ങ്ങനെ വിളിക്കല്ലേ...അവന്‍ കൊലയാളിയല്ല. ഞാന്‍ വയറ്റിലിട്ടാ വളര്‍ത്തിയത്.  എവിടെയെങ്കിലും പോയി ജീവിച്ചാല്‍ മതിയായിരുന്നു. ജീവനോടുണ്ടെന്ന് അറിഞ്ഞാല്‍ മാത്രം മതിയായിരുന്നു. അവന്‍ ഇല്ലാതായി, ഒടുവില്‍ മിച്ചം കിട്ടിയത് കൊലയാളിയെന്ന വിളിപ്പേര് മാത്രാം. അവന് ആരെയും കൊല്ലാനാകില്ല. പിന്നെ എങ്ങനെ സംഭവിച്ചെന്ന് ചോദിച്ചാല്‍ എനിക്കറിയില്ല...'' 

കൊല്ലം നീണ്ടകര പാലത്തിനപ്പുറം പുത്തന്‍തുറ കൈലാസമംഗലം വീടിന്റെ അകത്തെ മുറിയിലാണ് കുമാരി. ഒരു കട്ടിലും മേശയും ഇട്ടപ്പോഴേക്കും നിറഞ്ഞുപോയ കൊച്ചുമുറി. ഇതായിരുന്നു വീട്ടില്‍ ആദര്‍ശിന്റെ ലോകം. പുസ്തകങ്ങളും നോട്ട് ബുക്കുകളും ഫിസിയോ തെറാപ്പി ഉപകരണങ്ങളുമെല്ലാം മുറിയില്‍ പലഭാഗത്തായി അടുക്കിയിരിക്കുന്നു. 

കോട്ടയം ഗാന്ധിനഗറിലെ സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷനില്‍ സഹപാഠിയെ തീകൊളുത്തി കൊന്ന് ആ തീയില്‍ സ്വയം മരിച്ച  യുവാവെന്നാണ് ആദര്‍ശിനെ പുറത്തറിയുന്നത്. എന്നാല്‍, അതിനപ്പുറം അവനെ ഓമനിച്ച് വളര്‍ത്തിയ ഒരമ്മ ഇവിടെയുണ്ടെന്ന് പലരും മറന്നു. ഒരാഴ്ചയോളം കടലില്‍ പണിയെടുത്ത് കിട്ടുന്ന ഇത്തിരി സമ്പാദ്യവുമായി വീട്ടിലെ പട്ടിണിയകറ്റാന്‍ ഓടിയെത്തുന്ന അച്ഛന്‍. ഇരട്ടയായി പിറന്നതടക്കം മൂന്ന് സഹോദരന്‍മാര്‍. ഇവരുടെ കണ്ണുകള്‍ ഇനിയും തോര്‍ന്നിട്ടില്ല.

Suneethan
ചിത്രം : ബി.മുരളീകൃഷ്ണന്‍

ഫെബ്രുവരി ഒന്നായിരുന്നു കുമാരിയും കുടുംബവും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ആ ദിവസം. അതിനും രണ്ട്  ദിവസം മുമ്പാണ് അവന്‍ പരീക്ഷയെഴുതാനായി കോട്ടയത്തേക്ക് പോയത്. പതിവ് പോലെ തോള്‍ബാഗുമായി ഇറങ്ങിയതാണ്. ബാക്കി പറഞ്ഞത് അച്ഛന്‍ സുനീതനാണ.് ''ഞാന്‍ ബോട്ടില്‍ ജോലിയിലായിരുന്നു. ആദര്‍ശിന് അപകടം പറ്റിയെന്ന് ഫോണ്‍ വന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചെന്നപ്പോഴേക്കും എല്ലാം കഴിഞ്ഞു. ആരോടും വഴക്കുണ്ടാക്കാത്ത, ആരുമായും പിണങ്ങാത്ത അവന്‍ എങ്ങനെ ഇങ്ങനെയായി?

അവന്റെ പേരില്‍ ഇതുവരെയും ഒരു കേസുമുണ്ടായിട്ടില്ല. പെട്ടെന്നൊരു ദിവസം ഒരാള്‍ ഇങ്ങനെ പ്രതികരിക്കുമോ? കോളേജില്‍ പോയത് പരീക്ഷ എഴുതാന്‍ തന്നെയാണ്. ഹാള്‍ ടിക്കറ്റും കൈവശമുണ്ടായിരുന്നു. ഇപ്പോള്‍ പലതും കേള്‍ക്കുമ്പോള്‍ വല്ലാത്ത വേദനയുണ്ട്.'' സുനീതന്റെ വാക്കുകളില്‍ ഉളളിലെ തേങ്ങല്‍ നിറയുന്നുണ്ടായിരുന്നു.