ശനിയാഴ്ച ഉച്ചയോടെയാണ് അവളെ പശ്ചിമകൊച്ചിയിലെ ഒരു പോലീസ് സ്റ്റേഷനിലെത്തിച്ചത്, വയസ്സ് 18. രണ്ടാഴ്ച മുമ്പ് ഒരു രാത്രി താമസിച്ചോട്ടേ എന്ന് ചോദിച്ച്  പത്താംതരത്തിൽ ഒപ്പം പഠിച്ച കൂട്ടുകാരിയുടെ വീട്ടിലെത്തിയതായിരുന്നു അവൾ. പാവപ്പെട്ട കുടുംബം അവൾക്ക് അഭയം നൽകി..എന്നാൽ പിറ്റേന്ന് അവൾ പോയില്ല...

എന്നെ കൊണ്ടുപോകാൻ ഒരാൾ വരും, അതുവരെ ഞാനിവിടെ കഴിയും എന്നാണ് പെൺകുട്ടി പറഞ്ഞത്. രണ്ടാഴ്ചയായിട്ടും പോകാതായതോടെ  വീട്ടുകാർക്ക് ഭയമായി. അവർ അടുത്തുള്ള സാമൂഹ്യക്ഷേമ കേന്ദ്രത്തിൽ വിവരമറിയിച്ചു. അവരുടെ നിർദ്ദേശപ്രകാരമാണ് പെൺകുട്ടിയെ സ്റ്റേഷനിലെത്തിച്ചത്. പോലീസ് സ്റ്റേഷനിലേക്ക് വരില്ലെന്ന് പറഞ്ഞ് ബഹളം വെച്ച കുട്ടിയെ നിർബന്ധിച്ച് എത്തിക്കുകയായിരുന്നു.

ചോദ്യങ്ങൾക്ക് ആദ്യം പരസ്പരവിരുദ്ധമായാണ് അവൾ മറുപടി പറഞ്ഞത്. ഒടുവിൽ പോലീസ് സ്വരം കടുപ്പിച്ചപ്പോൾ അവൾ തന്റെ കഥ പറഞ്ഞു.

പശ്ചിമകൊച്ചിയിലെ തീരഗ്രാമത്തിലാണ് അമ്മവീട്. അച്ഛൻ തിരുവനന്തപുരം ജില്ലയിലെ കടലോരഗ്രാമത്തിൽ നിന്നാണ്. അച്ഛനും അമ്മയും എട്ടുവർഷം മുമ്പ് ബന്ധം പിരിഞ്ഞു. ഏഴുവർഷം മുമ്പ് ജോലിക്കെന്നുപറഞ്ഞ് ഗൾഫിലേക്ക് പോയ അമ്മയെകുറിച്ച് വിവരമില്ല. രോഗിയായ അച്ഛൻ നാട്ടിൽ ബന്ധുക്കളുടെ കാരുണ്യത്താൽ ജീവിതം തള്ളിനീക്കുകയാണ്. അമ്മവീട്ടിൽ നിന്നാണ് പഠിച്ചത്. പത്തിൽ പഠിക്കുമ്പോൾ നാട്ടിലെ ചില ആൺകുട്ടികളുമായി അടുപ്പത്തിലായ പെൺകുട്ടിയെ ബന്ധുക്കൾ ശാസിച്ചു. ഇതോടെ വഴക്കായി. പത്താംക്ലാസ് പാസ്സായ പെൺകുട്ടി പിന്നീട് തിരുവനന്തപുരത്ത് അച്ഛന്റെ ബന്ധുക്കൾക്കൊപ്പം പോയി.

ഇതിനിടെ വയനാട് സ്വദേശിയുമായി പ്രണയത്തിലായി. പത്തിൽ പഠിക്കുമ്പോൾ സ്കൂളിൽ ഫോട്ടോ എടുക്കാൻ വന്ന ചെറുപ്പക്കാരനായിരുന്നു കാമുകൻ. ഈ ബന്ധം തിരുവനന്തപുരത്തും തുടർന്നു. ഇതേച്ചൊല്ലി അച്ഛന്റെ ബന്ധുക്കൾ വഴക്കിട്ടതോടെ പെൺകുട്ടി കാമുകനൊപ്പം ഒളിച്ചോടാൻ തീരുമാനിച്ചു. അച്ഛന്റെ ബന്ധുക്കൾ തന്നെ പീഡിപ്പിക്കാൻ ശ്രമിക്കുന്നുവെന്നാണ് അവൾ കാമുകനോട് പറഞ്ഞത്. ഒടുവിൽ കാമുകനൊപ്പം അവൾ ഒളിച്ചോടി.

 അച്ഛൻ തിരുവനന്തപുരത്ത് പോലീസിൽ കേസുകൊടുത്തു. അവർ വയനാട്ടിൽ നിന്നും ഇരുവരെയും കണ്ടെത്തി പോലീസ് സ്റ്റേഷനിൽ ഹാജരാക്കി. തങ്ങൾ ഒരുമിച്ച് ജീവിക്കാൻ തീരുമാനമെടുത്തു എന്നു പറഞ്ഞതോടെ ഇത് എഴുതിവാങ്ങി പോലീസ് വിട്ടയച്ചു. ഈ സമയം ചെറുക്കന് 19 വയസ്സും പെണ്ണിന് 17 വയസ്സുമാണ് ഉണ്ടായിരുന്നത്.  വയനാട്ടിൽ പെയിന്റിങ് ജോലിയാണ് ചെക്കന്. മൂത്ത രണ്ട് ചേട്ടൻമാർ കല്യാണം കഴിച്ചിട്ടില്ല. വീട്ടുകാർക്ക് ഈ ബന്ധം ഒട്ടും ഇഷ്ടമായില്ല.

വൈകാതെ വീട്ടിൽ കലഹമായി. നിയമപരമായി വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കുന്നതിനെ ചെറുക്കന്റെ വീട്ടുകാർ എതിർത്തു. വഴക്ക് മൂർച്ഛിച്ചപ്പോൾ അവൾ അവിടെ നിന്നും എറണാകുളത്തിന് വണ്ടികയറി.

മാർച്ച് അഞ്ചിന് രാത്രി എറണാകുളം കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ കഴിഞ്ഞു. പിറ്റേന്ന് ഫേസ് ബുക്കിൽ പരിചയപ്പെട്ട വൈപ്പിൻ സ്വദേശിയെ അവൾ ഫോണിൽ വിളിച്ച് അഭയം തേടി. എന്നാൽ ഇയാൾ എത്താതായതോടെ പശ്ചിമകൊച്ചിക്ക് വണ്ടികയറി. അവിടെ ട്യൂഷൻ പഠിച്ച സ്ഥലത്ത് എത്തി. അവിടെ നിന്നാണ് കൂട്ടുകാരിയുടെ വീട്ടിൽ എത്തിയത്.  

എനിക്ക് 18 വയസ്സായി, ഇഷ്ടംപോലെ ജീവിച്ചോളാം...എന്നെ എന്റെ വഴിക്ക് വിടണം.. ഇതാണ് സ്റ്റേഷനിലെത്തിയ അസി. കമ്മിഷണറടക്കമുള്ള പോലീസുകാരോട് അവൾ പറഞ്ഞത്.

എന്നാൽ അവളെ അങ്ങനെ വിട്ടാൽ പിന്നീട് പുലിവാലാകുമെന്ന് തോന്നിയ പോലീസ് അധികൃതർ അവളെ രാത്രി ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ അനുമതിയോടെ മഹിളാമന്ദിരത്തിലാക്കി. വിവരമറിഞ്ഞ് വയനാട്ടിൽ നിന്നും അവളുടെ ചെക്കൻ ഞായറാഴ്ച കൊച്ചിയിലെത്തിയിട്ടുണ്ട്. തനിക്ക് 21 വയസ്സാകും വരെ ഇവളെ ഏതെങ്കിലും ഹോസ്റ്റലിൽ താമസിപ്പിക്കാമെന്നാണ് ചെറുക്കൻ പറയുന്നത്.

പെൺകുട്ടിയെ സാമൂഹ്യക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ ഏതെങ്കിലും സ്കൂളിൽ അടുത്തവർഷം പ്ലസ് വണ്ണിന് ചേർക്കാമെന്നാണ് പോലീസ് പറയുന്നത്. ഇപ്പോഴും ഇവളുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല.........