്കാനാണ് അയനിക ലക്ഷ്യമിടുന്നത്;  അതുവഴി മാനസികാരോഗ്യം, ത്രിതല പഞ്ചായത്ത് സംവിധാനത്തിലൂടെ ഒരു അജണ്ടയാക്കാനുള്ള ശ്രമവും.